Sunday, March 2, 2014

നരകത്തില്‍ നിന്നുള്ള കുറിപ്പുകള്‍


മൃതാനന്ദമയിയുടെ സഹചാരിയായി തന്റെ ഇരുപതുവര്‍ഷത്തെ ജീവിതത്തെപ്പറ്റി ഗെയ്ല്‍ ട്രെഡ്വെല്‍ രചിച്ച ഓര്‍മ്മക്കുറിപ്പ്‌ വളരെ മനോഹരമായി രചിക്കപ്പെട്ടതാണ്. വായിച്ചുതുടങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും വേഗം വിവാദഇരുപതാം അധ്യായത്തിലേയ്ക്ക് ഓടിച്ചുനോക്കാം എന്ന് തോന്നിയില്ല. ഒരു പുതിയ സംസ്കാരത്തെയും ജീവിതശൈലിയെയും അറിയുന്ന ഏതൊരാളിനും ഉണ്ടാകാവുന്ന അമ്പരപ്പും ആഹ്ലാദവും അങ്ങേയറ്റം ഹൃദ്യമായി ഗെയില്‍ എന്ന ഗായത്രി പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് എഴുതിച്ചേര്‍ത്തിരുന്നു. ആത്മാന്വേഷണങ്ങളുടെ ഒരു യാത്രയില്‍ തട്ടിപ്പുപറ്റിപ്പോയ ഒരു പാവം മദാമ്മയുടെ കഥ എന്നാണ് എനിക്ക് തോന്നിയത്.
ഈ പുസ്തകം അവരുടെ തിക്താനുഭവത്തില്‍ നിന്ന് അവര്‍ സുഖപ്പെടുന്നതിന്റെ ചിഹ്നമാണെന്ന് അവര്‍ തന്നെ പറയുന്നു. ജീവപര്യന്തം തടവൊക്കെകിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ആളുകള്‍ക്ക് ഇനി എന്തുചെയ്യണം എന്ന ഒരു നിസഹായത തോന്നുമെന്ന് ഷോഷാന്ഗ് റിഡംപ്ഷന്‍ എന്ന സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ജീവിതത്തിന്റെ ഊര്‍ജസ്വലമായ പ്രായം മുഴുവന്‍ ഒരു തടവറയില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങുമ്പോള്‍ ലോകത്തോട്‌ തോന്നുന്ന ആ പേടിയെ അതിജീവിക്കാന്‍ ഈ പുസ്തകമെഴുതിയത് ഗെയില്‍ എന്ന ഗായത്രിയെ സാഹായിചിട്ടുണ്ടാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. പാഴായിപ്പോയ ഒരു മനുഷ്യായുസ്സിന്റെ ഓര്‍മ്മക്കുറിപ്പ്‌ കൂടിയാണ് ഈ പുസ്തകം.
അമൃതവിശ്വാസികളല്ലാത്ത ആളുകള്‍ക്ക് വലിയ അമ്പരപ്പും അവിശ്വസനീയതയുമൊന്നും ഇതുവായിച്ച് തോന്നണമെന്നില്ല. സംഘടിതമതവിശ്വാസത്തിന്റെ കുരുക്കുകളില്‍ നിന്ന് പുറത്തുവരുന്നവര്‍ എഴുതുന്ന കുറിപ്പുകളില്‍ എല്ലാം തന്നെയുള്ള സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. മഹാസംഭവമായി സ്വയം കരുതുന്ന ഒരു ഗുരു, ഗുരുവിനെ സേവിക്കല്‍ ജീവിതലക്ഷ്യമായും മോക്ഷമാര്‍ഗമായും കാണുന്ന ശിഷ്യര്‍, കണിശമായ നിഷ്കര്‍ഷകള്‍, നിര്‍ബന്ധിത ബ്രഹ്മചര്യം, ഒളിഞ്ഞും തെളിഞ്ഞും ഉള്ള പ്രേമങ്ങള്‍, ലൈംഗികബന്ധങ്ങള്‍, ബലാത്സംഗങ്ങള്‍, വൈകാരികബ്ലാക്ക്മെയിലുകള്‍... ഇതിലും എല്ലാമുണ്ട്. ഒരു മത വിശ്വാസം, അത് ഏതെങ്കിലും പഴഞ്ചന്‍ ദൈവത്തിന്റെയായാലും പുത്തന്‍പുതിയ ആള്‍ദൈവത്തിന്റെ ആയാലും ഏകദേശചുറ്റുപാട് ഒന്നുതന്നെയാണ്. ആണധികാരങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും ഇരകളുടെയും മൂലധനആസക്തികളുടെയും കഥകള്‍ എല്ലാവര്ക്കും മൂടിവയ്ക്കാനുണ്ടാകും. എങ്കിലും ഇരകളുടെ എഴുത്തുകള്‍ക്ക് കുറേ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ എന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. ഗെയില്‍ ട്രെഡ്വെല്‍ എന്ന ഗായത്രിയുടെ പുസ്തകം പക്ഷെ ഒരു ശരാശരി മലയാളി വായനക്കാരന്‍റെ ഇക്കിളിസുഖത്തിനപ്പുറത്തും പ്രാധാന്യമുള്ളതാണ്.

ഇന്ത്യ കാണാന്‍ വന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ എങ്ങനെ ഇന്ത്യന്‍ ആത്മീയതയോട് താല്പ്പര്യമുള്ളയാളാകുന്നുവെന്നും ഇന്ത്യന്‍ ആത്മീയത എന്ന ഈ വിചിത്രവികാരം എങ്ങനെ അവരുടെ മനസിനെ കീഴ്പ്പെടുത്തുന്നു എന്നും ഒരു ഗുരുവുണ്ടാവണമെന്നും ആത്മീയനിര്‍വൃതി അനുഭവിക്കണമെന്നുമുള്ള അവരുടെ ആശകളെ എങ്ങനെ ഒരു ആള്‍ദൈവം ഉപയോഗപ്പെടുത്തുന്നുവെന്നുമൊക്കെ പുസ്തകത്തിലുണ്ട്. സമാധാനം അന്വേഷിക്കുന്ന മനുഷ്യരെ ആള്‍ദൈവങ്ങള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മികച്ച ഒരു ഉത്തരമാണ് ഈ പുസ്തകം.
ഓരോ ചെറിയ ദൈനംദിനഅനുഷ്ഠാനത്തിലൂടെയും ആള്‍ദൈവം തന്റെ പ്രാധാന്യം വിശ്വാസിയുടെ ബോധത്തിലേയ്ക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഏതുതരം അടിമത്തവും പോലെ തന്നെയാണ് വൈകാരികഅടിമത്തവും. വൈകാരികഅടിമത്തങ്ങളെ മനുഷ്യനുള്ള പലതരം പേടികളുടെ സഹായത്തോടെ സ്വന്തം ഗുണത്തിനായി ഉപകാരപ്പെടുത്തുക എന്നതാണ് ഒട്ടുമിക്ക ആള്‍ദൈവ-ആളില്ലാത്തദൈവങ്ങളുടെയും ഒരു രീതി. സ്നേഹപ്രകടനവും വൈകാരികഅടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള ഒരു ഉപാധിയാണ്.
അമ്മ എന്നെ നോക്കി, എന്നോട് സ്നേഹമായി സംസാരിച്ചു, അല്ലെങ്കില്‍ എന്നോട് ദേഷ്യപ്പെട്ടു, എന്നെ അടിച്ച് എന്റെ എല്ലൊടിച്ചു എന്നതെല്ലാം വിശ്വാസികള്‍ പ്രത്യേകരീതിയിലാണ് മനസിലാക്കുന്നത്. അമ്മ സ്നേഹിക്കുന്നതും സ്നേഹിക്കാതിരിക്കുന്നതും അമ്മയുടെ ആയുധങ്ങളാണ്. അമ്മയുടെ സ്നേഹം ആഗ്രഹിക്കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ അമ്മ മാത്രമാണ് ലോകത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ചുജീവിക്കുന്ന മനുഷ്യര്‍ക്ക്‌ അമ്മയോട് വൈകാരികമായ ഒരു അടിമത്തമുണ്ടാകുന്നു. അമ്മ എന്ന വാക്ക് തന്നെ വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നത് കാണാം. സ്വന്തം അമ്മ അമ്മയല്ലെന്നും ഈ അമ്മയാണ് തന്റെ യഥാര്‍ത്ഥയമ്മ എന്നുമൊക്കെ ഗായത്രി സ്വന്തം അമ്മയ്ക്ക് എഴുതുന്നുണ്ട്. അത്രത്തോളം വൈകാരികമായി ഈ അമ്മക്കഥാപാത്രംഅവരെ സ്വാധീനിച്ചിരുന്നു. അതൊരു അധികാരകേന്ദ്രിതബന്ധമാണ്. എന്തും ശിഷ്യയോട് ആവശ്യപ്പെടാന്‍ ഗുരുവിന് അധികാരമുണ്ടാവുകയും തന്റെ ജീവിതത്തിന്‍മേല്‍ തന്നെക്കാള്‍ അവകാശം ഗുരുവിനാണ് എന്ന് ശിഷ്യ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുത്താല്‍ പിന്നെ അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കല്‍ വളരെയെളുപ്പമാണ്.
ചരിത്രാതീതകാലം മുതല്‍ മതം മനുഷ്യനോട് ചെയ്യുന്നത് ഇതുതന്നെയാണ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവിനെ അമര്‍ച്ച ചെയ്യുക, പച്ചനുണകള്‍ പോലും വിശ്വാസത്തിന്റെ പേരില്‍ പരമസത്യങ്ങളായി ആത്മാവിലെഴുതുക, നുണകളുടെ മേല്‍ നുണകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സാമ്രാജ്യങ്ങളില്‍ അടിമകളെപ്പോലെ കാലം കഴിക്കുക. അതിനിടെ അധികാരമുള്ളവരുടെ ചെറിയ സ്നേഹപ്രകടനങ്ങള്‍ വലിയ ആത്മനിര്‍വൃതിയോടെ അനുഭവിക്കാന്‍ അവസരം കിട്ടുമ്പോള്‍ പുറത്ത് വേറെയൊരു ലോകമുണ്ടെന്നും അവിടെ വേറെ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്നും നിങ്ങളുടെ ഈ ആത്മീയലോകത്തിന് ഈ ചെറിയ കുമിളയ്ക്കുവെളിയില്‍ വലിയ വിലയൊന്നുമില്ലെന്നും പുറത്തേയ്ക്ക് നോക്കാത്തതുകൊണ്ട് ഈ ഇരകള്‍ അറിയാറുമില്ല.
സോഷ്യല്‍ മീഡിയ നിറയെ ഭക്തരുടെ തെറിവിളിപ്രവാഹമാണ്. വിദേശവനിതയായതുകൊണ്ട് അവരെ അധിക്ഷേപിക്കുന്നതിന് പ്രത്യേക രീതിയാണ്. ഇരകള്‍ സംസാരിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ചോദ്യം പലയിടത്തും മുഴച്ചുനില്‍ക്കുന്നത് കണ്ടു. ഇരുപതുവര്ഷം ഇവരെ പീഡിപ്പിച്ചതും മറ്റും സഹിച്ച് ഇവര്‍ എന്തിന് അവിടെ നിന്നു? രക്ഷപെട്ടുകഴിഞ്ഞ് ഇത്രയും വര്ഷം കഴിഞ്ഞ് ഇപ്പോള്‍ എന്തിന് ഇതുപറയുന്നു? എന്നൊക്കെയാണ് ചോദ്യങ്ങള്‍. സൂര്യനെല്ലിപ്പെന്‍കുട്ടിയോടും പിന്നീട് സ്ഥലപ്പേരുകള്‍ ചേര്‍ത്തുവന്ന എല്ലാ പെണ്‍കുട്ടികളോടും സമൂഹം ഇത് ആവര്‍ത്തിച്ചുചോദിക്കുന്നുണ്ട്, എന്തുകൊണ്ട് ശബ്ദമുയര്‍ത്തിയില്ല? നേരത്തേ ശബ്ദമുയര്ത്തിയിരുന്നെങ്കില്‍ ഇവരൊക്കെ വന്ന് ഇടപെടുമായിരുന്നു എന്ന് തൊന്നും ചോദ്യം കേട്ടാല്‍. ശരീരവും മനസും ചിന്തയും ബുദ്ധിയും എല്ലാം മരവിപ്പിക്കുന്നതാണ് ഇത്തരം വൈകാരിക അടിമത്തങ്ങള്‍. ശബ്ദമുയര്ത്തുക എളുപ്പമല്ല എന്ന് ചോദ്യം ചോദിക്കുന്നവര്‍ക്ക് മനസിലാവില്ല.
ഗായത്രി പുസ്തകം എഴുതിനിറുത്തുന്നത് ശ്രദ്ധേയമാണ്. In the end, I did not find God, but I did find myself. And I thank God for that. ഈ അവസാനവരി വായിച്ചപ്പോള്‍ സന്തോഷം തോന്നി. അവനവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തന്നെയാവട്ടെ ആത്മീയാന്വേഷണങ്ങള്‍.
പിന്‍കുറിപ്പ്എത്രനാള്‍ പുസ്തകം വായിക്കാന്‍ ലഭിക്കും എന്നറിയില്ല. ബാന്‍ ചെയ്യുന്നത് നമ്മുടെ ഒരു രീതിയാണല്ലോ. വായിക്കാന്‍ കഴിയുന്നവര്‍ എല്ലാവരും വായിക്കുക. വളരെ ലളിതവും സത്യസന്ധവും മനോഹരവും വേദനാജനകവുമായ ഒരു പുസ്തകമാണിത്.



പട്ട് പോലെയും പ്രണയം പോലെയും

https://blogger.googleusercontent.com/img/proxy/AVvXsEh1PgqE3E5YyARjpKRgQmGd7rDD-m7JvkmHNsa1MMgCgqmHXRL5P1tDfnFjbEoj2ipz0gCWWCIGOipr2CIACgjiirLBdZmVsaUPvQcrFS8N8KeyFmcpKFjpjxErqiulgrOutxEJGBV396g3NcEuNSjqPt6-fSEjPKaHTcSkTnvWmEtjYMe_J87B7x_wA9Fn5A79lt9nBw=

അലെസാന്‍ഡ്രോ ബരിക്കോയുടെ സില്‍ക്ക്എന്ന നോവല്‍ ഒരു നൂറുപേജൊക്കെയേ വരൂ. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാം വേണമെങ്കില്‍. ആ വേണമെങ്കില്‍ ആണ് ഈ നോവലിനെ വിലയിരുത്തുന്നതിലെ പ്രധാനഘടകം. നിങ്ങള്‍ക്കുമുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്. പതിയെപ്പതിയെ ഇഷ്ടപ്പെട്ട ഒരു ചോക്കലേറ്റ് അലിയിച്ച് സമയമെടുത്ത് കഴിക്കുന്നതുപോലെ വായിക്കാം. അല്ലെങ്കില്‍ ഒരുതവണവായിച്ച് പിന്നെ പലതവണ തിരിച്ചുപോയി നോക്കാം. എന്തായാലും ഈ ചെറിയ നോവല്‍ നിങ്ങളെ അത്രവേഗം വിട്ടുപോകില്ല. ആവര്‍ത്തിച്ചു കാണുന്ന ഒരു സ്വപ്നം പോലെ കൊളുത്തിവലിക്കുന്ന ഒരു എഴുത്താണ് ഈ നോവലിന്റെത്.
ഒരു മനുഷ്യനെ ഉലച്ചുകളയുന്ന ഒരു പ്രേമത്തിന്റെ കഥയാണിത്. കഥ നടക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. ഹെര്‍വെ യോന്‍കൂര്‍ ഫ്രെഞ്ചുകാരനായ ഒരു പട്ടുനൂല്‍പുഴു കച്ചവടക്കാരനാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും പട്ടുനൂല്‍പ്പുഴുക്കള്‍ക്ക്‌ അസുഖം വരുമ്പോഴാണ് അയാള്‍ പുഴുക്കളെ അന്വേഷിച്ച് ജപ്പാനിലേയ്ക്ക് പോകുന്നത്. ഒരു ജാപ്പനീസ് പ്രമുഖനുമായി അയാള്‍ കച്ചവടമുറപ്പിക്കുന്നു. വലിയ രഹസ്യമായാണ് ഈ കച്ചവടം നടക്കുന്നത്. യോന്‍കൂറിനെ കണ്ണുകെട്ടിയാണ് സ്ഥലത്തെത്തിക്കുന്നത്. അവിടെവെച്ച് അയാള്‍ ഈ ജാപ്പനീസ് പ്രമുഖന്റെ സംരക്ഷണയിലുള്ള ഒരു സ്ത്രീയെ കാണുകയും അവരോടു വല്ലാത്ത ഒരടുപ്പം തോന്നുകയും ചെയ്യും.അവര്‍ തമ്മില്‍ സംസാരിക്കുകയോ അടുത്തിടപെടുകയോചെയ്യുന്നില്ല. എന്നാല്‍ രണ്ടുപേരും തമ്മില്‍ വളരെ തീക്ഷ്ണമായ ഒരു ബന്ധം ഉടലെടുക്കുന്നു. ജപ്പാനില്‍ ഉണ്ടാകുന്ന ഒരു ആഭ്യന്തരകലാപത്തില്‍ ആ ഗ്രാമം തന്നെ ഇല്ലാതാകുന്നതോടെ ഈ സ്ത്രീയെ കാണാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. ഈ അനുഭവത്തിന്റെ ഭാരം അയാളുടെ വിവാഹജീവിതത്തിലും എത്തുന്നുണ്ട്. ഒരിക്കലും ജീവിക്കാന്‍ കഴിയാഞ്ഞ ഒരു ജീവിതത്തോടുള്ള ഗൃഹാതുരത്വത്തില്‍ അയാളുടെ ജീവിതം തുടരുന്നു. ഒരു കൊടുങ്കാറ്റിന്റെ പിറ്റേന്ന് ജോലി തുടരുന്ന ഒരു തോട്ടക്കാരനെപ്പോലെ.സങ്കടം പിടിച്ച ഒരു കഥയാണിത്.

ഇതിലെ നായകന്‍ പലവട്ടം ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് യാത്ര ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരേ തരത്തിലുള്ള യാത്രകളാണവ. എന്നാല്‍ യാത്രയുടെ വിവരണങ്ങളില്‍ വായിക്കുന്നവര്‍ പെട്ടുപോകും. അയാളുടെ കൂടെ നമ്മളും ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് പോവുകയാണെന്ന് തോന്നും. ജപ്പാന്‍ എന്ന നാടിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏകാന്തത മുഴുവന്‍ ഈ യാത്രകളില്‍ കാണാം. നായകന്റെ കൂടെ ഏകാന്തത അനുഭവിച്ചുകൊണ്ട് നമ്മള്‍ നടത്തുന്ന ഈ വായനാ-യാത്രയ്ക്കിടയില്‍ നമ്മുടെ അടുപ്പുകളിലാവും ചിലപ്പോള്‍ പാത്രങ്ങളില്‍ കറികള്‍ കരിഞ്ഞുപിടിക്കുക.
വളരെ ലളിതമായ ഒരു വിരഹപ്രേമകഥയാണെങ്കിലും കഥയില്‍ രസകരമായ ഒരു ട്വിസ്റ്റ്‌ ഉണ്ട്. രസംകൊല്ലല്‍ ഈ കോളത്തിന്റെ ലക്ഷ്യമല്ലാത്തതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. ഒന്നുരണ്ടുതവണയൊക്കെ ഈ പുസ്തകം വായിക്കുന്നതിനിടെ ഏത് കഠിനഹൃദയനും കരഞ്ഞുപോയേക്കാം എന്നൊരു മുന്നറിയിപ്പ് കൂടി കൂടെ ചേര്‍ക്കുന്നു.
വായിച്ചുതുടങ്ങുമ്പോള്‍ യോന്‍കൂര്‍ വളരെ സാധാരണക്കാരനായ ഒരു കച്ചവടക്കാരനായി മാത്രമേ തോന്നൂ. ഈ നോവലിലൂടെയും പ്രണയത്തിലൂടെയും അയാള്‍ വേറൊരാളായി മാറുന്നുണ്ട്. അയാളുടെ ഓരോ ചിന്തയും വളരെ കുറഞ്ഞവാക്കുകളിലൂടെ വായനക്കാര്‍ ജീവിക്കുകയാണ് ചെയ്യുക. വായിച്ചുകുറച്ചെത്തുമ്പോള്‍ നമ്മള്‍ അയാളായി, അയാളുടെ മനസായി മാറുന്നതുപോലെയും വലിയ ഒരു വിരഹം നമ്മെ വന്നുമൂടുന്നതുപോലെയും ഒക്കെ തോന്നിയേക്കാം.
ഇത്ര ചെറിയ ഒരു നോവലില്‍ ബരിക്കോ എഴുതിച്ചെര്‍ക്കുന്ന മനുഷ്യവികാരങ്ങള്‍ അനന്തമാണ്‌. പലപ്പോഴും കവിത പോലെ അരിച്ചിറങ്ങുന്ന ഭാഷയാണ്‌ നോവലില്‍. ഒരു വരി കേള്‍ക്കുക. ഒരിക്കല്‍ അയാള്‍ ജാപ്പനീസ് പട്ട് കയ്യിലെടുത്തു. വിരലുകള്‍ക്കിടയില്‍ ഒന്നും ഇല്ലാത്തത് പോലെയാണ് തോന്നിയത്.വായിച്ചുതീരുമ്പോള്‍ അതുതന്നെയാണ് തോന്നുക, നേര്‍ത്ത പട്ടുപോലെ ഒരു കഥ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീണത് പോലെ.



പുണ്യവാളന്‍മാരും അത്ഭുതങ്ങളും പിന്നെ ഒരു പെണ്‍കുട്ടിയുടെ അമ്മയും

https://blogger.googleusercontent.com/img/proxy/AVvXsEi8ghoAhuSN8m67eB0BhrLQTXJMvsDp6b5g3TJDy2-fYLxTJoD-lY2WlxFmmHz2jYIrxjnD0QIlacfVscjfh7JIcFSIL7dd1Vzlba3D8ZGN4PF-B1fQxG8I5GV1RSVjDGGwpz-DxeJ8AJrF4USh8Z8lDFGmzn-1U3bLUUWx8-Gsn4-SI2wGdZpyg_5-5w9OhZ1jTVsdD0bbKU9r=

ഒരു പെണ്‍കുട്ടിയുള്ള ഒരു അമ്മയുടെ വേവലാതി അവര്‍ക്ക് മാത്രം മനസിലാകുന്ന ഒന്നാണ്. അത്തരം അമ്മ ആധികളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു നോവലാണ്‌ മെക്സിക്കന്‍ നോവലിസ്റ്റായ മരിയ അംപാരോ എസ്കാന്‍ഡന്റെ എസ്പരാന്സാസ് ബോക്സ്‌ ഓഫ് സെയിന്റ്സ്.മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള എഴുത്ത് കഥയെ ജീവിതമാക്കി അനുഭവിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായി രചിച്ചിരിക്കുന്ന ഈ നോവല്‍ എസ്പെരാന്‍സ എന്ന സ്ത്രീ തന്റെ പന്ത്രണ്ടുകാരിയായ മകള്‍ക്ക് വേണ്ടി നടത്തുന്ന തെരച്ചിലുകളാണ്. മെക്സിക്കോയുടെ വിശ്വാസങ്ങളും മതബോധവും എല്ലാം കൂടിക്കലരുന്ന നോവല്‍ വളരെ ഗൌരവമുള്ള ചില തമാശകളെ ഓര്‍മ്മപ്പെടുത്തുന്നു.
 ഒരു അത്ഭുതസംഭവത്തോടെയാണ് കഥ തുടങ്ങുന്നത്. ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെയാണ് എസ്പരാന്സയുടെ പന്ത്രണ്ടുകാരി മകള്‍ ബ്ലാന്‍ക മരിക്കുന്നത്. എന്നാല്‍ മകളുടെ മരിച്ചടക്കിന്റെ ദിവസം വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്കുകൊടുക്കാന്‍ ഭക്ഷണം തയ്യാറാക്കുന്ന ദുഖാര്‍ത്തയായ എസ്പരാന്സയുടെ അടുപ്പിനുമീതെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി യൂദാ തദ്ദേവൂസ് പ്രത്യക്ഷപ്പെടുകയും മകള്‍ മരിച്ചിട്ടില്ല എന്ന വിവരം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം വിശുദ്ധന്റെ വാക്കുകേട്ട് മകളെ അന്വേഷിച്ച് എസ്പരാന്സ നടത്തുന്ന സാഹസികയാത്രകളും അവരുടെ അനുഭവങ്ങളുമാണ് നോവല്‍. ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചുവെന്ന് നുണ പറഞ്ഞ് ഡോക്ടര്‍ തന്റെ മകളെ ബാലവേശ്യയാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് എസ്പരാന്സ കരുതുന്നത്. മകളെ കണ്ടെത്താനായി അവര്‍ നടത്തുന്ന യാത്ര വളരെ അപകടം പിടിച്ചതാണ്. മകള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനായി ടിജുവാനയിലെയും പിന്നീട് ലോസ്ആന്‍ജലസിലെയും വേശ്യാലയങ്ങളില്‍ അവര്‍ ജോലിക്കെന്ന വ്യാജേന കടന്നുചെല്ലുന്നു. എസ്പരാന്സ തന്റെ അന്വേഷണത്തിനിടെ ഒരുപാട് വിചിത്രമനുഷ്യരെ കണ്ടുമുട്ടുന്നുണ്ട്. ഒരു വേശ്യാലയനടത്തിപ്പുകാരിയും സ്വല്‍പ്പം വട്ടുകേസുമായ ഡോണാ ട്രിനി, എസ്പരാന്സയുടെ സംസാരവും അവള്‍ പാടുന്ന താരാട്ടുപാട്ടുകളും കേള്‍ക്കാനായി എന്നും അവളുടെയടുത്ത് എത്തുന്ന ധനികനും ഏകാകിയുമായ മിസ്റ്റര്‍ ഹേന്‍സ്, ബിസിനസുകാരിയും ഗുസ്തിയുടെ ആരാധകയുമായ വിസെന്സ, ചിറകുകളും മുഖംമൂടിയുമണിഞ്ഞു ഗുസ്തിക്കെത്തുകയും ഒടുവില്‍ എസ്പരാന്സയുടെ ഹൃദയം കവരുകയും ചെയ്യുന്ന എല്‍ ഏയ്‌ഞ്ചല്‍ ജസ്റ്റിസിയെരോ എന്നിങ്ങനെ കുറെ ഭ്രാന്തന്‍ കഥാപാത്രങ്ങള്‍. 
ഈ യാത്രയില്‍ എസ്പരാന്സയ്ക്ക് ധൈര്യം കൊടുക്കുന്നത് അവര്‍ കൂടെക്കൊണ്ടുനടക്കുന്ന വിശുദ്ധന്മാരുടെ പ്രതിമകള്‍ നിറഞ്ഞ ഒരു പെട്ടിയാണ്. ദൈവത്തിന് എല്ലാം തനിയെ ചെയ്യാനുള്ള കഴിവുണ്ട്, എന്നാല്‍ പുള്ളി ബോസായതുകൊണ്ടാണ് ചില സംഗതികള്‍ക്ക് വിശുദ്ധന്മാരെ അസിസ്റ്റന്റ്റ്മാരായി നിയമിക്കുന്നത് എന്നാണ് എസ്പരാന്സ വിശ്വസിക്കുന്നത്. ചിലസമയം വിശുദ്ധന്മാര്‍ ആളുകളെ നരകത്തിന്റെ വക്കിലൂടെ നടത്തുന്നത് പിന്നീട് സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗം കൂടുതല്‍ നന്നായി ആസ്വദിക്കാനാണത്രേ. എസ്പരാന്സയുടെ കാര്യത്തില്‍ എന്തായാലും കഥയുടെ ഒടുവില്‍ വിശുദ്ധന്‍ പറഞ്ഞതു സത്യമാവുകയും ഒരു വലിയ അത്ഭുതം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് എന്ന് വിശദീകരിച്ച് കഥ വായിച്ചേക്കാവുന്ന ഒരാളുടെ രസം കെടുത്തുന്നില്ല. 
വളരെ ചുരുങ്ങിയ വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളുമുള്ള ഒരു സാധാരണ മെക്സിക്കന്‍ ഗ്രാമീണസ്ത്രീയാണ് എസ്പരാന്സ. എന്നാല്‍ എന്തെങ്കിലും കാര്യം ചെയ്യേണ്ടതുണ്ട് എന്ന് തോന്നിയാല്‍ അത് ചെയ്യുംവരെ അസ്വസ്ഥമായി തുടരുന്ന ഒരു മനസാണ് എസ്പരാന്സയുടേത്. ആ മനസുതന്നെയാണ് വിശുദ്ധന്‍ വന്നു മകള്‍ ജീവനോടെയുണ്ട് എന്ന് പറഞ്ഞപ്പോഴേ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ലോകത്തിലേയ്ക്ക് അന്വേഷിച്ചിറങ്ങാന്‍ എസ്പരാന്സയെ പ്രേരിപ്പിക്കുന്നത്. എസ്പരാന്സയുടെ മനസ്സില്‍ മകളെ രക്ഷിക്കുക എന്ന ലക്‌ഷ്യം മാത്രമാണ് ഉള്ളത്. മകള്‍ ഏറ്റവും ഭീകരമായ അപകടങ്ങളില്‍ എന്തിലോ കുടുങ്ങിയിരിക്കുകയാണെന്നും തനിക്ക് അവളെ രക്ഷിക്കാന്‍ കഴിയും എന്നും പ്രതീക്ഷിക്കാനാണ് എസ്പരാന്സക്കിഷ്ടം. അവള്‍ മരിച്ചു എന്ന് വിശ്വസിച്ചുകഴിഞ്ഞാല്‍ അവളെ നഷ്ടപ്പെട്ടു എന്നും കൂടി അടിവരയിടലാവും. മകളെ അന്വേഷിച്ചുനടക്കുന്നതിനിടെ  സംഭവിച്ചുപോകാവുന്ന ആപത്തുകളൊന്നും മുന്‍കൂട്ടിക്കാണാന്‍ എസ്പരാന്സ മെനക്കെടുന്നില്ല. അന്വേഷിക്കുന്നത് കണ്ടെത്താന്‍ കഴിയും എന്ന അടിയുറച്ച വിശ്വാസം മാത്രമാണ് എസ്പരാന്സയെ മുന്നോട്ട് നയിക്കുന്നത്.

 വേശ്യാലയങ്ങളിലും അനധികൃത കുടിയേറ്റത്തിലും അസഹനീയമായ മറ്റുപല സാഹചര്യങ്ങളിലും കൂടി കടന്നുപോകുമ്പോള്‍ അറപ്പും പേടിയും ഒക്കെ എസ്പരാന്സ അറിയുന്നുണ്ട്. അച്ഛനോ അമ്മയോ ഭര്‍ത്താവോ ജീവനോടെയില്ലാത്ത എസ്പരാന്സയ്ക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്ന ബന്ധം മകളായിരുന്നു. അമ്മയായിരിക്കുക എന്ന ആ ഒരു ബന്ധം കൂടി നഷ്ടപ്പെടുംപോള്‍ ഉണ്ടാകുന്ന ശൂന്യതയെ മറികടക്കാനുള്ള ഒരു സാധാരണസ്ത്രീയുടെ ശ്രമമാണ് എസ്പരാന്സയുടെ യാത്ര. ഈ നോവലില്‍ മെക്സിക്കോയുടെ കത്തോലിക്കാവിശ്വാസവും പ്രീകൊളമ്പിയന്‍ ബഹുദൈവവിശ്വാസങ്ങളും എല്ലാം കൂടിക്കുഴയുന്നുണ്ട്. മറ്റേതെങ്കിലും ഒരു നാട്ടിലേയ്ക്ക് അനധികൃതമായി കുടിയേറുമ്പോള്‍ ഒരു മെക്സിക്കോക്കാരന് തന്റെ കയ്യില്‍ ഒരുപാടൊന്നും പൊതിഞ്ഞെടുക്കാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ കനമില്ലാത്ത കനത്തോടെ ഒപ്പം കൂട്ടുന്നത് അവരുടെ മതവിശ്വാസങ്ങളെയാണ്. ആരും പിടിച്ചുമാറ്റുകയോ തട്ടിപ്പറിക്കുകയോ ചെയ്യാത്ത ഒരു ധൈര്യമാണ് യാത്രയില്‍ മനസിന്റെ ഉള്ളില്‍ ചുമന്നുകൊണ്ടുപോകുന്ന മതവിശ്വാസം. ആപത്തിലെ ധൈര്യവും വിഷമത്തിലെ ആശ്വാസവുമാണ് മെക്സിക്കോക്കാര്‍ക്ക് മതം. 
എസ്പരന്സ കൊണ്ടുപോകുന്ന ഒരു പെട്ടിനിറയെയുള്ള പുണ്യവാളന്‍മാരാണ് അവളുടെ ധൈര്യം. വളര്‍ത്തുമൃഗങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ക്കും രോഗമുക്തിക്കും മാത്രമല്ല മെക്സിക്കോയില്‍ പുണ്യാളന്‍മാരുള്ളത്. അവര്‍ക്ക് അനധികൃതകുടിയേറ്റക്കാരുടെ പുണ്യാളനും മയക്കുമരുന്നുകടത്തുകാരുടെ പുണ്യാളനും ഒക്കെയുണ്ട്. മതവും ജീവിതവും പ്രത്യേകതരത്തില്‍ കലര്‍ന്നുകിടക്കുന്ന ഈ മെക്സിക്കന്‍ പരിസരത്തെകൂടി കൃത്യമായി അടയാളപ്പെടുത്തുന്ന ഈ നോവല്‍ കൌതുകകരമായ ഒരു വായനാനുഭവമാണ്.



വില്ലാധിവില്ലന്‍

https://blogger.googleusercontent.com/img/proxy/AVvXsEhkLSy7m07ApcD2jm61Vv8m9RBQm8DUgm_h6pzZF_T-Lq8qrpJlhBTtsYrNTCkrKp6xC3qMj-HtHhQt-4f9GLAxSfj4pN6TarTNGFP-qBUo_xNmSc0lRyOv1QI9l2fuFaAbEBcANnvwi6wWkIfee367WPg8uctppx1mIrzVDr0pvPksJIkuVXTWdIm_jvPBGPtcpORiY6SEHfH_FDc2uQO0K09_BWGJ2A=

കഥകളില്‍ പല തരം വില്ലന്മാരുണ്ട്. എന്നാല്‍ ജോക്കറിനെപ്പോലെ ജോക്കര്‍ മാത്രം. ഇത്ര പേടിപ്പിക്കുന്ന മറ്റൊരു ഭീകരന്‍ കഥാപാത്രങ്ങളുടെ ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എല്ലാവര്‍ക്കും  ദുഷ്ടത്തരങ്ങള്‍ കാണിക്കുന്നതിന് പല വിശദീകരണങ്ങളും കാണും. ലോകത്തെ കീഴ്പ്പെടുത്തണം, ആരെയെങ്കിലും തോല്‍പിക്കണം, ആരോടെങ്കിലും പ്രതികാരം വീട്ടണം, അങ്ങനെ എന്തെങ്കിലുമൊക്കെ പ്രചോദനങ്ങള്‍ കാണും. എന്നാല്‍ ജോക്കറിനു ഇതൊന്നുമില്ല. വളരെ ക്രൂരനായ ഒരു തമാശക്കാരനാണ് ജോക്കര്‍.
ബാറ്റ്മാന്‍ കഥകളിലെ പ്രധാനവില്ലനാണ് ജോക്കര്‍. ബാറ്റ്മാന്‍ കോമിക്ക് തുടങ്ങിയ കാലത്തൊക്കെ ജോക്കറിന് ഇന്നത്തെയത്ര സങ്കീര്‍ണതയുണ്ടായിരുന്നില്ല. കഥ വിജയിച്ചതിന്റെയൊപ്പം കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്ന്ന്  കൂടുതല്‍ പ്രശ്നക്കാരനായിത്തീര്‍ന്നയാളാണ് ജോക്കര്‍. ആദ്യമൊക്കെ വെറുതേ ആളുകളെ കൊല്ലുന്ന ഒരു സാദാവില്ലനായിരുന്നു ജോക്കറെങ്കില്‍ ഇപ്പോള്‍ പല കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ജോക്കര്‍ എങ്ങനെ ജോക്കറായി എന്ന ചരിത്രവും കാണാന്‍ കഴിയും.
പല കോമിക്കുകളും ജോക്കറെപ്പറ്റി പല കഥകളാണ് പറയുന്നത്. മദ്യപനായ അച്ഛന്‍ മുഖം വികൃതമാക്കിയ ഒരു കുട്ടിയാണ് പിന്നീട് ഇങ്ങനെയായിത്തീര്ന്നറത് എന്നത് ഒരു കഥ. കെമിക്കലുകളുടെ ഒരു പാത്രത്തില്‍ അബദ്ധത്തില്‍ വീണുപോയത് മുതലാണ്‌ ഇങ്ങനെയെന്ന് മറ്റൊരു കഥ. ജോക്കര്‍ സ്വയം മുറിവേല്‍പിച്ചതാണ് എന്ന് വേറൊരു കഥ. ഈ കഥകള്‍ ഡാര്‍ക്ക്  നൈറ്റ് എന്ന സിനിമയില്‍ എത്തുമ്പോള്‍ പലപ്പോഴായി ജോക്കര്‍ തന്നെ പറയുന്നുണ്ട്. ഓരോ കഥയും മാറ്റിമാറ്റി പറഞ്ഞ് സ്വന്തം ഭൂതകാലത്തെ കൂടുതല്‍ അവ്യക്തമാക്കുന്നത് ജോക്കറിന്റെ മറ്റൊരു തമാശ മാത്രമായിരിക്കണം.

ജോക്കറിന്റെ തുടക്കം എന്തുതന്നെയായാലും ഓരോ കഥയിലും വില്ലത്തരങ്ങള്‍ ഒന്നിനൊന്ന് കൂടുന്നു. ജോക്കറെ പറ്റി ജോക്കര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. ഡാര്‍ക്ക് ‌ നൈറ്റ് സിനിമയില്‍ നിന്ന്, എന്നെ കണ്ടാല്‍ എനിക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് തോന്നുമോ? ഞാന്‍ എന്താണെന്ന് അറിയാമോ? കാറുകളുടെ പിറകെ ഓടുന്ന ഒരു പട്ടിയാണ് ഞാന്‍. ഒരു കാറിനെ പിടി കിട്ടിയാല്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ ഇങ്ങനെ ഓരോന്ന് ചെയ്യുക മാത്രമാണ് ചെയ്യുന്നത്..... സൂര്യന്‍ ഇല്ലാതാവുന്ന ഒരു കാലത്ത് ലോകത്തിനുമുഴുവന്‍ പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് ഒരു തിരിനാളം എവിടെയെങ്കിലും തെളിഞ്ഞുവെന്നിരിക്കട്ടെ, ഒരു ചിരിയോടെ അത് ഊതിക്കെടുത്തുന്നതാണ് ജോക്കര്‍ കാണുന്ന സ്വപ്നം. അത്ര മേല്‍ ഭ്രാന്തനും ക്രൂരനുമാണ് അയാള്‍.
ജോക്കറും ബാറ്റ്മാനും തമ്മില്‍ കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ഒക്കെ വലിയ താത്വികചര്‍ച്ചകളാണ് നടക്കുന്നത്. ഓരോ പുതിയ കോമിക്ക് ഇറങ്ങുമ്പോഴും സിനിമ ഇറങ്ങുമ്പോഴും ഈ വാക്പയറ്റിന് മൂര്‍ച്ച  കൂടിക്കൂടി വരുന്നു. വെറുമൊരു കുറ്റവാളി എന്നതില്‍ നിന്ന് ഒരു ക്രിമിനല്‍ ജീനിയസ് എന്നതിലേയ്ക്കുള്ള ജോക്കറുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
ജോക്കര്‍ ഒരു ഭ്രാന്തനാണ് എന്ന സൂചനകള്‍ കഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അറ്ഖാം ഭ്രാന്താശുപത്രി തന്റെ ഒരു ചെറിയ ഇടത്താവളമാണ് എന്നാണ് ജോക്കര്‍ പറയുന്നത്. ഈ കഥാപാത്രസൃഷ്ടിയിലെ ഏറ്റവും പ്രധാന സംഗതി ജോക്കര്‍ക്ക് ഒന്നിനെയും പേടിയില്ല എന്നതാണ്. സ്കേര്രോസൃഷ എന്ന വില്ലനുമായി സംഘം ചേരുന്നുണ്ട് ഒരിക്കല്‍ ജോക്കര്‍. പേടി ഉണ്ടാക്കുന്ന ഒരു മരുന്നിന് സ്കേര്ക്രോഷ ജോക്കറെ വിധേയനാക്കുന്നു. ജോക്കറുടെ പേടി എന്തിനോടാണ്‌ എന്നറിയാനുള്ള ആകാംഷയാണ് സ്കേര്ക്രോ യെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. എന്നാല്‍ ജോക്കര്‍ക്കോ യാതൊരു കുലുക്കവുമില്ല. സ്വന്തം മരണത്തെപ്പോലും പേടിക്കുന്ന ആളല്ല ജോക്കര്‍. തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു വില്ലന്‍ എന്നതിനെക്കാള്‍ ആളുകളെ പേടിപ്പിക്കുന്നത് ഒന്നിനോടും പേടിയില്ലാത്ത ഈ സ്വഭാവമാണ്.
ബാറ്റ്മാനും ജോക്കറായി മാറാം എന്നാണ് പലപ്പോഴായുള്ള തന്റെ വാചകക്കസര്‍ത്തുകളിലൂടെ ജോക്കര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഓരോ മനുഷ്യന്റെയുള്ളിലും ഇരുള്‍മൂടിയ മറ്റൊരാള്‍ കൂടിയുണ്ട്, നിയമങ്ങള്‍ തെറ്റിക്കാനും ആരെയും കൂസാതെ, പേടിക്കാതെ ജീവിക്കാനും ആഗ്രഹിക്കുന്ന ഒരാള്‍. നമ്മുടെ നീതികളെയും ശിക്ഷകളെയും ഒക്കെ ഓരോ കഥയിലും ജോക്കര്‍ ചോദ്യം ചെയ്യുന്നു. ജോക്കറായി മാറാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട് പലതരത്തിലും ജോക്കര്‍. അല്ലെങ്കില്‍ എന്തിനാണ് ഓരോ കഥയിലും ബാറ്റ്മാന്‍ ജോക്കറെ കൊല്ലാതെ വിടുന്നത്? ഒരു ബാറ്റ്മാന്‍ ഒരു ജോക്കറെ കൊല്ലുന്നതുകൊണ്ട് മാത്രം ലോകം നന്നാവുന്നില്ല എന്നാണ് അതിനര്‍ഥം. നമ്മുടെ ഓരോരുത്തരുടെയുള്ളിലും ഉള്ള ജോക്കറിനെ ഓരോനിമിഷവും കൊല്ലുക എന്നതാണ് ആകെ ചെയ്യാവുന്നത്. ലോകത്തെമുഴുവന്‍ രക്ഷിക്കുന്നതും ചുറ്റുമുള്ള ലോകത്തിന്റെ രക്ഷയാകുന്നതും ഒരേപോലെ പ്രധാനപ്പെട്ട കര്തെവ്യങ്ങള്‍ തന്നെ.
ഏറ്റവും മികച്ച വില്ലനാകുന്നതിനോടൊപ്പം ആത്യന്തികമായി ജോക്കര്‍ ചെയ്യുന്നത് ഇതാണ്. മനുഷ്യരാശി കെട്ടുപോയാല്‍ എത്രത്തോളം കെടാം എന്ന് കാണിച്ചുതരികയാണ് ജോക്കറിന്റെ ലക്‌ഷ്യം. നന്മയെപ്പറ്റിയുള്ള കഥകള്‍ മാത്രം വായിച്ച് നല്ല കഥാപാത്രങ്ങളെ മാത്രം കണ്ടുകൊണ്ടിരുന്നാല്‍ നമ്മള്‍ അവഗണിക്കുന്നത് നമ്മുടെയുള്ളില്‍ തന്നെയുള്ള തിന്മയെയാണ്. അത് കാണേണ്ടതും ഒരു ആവശ്യം തന്നെ.



ഒരു താരാട്ട്, പല മരണങ്ങള്‍.


രു പുസ്തകം വായിക്കെണ്ടെന്ന്‍ തീരുമാനിച്ച് മാറ്റിവെച്ചാല്‍ അതിലേയ്ക്ക് തന്നെ തിരികെയെത്താന്‍ പാടാണ്. വായിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പല കാരണങ്ങളുണ്ടാവും. അതില്‍ പ്രധാനമായത് ബോറാണ്, താല്‍പ്പര്യം തോന്നിയില്ലഎന്നത് തന്നെയാണ്. എന്നാല്‍ ചക്ക് പലാനൂയിക്കിന്റെ ലല്ലബിയുടെ കഥ ഇങ്ങനെയല്ല. ഒരു വര്‍ഷം മുന്‍പ് അത് വായിച്ചുതുടങ്ങിയശേഷം രണ്ടധ്യായം വായിച്ച് അടച്ചുവെച്ചത് വായിക്കാന്‍ തോന്നാഞ്ഞിട്ടോ ബോറടിച്ചിട്ടോ അല്ല. പേടിച്ചിട്ടാണ്. ഇതങ്ങനെ സാധാരണ പ്രേതകഥയൊന്നുമല്ല. ഒരു ഇരുണ്ട ഇടനാഴിയിലും പേടിപ്പിക്കുന്ന രക്തരക്ഷസുകള്‍ ഒളിഞ്ഞിരിക്കുന്നില്ല. എന്നാല്‍ ഓരോ വരി വായിക്കുമ്പോഴും പേടിയും വല്ലായ്കകളും ഒക്കെ കൂടിവന്ന് ശ്വാസം മുട്ടിക്കും.
ഈയിടെ വീണ്ടും ആ പുസ്തകം തിരിച്ചെടുത്തപ്പോള്‍ പുസ്തകം തന്നെ ജയിച്ചു. ശ്വാസമടക്കിപ്പിടിച്ച് ഊണിലും നടക്കുന്ന വഴിയിലുമൊക്കെ കൊണ്ടുനടന്ന് വായിച്ചു തീര്‍ത്തശേഷമാണ് ശ്വാസം നേരെ വീണത്‌. ഈ പുസ്തകത്തിന്റെ വേറൊരു പ്രശ്നം അസാമാന്യഭംഗിയുള്ള ഭാഷാഘടനയാണ്. പഠിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് നോട്ട് കുത്തിക്കുറിക്കുന്നത് പോലെ വായിക്കുന്നതിനിടെ ഓരോരോ വരിയായി എഴുതിവയ്ക്കാന്‍ തോന്നും.
ലല്ലബി ഒരു താരാട്ടാണ്. ഒരു കഥയ്ക്ക് താരാട്ട് എന്ന് പേരിടുമ്പോള്‍ നാം പലതരം സെന്റിമെന്റല്‍ കഥാഗതികളും പ്രതീക്ഷിക്കും. എന്നാല്‍ ഇത് അതൊന്നുമല്ല. ഒന്നാന്തരം ത്രില്ലര്‍. ഫൈറ്റ് ക്ലബ് സിനിമ കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും, പലാനൂയിക്കിന്റെ തന്നെ നോവലാണ്‌ പിന്നീട് ഫൈറ്റ് ക്ലബ് എന്ന പേരില്‍ സിനിമയാകുന്നത്. ഒരു ത്രില്ലറിനെപ്പറ്റി എഴുതുമ്പോള്‍ കഥ പറയാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ട് സസ്പെന്‍സ് പരമാവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില വായനാപ്രേരിത സൂചനകള്‍ തരാം. ഇതില്‍ ഒരു പാട്ടുണ്ട്. ആ പാട്ട് പാടിയാല്‍ ആരെയും കൊല്ലാം. ആരെങ്കിലും നിങ്ങളെ എന്തെങ്കിലും തരത്തില്‍ ദേഷ്യം പിടിപ്പിച്ചാല്‍ പാട്ടുപാടുക, നിമിഷനേരം കൊണ്ട് ദാ മരിച്ചുമരവിച്ചുകിടക്കുന്നു പ്രതി.
ഓരോ കഥാപാത്രവും മികച്ചുനില്‍ക്കാന്‍ പരസ്പരം മത്സരിക്കുന്നവരാണ്. എന്നാല്‍ ഇതിലെ യഥാര്‍ത്ഥതാരം നോവലിസ്റ്റിന്റെ സൂക്ഷ്മനിരീക്ഷണപാടവമാണ്. സൂക്ഷ്മമായ അനുഭവങ്ങളെ മനോഹരമായ ഗദ്യത്തിലേയ്ക്ക് ഉരുക്കിയൊഴിച്ചിരിക്കുകയാണ് നോവലിസ്റ്റ്. കൊതി തോന്നിപ്പിക്കുന്ന എഴുത്ത്. ചില നേരം ഇത് ഒരു ത്രില്ലറാണെന്നു പോലും നമ്മള്‍ മറന്നുപോകും.
ചില അമേരിക്കന്‍ കോമഡി സീരിയലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തമാശരംഗങ്ങള്‍ വരുമ്പോള്‍ പിന്നാമ്പുറത്തുനിന്നും കൂട്ടച്ചിരി ഉയരും. ടെലിവിഷനും മറ്റും നമ്മുടെ സ്വൈരജീവിതങ്ങളെ ഏതളവില്‍ സ്വാധീനിച്ചിരിക്കുന്നു എന്നാണ് മൂന്നാമത്തെ അധ്യായത്തില്‍ ഒരു കഥാപാത്രത്തിന്റെ വേവലാതി. അയാള്‍ ഈ കൂട്ടച്ചിരിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ഇന്ന് ടീവിയില്‍ കേള്‍ക്കുന്ന ചിരികള്‍ എല്ലാം 1950കളില്‍ റെക്കോര്‍ഡ് ചെയ്തതാണ്. ഇക്കാലത്ത് നിങ്ങള്‍ കേള്‍ക്കുന്ന ചിരികള്‍ മരിച്ചുപോയ ആളുകളുടെതാണ്.
നിരീക്ഷണങ്ങള്‍ തുടരുമ്പോള്‍ കഥാകൃത്ത് പറയുന്നത് ഇക്കാലത്ത് മനുഷ്യര്‍ക്ക് ടീവിയോ റേഡിയോയോ ഏതുസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം, ഈ മനുഷ്യര്‍ക്ക് നിശബ്ദതയെ പേടിയാണ് എന്നാണ്. വായിക്കുമ്പോള്‍ ഈ പറയുന്നതിനോടൊക്കെ ആവേശത്തോടെ തലകുലുക്കാന്‍ തോന്നും.
ജീവിക്കുന്ന സംസ്കാരസമ്പന്നസമൂഹത്തെ ഇരുണ്ട ഹാസ്യമുപയോഗിച്ച് നോവിച്ചുവിടുന്നുണ്ട് നോവലിസ്റ്റ്. ഇതിനെയാണ് നമ്മള്‍ സംസ്കാരമെന്ന് പറയുന്നത്. വണ്ടിയില്‍ നിന്ന് ഒരു കടലാസുകഷണം പോലും പുറത്തേക്കെറിയാത്ത ഇവര്‍ അവരുടെ സ്റ്റീരിയോയുടെ ഒച്ച ഏറ്റവും ഉയര്‍ത്തിവെച്ച് നിങ്ങളെ കടന്നുപോകുന്നു. നിങ്ങളുടെ മുഖത്തേയ്ക്ക് ഒരിക്കലും സിഗരറ്റ് പുക ഊതിവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ സെല്‍ഫോണുകളിലേയ്ക്ക് അലറിവിളിക്കുന്നു. ഒരു ഊണുമേശയ്ക്ക് അപ്പുറമിപ്പുറമിരുന്ന് അന്യോന്യം ഒച്ചയിടുന്നു.... അവരുടെ ഒച്ച സഹിക്കാന്‍ കഴിയാതാവുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പാട്ട് ഒച്ച കൂട്ടിവയ്ക്കുന്നു. നിങ്ങളുടെ പാട്ടിനെ മറയ്ക്കാന്‍ മറ്റുള്ളവര്‍ അവരുടെ പാട്ട് ഉച്ചത്തിലാക്കുന്നു. എല്ലാവരും കൂടുതല്‍ വലിയ സ്റ്റീരിയോ സിസ്റ്റങ്ങള്‍ വാങ്ങുന്നു. ഇത് ഒച്ചയുടെ യുദ്ധമാണ്. ഇത് അധികാരത്തെപറ്റിയാണ്.
ആധുനികസാഹിത്യത്തിലെ ഏറ്റവും ശക്തമായ ബിംബമാണ് ബിഗ്‌ ബ്രദര്‍ എന്നത്. സാധാരണക്കാരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കണ്ടുകൊണ്ട് നില്‍ക്കുന്ന ഒരു ബിഗ്‌ ബ്രദര്‍. ബിഗ്‌ ബ്രദര്‍ റിയാലിറ്റി ഷോയും ബിഗ്‌ ബോസും മലയാളി ഹൌസും ഒക്കെ ഈ ഒളിഞ്ഞുനോട്ടത്വരയുടെ സൃഷ്ടികളാണ്. എന്നാല്‍ പലാനൂയിക്ക് ഇതിനെപ്പറ്റി വേറെ ചിലതാണ് പറയുന്നത്. ബിഗ്‌ ബ്രദര്‍ നോക്കുന്നില്ല. ബിഗ്‌ ബ്രദര്‍ ആടുകയും പാടുകയുമാണ്. തൊപ്പിയില്‍ നിന്ന് മുയല്ക്കുഞ്ഞുങ്ങളെ വലിച്ചെടുക്കുക്കുകയാണ്. നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഓരോ മിനിട്ടിലും ബിഗ്‌ ബ്രദര്‍ നിങ്ങളുടെ ശ്രദ്ധയെ പിടിച്ചെടുക്കുകയാണ്. എപ്പോഴും നിങ്ങളുടെ ശ്രദ്ധ തിരിയുന്നു എന്നയാള്‍ ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ ഭാവന ചിതലെടുക്കണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനായാണ് സദാ നിങ്ങളുടെ ശ്രദ്ധയെ അയാള്‍ മാറ്റിവിടുന്നത്. ഇങ്ങനെ നിമിഷം പ്രതി പലവിധ വിവരങ്ങള്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കാന്‍ മെനക്കെടില്ല. ചിന്തിക്കാത്ത മനുഷ്യര്‍ ആര്‍ക്കും ഒരു ഭീഷണിയും തീര്‍ക്കില്ല.
ഓരോ പേജിലും കഥയോടൊപ്പം വായിക്കുന്ന ഇത്തരം വിചാരങ്ങള്‍ നമ്മെ പേടിപ്പിക്കും. ടീവിയോ ഇന്റര്‍നെറ്റോ ഒക്കെയായി ശ്രദ്ധ പലവഴി പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നമ്മുടെ തലമുറ ആര്‍ക്ക് ഭീഷണിയാവാനാണ്? പേടിക്കണം നമ്മള്‍ നമ്മുടെ അവസ്ഥകളെ.
ഇതൊക്കെ എഴുതിവെച്ചിരിക്കുന്നത് ഒരു ബോറന്‍ ഫിലോസഫി പുസ്തകത്തിലല്ല, മറിച്ച് ത്രസിപ്പിക്കുന്ന ഒരു ത്രില്ലറിലാണ് എന്നോര്‍ക്കുമ്പോഴാണ്‌ അത്ഭുതം. ഇത് എന്തുതരം ത്രില്ലറാണ് എന്നൊന്നും വേര്‍തിരിച്ചുപറയാന്‍ വയ്യ. എന്നാല്‍ ഇതൊരു വല്ലാത്ത തരം ത്രില്ലറാണ് എന്നത് സത്യം.
വായിച്ചുവരുമ്പോള്‍ അര്‍ഥം പിടികിട്ടാത്ത ചില സന്ദര്‍ഭങ്ങളുണ്ട് കഥയില്‍. ഒടുവില്‍ പുസ്തകം മുഴുവന്‍ വായിച്ചു കഴിയുമ്പോഴാണ് ചില ചില സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം പിടികിട്ടുന്നത്‌. അത് പിടികിട്ടിക്കഴിഞ്ഞാല്‍ തലയില്‍ ഒരു വെള്ളിവെളിച്ചം വീണതുപോലെയാണ്. പുസ്തകം വായിച്ചുമടക്കിവയ്ക്കുംമ്പോഴുള്ള ആ ഒരു സംതൃപ്തി, ആ ഒരു സമാധാനം, അത് വായിച്ചുതന്നെ അനുഭവിക്കണം. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് വേറെയൊരു ലോകം കണ്ടുകഴിഞ്ഞ് സിനിമ തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ ഒരു തപ്പിത്തടയലുണ്ടാകില്ലേ? ആ തപ്പിത്തടയല്‍ അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ഈ താരാട്ട്.



കളിക്കോപ്പുകള്‍ പോലെ ചില മനുഷ്യര്‍

ഇനിയൊരു അല്‍പ്പം പഴയ കഥ പറയാം. ഒരു കഥയെയും കഥാപാത്രത്തെയും കണ്ടുമുട്ടിയ കഥ. അതിലും പ്രധാനമായി പ്രിയപ്പെട്ടതായിത്തീര്‍ന്ന ഒരു കഥാകൃത്തിനെ കണ്ടുമുട്ടിയ കഥ. ലോക്കല്‍ വായനശാലയില്‍ നിന്നും മലയാളസാഹിത്യപുസ്തകങ്ങള്‍ വായിച്ചുരസിച്ചതിന്റെയും ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകുമെന്ന്‍ തോന്നിയതിന്റെയും ധൈര്യത്തില്‍ വായിക്കാമല്ലോ എന്ന ആവേശം ഒന്നുമാത്രം കൊണ്ട് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന കാലം. പഠിക്കാനുള്ളത് മുഴുവന്‍ ചോസര്‍ സ്പെന്സര്‍ എന്നൊക്കെ ഏതോ പുരാതനകാലത്തെ എഴുത്തുകാര്‍. ഡിഗ്രി വിദ്യാര്‍ഥിനിയുടെ കുട്ടിമനസിന്‌ വലിയ ആവേശമൊന്നും അന്ന് കാന്റര്‍ബറി കഥകളും ഒന്നും വായിച്ച് കിട്ടിയില്ല. പേരിന് അവിടവിടെ ചില ഷേക്സ്പിയര്‍ നാടകങ്ങള്‍തോമസ്‌ ഹാര്‍ഡി നോവലുകള്‍. വായിച്ചുപഠിച്ചു പരീക്ഷഎഴുതി മാര്‍ക്ക്‌ വാങ്ങിക്കാമെന്നല്ലാതെ പ്രത്യേകിച്ച്കാര്യമൊന്നുമില്ല. രസം പിടിച്ച് ഒരു പുസ്തകം വായിച്ചിട്ട് കാലമെത്രയായി. സാഹിത്യം പഠിക്കുകയാണത്രെ! എന്തൊരു ബോറ്.
അങ്ങനെയിരിക്കെ സിലബസില്‍ പുതിയ ചില ഐറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എഴുത്തുകാരനെ തേടിനടക്കുന്ന ആറുകഥാപാത്രങ്ങളും അമേരിക്കന്‍ വീട്ടമ്മയായ സ്നോവൈറ്റും ഒക്കെ ഇതില്‍ ഉള്‍പ്പെടും. അവരെപ്പറ്റിയൊക്കെ പിന്നീട് എപ്പോഴെങ്കിലും പറയാം. ഇത്തവണ ശ്രദ്ധ ബില്ലി പില്‍ഗ്രിമിനു മാത്രം. കര്‍ട്ട് വോണിഗട്ട് 1969ല്‍ എഴുതിയ ആക്ഷേപനോവലായ “സ്ലോട്ടര്‍ ഹൌസ് ഫൈവ്” അല്ലെങ്കില്‍ “ദി ചില്‍ട്റന്‍സ് ക്രൂസേഡ്” അല്ലെങ്കില്‍ “എ ഡ്യൂട്ടി ഡാന്‍സ് വിത്ത്‌ ഡെത്ത്” എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ബില്ലി. ഒരു നോവലിന് ഒരു പേരല്ലവ്യത്യസ്തങ്ങളായ മൂന്നുപേരുകളാണ് ഉള്ളത് എന്നതില്‍ തന്നെ തുടങ്ങുന്നു കഥയുടെ രസം. ഈ നോവല്‍ അന്ന് ഞങ്ങളുടെ കോളേജ് ലൈബ്രറിയില്‍ ഇല്ല. സിലബസില്‍ ഉണ്ടുതാനും. ഏതോ ടീച്ചര്‍ പണ്ടെന്നോ എഴുതിവെച്ച കുറച്ചുനോട്ട്സ് കോപ്പിയടിക്കുകയും പരീക്ഷക്ക് ഈ നോവലില്‍ നിന്നുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ചോയിസ് ഉണ്ടല്ലോ എന്ന സംവിധാനം ഉപയോഗപ്പെടുത്തുകയുമാണ് കോളേജില്‍ സാമ്പ്രദായികമായി തുടര്‍ന്നുവരുന്ന രീതി. എന്തായാലും വൈക്കംകാരിയും സുന്ദരിയുമായ സന്ധ്യ എന്ന കൂട്ടുകാരി തന്റെ ഏറണാകുളത്ത് ജോലി ചെയ്യുന്ന അച്ഛന്‍ മുഖാന്തരം ഏതോ ഒരു ബുക്ക്ഷോപ്പില്‍ (അത് ഹാംലറ്റ് ബുക്ക്ഷോപ്പ് ആണെന്ന് വളരെക്കാലം കഴിഞ്ഞ് അറിഞ്ഞു) അന്വേഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഞാനും ഒരു കോപ്പി വാങ്ങാന്‍ സന്നദ്ധയായി. ഒരു പുസ്തകം വാങ്ങാന്‍ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പണം ഞാന്‍ കൊടുത്തുവെന്നാണ് ഓര്‍മ്മ. ഏതായാലും ആദ്യമായി വാങ്ങിയ ഇംഗ്ലീഷ് നോവല്‍ എന്ന പദവി വോണിഗട്ടിന്റെ ഈ അഞ്ചാം നമ്പര്‍ അറവുശാലയ്ക്കാണ്.
കഥ വായിച്ചുതീര്‍ന്നപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി പുസ്തകം വാങ്ങിയതില്‍ നഷ്ടബോധം തോന്നിയില്ല എന്ന് പറയാമല്ലോ. വല്ലാത്തൊരു കഥയാണ് ബില്ലി പില്‍ഗ്രിമിന്റേത്. രണ്ടാംലോകമഹായുദ്ധകാലത്തെ ഒരു പട്ടാളക്കാരനാണ് ബില്ലി. കൃത്യമായ ഒരു പട്ടാളയൂണിഫോറം പോലുമില്ലാതെ യുദ്ധത്തിനിറങ്ങാന്‍ വിധിക്കപ്പെട്ട ബില്ലി. ബില്ലിക്ക് ഒരു ടൈം മെഷീനില്‍ എന്നതുപോലെ ഭാവിയിലേയ്ക്കും ഭൂതകാലത്തിലേയ്ക്കും സഞ്ചരിക്കാന്‍ കഴിവുണ്ട്. താന്‍ എപ്പോള്‍ മരിക്കുമെന്നും എങ്ങനെ മരിക്കുമെന്നും ഒക്കെ ബില്ലിക്കറിയാം. ബില്ലിയുടെ ഇത്തരം യാത്രകളിലൂടെയാണ് നമുക്ക് കഥ ഏകദേശമൊക്കെ മനസിലാവുന്നത്. ബില്ലി പറയുന്നതൊക്കെ വിശ്വസിക്കാമോ എന്നും ഉറപ്പില്ല.
പ്രത്യേകിച്ച് യുദ്ധപരിശീലനമൊന്നും കിട്ടാതെ പടയാളിയായ ഒരാളാണ് ബില്ലി. നോവല്‍ വായിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് “ഫോറസ്റ്റ് ഗംപ്” സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബില്ലി പില്‍ഗ്രിമിനെയാണ്. ബില്ലിക്ക് യുദ്ധം ചെയ്യാന്‍ മടിയായിരുന്നു. സ്വയരക്ഷക്ക് വേണ്ടിപ്പോലും ബില്ലി പൊരുതില്ല. ഒടുവില്‍ ബില്ലിയെ ജര്‍മ്മന്‍കാര്‍ യുദ്ധത്തടവുകാരനാക്കുന്നു. ഡ്രെസ്ഡനില്‍ ബോംബിംഗ് നടക്കുമ്പോള്‍ ബില്ലി ഉള്‍പ്പെടെയുള്ള യുദ്ധതടവുകാരെ ജര്‍മ്മന്‍ സൈന്യം അഞ്ചാം നമ്പര്‍ അറവുശാലയിലാണ് പാര്‍പ്പിക്കുന്നത്.
തന്റെ യുദ്ധകാലാനുഭവം ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കുന്നയാളാണ് കഥാനായകന്‍ ബില്ലി. ഓരോ സമയത്തും ബില്ലി തന്റെ ജീവിതത്തിലെ എതെങ്കിലുമൊരു സമയവും കാലവുമാണ് അനുഭവിക്കുക. അടുത്തത് താന്‍ ഏതു സമയത്തെ ബില്ലിയായാണ്‌ ജീവിക്കുക എന്ന് ബില്ലിക്ക് തന്നെ നിശ്ചയമുണ്ടാകില്ല. ബില്ലിയെ ട്രാല്ഫമഡോര്‍ എന്ന് പേരുള്ള ഒരു ഗ്രഹത്തില്‍ നിന്നുവന്ന ജീവികള്‍ ഇടയ്ക്ക് തട്ടിക്കൊണ്ടുപോകുന്നുണ്ട്. ട്രാല്ഫമഡോറിലുള്ളവര്‍ക്ക് സമയം നേര്‍രേഖയില്‍ പോകുന്ന ഒരു സംഗതിയല്ല. അവരുടെ ജീവിതത്തില്‍ ഭൂതവും ഭാവിയുമില്ല. അവര്‍ ആരും മരിക്കുന്നുമില്ല. അവര്‍ക്ക് യുദ്ധങ്ങളും കലാപങ്ങളുമുണ്ട്മനുഷ്യരെപ്പോലെ തന്നെ. എന്നാല്‍ അതേപ്പറ്റി ബില്ലി തിരക്കുമ്പോള്‍ തങ്ങള്‍ യുദ്ധങ്ങളെ അവഗണിക്കാരാണ് പതിവ് എനാണ് ട്രാല്ഫമഡോറുകാര്‍ പറയുന്നത്. ഇതൊക്കെ ബില്ലിക്ക് യുദ്ധകാല ആഘാതത്തില്‍ നിന്നുണ്ടാകുന്ന തോന്നലുകളാണ് എന്ന് പറയാം. ഡ്രെസ്ഡന്‍ ബോംബിംഗ് നടന്ന കാലത്ത് പട്ടാളക്കാരനായിരുന്നതിന്റെ അനുഭവങ്ങളാവും യുദ്ധത്തിന്റെ ഭീകരത ഒരു നോവലിലാക്കാന്‍ വോണിഗട്ടിനെ പ്രേരിപ്പിച്ചത്. ബില്ലിയുടെ ജീവിതത്തില്‍ നടക്കുന്നതൊന്നും ബില്ലി തീരുമാനിക്കുന്ന കാര്യങ്ങളല്ല. യുദ്ധമായാലും വിവാഹമായാലും തട്ടിക്കൊണ്ടുപോകപ്പെടലായാലും ബില്ലി എതിര്‍ക്കാത്തതുകൊണ്ട് സംഭവിച്ചുപോകുന്ന കാര്യങ്ങളാണ്. ഇത്തരം നിസ്സംഗതകളും അതില്‍ നിന്ന് ഉണ്ടാകുന്ന തമാശകളുമാണ് ഈ നോവല്‍.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് കഥാപാത്രസ്വഭാവമൊന്നുമില്ല. നോവലില്‍ കഥ വിവരിക്കുന്ന വോണിഗട്ട് എന്ന കഥാപാത്രം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഈ കഥയില്‍ കഥാപാത്രങ്ങള്‍ ഇല്ല. നാടകീയസംഘട്ടനങ്ങളില്ല. ഇതിലുള്ള മനുഷ്യര്‍ അതൊക്കെ കണ്ടുമടുത്തവരാണ്വലിയ ശക്തികളുടെ കളിക്കോപ്പുകള്‍ മാത്രമാണ് അവര്‍.
ഒരു സാധാരണനോവലിലെ കഥാപാത്രം ചെയ്യുന്നതുപോലെ തന്റെ ജീവിതത്തിന്റെ ഗതിയില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തവിധം തളര്‍ന്ന ഒരു കഥാപാത്രമാണ് ബില്ലി. ഒരുപക്ഷെ ഇത് തന്നെയാവും ലോകമഹായുദ്ധമോ വന്‍ശക്തികള്‍ ഇടപെടുന്ന മറ്റു യുദ്ധങ്ങളോ കലാപങ്ങളോ ഒക്കെ സാധാരണമനുഷ്യരോട് ചെയ്യുന്നതും. വന്‍ശക്തികളുടെ വെറും കളിക്കോപ്പുകള്‍ മാത്രമായി തീരുന്ന സാധാരണമനുഷ്യര്‍ ജീവിതത്തിന്‍റെ ഗതിയെപ്പറ്റിയൊക്കെ വ്യാകുലപ്പെട്ടിട്ടെന്തുകാര്യംഅടുത്ത നിമിഷം യുദ്ധഭൂമിയിലാണോ മനസുപിശകിത്തുടങ്ങുമ്പോള്‍ എത്തിച്ചേരുന്ന അന്യഗ്രഹങ്ങളിലെ മൃഗശാലകളിലാണോ കണ്ണുതുറക്കുക എന്നറിയില്ലാത്ത ജീവിതത്തില്‍ കഥാപാത്രങ്ങള്‍ കഥയില്ലാത്തവരായി മാറുന്നു. അല്ലെങ്കിലും പണ്ടേ നീന്തുന്നതിനെക്കാള്‍ ബില്ലിക്കിഷ്ടം മുങ്ങിമരിക്കാനായിരുന്നു.




അസ്ഥാനത്തുള്ള പൊട്ടിച്ചിരികള്‍



ആരെങ്കിലും ഉരുണ്ടുവീഴുന്നതില്‍ നിന്ന് ചിരിയുണ്ടാക്കുക ചരിത്രാതീതകാലം മുതല്‍ മനുഷ്യരുടെ ഒരു സ്വഭാവമാണ്. കൂട്ടത്തിലുള്ള ഒരുത്തനെ ദിനോസര്‍ പിടിച്ചുതിന്നപ്പോള്‍ ആദിമമനുഷ്യന്‍ ചിരിക്കാന്‍ പഠിച്ചുവെന്നാണ് “ഹിസ്റ്ററി ഓഫ് ദി വേള്‍ഡ് പാര്‍ട്ട്‌ വണ്‍ എന്ന സിനിമ തമാശയായി പറയുന്നത്. സ്ലാപ്സ്റ്റിക്ക് കോമഡിയുടെ പിന്നീടങ്ങോട്ടുള്ള പല ഭാവങ്ങള്‍ നമ്മള്‍ ചാര്‍ളിചാപ്ലിനിലും ലോറല്‍ ഹാര്‍ഡിയിലും ജഗതി ശ്രീകുമാറിലും സലിം കുമാറിലും ഒക്കെ കണ്ടു. ദുഃഖദുരിതങ്ങളില്‍ നിന്നുതന്നെയാണ് നമ്മള്‍ ആര്‍ത്തുചിരിച്ച തമാശരംഗങ്ങള്‍ ഉണ്ടായത്.
ഗൌരവതരമായ സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിയുണ്ടാക്കുക ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അല്‍പ്പമെങ്ങാന്‍ പാളിപ്പോയാല്‍ വലിയ വൃത്തികേടാകുമെന്നുറപ്പ്. “ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്” എന്ന ജോണ്‍ ഇര്‍വിംഗിന്റെ നോവല്‍ വായനക്കാരോട് ഇടപെടുന്നത് അങ്ങനെയാണ്. ഓരോ കഥാപാത്രവും ഹൃദയഭേദകമായ ജീവിതരംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ വായിക്കുന്നവര്‍ക്ക് ചിരിയടക്കാന്‍ പാടുപെടേണ്ടിവരുന്നു. യഥാര്‍ത്ഥജീവിതത്തില്‍ ഇതിലെ ഓരോ കഥാപാത്രവും കടന്നുപോകുന്ന പീഡകള്‍ ആരെയും നൊമ്പരപ്പെടുത്തും. എന്നാല്‍ നൊമ്പരങ്ങളെ പൊട്ടിച്ചിരിക്കാനുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റുന്നതാണ് നോവലിസ്റ്റിന്റെ അസാമാന്യകൈവിരുത്.
ചില കഥകള്‍ ചുരുക്കിപ്പറഞ്ഞുഫലിപ്പിക്കാവുന്നവയല്ല. അത് പുസ്തകത്തില്‍ നിന്ന് ഓരോവരിയായി വായിച്ചറിയേണ്ടതാണ്. എങ്കിലും പറയാം. ടീ എസ് ഗാര്‍പ്പ് വല്ലാത്തൊരു മനുഷ്യനാണ്. അച്ഛന്റെ പേരാണ് അയാള്‍ക്ക്. അച്ഛന് അയാളെയോ എന്തിനേറെ അയാളുടെ അമ്മയെയോ പോലും അറിയില്ല (അമ്മയെ അറിയാതെ എങ്ങനെ കുട്ടിയുണ്ടായി എന്നൊക്കെയാവും ഇപ്പോള്‍ വായനക്കാരന്‍റെ സംശയം. പറഞ്ഞു രസം കളയുന്നില്ല. പുസ്തകം വായിച്ചുനോക്കൂ. വായിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ തോന്നില്ല.)
ചിലപ്പോള്‍ തൊന്നും ഈ കഥ വളരെ ക്രൂരമാണെന്ന്. ചിലപ്പോഴൊക്കെ നമുക്ക് ഈ കഥ നിറുത്തിവെച്ച് വേറെ എന്തെങ്കിലും രസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാന്‍ തോന്നും. പക്ഷെ കഥ എപ്പോഴും നമ്മെ തിരിച്ചുവിളിക്കും. ഒരു പുസ്തകം വായിക്കാതെ ഉപേക്ഷിക്കണമെന്ന് തോന്നിയാല്‍പ്പോലും അങ്ങനെ ചെയ്യാന്‍ കഴിയാതെ വരുന്നത് സത്യത്തില്‍ വളരെ ക്രൂരമാണ്. ഒരു അമ്മയുടെ മൃതദേഹം കാണാന്‍ ഒരു മകന് വേഷം കെട്ടി വരേണ്ടിവരുന്നത്ര ക്രൂരം.
ജോണ്‍ ഇര്‍വിംഗിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്. നോവല്‍ പിന്നീട് റോബിന്‍ വില്യംസ് നായകനായ ഒരു സിനിമയുമായിട്ടുണ്ട്. അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തന്‍ സാഹചര്യങ്ങളും കണ്ണുനീര്‍ ഒപ്പുന്ന തൂവാലകളില്‍ നിന്നും ഉയരുന്ന പൊട്ടിച്ചിരികളും ഒക്കെയാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഗാര്‍പ്പിന്റെ അമ്മയായ ജെന്നി ഫീല്ട്സ് ആണ്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന, കാലത്തിനുമുന്‍പേ നടന്ന ഒരു ഫെമിനിസ്റ്റ് ആണ് ജെന്നി. ചിലപ്പോള്‍ തൊന്നും ജെന്നി ഒരു വിശുദ്ധയാണെന്ന്. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ജെന്നിയെ കണ്ടിരുന്നെങ്കില്‍ എന്തൊരു വട്ടുകേസ് എന്ന് എനിക്ക് തോന്നിയേനെ എന്ന്. ലോകത്തില്‍ മുഴുവനുമുള്ള അസംബന്ധജോലികളില്‍ നിന്ന് ആകെ പ്രയോജനമുള്ള ഒരു ജോലിയായി ജെന്നി തെരഞ്ഞെടുക്കുന്നത് നേര്‍സിംഗ് ആണ്. തന്റെ ജോലിയെപ്പറ്റി ജെന്നി തന്നെ പറയുന്നത് ഇങ്ങനെയാണ്. “ഞാന്‍ ആദ്യം ചിന്തിച്ചതും ആകെ ചിന്തിച്ചതും ഒരു നേഴ്സ് ആകനമെന്നായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ജോലിയാണ് അതെന്നാണ്‌ എനിക്ക് തോന്നിയത്.”
ജെന്നി ഒരു ഫെമിനിസ്റ്റും കൂടിയാണ്. ഫെമിനിസ്റ്റ് എന്ന വാക്കൊക്കെ അറിയുന്നതിന് മുന്‍പേ തന്നെ ഫെമിനിസ്റ്റായി മാറിയയാളാണ് ജെന്നി. ജെന്നി സ്വതന്ത്രയാണ്, തന്റെ ജീവിതത്തില്‍ എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ ജെന്നി ചെയ്തിട്ടുണ്ട്. ആളുകള്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ജെന്നി.
ഗാര്‍പ്പും ഗാര്‍പ്പിന്റെ ഭാര്യ ഹെലെനും മക്കള്‍ ഡങ്കനും വാള്‍ട്ടും ഒക്കെ നമ്മോടു വളരെ അടുപ്പമുള്ള മനുഷ്യരാണെന്നു വായന പുരോഗമിക്കുമ്പോള്‍ തോന്നും. അവരുടെ ജീവിതത്തില്‍ ഒന്നൊഴിയാതെ സംഭവിക്കുന്ന ദുരന്തങ്ങള്‍ വായിച്ച് പക്ഷെ വായനക്കാരായ നമ്മള്‍ പൊട്ടിച്ചിരിക്കും. അവരോടുള്ള സഹാനുഭൂതിക്കിടയിലും ചിരിയടക്കാന്‍ നമ്മള്‍ പാടുപെടും. ഏറ്റവുമൊടുവില്‍ നിര്‍ണ്ണായകമായ ഒരു അപകടം സംഭവിക്കുന്നുണ്ട്. നോവലിലെ അപകടരംഗം ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ ജോലിസ്ഥലത്തുനിന്ന് തിരികെ വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയാണ്. വായനയുടെ രസത്തിനിടെ ഉറക്കെ ചിരിച്ചുപോയതും അരികിലിരുന്നവര്‍ തുറിച്ചുനോക്കിയതും ഓര്‍മ്മയുണ്ട്. എന്തായാലും ഞാന്‍ ചിരിച്ചു. എന്തിന് ചിരിച്ചു എന്ന് വായിച്ചു ചിരിച്ചുതന്നെ അറിയണം.
ഒരു കുട്ടിയെപ്പോലെ വാക്കുകളില്‍ നിന്ന് അക്ഷരങ്ങള്‍ മറന്നുമറന്നു പോകുന്ന മരണാസന്നനായ ഗാര്‍പ്പിന്റെ അച്ഛനെ കണ്ട് നമ്മള്‍ ചിരിക്കും, ആണുങ്ങളുടെ കൂടെ ജീവിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു ഫെമിനിസ്റ്റ് ആയ ജെന്നിയെക്കണ്ട്‌ നമ്മള്‍ ചിരിക്കും, ഗാര്‍പ്പിന്റെ ജീവിതത്തിലെ ബന്ധങ്ങള്‍ കുഴഞ്ഞുമറിയുമ്പോഴെല്ലാം നമ്മള്‍ ചിരിച്ചുമറിയും. ഇതൊന്നും തമാശയല്ല, എന്നാല്‍ ചിരിക്കാതെ വയ്യ താനും. വിചിത്രമാണ് ഗാര്‍പ്പിന്റെ ലോകം. സാധാരണവുമാണത്. നമ്മുടെയോരോരുത്തരുടേയും ജീവിതം പോലെ.  അങ്ങനെ ഒരു താരതമ്യത്തിലെ തമാശയാവും ഒരുപക്ഷെ നമ്മെ ചിരിപ്പിക്കുന്നത്. ഗാര്‍പ്പ് പറയുന്നതുപോലെ, നമ്മള്‍ എല്ലാം മരണാസന്നരായ കേസുകളാണ്.  നമുക്ക് ചിരിക്കുകയെങ്കിലും ചെയ്യാം.
നോവലിസ്റ്റായ ജോണ് ഇര്‍വിംഗ് പറയുന്നത് ‘സ്വകാര്യഓര്‍മ്മകള്‍ പോലെ കഥാപാത്രങ്ങളുടെ ജീവിതത്തെ സങ്കല്‍പ്പിചെടുക്കലാണ് ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്’ എന്നാണ്. അത് അതിമനോഹരമായി ഈ നോവലില്‍ നിര്‍വഹിച്ചിട്ടുണ്ട്. പുസ്തകം വായിച്ചുമടക്കി വയ്ക്കുമ്പോള്‍ ഈ കഥാപാത്രങ്ങളുടെ സ്വകാര്യ ഓര്‍മ്മകള്‍ എല്ലാം എന്റെയും കൂടി ആയിത്തീരുന്നുണ്ട്.