Sunday, March 2, 2014

പട്ട് പോലെയും പ്രണയം പോലെയും

https://images-blogger-opensocial.googleusercontent.com/gadgets/proxy?url=http%3A%2F%2Fwww.mediaonetv.in%2Fsites%2Fdefault%2Ffiles%2Fstyles%2Flarge%2Fpublic%2Ffield%2Fimage%2Fsilk.JPG&container=blogger&gadget=a&rewriteMime=image%2F*

അലെസാന്‍ഡ്രോ ബരിക്കോയുടെ സില്‍ക്ക്എന്ന നോവല്‍ ഒരു നൂറുപേജൊക്കെയേ വരൂ. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാം വേണമെങ്കില്‍. ആ വേണമെങ്കില്‍ ആണ് ഈ നോവലിനെ വിലയിരുത്തുന്നതിലെ പ്രധാനഘടകം. നിങ്ങള്‍ക്കുമുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്. പതിയെപ്പതിയെ ഇഷ്ടപ്പെട്ട ഒരു ചോക്കലേറ്റ് അലിയിച്ച് സമയമെടുത്ത് കഴിക്കുന്നതുപോലെ വായിക്കാം. അല്ലെങ്കില്‍ ഒരുതവണവായിച്ച് പിന്നെ പലതവണ തിരിച്ചുപോയി നോക്കാം. എന്തായാലും ഈ ചെറിയ നോവല്‍ നിങ്ങളെ അത്രവേഗം വിട്ടുപോകില്ല. ആവര്‍ത്തിച്ചു കാണുന്ന ഒരു സ്വപ്നം പോലെ കൊളുത്തിവലിക്കുന്ന ഒരു എഴുത്താണ് ഈ നോവലിന്റെത്.
ഒരു മനുഷ്യനെ ഉലച്ചുകളയുന്ന ഒരു പ്രേമത്തിന്റെ കഥയാണിത്. കഥ നടക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. ഹെര്‍വെ യോന്‍കൂര്‍ ഫ്രെഞ്ചുകാരനായ ഒരു പട്ടുനൂല്‍പുഴു കച്ചവടക്കാരനാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും പട്ടുനൂല്‍പ്പുഴുക്കള്‍ക്ക്‌ അസുഖം വരുമ്പോഴാണ് അയാള്‍ പുഴുക്കളെ അന്വേഷിച്ച് ജപ്പാനിലേയ്ക്ക് പോകുന്നത്. ഒരു ജാപ്പനീസ് പ്രമുഖനുമായി അയാള്‍ കച്ചവടമുറപ്പിക്കുന്നു. വലിയ രഹസ്യമായാണ് ഈ കച്ചവടം നടക്കുന്നത്. യോന്‍കൂറിനെ കണ്ണുകെട്ടിയാണ് സ്ഥലത്തെത്തിക്കുന്നത്. അവിടെവെച്ച് അയാള്‍ ഈ ജാപ്പനീസ് പ്രമുഖന്റെ സംരക്ഷണയിലുള്ള ഒരു സ്ത്രീയെ കാണുകയും അവരോടു വല്ലാത്ത ഒരടുപ്പം തോന്നുകയും ചെയ്യും.അവര്‍ തമ്മില്‍ സംസാരിക്കുകയോ അടുത്തിടപെടുകയോചെയ്യുന്നില്ല. എന്നാല്‍ രണ്ടുപേരും തമ്മില്‍ വളരെ തീക്ഷ്ണമായ ഒരു ബന്ധം ഉടലെടുക്കുന്നു. ജപ്പാനില്‍ ഉണ്ടാകുന്ന ഒരു ആഭ്യന്തരകലാപത്തില്‍ ആ ഗ്രാമം തന്നെ ഇല്ലാതാകുന്നതോടെ ഈ സ്ത്രീയെ കാണാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. ഈ അനുഭവത്തിന്റെ ഭാരം അയാളുടെ വിവാഹജീവിതത്തിലും എത്തുന്നുണ്ട്. ഒരിക്കലും ജീവിക്കാന്‍ കഴിയാഞ്ഞ ഒരു ജീവിതത്തോടുള്ള ഗൃഹാതുരത്വത്തില്‍ അയാളുടെ ജീവിതം തുടരുന്നു. ഒരു കൊടുങ്കാറ്റിന്റെ പിറ്റേന്ന് ജോലി തുടരുന്ന ഒരു തോട്ടക്കാരനെപ്പോലെ.സങ്കടം പിടിച്ച ഒരു കഥയാണിത്.

ഇതിലെ നായകന്‍ പലവട്ടം ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് യാത്ര ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരേ തരത്തിലുള്ള യാത്രകളാണവ. എന്നാല്‍ യാത്രയുടെ വിവരണങ്ങളില്‍ വായിക്കുന്നവര്‍ പെട്ടുപോകും. അയാളുടെ കൂടെ നമ്മളും ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് പോവുകയാണെന്ന് തോന്നും. ജപ്പാന്‍ എന്ന നാടിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏകാന്തത മുഴുവന്‍ ഈ യാത്രകളില്‍ കാണാം. നായകന്റെ കൂടെ ഏകാന്തത അനുഭവിച്ചുകൊണ്ട് നമ്മള്‍ നടത്തുന്ന ഈ വായനാ-യാത്രയ്ക്കിടയില്‍ നമ്മുടെ അടുപ്പുകളിലാവും ചിലപ്പോള്‍ പാത്രങ്ങളില്‍ കറികള്‍ കരിഞ്ഞുപിടിക്കുക.
വളരെ ലളിതമായ ഒരു വിരഹപ്രേമകഥയാണെങ്കിലും കഥയില്‍ രസകരമായ ഒരു ട്വിസ്റ്റ്‌ ഉണ്ട്. രസംകൊല്ലല്‍ ഈ കോളത്തിന്റെ ലക്ഷ്യമല്ലാത്തതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. ഒന്നുരണ്ടുതവണയൊക്കെ ഈ പുസ്തകം വായിക്കുന്നതിനിടെ ഏത് കഠിനഹൃദയനും കരഞ്ഞുപോയേക്കാം എന്നൊരു മുന്നറിയിപ്പ് കൂടി കൂടെ ചേര്‍ക്കുന്നു.
വായിച്ചുതുടങ്ങുമ്പോള്‍ യോന്‍കൂര്‍ വളരെ സാധാരണക്കാരനായ ഒരു കച്ചവടക്കാരനായി മാത്രമേ തോന്നൂ. ഈ നോവലിലൂടെയും പ്രണയത്തിലൂടെയും അയാള്‍ വേറൊരാളായി മാറുന്നുണ്ട്. അയാളുടെ ഓരോ ചിന്തയും വളരെ കുറഞ്ഞവാക്കുകളിലൂടെ വായനക്കാര്‍ ജീവിക്കുകയാണ് ചെയ്യുക. വായിച്ചുകുറച്ചെത്തുമ്പോള്‍ നമ്മള്‍ അയാളായി, അയാളുടെ മനസായി മാറുന്നതുപോലെയും വലിയ ഒരു വിരഹം നമ്മെ വന്നുമൂടുന്നതുപോലെയും ഒക്കെ തോന്നിയേക്കാം.
ഇത്ര ചെറിയ ഒരു നോവലില്‍ ബരിക്കോ എഴുതിച്ചെര്‍ക്കുന്ന മനുഷ്യവികാരങ്ങള്‍ അനന്തമാണ്‌. പലപ്പോഴും കവിത പോലെ അരിച്ചിറങ്ങുന്ന ഭാഷയാണ്‌ നോവലില്‍. ഒരു വരി കേള്‍ക്കുക. ഒരിക്കല്‍ അയാള്‍ ജാപ്പനീസ് പട്ട് കയ്യിലെടുത്തു. വിരലുകള്‍ക്കിടയില്‍ ഒന്നും ഇല്ലാത്തത് പോലെയാണ് തോന്നിയത്.വായിച്ചുതീരുമ്പോള്‍ അതുതന്നെയാണ് തോന്നുക, നേര്‍ത്ത പട്ടുപോലെ ഒരു കഥ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീണത് പോലെ.No comments:

Post a Comment