Sunday, March 2, 2014

വിപ്ലവച്ചുമരുകള്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍

ത്രില്‍ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥമറിഞ്ഞത് യൂനിവേഴ്സിറ്റി കാലത്താണ്, പാതിരയ്ക്ക് മുറിയിലിരുന്നു പോസ്റര്‍ വരച്ചു ക്യംപസിനുള്ളില്‍ പലയിടത്തായി കൊണ്ട്പോയി ഒട്ടിച്ച്, വെളുപ്പിന് മൂന്നു മണിക്ക് ഒരു ചായയും കുടിച്ചു മുറിയിലേയ്ക്ക് തിരിച്ചുനടക്കുമ്പോള്‍ പലയിടത്തും ആരെങ്കിലുമൊക്കെ കൂട്ടംകൂടിനിന്ന് പോസ്റര്‍ വായിക്കുന്നുണ്ടാവും. അത് കാണുമ്പോള്‍ നെഞ്ച് ഒന്ന് പിടയ്ക്കും. പിറ്റേന്ന് സമരമുണ്ടാകും, മുദ്രാവാക്യങ്ങളുണ്ടാകും, ഇതിനിടയില്‍ എപ്പോഴെങ്കിലും അധികൃതര്‍ വന്നു പോസ്ററുകള്‍ പറിച്ചുകളഞ്ഞിരിക്കും. ഒരു ചിത്രശലഭത്തിന്റെ ആയുസ്സ് പോലുമില്ല രാത്രി ഉറക്കമളച്ചു കുത്തിയിരുന്ന് വരച്ചതിന്. പാത്തും പതുങ്ങിയും കൊണ്ടുപോയി ഒട്ടിച്ചതു വെറുതെ. എങ്കിലും അതിന്റെ ഒരു ത്രില്‍ ആണ് ത്രില്‍!
അക്കാലത്തെപ്പോഴോ ആണ് ബാങ്ക്സി എന്ന് ഒരു ആരാധ്യനെ കിട്ടിയതും. ഒരു സര്‍വകലാശാല ക്യാമ്പസ് തരുന്ന സുരക്ഷിതത്വത്തിന്റെ മയക്കത്തിലും സ്വാതന്ത്യ്രത്തിലും പോസ്റര്‍ എഴുതി ഞെളിഞ്ഞുനടന്ന ഞാനെവിടെ, ജീവന്‍ പണയം വെച്ച് വാന്‍ഡലിസമെന്ന പേരില്‍ കുറ്റകരമായ ചുവരെഴുത്തുകള്‍ ലോകനഗരത്തെരുവുകളില്‍ ആകമാനമുള്ള വെള്ളപൂശിയ ഭിത്തികളില്‍ നടത്തുന്ന ബാങ്ക്സി എവിടെ!
കൂടുതല്‍ വിക്കിപ്പീഡിയ വിവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലല്ലോ, ദാ ലിങ്ക്!
http://en.wikipedia.org/wiki/Banksy


എങ്കിലും ബാങ്ക്സിയെ തീരെ അറിയാത്തവര്‍ക്കായി കുറച്ചുവരികള്‍ കുറിക്കാം. ബാങ്ക്സി എന്ന കള്ളപ്പേരില്‍ ലണ്ടന്‍ തെരുവുകളില്‍ വിപ്ലവാത്മക ചുവര്‍ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് ഈ ഗ്രാഫിറ്റി ഗറില്ലാ കലാകാരന്റെ തുടക്കം. അമ്പതുകളില്‍ പാരിസ് തെരുവുകളില്‍ ഭീമന്‍ എലിചിത്രങ്ങള്‍ വരച്ചുവെച്ച് കൊണ്ട് സ്റ്റെന്‍സില്‍ (അച്ചുപയോഗിച്ച് വളരെവേഗം ചിത്രം വരയ്ക്കുന്ന വിദ്യ) ഗ്രാഫിറ്റിയുടെ പിതാവ് എന്നറിയപ്പെട്ട ‘ബ്ലേക്ക് ലെ റാറ്റ് ‘ എന്ന ഗ്രാഫിറ്റി കലാകാരന്റെ സ്റ്റൈല്‍ കോപ്പിയടിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നുവെങ്കിലും ബാങ്ക്സി വളരെ പെട്ടെന്നാണ് ഒരു ഗ്ലോബല്‍ പ്രതിഭാസമായി ഉയര്‍ന്നത്.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പോളിഷ് ചെയ്യപ്പെട്ട ചുമര്‍വൃത്തികളില്‍ പതിഞ്ഞപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അധികൃതര്‍ മത്സരിച്ച് ബാങ്ക്സിയുടെ ആര്‍ട്ട് ആക്രമണങ്ങളെ വെള്ളപൂശി. ബാങ്ക്സി വീണ്ടും വീണ്ടും പുതിയ പുതിയ ഇടങ്ങളില്‍ തന്റെ ആശയങ്ങളുടെ മുദ്ര പതിപ്പിക്കല്‍ തുടര്‍ന്നു. പതിയെ ബാങ്ക്സിയും അയാളുടെ ചിത്രങ്ങളും ഒരു കള്‍ട്ട് ആയി ഉയര്‍ന്നു.
ബ്രാഡ് പിറ്റ് ആഞ്ജലീന ജോളി ദമ്പതികള്‍ ബാങ്ക്സിയുടെ ചിത്രം മില്ല്യന്‍ ഡോളര്‍ വില കൊടുത്തുവാങ്ങിയതോടെ ആവശ്യത്തിനു വിപണിമൂല്യവുമായി. ചിത്രങ്ങളില്‍ എല്ലാം തെളിഞ്ഞുനില്‍ക്കുന്ന എതിര്‍പ്പിന്റെ സ്വരം ലോകമെങ്ങുമുള്ള ആരാധകരെ ഹരംകൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.


തന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന വാശിയും മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ പെടുന്നു. ബാങ്ക്സി ചിത്രങ്ങളുടെ പോസ്ററുകള്‍, ബാഡ്ജുകള്‍, കോഫീ മഗ്ഗുകള്‍, മറ്റു പ്രദര്‍ശനവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. ബാങ്ക്സിയുടെ നിരവധി ചിത്രങ്ങള്‍ മില്യന്‍ കണക്കിന് ഡോളറുകള്‍ക്ക് ലേലം നടക്കാന്‍ പോകുന്നു എന്ന് ഈയിടെ കേട്ട വാര്‍ത്തയാണ് ബാങ്ക്സിയെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്. അപ്പോള്‍ ഒരു സംശയം, അല്ല, ആരാണ് ഈ ബാങ്ക്സി? ഇയാള്‍ വരച്ചുപോകുന്ന ചുമരുകള്‍ നഷ്ടപരിഹാരം സഹിതം നികത്തി ചുമരോടെ അടര്‍ത്തിയെടുത്തു കൊണ്ട് പോയി സങ്കല്‍പ്പിക്കാനാവാത്തത്ര വിലയ്ക്ക് ആളുകള്‍ വാങ്ങുന്നു. ബാങ്ക്സി ഇനി മികച്ച ഒരു കച്ചവടക്കാരന്‍ കൂടിയാണോ? എന്തായാലും ജീനിയസ് തന്നെ! പക്ഷെ പണത്തിന്റെ കണക്കു കാണുമ്പോള്‍ മനസ്സില്‍ ഒരു ബാങ്ക്സി ചിത്രം തന്നെയാണ് തെളിഞ്ഞുവരുന്നത്.


മിസ്റ്റര്‍ ബ്രെയിന്‍വാഷ്
ബാങ്ക്സിയുടെ സൃഷ്ടികളില്‍ ഏറ്റവും രസകരമെന്നു പറയാവുന്നത് ബാങ്ക്സി സൃഷ്ടിച്ച മിസ്റര്‍ ബ്രെയിന്‍വാഷ് എന്ന കഥാപാത്രമാണ്. ബാങ്ക്സിയുടെ “Exit Through the Gift Shop” എന്ന സിനിമയിലെ നായകനാണ് ഇദ്ദേഹം. ബാങ്ക്സി ഉള്‍പ്പെടെയുള്ള പല ഗ്രാഫിറ്റി കലാകാരന്മാരെയും പരിചയപ്പെട്ട് അവരുടെ കൂടെ നടന്നു കാര്യങ്ങള്‍ മനസിലാക്കിയശേഷം ഗ്രാഫിറ്റി കലയുടെ വിപണിമൂല്യം മനസിലാക്കി വലിയ ഒരു ഷോ നടത്തി ഒറ്റ രാത്രി കൊണ്ട് വിലയേറിയ താരമായി മാറുന്ന ഒരു വിഡ്ഢിയായാണ് മിസ്റ്റര്‍ ബ്രെയിന്‍വാഷ് എന്ന തിയറി ഗുട്ട. ബാങ്ക്സി നിര്‍മ്മിച്ച സിനിമയായത് കൊണ്ടും ആരെയും സത്യം ബോധിപ്പിക്കല്‍ ബാങ്ക്സിയുടെ അജണ്ടയില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തതുകൊണ്ടും മിസ്റര്‍ ബ്രെയിന്‍വാഷ് ഒരു കല്‍പ്പിതകഥാപാത്രമാണെന്നും സൃഷ്ടാവ് ബാങ്ക്സിയല്ലാതെ മറ്റാരുമല്ലെന്നതും ഉറപ്പാണ്. മഡോണയുടെ ഏറ്റവും പുതിയ ആല്‍ബത്തിന്റെ കവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മിസ്റര്‍ ബ്രെയിന്‍വാഷ് ആണ്. വിപണിയെപ്പറ്റിയും ഗ്രാഫിറ്റികല വില്‍ക്കുന്നതിനെപ്പറ്റിയും ഒക്കെ ബാങ്ക്സിയുടെ മനസിലുള്ള ചിന്തകള്‍ തന്നെയായിരിക്കണം മിസ്റര്‍ ബ്രെയിന്‍വാഷ് സിനിമയിലൂടെ പറയുന്നത്.


റോബോ – ബാങ്ക്സി തെരുവ് ചുമര്‍ യുദ്ധം 
ബാങ്ക്സി ആകാശം മുട്ടെ വളര്‍ന്ന ഒരു മരമാണ്. എങ്കിലും ലണ്ടനിലെ മറ്റു ഗ്രാഫിറ്റി കലാകാരന്‍മാര്‍ക്ക് ചെറുതല്ലാത്ത പ്രതിഷേധം ബാങ്ക്സിയോടുണ്ട്. താന്‍ ഒരു ജെന്റില്‍മാനായി പെരുമാറിക്കൊള്ളം എന്ന് ബാങ്ക്സി ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. എങ്കിലും മറ്റു ഗ്രാഫിറ്റി കലാകാരന്മാരെ ചൊടിപ്പിച്ച ഒരു സംഭവം കൂടി പറഞ്ഞാലേ കഥ പൂര്‍ണ്ണമാവൂ.
എണ്‍പതുകളില്‍ ലണ്ടന്‍ തെരുവുകളില്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചിരുന്ന കലാകാരനാണ് റോബോ. റോബോയെ പിന്‍തലമുറ ഗ്രാഫിറ്റിക്കാര്‍ ഒരു ആശാനായാണ് കരുതിയിരുന്നത്. എണ്‍പത്തിയഞ്ചില്‍ റോബോ വരച്ച ഒരു ചിത്രം റോബോയോടുള്ള ആദരവ് മൂലം മറ്റാരും കൈവയ്ക്കാതെ ഒരു ചുമരില്‍ നിലനിന്നിരുന്നു. റോബോയാവട്ടെ ഗ്രാഫിറ്റിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. എന്തായാലും ബാങ്ക്സി ഒടുവില്‍ ആ ചുമരും കയ്യടക്കി. പിന്നീട് നടന്ന റോബോ ^ബാങ്ക്സി യുദ്ധവും കാണാന്‍ കഴിയുക ബാങ്ക്സിയുടെ വെബ്സൈറ്റിലൂടെ തന്നെയാണ്.http://www.banksy.co.uk/QA/camden/camden4.html#
റോബോ തിരിച്ചുവന്നതാണോ അതോ ഈ യുദ്ധം മുഴുവന്‍ ഒരു രസത്തിനു വേണ്ടി ബാങ്ക്സി തന്നെ സൃഷ്ടിച്ചതാണോ എന്നൊന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ല. എന്തായാലും ബാങ്ക്സി എന്ത് വേണമെങ്കിലും ചെയ്തോട്ടെ, ആരുടെ സ്റ്റൈല്‍ വേണമെങ്കിലും മോഷ്ടിച്ചോട്ടെ, എങ്കിലും റോബോയെപ്പോലെ ഒരു ആശാന്‍ പണ്ടു കാലത്ത് വരച്ച ചിത്രം നശിപ്പിച്ചത് തീരെ ശരിയായില്ല എന്നാണു പലരും ഒളിഞ്ഞും തെളിഞ്ഞും പ്രതികരിക്കുന്നത്.
എന്തായാലും രംഗം ചൂട് പിടിക്കുന്നുണ്ട്. ബാങ്ക്സി ഒരു മള്‍ട്ടിബില്യണയറായി എവിടെയെങ്കിലും ഇരുന്നു ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടാവണം.
നമ്മുടെ നാട്ടിലുമില്ലേ ചുമരുകള്‍, നമ്മുടെ നാട്ടിലുമില്ലേ പെയിന്റ് വാങ്ങാനും ബീഡി വാങ്ങാനും ഒന്നും കാശില്ലാത്ത കലാകാരന്‍മാര്‍? ഒരു ഗറില്ലാ യുദ്ധമെങ്ങാനും ക്ലിക്ക് ആയി കിട്ടിയാല്‍ കുടുംബം രക്ഷപെടും എന്ന് ചുരുക്കാം. ബിയന്നാാലെ എന്നൊന്നും ചീത്തപ്പേര് കേള്‍ക്കുകയും വേണ്ട. ആദ്യമായി നമുക്ക് വാണ്ടലിസം ഒരു കുറ്റകൃത്യമാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് അപേക്ഷിച്ച്കൊണ്ട് തുടങ്ങാം.

No comments:

Post a Comment