Sunday, March 2, 2014

ഒരു താരാട്ട്, പല മരണങ്ങള്‍.


രു പുസ്തകം വായിക്കെണ്ടെന്ന്‍ തീരുമാനിച്ച് മാറ്റിവെച്ചാല്‍ അതിലേയ്ക്ക് തന്നെ തിരികെയെത്താന്‍ പാടാണ്. വായിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പല കാരണങ്ങളുണ്ടാവും. അതില്‍ പ്രധാനമായത് ബോറാണ്, താല്‍പ്പര്യം തോന്നിയില്ലഎന്നത് തന്നെയാണ്. എന്നാല്‍ ചക്ക് പലാനൂയിക്കിന്റെ ലല്ലബിയുടെ കഥ ഇങ്ങനെയല്ല. ഒരു വര്‍ഷം മുന്‍പ് അത് വായിച്ചുതുടങ്ങിയശേഷം രണ്ടധ്യായം വായിച്ച് അടച്ചുവെച്ചത് വായിക്കാന്‍ തോന്നാഞ്ഞിട്ടോ ബോറടിച്ചിട്ടോ അല്ല. പേടിച്ചിട്ടാണ്. ഇതങ്ങനെ സാധാരണ പ്രേതകഥയൊന്നുമല്ല. ഒരു ഇരുണ്ട ഇടനാഴിയിലും പേടിപ്പിക്കുന്ന രക്തരക്ഷസുകള്‍ ഒളിഞ്ഞിരിക്കുന്നില്ല. എന്നാല്‍ ഓരോ വരി വായിക്കുമ്പോഴും പേടിയും വല്ലായ്കകളും ഒക്കെ കൂടിവന്ന് ശ്വാസം മുട്ടിക്കും.
ഈയിടെ വീണ്ടും ആ പുസ്തകം തിരിച്ചെടുത്തപ്പോള്‍ പുസ്തകം തന്നെ ജയിച്ചു. ശ്വാസമടക്കിപ്പിടിച്ച് ഊണിലും നടക്കുന്ന വഴിയിലുമൊക്കെ കൊണ്ടുനടന്ന് വായിച്ചു തീര്‍ത്തശേഷമാണ് ശ്വാസം നേരെ വീണത്‌. ഈ പുസ്തകത്തിന്റെ വേറൊരു പ്രശ്നം അസാമാന്യഭംഗിയുള്ള ഭാഷാഘടനയാണ്. പഠിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് നോട്ട് കുത്തിക്കുറിക്കുന്നത് പോലെ വായിക്കുന്നതിനിടെ ഓരോരോ വരിയായി എഴുതിവയ്ക്കാന്‍ തോന്നും.
ലല്ലബി ഒരു താരാട്ടാണ്. ഒരു കഥയ്ക്ക് താരാട്ട് എന്ന് പേരിടുമ്പോള്‍ നാം പലതരം സെന്റിമെന്റല്‍ കഥാഗതികളും പ്രതീക്ഷിക്കും. എന്നാല്‍ ഇത് അതൊന്നുമല്ല. ഒന്നാന്തരം ത്രില്ലര്‍. ഫൈറ്റ് ക്ലബ് സിനിമ കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും, പലാനൂയിക്കിന്റെ തന്നെ നോവലാണ്‌ പിന്നീട് ഫൈറ്റ് ക്ലബ് എന്ന പേരില്‍ സിനിമയാകുന്നത്. ഒരു ത്രില്ലറിനെപ്പറ്റി എഴുതുമ്പോള്‍ കഥ പറയാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ട് സസ്പെന്‍സ് പരമാവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില വായനാപ്രേരിത സൂചനകള്‍ തരാം. ഇതില്‍ ഒരു പാട്ടുണ്ട്. ആ പാട്ട് പാടിയാല്‍ ആരെയും കൊല്ലാം. ആരെങ്കിലും നിങ്ങളെ എന്തെങ്കിലും തരത്തില്‍ ദേഷ്യം പിടിപ്പിച്ചാല്‍ പാട്ടുപാടുക, നിമിഷനേരം കൊണ്ട് ദാ മരിച്ചുമരവിച്ചുകിടക്കുന്നു പ്രതി.
ഓരോ കഥാപാത്രവും മികച്ചുനില്‍ക്കാന്‍ പരസ്പരം മത്സരിക്കുന്നവരാണ്. എന്നാല്‍ ഇതിലെ യഥാര്‍ത്ഥതാരം നോവലിസ്റ്റിന്റെ സൂക്ഷ്മനിരീക്ഷണപാടവമാണ്. സൂക്ഷ്മമായ അനുഭവങ്ങളെ മനോഹരമായ ഗദ്യത്തിലേയ്ക്ക് ഉരുക്കിയൊഴിച്ചിരിക്കുകയാണ് നോവലിസ്റ്റ്. കൊതി തോന്നിപ്പിക്കുന്ന എഴുത്ത്. ചില നേരം ഇത് ഒരു ത്രില്ലറാണെന്നു പോലും നമ്മള്‍ മറന്നുപോകും.
ചില അമേരിക്കന്‍ കോമഡി സീരിയലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തമാശരംഗങ്ങള്‍ വരുമ്പോള്‍ പിന്നാമ്പുറത്തുനിന്നും കൂട്ടച്ചിരി ഉയരും. ടെലിവിഷനും മറ്റും നമ്മുടെ സ്വൈരജീവിതങ്ങളെ ഏതളവില്‍ സ്വാധീനിച്ചിരിക്കുന്നു എന്നാണ് മൂന്നാമത്തെ അധ്യായത്തില്‍ ഒരു കഥാപാത്രത്തിന്റെ വേവലാതി. അയാള്‍ ഈ കൂട്ടച്ചിരിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ഇന്ന് ടീവിയില്‍ കേള്‍ക്കുന്ന ചിരികള്‍ എല്ലാം 1950കളില്‍ റെക്കോര്‍ഡ് ചെയ്തതാണ്. ഇക്കാലത്ത് നിങ്ങള്‍ കേള്‍ക്കുന്ന ചിരികള്‍ മരിച്ചുപോയ ആളുകളുടെതാണ്.
നിരീക്ഷണങ്ങള്‍ തുടരുമ്പോള്‍ കഥാകൃത്ത് പറയുന്നത് ഇക്കാലത്ത് മനുഷ്യര്‍ക്ക് ടീവിയോ റേഡിയോയോ ഏതുസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം, ഈ മനുഷ്യര്‍ക്ക് നിശബ്ദതയെ പേടിയാണ് എന്നാണ്. വായിക്കുമ്പോള്‍ ഈ പറയുന്നതിനോടൊക്കെ ആവേശത്തോടെ തലകുലുക്കാന്‍ തോന്നും.
ജീവിക്കുന്ന സംസ്കാരസമ്പന്നസമൂഹത്തെ ഇരുണ്ട ഹാസ്യമുപയോഗിച്ച് നോവിച്ചുവിടുന്നുണ്ട് നോവലിസ്റ്റ്. ഇതിനെയാണ് നമ്മള്‍ സംസ്കാരമെന്ന് പറയുന്നത്. വണ്ടിയില്‍ നിന്ന് ഒരു കടലാസുകഷണം പോലും പുറത്തേക്കെറിയാത്ത ഇവര്‍ അവരുടെ സ്റ്റീരിയോയുടെ ഒച്ച ഏറ്റവും ഉയര്‍ത്തിവെച്ച് നിങ്ങളെ കടന്നുപോകുന്നു. നിങ്ങളുടെ മുഖത്തേയ്ക്ക് ഒരിക്കലും സിഗരറ്റ് പുക ഊതിവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ സെല്‍ഫോണുകളിലേയ്ക്ക് അലറിവിളിക്കുന്നു. ഒരു ഊണുമേശയ്ക്ക് അപ്പുറമിപ്പുറമിരുന്ന് അന്യോന്യം ഒച്ചയിടുന്നു.... അവരുടെ ഒച്ച സഹിക്കാന്‍ കഴിയാതാവുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പാട്ട് ഒച്ച കൂട്ടിവയ്ക്കുന്നു. നിങ്ങളുടെ പാട്ടിനെ മറയ്ക്കാന്‍ മറ്റുള്ളവര്‍ അവരുടെ പാട്ട് ഉച്ചത്തിലാക്കുന്നു. എല്ലാവരും കൂടുതല്‍ വലിയ സ്റ്റീരിയോ സിസ്റ്റങ്ങള്‍ വാങ്ങുന്നു. ഇത് ഒച്ചയുടെ യുദ്ധമാണ്. ഇത് അധികാരത്തെപറ്റിയാണ്.
ആധുനികസാഹിത്യത്തിലെ ഏറ്റവും ശക്തമായ ബിംബമാണ് ബിഗ്‌ ബ്രദര്‍ എന്നത്. സാധാരണക്കാരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കണ്ടുകൊണ്ട് നില്‍ക്കുന്ന ഒരു ബിഗ്‌ ബ്രദര്‍. ബിഗ്‌ ബ്രദര്‍ റിയാലിറ്റി ഷോയും ബിഗ്‌ ബോസും മലയാളി ഹൌസും ഒക്കെ ഈ ഒളിഞ്ഞുനോട്ടത്വരയുടെ സൃഷ്ടികളാണ്. എന്നാല്‍ പലാനൂയിക്ക് ഇതിനെപ്പറ്റി വേറെ ചിലതാണ് പറയുന്നത്. ബിഗ്‌ ബ്രദര്‍ നോക്കുന്നില്ല. ബിഗ്‌ ബ്രദര്‍ ആടുകയും പാടുകയുമാണ്. തൊപ്പിയില്‍ നിന്ന് മുയല്ക്കുഞ്ഞുങ്ങളെ വലിച്ചെടുക്കുക്കുകയാണ്. നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഓരോ മിനിട്ടിലും ബിഗ്‌ ബ്രദര്‍ നിങ്ങളുടെ ശ്രദ്ധയെ പിടിച്ചെടുക്കുകയാണ്. എപ്പോഴും നിങ്ങളുടെ ശ്രദ്ധ തിരിയുന്നു എന്നയാള്‍ ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ ഭാവന ചിതലെടുക്കണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനായാണ് സദാ നിങ്ങളുടെ ശ്രദ്ധയെ അയാള്‍ മാറ്റിവിടുന്നത്. ഇങ്ങനെ നിമിഷം പ്രതി പലവിധ വിവരങ്ങള്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കാന്‍ മെനക്കെടില്ല. ചിന്തിക്കാത്ത മനുഷ്യര്‍ ആര്‍ക്കും ഒരു ഭീഷണിയും തീര്‍ക്കില്ല.
ഓരോ പേജിലും കഥയോടൊപ്പം വായിക്കുന്ന ഇത്തരം വിചാരങ്ങള്‍ നമ്മെ പേടിപ്പിക്കും. ടീവിയോ ഇന്റര്‍നെറ്റോ ഒക്കെയായി ശ്രദ്ധ പലവഴി പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നമ്മുടെ തലമുറ ആര്‍ക്ക് ഭീഷണിയാവാനാണ്? പേടിക്കണം നമ്മള്‍ നമ്മുടെ അവസ്ഥകളെ.
ഇതൊക്കെ എഴുതിവെച്ചിരിക്കുന്നത് ഒരു ബോറന്‍ ഫിലോസഫി പുസ്തകത്തിലല്ല, മറിച്ച് ത്രസിപ്പിക്കുന്ന ഒരു ത്രില്ലറിലാണ് എന്നോര്‍ക്കുമ്പോഴാണ്‌ അത്ഭുതം. ഇത് എന്തുതരം ത്രില്ലറാണ് എന്നൊന്നും വേര്‍തിരിച്ചുപറയാന്‍ വയ്യ. എന്നാല്‍ ഇതൊരു വല്ലാത്ത തരം ത്രില്ലറാണ് എന്നത് സത്യം.
വായിച്ചുവരുമ്പോള്‍ അര്‍ഥം പിടികിട്ടാത്ത ചില സന്ദര്‍ഭങ്ങളുണ്ട് കഥയില്‍. ഒടുവില്‍ പുസ്തകം മുഴുവന്‍ വായിച്ചു കഴിയുമ്പോഴാണ് ചില ചില സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം പിടികിട്ടുന്നത്‌. അത് പിടികിട്ടിക്കഴിഞ്ഞാല്‍ തലയില്‍ ഒരു വെള്ളിവെളിച്ചം വീണതുപോലെയാണ്. പുസ്തകം വായിച്ചുമടക്കിവയ്ക്കുംമ്പോഴുള്ള ആ ഒരു സംതൃപ്തി, ആ ഒരു സമാധാനം, അത് വായിച്ചുതന്നെ അനുഭവിക്കണം. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് വേറെയൊരു ലോകം കണ്ടുകഴിഞ്ഞ് സിനിമ തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ ഒരു തപ്പിത്തടയലുണ്ടാകില്ലേ? ആ തപ്പിത്തടയല്‍ അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ഈ താരാട്ട്.No comments:

Post a Comment