Sunday, March 2, 2014

കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍കുട്ടികളായിരിക്കുമ്പോഴാണ്. ഞാനും ഇളയ ആങ്ങളയും കൂടി നന്നായി തല്ലുണ്ടാക്കുമായിരുന്നു. തല്ലെന്നു പറഞ്ഞാല്‍ ഇടിയും ചവിട്ടും കുത്തും ഉള്‍പ്പെടുന്ന ഉശിരന്‍ ദ്വന്ദ്വയുദ്ധം തന്നെ. എനിക്ക് ഏഴോ എട്ടോ വയസുണ്ടാകും, അവനു മൂന്നോ നാലോ. മുതിര്‍ന്നതിന്റെ എല്ലാ ശാരീരികക്ഷമതക്കൂടുതലും എനിക്കുണ്ടായിരുന്നു. വഴക്ക് തുടങ്ങിയാല്‍ ഏറെ നേരം ജയിച്ചു പിടിച്ചുനില്‍ക്കുന്നതും ഞാന്‍ തന്നെയായിരുന്നു. ഒടുവില്‍ തോല്‍പ്പിക്കാന്‍ വേണ്ടി അവന്‍ ചെയ്യുന്ന അറ്റകയ്യാണ് മുടിക്കുത്തിനു പിടിക്കുക എന്നത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല, എന്റെ മുഴുവന്‍ ശരീരത്തിന്റെയും ചലനങ്ങളുടെയും ഒക്കെ നിയന്ത്രണം ഇച്ചിരിയില്ലാത്ത ആ ചെക്കന്റെ കയ്യിലായിക്കഴിഞ്ഞു പിന്നെ. നീണ്ട മുടി വേണ്ടായിരുന്നു എന്ന് ജീവിതത്തിലാദ്യമായി തോന്നിയത് അപ്പോഴാണ്. തലമുടി അത്ര വലിയ ശക്തിയാണെന്നൊന്നും പിന്നീടും തോന്നിയിട്ടില്ല. സജിത മഠത്തിലിനു ഇതെങ്ങനെ തോന്നിയെന്ന് അറിയില്ല. എന്തായാലും പരസ്യം കണ്ടപ്പോള്‍ മുതല്‍ ഒരു സുഖക്കുറവ്. കമ്പോളം വന്നു മുടിക്കു കുത്തിപ്പിടിക്കുന്ന പോലെ.
പിന്നെ നോക്കിയപ്പോള്‍ ഓണ്‍ലൈന്‍ ഇടങ്ങളിലെല്ലാം ചര്‍ച്ച ചൂട് പിടിക്കുന്നത് കണ്ടു. സജിത മഠത്തില്‍ എന്ന നടിയുടെ ഐഡന്റിറ്റി, അവരുടെ അഭിനയ സ്വാതന്ത്യ്രം എന്നും മറ്റുമൊക്കെ ചില ന്യായീകരണങ്ങളും.അപ്പോള്‍ തോന്നിയതാ ചിലത്.ഈ പരസ്യം കാണുന്നതു രണ്ടു തരം പ്രേക്ഷകരാണ്. ഒന്ന്, സജിത മഠത്തില്‍ എന്ന വ്യക്തിയെ ഒറ്റ നോട്ടത്തില്‍ അറിയുന്ന ഒരു ചെറിയ വിഭാഗം ആളുകള്‍ . രണ്ടാമത് സജിത മഠത്തില്‍ എന്ന വ്യക്തിയെയോ അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയോ പറ്റി കാര്യമായൊന്നും അറിയാത്ത, എന്നാല്‍, സംവൃത സുനിലിനെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ കാവ്യാ മാധവനെയോ ഒക്കെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന, സീരിയലും സിനിമയും കോമഡിപ്പരിപാടികളും റിയാലിറ്റി ഷോകളും കോടീശ്വരനും ഒക്കെ കാണുന്ന ശരാശരി മലയാളികള്‍.
അവര്‍ വിഡ്ഢികളാണെന്ന് പരസ്യ നിര്‍മ്മാതാക്കള്‍ കരുതരുത്. അവര്‍ വീടുകളില്‍ എണ്ണ കാച്ചി തേയ്ക്കുന്നവരും മുടി കൊഴിച്ചിലുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നവരും ഇന്ദുലേഖ, ധാത്രി എന്നിവയൊക്കെ വാങ്ങി പരീക്ഷിച്ചു നോക്കുന്നവരും ഒക്കെയാണ്. ഇന്ദുലേഖ തേച്ചു പ്രയോജനമൊന്നും കണ്ടില്ലെങ്കില്‍ മറ്റെന്തെങ്കിലും എണ്ണ തേയ്ക്കും. ഇനി ഇന്ദുലേഖ കൊള്ളാമെങ്കിലോ, കണിശമായും ഇന്ദുലേഖ തേച്ചിരിക്കും. അത് പക്ഷെ പരസ്യത്തിലെ നീണ്ട തലമുടിയുള്ള പെണ്ണിനെ കണ്ടത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. പരസ്യം ഒരു ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തുക എന്ന ദൌത്യം മാത്രമേ ചെയ്യുന്നുള്ളൂ, അല്ലാതെ നല്ല നീണ്ട മുടിയുള്ള ഒരു സ്ത്രീയെ കണ്ടതുകൊണ്ടു കാണുന്നവര്‍ ഒരിക്കലും അവര്‍ ഈ എണ്ണ തേച്ചിട്ടാണ് അവര്‍ക്ക് ഇത്രേം മുടിവളര്‍ന്നത് എന്ന് ചിന്തിക്കില്ല.
അപ്പോള്‍ പിന്നെ സജിത മഠത്തിലിന്റെ പരസ്യത്തെ ഒരു സാധാരണ മലയാളി എങ്ങനെയാവും കാണുക? ഒരു ബസ് സ്റാന്‍ഡില്‍ കോട്ടന്‍ സാരിയൊക്കെ ഉടുത്ത്, വലിയ ചുവന്ന വട്ടപ്പൊട്ടും തൊട്ടു, സിനിമാനായികമാരെപ്പോലെ മേക്കപ്പൊന്നും ഇടാതെ നല്ല ഉച്ചത്തില്‍ അങ്ങേയറ്റം ദേഷ്യത്തോടെ പ്രതികരിക്കുന്ന ഒരു സ്ത്രീ! ‘എന്റെ മുടിയഴകിന്റെ രഹസ്യം’ എന്ന മട്ടില്‍ ഒരു സിനിമാനായിക വന്നു പറയുന്നതിന്റെ സ്വാഭാവിക ആലസ്യത്തിലാവില്ല പ്രേക്ഷകര്‍ ഇത് കാണുക, മറിച്ച് “ഇത് ആരാ പോലും? എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ, വല്യ വല്ലോരുമായിരിക്കും, ആ!” എന്നൊരു തോന്നല്‍ ഒരു നിമിഷനേരം കൊണ്ട് കയറിയിറങ്ങി പോയേക്കാം.
ബസിലെ പീഡനം സഹിക്കാത്ത പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടോ? അവരൊക്കെ ഇനി നമുക്കും മുടി വളര്‍ത്തി പ്രതികരിക്കാം, പോരട്ടെ ഇന്ദുലേഖ രണ്ടു കുപ്പി എന്ന് വിചാരിക്കുമോ എന്തോ? എനിക്ക് തോന്നുന്നില്ല. പീഡനങ്ങളോട് പ്രതികരിക്കണം, പെണ്‍കുട്ടികള്‍ ശക്തമായി തന്നെ പ്രതികരിക്കണം, ഒക്കെ സമ്മതിച്ചു, അതിനു മുടിയുമായുള്ള ബന്ധം? സജിത മഠത്തിലുമായോ? അവിടെയാണ് പരസ്യത്തിന്റെ മര്‍മ്മം.
പ്രോഗ്രസീവ് ആകല്‍ കുറച്ചായിട്ട ഒരു ട്രെന്‍ഡ് ആണല്ലോ.പ്രതികരിക്കല്‍, അണ്ണാ ഹസാരെ യുവവിപ്ലവം, ‘ബോള്‍ഡ്’ ആകല്‍ ഒക്കെയാണ് ഇപ്പോഴത്തെ യുവത്വത്തെ ആകര്‍ഷിക്കുന്ന സംഗതികള്‍. അതിന്റെ ഒരു വിപണി സാധ്യതയെ വിട്ടുകളയണ്ടതില്ല. പക്ഷെ അടങ്ങി ഒതുങ്ങി ഒച്ച താഴ്ത്തി വളരാന്‍ ശീലിച്ചു പോയ നമ്മുടെ പെണ്‍കുട്ടികള്‍ അത്ര വേഗമൊന്നും പ്രതികരിച്ചുവെന്നു വരില്ല. മുടി കൊഴിയുന്നല്ലോ എന്ന് തോന്നുന്നവര്‍ ചിലപ്പോള്‍ ഇന്ദുലേഖ വാങ്ങി തേച്ചെന്നു വരും. അത് മുടി സ്ത്രീയുടെ ശക്തിയായത് കൊണ്ടല്ല, മറിച്ച് സ്ത്രീ എന്ന് സമൂഹം നൂറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ചിത്രത്തില്‍ നീണ്ട മുടിക്കു വലിയ ഒരു പങ്കുള്ളതുകൊണ്ട് മാത്രമാണ്.
എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്. മുടി മുറിച്ചു പെണ്‍കുട്ടികള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് കേരളം മൊത്തം ഫെമിനിസ്റുകള്‍ ആയി പോകുമോ എന്നൊക്കെ എണ്ണക്കമ്പനിക്കാര്‍ പേടിക്കുന്നുവോ?
അപ്പോള്‍ ദാ കിടക്കുന്നു ഫെമിനിസ്റ് ഒരെണ്ണം “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?”എന്നൊക്കെ ചോദിച്ചുകൊണ്ട്. ഇനിയിപ്പോ കമ്പനിയുടെ കച്ചവടം പൊടിപൊടിച്ചാലും, കല്യാണമാര്‍ക്കറ്റില്‍ വന്നു നഖം കൊണ്ട് കളം വരയ്ക്കുന്നവര്‍ക്ക് മാത്രമല്ല, പ്രതികരിക്കാന്‍ ശബ്ദവും (മുടിയും?) ഉള്ള ഫെമിനിസ്റുകള്‍ക്ക് കൂടി ഇന്ദുലേഖ ഒഴിച്ച്കൂടാനാവാത്തതായ സ്ഥിതിക്ക് രംഗം ശുഭം. ഒരു ഡെഡ് സെല്‍ കുറെ നീണ്ടു വളര്‍ന്നു കിടന്നത് കൊണ്ട് പെണ്ണുങ്ങള്‍ക്ക് ഉള്‍ക്കരുത്തു ഉണ്ടാകുമെന്ന ആ അവസാനത്തെ കണ്ടുപിടുത്തം തരക്കേടില്ല.

No comments:

Post a Comment