Sunday, March 2, 2014

രക്തം കിനിയുന്ന പതാക, ചൂട് പകര്‍ന്ന് ഒരു പുതപ്പ്

അമേരിക്കയുടേത് വല്ലാത്തൊരു ചരിത്രമാണ്, അതില്‍ വംശീയതയുണ്ട്, വര്‍ണ്ണവിവേചനമുണ്ട്, ഇടം നഷ്ടപ്പെട്ട മനുഷ്യരുണ്ട്‌. ഈ ചരിത്രത്തെ വായിച്ചെടുക്കാന്‍ നമുക്ക് എന്തുമുപയോഗിക്കാം, പുതപ്പുമുപയോഗിക്കാം. തണുപ്പിനെ പുറത്താക്കി പുതച്ചുറങ്ങാനാണ് മനുഷ്യര്‍ പുതപ്പുകള്‍ ഉണ്ടാക്കുന്നത്‌, തണുപ്പിന്റെ കാഠിന്യമനുസരിച്ച് പുതപ്പിന് കട്ടികൂടും. രോമപ്പുതപ്പുകളൊന്നും ഇല്ലെങ്കില്‍ മനുഷ്യര്‍ കട്ടിയുള്ള എന്തു തുണിയും കൂട്ടിത്തുന്നി അതിനിടയില്‍ പഞ്ഞിയും മറ്റും നിറച്ച് ക്വില്‍റ്റുകളുണ്ടാക്കും. കയ്യില്‍ കിട്ടുന്ന എന്തു തുണിക്കഷണവും പുതപ്പിന്റെ ഭാഗമായി തുന്നിച്ചേര്‍ക്കപ്പെടും. അമേരിക്കന്‍ പ്ലാന്റെഷനുകളിലും മറ്റുമൊക്കെ ജീവിതം തള്ളിനീക്കിയ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും തണുപ്പുമാറ്റാന്‍ തുന്നിയെടുത്ത കട്ടിക്വില്‍റ്റ് പുതപ്പുകള്‍ക്ക് കണക്കില്ല. കൈമാറിക്കൈമാറി തലമുറകള്‍ തണുപ്പുമാറ്റിയ പുതപ്പുകള്‍ പലതും ഇന്നും ആളുകളുടെ പക്കലുണ്ടാകും. കറുത്തവര്‍ഗ്ഗക്കാരുടെ വീടുകളില്‍ പുതപ്പുതുന്നല്‍ സമ്മേളനങ്ങള്‍ പോലും ഉണ്ടാകാരുണ്ടായിരുന്നുവത്രേ, ഇത്തരം തുന്നല്‍ സമ്മേളനങ്ങളില്‍ ആളുകള്‍ തുന്നല്‍ സമ്പ്രദായങ്ങളും ഒപ്പം പഴയ കഥകളും പങ്കുവെച്ചു, ജീവിതവും.
 
അമേരിക്കന്‍ കറുത്തവര്‍ഗസ്ത്രീകളുടെ തുന്നല്‍രേഖകളെ ചരിത്രമായി (കലയായും) പരിഗണിക്കാന്‍ ലോകം തുടങ്ങുന്നതേയുള്ളൂ. അതിലെ കഥകളും അവര്‍ തുന്നിച്ചേര്‍ത്ത രൂപങ്ങളും കഥകള്‍ ഒരുപാട് പറഞ്ഞേക്കും. ചില കഥകള്‍ പീഡകളുടെതാണ്, ചിലവ പ്രതീക്ഷയുടെത്, ഇനിയും ചിലത് സ്വാതന്ത്ര്യത്തിന്റെത്. ഓരോരോ കഷണമായി തുന്നിച്ചെര്‍ത്ത്‌ ഭൂതകാലത്തില്‍ നിന്നും ഭാവിയിലേയ്ക്ക് ഒരു പുതപ്പുതുന്നിയ ജനത.
 
ഫെയ്ത്ത് റിംഗ്ഗോള്‍ഡ്‌
 
 
തലമുറകളോളം തന്റെ ജനത തുന്നിയ കഥകളെ കലയാക്കിമാറ്റിയ വ്യക്തിയാണ് ഫെയ്ത്ത് റിംഗ്ഗോള്‍ഡ്‌. അമേരിക്കയിലെ ഹാര്‍ലെമില്‍ 1930ല്‍ ജനിച്ച ഫെയ്ത്ത് ഒരു ചിത്രകാരിയായാണ്‌ കലാജീവിതം ആരംഭിക്കുന്നതെങ്കിലും ഏറെ പ്രശസ്തിയാര്‍ജ്ജിക്കുന്നത് തന്റെ കഥകള്‍ തുന്നിയ ക്വില്‍റ്റുകളിലൂടെയാണ്. ഒരു തുന്നല്‍ക്കാരിയായ അമ്മയാണ് ചെറുപ്പത്തില്‍ ഫെയ്ത്തിനെ തുന്നാന്‍ പഠിപ്പിച്ചത്. അവരുടെ മുതുമുത്തശ്ശി ഒരു അടിമയായി ജീവിച്ചിരുന്നകാലം മുതല്‍ തന്റെ വെള്ളക്കാരായ ഉടമകള്‍ക്കുവേണ്ടിയും തന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പുതപ്പുകള്‍ തുന്നിയിരുന്നു. ആഫ്രിക്കനമേരിക്കന്‍ അടിമകള്‍ക്ക് പുതപ്പ് തണുപ്പുമാറ്റാന്‍ മാത്രമല്ല, അതില്‍ ഓരോ കഷണം തുണിയും ഓരോ ഓര്‍മ്മകള്‍ കൂടിയാണ്: ഒരു കുഞ്ഞിന്റെ ആദ്യത്തെ ഉടുപ്പിന്റെയോ ഒരു ഷര്‍ട്ട് എങ്ങനെ കീറി എന്നതിന്റെയോ ഒരു വിവാഹം നടന്നതിന്റെയോ ഒരു മരിച്ച ബന്ധുവിന്റെയോ ഒക്കെ ഓര്‍മ്മകള്‍. ന്യൂയോര്‍ക്ക് സിറ്റി കോളേജില്‍ ചിത്രകല പഠിക്കുകയും അതിനുശേഷം ചിത്രകലാധ്യാപികയാവുകയും ചെയ്ത ഫെയ്ത്ത് അറുപതുകളില്‍ സിവില്‍ റൈറ്റ്സ് മൂവ്മെന്റ് ഉണ്ടായതോടെ തന്റെ കലയിലും പ്രതിഷേധത്തിന്റെ ചിഹ്നങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. ശക്തമായ ഒരു മാധ്യമമായി ഫെയ്ത്ത് സ്വീകരിച്ചത് അന്നുവരെ കറുത്തവര്‍ഗ്ഗസ്ത്രീകളുടെ ജോലിയായി കരുതപ്പെട്ടിരുന്ന ക്വില്‍റ്റ് നിര്‍മ്മാണത്തെയാണ്. ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നെന്നപോലെ കലയില്‍ നിന്നും മാറ്റിനിറുത്തപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ ഫെയ്ത്ത് തന്റെ ക്വില്‍റ്റുകളില്‍ തുന്നിവെച്ചു. ഫെയ്ത്തിന്റെ ക്വില്‍റ്റുകളില്‍ ചിത്രങ്ങളും തുന്നലുകളും കഥകളും എല്ലാം നിറയുന്നു, കൂടെ കുറെയേറെ ചോദ്യങ്ങളും.
 
അമേരിക്കയിലോ യൂറോപ്പില്‍ എവിടെയുമോ ഉദാത്തമായ കല എന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നതിലൊന്നും കറുത്തവര്‍ഗ്ഗക്കാരുടെ രചനകള്‍ ഉണ്ടായിരുന്നില്ല. അതിനെയാണ് തന്റെ “Dancing at the Louvre” എന്ന ചിത്രത്തിലൂടെ ഫെയ്ത്ത് പരിഹസിക്കുന്നത്. യൂറോപ്യന്‍ കലാചരിത്രത്തിന്റെ നോട്ടത്തിലെ പ്രശസ്ത “മാസ്റ്റര്‍പീസുകളുടെ” കീഴെ അതൊന്നും തീരെ ശ്രദ്ധിക്കാതെ നൃത്തം ചെയ്യുകയാണ് ഫെയ്ത്ത് തുന്നിച്ചേര്‍ത്ത കുട്ടികള്‍. 
 
 
റോസാ പാര്‍ക്സ് ഉള്‍പ്പടെയുള്ള സിവില്‍ റൈറ്റ്സ് സമരനായികമാര്‍ സൂര്യകാന്തികളെ തുന്നിച്ചേര്‍ത്ത ക്വില്‍റ്റ് പിടിച്ചുനില്‍ക്കുമ്പോള്‍ അരികില്‍ നാണംകുണുങ്ങി കയ്യില്‍ സൂര്യകാന്തിപ്പൂക്കളുമായി നില്‍ക്കുന്ന വാന്‍ഗോഗിനെ കാണുക. ലോകം ആദരിക്കുന്ന കല കറുത്തവര്‍ഗ്ഗക്കാരുടെതല്ല, സ്ത്രീകളുടെത് തീരെയല്ല. ചരിത്രത്തിലെന്നപോലെ കലയിലും പ്രമുഖസ്ഥാനം മരിച്ചുമണ്ണടിഞ്ഞ വെളുത്തവര്‍ഗ്ഗക്കാരന്‍ പുരുഷനുമാത്രം എന്നാണ് ഫെയ്ത്ത് റിംഗ്ഗോള്‍ഡിന്റെ ചിത്രം എന്നോട് പറയുന്നത്. 
 
 
ഫെയ്ത്ത് അമേരിക്കന്‍ ദേശീയ പതാകയുടെ കഥ പറയുന്നത് ഇങ്ങനെയാണ്. ഇതില്‍ രക്തമുണ്ട്, പേരില്ലാത്ത ഒരുപാട് മനുഷ്യരുടെ മുഖങ്ങളുണ്ട്, കഥകളുണ്ട്, നിലവിളികളും പ്രതിഷേധങ്ങളും ചൂടും വിയര്‍പ്പുമുണ്ട്.
 
 
ഒരുപക്ഷെ ഞാന്‍ കാണുന്നത് പോലെയാകില്ല മറ്റൊരാള്‍ ഈ പുതപ്പുകളെ കാണുന്നത്. പല നോട്ടങ്ങള്‍ക്കും പല അര്‍ത്ഥങ്ങലാവും കാണാനാവുക. അതിനെപ്പറ്റി ഫെയ്ത്ത് തന്നെ പറയുന്നത് ഇങ്ങനെയാണ്: “എന്റെ മനസിലുള്ളത് തന്നെ ആളുകള്‍ മനസിലാക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു ഞാന്‍ ഒരു കഥ പറയുന്നു. മാറ്റം വരാത്ത ഒരു കഥ. കാണുന്നവര്‍ക്ക് സ്വന്തമായ ഒരു മനസുണ്ട്. സ്വന്തം കണ്ണുകളും. അവര്‍ ഇത് അവരുടെ താല്പ്പര്യത്തിനാവും കാണുക. അവര്‍ ഇവയിലേയ്ക്ക് നോക്കണം എന്ന് മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു.”
 
അതെ, ആളുകള്‍ എങ്ങനെയും വായിക്കട്ടെ. എങ്ങനെ വായിച്ചാലും ശരി ഇത് കാണാതെ പോകാതിരിക്കട്ടെ. കഥകള്‍ പുതപ്പുകളായി നമ്മെ മൂടട്ടെ.

അഴിമുഖം ലിങ്ക് 

No comments:

Post a Comment