Sunday, March 2, 2014

നരകത്തില്‍ നിന്നുള്ള കുറിപ്പുകള്‍


മൃതാനന്ദമയിയുടെ സഹചാരിയായി തന്റെ ഇരുപതുവര്‍ഷത്തെ ജീവിതത്തെപ്പറ്റി ഗെയ്ല്‍ ട്രെഡ്വെല്‍ രചിച്ച ഓര്‍മ്മക്കുറിപ്പ്‌ വളരെ മനോഹരമായി രചിക്കപ്പെട്ടതാണ്. വായിച്ചുതുടങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും വേഗം വിവാദഇരുപതാം അധ്യായത്തിലേയ്ക്ക് ഓടിച്ചുനോക്കാം എന്ന് തോന്നിയില്ല. ഒരു പുതിയ സംസ്കാരത്തെയും ജീവിതശൈലിയെയും അറിയുന്ന ഏതൊരാളിനും ഉണ്ടാകാവുന്ന അമ്പരപ്പും ആഹ്ലാദവും അങ്ങേയറ്റം ഹൃദ്യമായി ഗെയില്‍ എന്ന ഗായത്രി പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് എഴുതിച്ചേര്‍ത്തിരുന്നു. ആത്മാന്വേഷണങ്ങളുടെ ഒരു യാത്രയില്‍ തട്ടിപ്പുപറ്റിപ്പോയ ഒരു പാവം മദാമ്മയുടെ കഥ എന്നാണ് എനിക്ക് തോന്നിയത്.
ഈ പുസ്തകം അവരുടെ തിക്താനുഭവത്തില്‍ നിന്ന് അവര്‍ സുഖപ്പെടുന്നതിന്റെ ചിഹ്നമാണെന്ന് അവര്‍ തന്നെ പറയുന്നു. ജീവപര്യന്തം തടവൊക്കെകിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ആളുകള്‍ക്ക് ഇനി എന്തുചെയ്യണം എന്ന ഒരു നിസഹായത തോന്നുമെന്ന് ഷോഷാന്ഗ് റിഡംപ്ഷന്‍ എന്ന സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ജീവിതത്തിന്റെ ഊര്‍ജസ്വലമായ പ്രായം മുഴുവന്‍ ഒരു തടവറയില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങുമ്പോള്‍ ലോകത്തോട്‌ തോന്നുന്ന ആ പേടിയെ അതിജീവിക്കാന്‍ ഈ പുസ്തകമെഴുതിയത് ഗെയില്‍ എന്ന ഗായത്രിയെ സാഹായിചിട്ടുണ്ടാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. പാഴായിപ്പോയ ഒരു മനുഷ്യായുസ്സിന്റെ ഓര്‍മ്മക്കുറിപ്പ്‌ കൂടിയാണ് ഈ പുസ്തകം.
അമൃതവിശ്വാസികളല്ലാത്ത ആളുകള്‍ക്ക് വലിയ അമ്പരപ്പും അവിശ്വസനീയതയുമൊന്നും ഇതുവായിച്ച് തോന്നണമെന്നില്ല. സംഘടിതമതവിശ്വാസത്തിന്റെ കുരുക്കുകളില്‍ നിന്ന് പുറത്തുവരുന്നവര്‍ എഴുതുന്ന കുറിപ്പുകളില്‍ എല്ലാം തന്നെയുള്ള സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. മഹാസംഭവമായി സ്വയം കരുതുന്ന ഒരു ഗുരു, ഗുരുവിനെ സേവിക്കല്‍ ജീവിതലക്ഷ്യമായും മോക്ഷമാര്‍ഗമായും കാണുന്ന ശിഷ്യര്‍, കണിശമായ നിഷ്കര്‍ഷകള്‍, നിര്‍ബന്ധിത ബ്രഹ്മചര്യം, ഒളിഞ്ഞും തെളിഞ്ഞും ഉള്ള പ്രേമങ്ങള്‍, ലൈംഗികബന്ധങ്ങള്‍, ബലാത്സംഗങ്ങള്‍, വൈകാരികബ്ലാക്ക്മെയിലുകള്‍... ഇതിലും എല്ലാമുണ്ട്. ഒരു മത വിശ്വാസം, അത് ഏതെങ്കിലും പഴഞ്ചന്‍ ദൈവത്തിന്റെയായാലും പുത്തന്‍പുതിയ ആള്‍ദൈവത്തിന്റെ ആയാലും ഏകദേശചുറ്റുപാട് ഒന്നുതന്നെയാണ്. ആണധികാരങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും ഇരകളുടെയും മൂലധനആസക്തികളുടെയും കഥകള്‍ എല്ലാവര്ക്കും മൂടിവയ്ക്കാനുണ്ടാകും. എങ്കിലും ഇരകളുടെ എഴുത്തുകള്‍ക്ക് കുറേ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ എന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. ഗെയില്‍ ട്രെഡ്വെല്‍ എന്ന ഗായത്രിയുടെ പുസ്തകം പക്ഷെ ഒരു ശരാശരി മലയാളി വായനക്കാരന്‍റെ ഇക്കിളിസുഖത്തിനപ്പുറത്തും പ്രാധാന്യമുള്ളതാണ്.

ഇന്ത്യ കാണാന്‍ വന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ എങ്ങനെ ഇന്ത്യന്‍ ആത്മീയതയോട് താല്പ്പര്യമുള്ളയാളാകുന്നുവെന്നും ഇന്ത്യന്‍ ആത്മീയത എന്ന ഈ വിചിത്രവികാരം എങ്ങനെ അവരുടെ മനസിനെ കീഴ്പ്പെടുത്തുന്നു എന്നും ഒരു ഗുരുവുണ്ടാവണമെന്നും ആത്മീയനിര്‍വൃതി അനുഭവിക്കണമെന്നുമുള്ള അവരുടെ ആശകളെ എങ്ങനെ ഒരു ആള്‍ദൈവം ഉപയോഗപ്പെടുത്തുന്നുവെന്നുമൊക്കെ പുസ്തകത്തിലുണ്ട്. സമാധാനം അന്വേഷിക്കുന്ന മനുഷ്യരെ ആള്‍ദൈവങ്ങള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മികച്ച ഒരു ഉത്തരമാണ് ഈ പുസ്തകം.
ഓരോ ചെറിയ ദൈനംദിനഅനുഷ്ഠാനത്തിലൂടെയും ആള്‍ദൈവം തന്റെ പ്രാധാന്യം വിശ്വാസിയുടെ ബോധത്തിലേയ്ക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഏതുതരം അടിമത്തവും പോലെ തന്നെയാണ് വൈകാരികഅടിമത്തവും. വൈകാരികഅടിമത്തങ്ങളെ മനുഷ്യനുള്ള പലതരം പേടികളുടെ സഹായത്തോടെ സ്വന്തം ഗുണത്തിനായി ഉപകാരപ്പെടുത്തുക എന്നതാണ് ഒട്ടുമിക്ക ആള്‍ദൈവ-ആളില്ലാത്തദൈവങ്ങളുടെയും ഒരു രീതി. സ്നേഹപ്രകടനവും വൈകാരികഅടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള ഒരു ഉപാധിയാണ്.
അമ്മ എന്നെ നോക്കി, എന്നോട് സ്നേഹമായി സംസാരിച്ചു, അല്ലെങ്കില്‍ എന്നോട് ദേഷ്യപ്പെട്ടു, എന്നെ അടിച്ച് എന്റെ എല്ലൊടിച്ചു എന്നതെല്ലാം വിശ്വാസികള്‍ പ്രത്യേകരീതിയിലാണ് മനസിലാക്കുന്നത്. അമ്മ സ്നേഹിക്കുന്നതും സ്നേഹിക്കാതിരിക്കുന്നതും അമ്മയുടെ ആയുധങ്ങളാണ്. അമ്മയുടെ സ്നേഹം ആഗ്രഹിക്കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ അമ്മ മാത്രമാണ് ലോകത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ചുജീവിക്കുന്ന മനുഷ്യര്‍ക്ക്‌ അമ്മയോട് വൈകാരികമായ ഒരു അടിമത്തമുണ്ടാകുന്നു. അമ്മ എന്ന വാക്ക് തന്നെ വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നത് കാണാം. സ്വന്തം അമ്മ അമ്മയല്ലെന്നും ഈ അമ്മയാണ് തന്റെ യഥാര്‍ത്ഥയമ്മ എന്നുമൊക്കെ ഗായത്രി സ്വന്തം അമ്മയ്ക്ക് എഴുതുന്നുണ്ട്. അത്രത്തോളം വൈകാരികമായി ഈ അമ്മക്കഥാപാത്രംഅവരെ സ്വാധീനിച്ചിരുന്നു. അതൊരു അധികാരകേന്ദ്രിതബന്ധമാണ്. എന്തും ശിഷ്യയോട് ആവശ്യപ്പെടാന്‍ ഗുരുവിന് അധികാരമുണ്ടാവുകയും തന്റെ ജീവിതത്തിന്‍മേല്‍ തന്നെക്കാള്‍ അവകാശം ഗുരുവിനാണ് എന്ന് ശിഷ്യ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുത്താല്‍ പിന്നെ അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കല്‍ വളരെയെളുപ്പമാണ്.
ചരിത്രാതീതകാലം മുതല്‍ മതം മനുഷ്യനോട് ചെയ്യുന്നത് ഇതുതന്നെയാണ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവിനെ അമര്‍ച്ച ചെയ്യുക, പച്ചനുണകള്‍ പോലും വിശ്വാസത്തിന്റെ പേരില്‍ പരമസത്യങ്ങളായി ആത്മാവിലെഴുതുക, നുണകളുടെ മേല്‍ നുണകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സാമ്രാജ്യങ്ങളില്‍ അടിമകളെപ്പോലെ കാലം കഴിക്കുക. അതിനിടെ അധികാരമുള്ളവരുടെ ചെറിയ സ്നേഹപ്രകടനങ്ങള്‍ വലിയ ആത്മനിര്‍വൃതിയോടെ അനുഭവിക്കാന്‍ അവസരം കിട്ടുമ്പോള്‍ പുറത്ത് വേറെയൊരു ലോകമുണ്ടെന്നും അവിടെ വേറെ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്നും നിങ്ങളുടെ ഈ ആത്മീയലോകത്തിന് ഈ ചെറിയ കുമിളയ്ക്കുവെളിയില്‍ വലിയ വിലയൊന്നുമില്ലെന്നും പുറത്തേയ്ക്ക് നോക്കാത്തതുകൊണ്ട് ഈ ഇരകള്‍ അറിയാറുമില്ല.
സോഷ്യല്‍ മീഡിയ നിറയെ ഭക്തരുടെ തെറിവിളിപ്രവാഹമാണ്. വിദേശവനിതയായതുകൊണ്ട് അവരെ അധിക്ഷേപിക്കുന്നതിന് പ്രത്യേക രീതിയാണ്. ഇരകള്‍ സംസാരിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ചോദ്യം പലയിടത്തും മുഴച്ചുനില്‍ക്കുന്നത് കണ്ടു. ഇരുപതുവര്ഷം ഇവരെ പീഡിപ്പിച്ചതും മറ്റും സഹിച്ച് ഇവര്‍ എന്തിന് അവിടെ നിന്നു? രക്ഷപെട്ടുകഴിഞ്ഞ് ഇത്രയും വര്ഷം കഴിഞ്ഞ് ഇപ്പോള്‍ എന്തിന് ഇതുപറയുന്നു? എന്നൊക്കെയാണ് ചോദ്യങ്ങള്‍. സൂര്യനെല്ലിപ്പെന്‍കുട്ടിയോടും പിന്നീട് സ്ഥലപ്പേരുകള്‍ ചേര്‍ത്തുവന്ന എല്ലാ പെണ്‍കുട്ടികളോടും സമൂഹം ഇത് ആവര്‍ത്തിച്ചുചോദിക്കുന്നുണ്ട്, എന്തുകൊണ്ട് ശബ്ദമുയര്‍ത്തിയില്ല? നേരത്തേ ശബ്ദമുയര്ത്തിയിരുന്നെങ്കില്‍ ഇവരൊക്കെ വന്ന് ഇടപെടുമായിരുന്നു എന്ന് തൊന്നും ചോദ്യം കേട്ടാല്‍. ശരീരവും മനസും ചിന്തയും ബുദ്ധിയും എല്ലാം മരവിപ്പിക്കുന്നതാണ് ഇത്തരം വൈകാരിക അടിമത്തങ്ങള്‍. ശബ്ദമുയര്ത്തുക എളുപ്പമല്ല എന്ന് ചോദ്യം ചോദിക്കുന്നവര്‍ക്ക് മനസിലാവില്ല.
ഗായത്രി പുസ്തകം എഴുതിനിറുത്തുന്നത് ശ്രദ്ധേയമാണ്. In the end, I did not find God, but I did find myself. And I thank God for that. ഈ അവസാനവരി വായിച്ചപ്പോള്‍ സന്തോഷം തോന്നി. അവനവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തന്നെയാവട്ടെ ആത്മീയാന്വേഷണങ്ങള്‍.
പിന്‍കുറിപ്പ്എത്രനാള്‍ പുസ്തകം വായിക്കാന്‍ ലഭിക്കും എന്നറിയില്ല. ബാന്‍ ചെയ്യുന്നത് നമ്മുടെ ഒരു രീതിയാണല്ലോ. വായിക്കാന്‍ കഴിയുന്നവര്‍ എല്ലാവരും വായിക്കുക. വളരെ ലളിതവും സത്യസന്ധവും മനോഹരവും വേദനാജനകവുമായ ഒരു പുസ്തകമാണിത്.പട്ട് പോലെയും പ്രണയം പോലെയും

https://images-blogger-opensocial.googleusercontent.com/gadgets/proxy?url=http%3A%2F%2Fwww.mediaonetv.in%2Fsites%2Fdefault%2Ffiles%2Fstyles%2Flarge%2Fpublic%2Ffield%2Fimage%2Fsilk.JPG&container=blogger&gadget=a&rewriteMime=image%2F*

അലെസാന്‍ഡ്രോ ബരിക്കോയുടെ സില്‍ക്ക്എന്ന നോവല്‍ ഒരു നൂറുപേജൊക്കെയേ വരൂ. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാം വേണമെങ്കില്‍. ആ വേണമെങ്കില്‍ ആണ് ഈ നോവലിനെ വിലയിരുത്തുന്നതിലെ പ്രധാനഘടകം. നിങ്ങള്‍ക്കുമുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്. പതിയെപ്പതിയെ ഇഷ്ടപ്പെട്ട ഒരു ചോക്കലേറ്റ് അലിയിച്ച് സമയമെടുത്ത് കഴിക്കുന്നതുപോലെ വായിക്കാം. അല്ലെങ്കില്‍ ഒരുതവണവായിച്ച് പിന്നെ പലതവണ തിരിച്ചുപോയി നോക്കാം. എന്തായാലും ഈ ചെറിയ നോവല്‍ നിങ്ങളെ അത്രവേഗം വിട്ടുപോകില്ല. ആവര്‍ത്തിച്ചു കാണുന്ന ഒരു സ്വപ്നം പോലെ കൊളുത്തിവലിക്കുന്ന ഒരു എഴുത്താണ് ഈ നോവലിന്റെത്.
ഒരു മനുഷ്യനെ ഉലച്ചുകളയുന്ന ഒരു പ്രേമത്തിന്റെ കഥയാണിത്. കഥ നടക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. ഹെര്‍വെ യോന്‍കൂര്‍ ഫ്രെഞ്ചുകാരനായ ഒരു പട്ടുനൂല്‍പുഴു കച്ചവടക്കാരനാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും പട്ടുനൂല്‍പ്പുഴുക്കള്‍ക്ക്‌ അസുഖം വരുമ്പോഴാണ് അയാള്‍ പുഴുക്കളെ അന്വേഷിച്ച് ജപ്പാനിലേയ്ക്ക് പോകുന്നത്. ഒരു ജാപ്പനീസ് പ്രമുഖനുമായി അയാള്‍ കച്ചവടമുറപ്പിക്കുന്നു. വലിയ രഹസ്യമായാണ് ഈ കച്ചവടം നടക്കുന്നത്. യോന്‍കൂറിനെ കണ്ണുകെട്ടിയാണ് സ്ഥലത്തെത്തിക്കുന്നത്. അവിടെവെച്ച് അയാള്‍ ഈ ജാപ്പനീസ് പ്രമുഖന്റെ സംരക്ഷണയിലുള്ള ഒരു സ്ത്രീയെ കാണുകയും അവരോടു വല്ലാത്ത ഒരടുപ്പം തോന്നുകയും ചെയ്യും.അവര്‍ തമ്മില്‍ സംസാരിക്കുകയോ അടുത്തിടപെടുകയോചെയ്യുന്നില്ല. എന്നാല്‍ രണ്ടുപേരും തമ്മില്‍ വളരെ തീക്ഷ്ണമായ ഒരു ബന്ധം ഉടലെടുക്കുന്നു. ജപ്പാനില്‍ ഉണ്ടാകുന്ന ഒരു ആഭ്യന്തരകലാപത്തില്‍ ആ ഗ്രാമം തന്നെ ഇല്ലാതാകുന്നതോടെ ഈ സ്ത്രീയെ കാണാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. ഈ അനുഭവത്തിന്റെ ഭാരം അയാളുടെ വിവാഹജീവിതത്തിലും എത്തുന്നുണ്ട്. ഒരിക്കലും ജീവിക്കാന്‍ കഴിയാഞ്ഞ ഒരു ജീവിതത്തോടുള്ള ഗൃഹാതുരത്വത്തില്‍ അയാളുടെ ജീവിതം തുടരുന്നു. ഒരു കൊടുങ്കാറ്റിന്റെ പിറ്റേന്ന് ജോലി തുടരുന്ന ഒരു തോട്ടക്കാരനെപ്പോലെ.സങ്കടം പിടിച്ച ഒരു കഥയാണിത്.

ഇതിലെ നായകന്‍ പലവട്ടം ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് യാത്ര ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ഒരേ തരത്തിലുള്ള യാത്രകളാണവ. എന്നാല്‍ യാത്രയുടെ വിവരണങ്ങളില്‍ വായിക്കുന്നവര്‍ പെട്ടുപോകും. അയാളുടെ കൂടെ നമ്മളും ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേയ്ക്ക് പോവുകയാണെന്ന് തോന്നും. ജപ്പാന്‍ എന്ന നാടിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏകാന്തത മുഴുവന്‍ ഈ യാത്രകളില്‍ കാണാം. നായകന്റെ കൂടെ ഏകാന്തത അനുഭവിച്ചുകൊണ്ട് നമ്മള്‍ നടത്തുന്ന ഈ വായനാ-യാത്രയ്ക്കിടയില്‍ നമ്മുടെ അടുപ്പുകളിലാവും ചിലപ്പോള്‍ പാത്രങ്ങളില്‍ കറികള്‍ കരിഞ്ഞുപിടിക്കുക.
വളരെ ലളിതമായ ഒരു വിരഹപ്രേമകഥയാണെങ്കിലും കഥയില്‍ രസകരമായ ഒരു ട്വിസ്റ്റ്‌ ഉണ്ട്. രസംകൊല്ലല്‍ ഈ കോളത്തിന്റെ ലക്ഷ്യമല്ലാത്തതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. ഒന്നുരണ്ടുതവണയൊക്കെ ഈ പുസ്തകം വായിക്കുന്നതിനിടെ ഏത് കഠിനഹൃദയനും കരഞ്ഞുപോയേക്കാം എന്നൊരു മുന്നറിയിപ്പ് കൂടി കൂടെ ചേര്‍ക്കുന്നു.
വായിച്ചുതുടങ്ങുമ്പോള്‍ യോന്‍കൂര്‍ വളരെ സാധാരണക്കാരനായ ഒരു കച്ചവടക്കാരനായി മാത്രമേ തോന്നൂ. ഈ നോവലിലൂടെയും പ്രണയത്തിലൂടെയും അയാള്‍ വേറൊരാളായി മാറുന്നുണ്ട്. അയാളുടെ ഓരോ ചിന്തയും വളരെ കുറഞ്ഞവാക്കുകളിലൂടെ വായനക്കാര്‍ ജീവിക്കുകയാണ് ചെയ്യുക. വായിച്ചുകുറച്ചെത്തുമ്പോള്‍ നമ്മള്‍ അയാളായി, അയാളുടെ മനസായി മാറുന്നതുപോലെയും വലിയ ഒരു വിരഹം നമ്മെ വന്നുമൂടുന്നതുപോലെയും ഒക്കെ തോന്നിയേക്കാം.
ഇത്ര ചെറിയ ഒരു നോവലില്‍ ബരിക്കോ എഴുതിച്ചെര്‍ക്കുന്ന മനുഷ്യവികാരങ്ങള്‍ അനന്തമാണ്‌. പലപ്പോഴും കവിത പോലെ അരിച്ചിറങ്ങുന്ന ഭാഷയാണ്‌ നോവലില്‍. ഒരു വരി കേള്‍ക്കുക. ഒരിക്കല്‍ അയാള്‍ ജാപ്പനീസ് പട്ട് കയ്യിലെടുത്തു. വിരലുകള്‍ക്കിടയില്‍ ഒന്നും ഇല്ലാത്തത് പോലെയാണ് തോന്നിയത്.വായിച്ചുതീരുമ്പോള്‍ അതുതന്നെയാണ് തോന്നുക, നേര്‍ത്ത പട്ടുപോലെ ഒരു കഥ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീണത് പോലെ.പുണ്യവാളന്‍മാരും അത്ഭുതങ്ങളും പിന്നെ ഒരു പെണ്‍കുട്ടിയുടെ അമ്മയും

https://images-blogger-opensocial.googleusercontent.com/gadgets/proxy?url=http%3A%2F%2Fwww.mediaonetv.in%2Fsites%2Fdefault%2Ffiles%2Fstyles%2Flarge%2Fpublic%2Ffield%2Fimage%2Fesperanza.jpg&container=blogger&gadget=a&rewriteMime=image%2F*

ഒരു പെണ്‍കുട്ടിയുള്ള ഒരു അമ്മയുടെ വേവലാതി അവര്‍ക്ക് മാത്രം മനസിലാകുന്ന ഒന്നാണ്. അത്തരം അമ്മ ആധികളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു നോവലാണ്‌ മെക്സിക്കന്‍ നോവലിസ്റ്റായ മരിയ അംപാരോ എസ്കാന്‍ഡന്റെ എസ്പരാന്സാസ് ബോക്സ്‌ ഓഫ് സെയിന്റ്സ്.മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള എഴുത്ത് കഥയെ ജീവിതമാക്കി അനുഭവിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായി രചിച്ചിരിക്കുന്ന ഈ നോവല്‍ എസ്പെരാന്‍സ എന്ന സ്ത്രീ തന്റെ പന്ത്രണ്ടുകാരിയായ മകള്‍ക്ക് വേണ്ടി നടത്തുന്ന തെരച്ചിലുകളാണ്. മെക്സിക്കോയുടെ വിശ്വാസങ്ങളും മതബോധവും എല്ലാം കൂടിക്കലരുന്ന നോവല്‍ വളരെ ഗൌരവമുള്ള ചില തമാശകളെ ഓര്‍മ്മപ്പെടുത്തുന്നു.
 ഒരു അത്ഭുതസംഭവത്തോടെയാണ് കഥ തുടങ്ങുന്നത്. ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെയാണ് എസ്പരാന്സയുടെ പന്ത്രണ്ടുകാരി മകള്‍ ബ്ലാന്‍ക മരിക്കുന്നത്. എന്നാല്‍ മകളുടെ മരിച്ചടക്കിന്റെ ദിവസം വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്കുകൊടുക്കാന്‍ ഭക്ഷണം തയ്യാറാക്കുന്ന ദുഖാര്‍ത്തയായ എസ്പരാന്സയുടെ അടുപ്പിനുമീതെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി യൂദാ തദ്ദേവൂസ് പ്രത്യക്ഷപ്പെടുകയും മകള്‍ മരിച്ചിട്ടില്ല എന്ന വിവരം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം വിശുദ്ധന്റെ വാക്കുകേട്ട് മകളെ അന്വേഷിച്ച് എസ്പരാന്സ നടത്തുന്ന സാഹസികയാത്രകളും അവരുടെ അനുഭവങ്ങളുമാണ് നോവല്‍. ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചുവെന്ന് നുണ പറഞ്ഞ് ഡോക്ടര്‍ തന്റെ മകളെ ബാലവേശ്യയാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് എസ്പരാന്സ കരുതുന്നത്. മകളെ കണ്ടെത്താനായി അവര്‍ നടത്തുന്ന യാത്ര വളരെ അപകടം പിടിച്ചതാണ്. മകള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനായി ടിജുവാനയിലെയും പിന്നീട് ലോസ്ആന്‍ജലസിലെയും വേശ്യാലയങ്ങളില്‍ അവര്‍ ജോലിക്കെന്ന വ്യാജേന കടന്നുചെല്ലുന്നു. എസ്പരാന്സ തന്റെ അന്വേഷണത്തിനിടെ ഒരുപാട് വിചിത്രമനുഷ്യരെ കണ്ടുമുട്ടുന്നുണ്ട്. ഒരു വേശ്യാലയനടത്തിപ്പുകാരിയും സ്വല്‍പ്പം വട്ടുകേസുമായ ഡോണാ ട്രിനി, എസ്പരാന്സയുടെ സംസാരവും അവള്‍ പാടുന്ന താരാട്ടുപാട്ടുകളും കേള്‍ക്കാനായി എന്നും അവളുടെയടുത്ത് എത്തുന്ന ധനികനും ഏകാകിയുമായ മിസ്റ്റര്‍ ഹേന്‍സ്, ബിസിനസുകാരിയും ഗുസ്തിയുടെ ആരാധകയുമായ വിസെന്സ, ചിറകുകളും മുഖംമൂടിയുമണിഞ്ഞു ഗുസ്തിക്കെത്തുകയും ഒടുവില്‍ എസ്പരാന്സയുടെ ഹൃദയം കവരുകയും ചെയ്യുന്ന എല്‍ ഏയ്‌ഞ്ചല്‍ ജസ്റ്റിസിയെരോ എന്നിങ്ങനെ കുറെ ഭ്രാന്തന്‍ കഥാപാത്രങ്ങള്‍. 
ഈ യാത്രയില്‍ എസ്പരാന്സയ്ക്ക് ധൈര്യം കൊടുക്കുന്നത് അവര്‍ കൂടെക്കൊണ്ടുനടക്കുന്ന വിശുദ്ധന്മാരുടെ പ്രതിമകള്‍ നിറഞ്ഞ ഒരു പെട്ടിയാണ്. ദൈവത്തിന് എല്ലാം തനിയെ ചെയ്യാനുള്ള കഴിവുണ്ട്, എന്നാല്‍ പുള്ളി ബോസായതുകൊണ്ടാണ് ചില സംഗതികള്‍ക്ക് വിശുദ്ധന്മാരെ അസിസ്റ്റന്റ്റ്മാരായി നിയമിക്കുന്നത് എന്നാണ് എസ്പരാന്സ വിശ്വസിക്കുന്നത്. ചിലസമയം വിശുദ്ധന്മാര്‍ ആളുകളെ നരകത്തിന്റെ വക്കിലൂടെ നടത്തുന്നത് പിന്നീട് സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗം കൂടുതല്‍ നന്നായി ആസ്വദിക്കാനാണത്രേ. എസ്പരാന്സയുടെ കാര്യത്തില്‍ എന്തായാലും കഥയുടെ ഒടുവില്‍ വിശുദ്ധന്‍ പറഞ്ഞതു സത്യമാവുകയും ഒരു വലിയ അത്ഭുതം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് എന്ന് വിശദീകരിച്ച് കഥ വായിച്ചേക്കാവുന്ന ഒരാളുടെ രസം കെടുത്തുന്നില്ല. 
വളരെ ചുരുങ്ങിയ വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളുമുള്ള ഒരു സാധാരണ മെക്സിക്കന്‍ ഗ്രാമീണസ്ത്രീയാണ് എസ്പരാന്സ. എന്നാല്‍ എന്തെങ്കിലും കാര്യം ചെയ്യേണ്ടതുണ്ട് എന്ന് തോന്നിയാല്‍ അത് ചെയ്യുംവരെ അസ്വസ്ഥമായി തുടരുന്ന ഒരു മനസാണ് എസ്പരാന്സയുടേത്. ആ മനസുതന്നെയാണ് വിശുദ്ധന്‍ വന്നു മകള്‍ ജീവനോടെയുണ്ട് എന്ന് പറഞ്ഞപ്പോഴേ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ലോകത്തിലേയ്ക്ക് അന്വേഷിച്ചിറങ്ങാന്‍ എസ്പരാന്സയെ പ്രേരിപ്പിക്കുന്നത്. എസ്പരാന്സയുടെ മനസ്സില്‍ മകളെ രക്ഷിക്കുക എന്ന ലക്‌ഷ്യം മാത്രമാണ് ഉള്ളത്. മകള്‍ ഏറ്റവും ഭീകരമായ അപകടങ്ങളില്‍ എന്തിലോ കുടുങ്ങിയിരിക്കുകയാണെന്നും തനിക്ക് അവളെ രക്ഷിക്കാന്‍ കഴിയും എന്നും പ്രതീക്ഷിക്കാനാണ് എസ്പരാന്സക്കിഷ്ടം. അവള്‍ മരിച്ചു എന്ന് വിശ്വസിച്ചുകഴിഞ്ഞാല്‍ അവളെ നഷ്ടപ്പെട്ടു എന്നും കൂടി അടിവരയിടലാവും. മകളെ അന്വേഷിച്ചുനടക്കുന്നതിനിടെ  സംഭവിച്ചുപോകാവുന്ന ആപത്തുകളൊന്നും മുന്‍കൂട്ടിക്കാണാന്‍ എസ്പരാന്സ മെനക്കെടുന്നില്ല. അന്വേഷിക്കുന്നത് കണ്ടെത്താന്‍ കഴിയും എന്ന അടിയുറച്ച വിശ്വാസം മാത്രമാണ് എസ്പരാന്സയെ മുന്നോട്ട് നയിക്കുന്നത്.

 വേശ്യാലയങ്ങളിലും അനധികൃത കുടിയേറ്റത്തിലും അസഹനീയമായ മറ്റുപല സാഹചര്യങ്ങളിലും കൂടി കടന്നുപോകുമ്പോള്‍ അറപ്പും പേടിയും ഒക്കെ എസ്പരാന്സ അറിയുന്നുണ്ട്. അച്ഛനോ അമ്മയോ ഭര്‍ത്താവോ ജീവനോടെയില്ലാത്ത എസ്പരാന്സയ്ക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്ന ബന്ധം മകളായിരുന്നു. അമ്മയായിരിക്കുക എന്ന ആ ഒരു ബന്ധം കൂടി നഷ്ടപ്പെടുംപോള്‍ ഉണ്ടാകുന്ന ശൂന്യതയെ മറികടക്കാനുള്ള ഒരു സാധാരണസ്ത്രീയുടെ ശ്രമമാണ് എസ്പരാന്സയുടെ യാത്ര. ഈ നോവലില്‍ മെക്സിക്കോയുടെ കത്തോലിക്കാവിശ്വാസവും പ്രീകൊളമ്പിയന്‍ ബഹുദൈവവിശ്വാസങ്ങളും എല്ലാം കൂടിക്കുഴയുന്നുണ്ട്. മറ്റേതെങ്കിലും ഒരു നാട്ടിലേയ്ക്ക് അനധികൃതമായി കുടിയേറുമ്പോള്‍ ഒരു മെക്സിക്കോക്കാരന് തന്റെ കയ്യില്‍ ഒരുപാടൊന്നും പൊതിഞ്ഞെടുക്കാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ കനമില്ലാത്ത കനത്തോടെ ഒപ്പം കൂട്ടുന്നത് അവരുടെ മതവിശ്വാസങ്ങളെയാണ്. ആരും പിടിച്ചുമാറ്റുകയോ തട്ടിപ്പറിക്കുകയോ ചെയ്യാത്ത ഒരു ധൈര്യമാണ് യാത്രയില്‍ മനസിന്റെ ഉള്ളില്‍ ചുമന്നുകൊണ്ടുപോകുന്ന മതവിശ്വാസം. ആപത്തിലെ ധൈര്യവും വിഷമത്തിലെ ആശ്വാസവുമാണ് മെക്സിക്കോക്കാര്‍ക്ക് മതം. 
എസ്പരന്സ കൊണ്ടുപോകുന്ന ഒരു പെട്ടിനിറയെയുള്ള പുണ്യവാളന്‍മാരാണ് അവളുടെ ധൈര്യം. വളര്‍ത്തുമൃഗങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ക്കും രോഗമുക്തിക്കും മാത്രമല്ല മെക്സിക്കോയില്‍ പുണ്യാളന്‍മാരുള്ളത്. അവര്‍ക്ക് അനധികൃതകുടിയേറ്റക്കാരുടെ പുണ്യാളനും മയക്കുമരുന്നുകടത്തുകാരുടെ പുണ്യാളനും ഒക്കെയുണ്ട്. മതവും ജീവിതവും പ്രത്യേകതരത്തില്‍ കലര്‍ന്നുകിടക്കുന്ന ഈ മെക്സിക്കന്‍ പരിസരത്തെകൂടി കൃത്യമായി അടയാളപ്പെടുത്തുന്ന ഈ നോവല്‍ കൌതുകകരമായ ഒരു വായനാനുഭവമാണ്.വില്ലാധിവില്ലന്‍

https://images-blogger-opensocial.googleusercontent.com/gadgets/proxy?url=http%3A%2F%2Fwww.mediaonetv.in%2Fsites%2Fdefault%2Ffiles%2Fstyles%2Flarge%2Fpublic%2Ffield%2Fimage%2FThe_Joker_by_DookieAdz.jpg&container=blogger&gadget=a&rewriteMime=image%2F*

കഥകളില്‍ പല തരം വില്ലന്മാരുണ്ട്. എന്നാല്‍ ജോക്കറിനെപ്പോലെ ജോക്കര്‍ മാത്രം. ഇത്ര പേടിപ്പിക്കുന്ന മറ്റൊരു ഭീകരന്‍ കഥാപാത്രങ്ങളുടെ ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എല്ലാവര്‍ക്കും  ദുഷ്ടത്തരങ്ങള്‍ കാണിക്കുന്നതിന് പല വിശദീകരണങ്ങളും കാണും. ലോകത്തെ കീഴ്പ്പെടുത്തണം, ആരെയെങ്കിലും തോല്‍പിക്കണം, ആരോടെങ്കിലും പ്രതികാരം വീട്ടണം, അങ്ങനെ എന്തെങ്കിലുമൊക്കെ പ്രചോദനങ്ങള്‍ കാണും. എന്നാല്‍ ജോക്കറിനു ഇതൊന്നുമില്ല. വളരെ ക്രൂരനായ ഒരു തമാശക്കാരനാണ് ജോക്കര്‍.
ബാറ്റ്മാന്‍ കഥകളിലെ പ്രധാനവില്ലനാണ് ജോക്കര്‍. ബാറ്റ്മാന്‍ കോമിക്ക് തുടങ്ങിയ കാലത്തൊക്കെ ജോക്കറിന് ഇന്നത്തെയത്ര സങ്കീര്‍ണതയുണ്ടായിരുന്നില്ല. കഥ വിജയിച്ചതിന്റെയൊപ്പം കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്ന്ന്  കൂടുതല്‍ പ്രശ്നക്കാരനായിത്തീര്‍ന്നയാളാണ് ജോക്കര്‍. ആദ്യമൊക്കെ വെറുതേ ആളുകളെ കൊല്ലുന്ന ഒരു സാദാവില്ലനായിരുന്നു ജോക്കറെങ്കില്‍ ഇപ്പോള്‍ പല കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ജോക്കര്‍ എങ്ങനെ ജോക്കറായി എന്ന ചരിത്രവും കാണാന്‍ കഴിയും.
പല കോമിക്കുകളും ജോക്കറെപ്പറ്റി പല കഥകളാണ് പറയുന്നത്. മദ്യപനായ അച്ഛന്‍ മുഖം വികൃതമാക്കിയ ഒരു കുട്ടിയാണ് പിന്നീട് ഇങ്ങനെയായിത്തീര്ന്നറത് എന്നത് ഒരു കഥ. കെമിക്കലുകളുടെ ഒരു പാത്രത്തില്‍ അബദ്ധത്തില്‍ വീണുപോയത് മുതലാണ്‌ ഇങ്ങനെയെന്ന് മറ്റൊരു കഥ. ജോക്കര്‍ സ്വയം മുറിവേല്‍പിച്ചതാണ് എന്ന് വേറൊരു കഥ. ഈ കഥകള്‍ ഡാര്‍ക്ക്  നൈറ്റ് എന്ന സിനിമയില്‍ എത്തുമ്പോള്‍ പലപ്പോഴായി ജോക്കര്‍ തന്നെ പറയുന്നുണ്ട്. ഓരോ കഥയും മാറ്റിമാറ്റി പറഞ്ഞ് സ്വന്തം ഭൂതകാലത്തെ കൂടുതല്‍ അവ്യക്തമാക്കുന്നത് ജോക്കറിന്റെ മറ്റൊരു തമാശ മാത്രമായിരിക്കണം.

ജോക്കറിന്റെ തുടക്കം എന്തുതന്നെയായാലും ഓരോ കഥയിലും വില്ലത്തരങ്ങള്‍ ഒന്നിനൊന്ന് കൂടുന്നു. ജോക്കറെ പറ്റി ജോക്കര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. ഡാര്‍ക്ക് ‌ നൈറ്റ് സിനിമയില്‍ നിന്ന്, എന്നെ കണ്ടാല്‍ എനിക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് തോന്നുമോ? ഞാന്‍ എന്താണെന്ന് അറിയാമോ? കാറുകളുടെ പിറകെ ഓടുന്ന ഒരു പട്ടിയാണ് ഞാന്‍. ഒരു കാറിനെ പിടി കിട്ടിയാല്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ ഇങ്ങനെ ഓരോന്ന് ചെയ്യുക മാത്രമാണ് ചെയ്യുന്നത്..... സൂര്യന്‍ ഇല്ലാതാവുന്ന ഒരു കാലത്ത് ലോകത്തിനുമുഴുവന്‍ പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് ഒരു തിരിനാളം എവിടെയെങ്കിലും തെളിഞ്ഞുവെന്നിരിക്കട്ടെ, ഒരു ചിരിയോടെ അത് ഊതിക്കെടുത്തുന്നതാണ് ജോക്കര്‍ കാണുന്ന സ്വപ്നം. അത്ര മേല്‍ ഭ്രാന്തനും ക്രൂരനുമാണ് അയാള്‍.
ജോക്കറും ബാറ്റ്മാനും തമ്മില്‍ കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ഒക്കെ വലിയ താത്വികചര്‍ച്ചകളാണ് നടക്കുന്നത്. ഓരോ പുതിയ കോമിക്ക് ഇറങ്ങുമ്പോഴും സിനിമ ഇറങ്ങുമ്പോഴും ഈ വാക്പയറ്റിന് മൂര്‍ച്ച  കൂടിക്കൂടി വരുന്നു. വെറുമൊരു കുറ്റവാളി എന്നതില്‍ നിന്ന് ഒരു ക്രിമിനല്‍ ജീനിയസ് എന്നതിലേയ്ക്കുള്ള ജോക്കറുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
ജോക്കര്‍ ഒരു ഭ്രാന്തനാണ് എന്ന സൂചനകള്‍ കഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അറ്ഖാം ഭ്രാന്താശുപത്രി തന്റെ ഒരു ചെറിയ ഇടത്താവളമാണ് എന്നാണ് ജോക്കര്‍ പറയുന്നത്. ഈ കഥാപാത്രസൃഷ്ടിയിലെ ഏറ്റവും പ്രധാന സംഗതി ജോക്കര്‍ക്ക് ഒന്നിനെയും പേടിയില്ല എന്നതാണ്. സ്കേര്രോസൃഷ എന്ന വില്ലനുമായി സംഘം ചേരുന്നുണ്ട് ഒരിക്കല്‍ ജോക്കര്‍. പേടി ഉണ്ടാക്കുന്ന ഒരു മരുന്നിന് സ്കേര്ക്രോഷ ജോക്കറെ വിധേയനാക്കുന്നു. ജോക്കറുടെ പേടി എന്തിനോടാണ്‌ എന്നറിയാനുള്ള ആകാംഷയാണ് സ്കേര്ക്രോ യെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. എന്നാല്‍ ജോക്കര്‍ക്കോ യാതൊരു കുലുക്കവുമില്ല. സ്വന്തം മരണത്തെപ്പോലും പേടിക്കുന്ന ആളല്ല ജോക്കര്‍. തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു വില്ലന്‍ എന്നതിനെക്കാള്‍ ആളുകളെ പേടിപ്പിക്കുന്നത് ഒന്നിനോടും പേടിയില്ലാത്ത ഈ സ്വഭാവമാണ്.
ബാറ്റ്മാനും ജോക്കറായി മാറാം എന്നാണ് പലപ്പോഴായുള്ള തന്റെ വാചകക്കസര്‍ത്തുകളിലൂടെ ജോക്കര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഓരോ മനുഷ്യന്റെയുള്ളിലും ഇരുള്‍മൂടിയ മറ്റൊരാള്‍ കൂടിയുണ്ട്, നിയമങ്ങള്‍ തെറ്റിക്കാനും ആരെയും കൂസാതെ, പേടിക്കാതെ ജീവിക്കാനും ആഗ്രഹിക്കുന്ന ഒരാള്‍. നമ്മുടെ നീതികളെയും ശിക്ഷകളെയും ഒക്കെ ഓരോ കഥയിലും ജോക്കര്‍ ചോദ്യം ചെയ്യുന്നു. ജോക്കറായി മാറാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട് പലതരത്തിലും ജോക്കര്‍. അല്ലെങ്കില്‍ എന്തിനാണ് ഓരോ കഥയിലും ബാറ്റ്മാന്‍ ജോക്കറെ കൊല്ലാതെ വിടുന്നത്? ഒരു ബാറ്റ്മാന്‍ ഒരു ജോക്കറെ കൊല്ലുന്നതുകൊണ്ട് മാത്രം ലോകം നന്നാവുന്നില്ല എന്നാണ് അതിനര്‍ഥം. നമ്മുടെ ഓരോരുത്തരുടെയുള്ളിലും ഉള്ള ജോക്കറിനെ ഓരോനിമിഷവും കൊല്ലുക എന്നതാണ് ആകെ ചെയ്യാവുന്നത്. ലോകത്തെമുഴുവന്‍ രക്ഷിക്കുന്നതും ചുറ്റുമുള്ള ലോകത്തിന്റെ രക്ഷയാകുന്നതും ഒരേപോലെ പ്രധാനപ്പെട്ട കര്തെവ്യങ്ങള്‍ തന്നെ.
ഏറ്റവും മികച്ച വില്ലനാകുന്നതിനോടൊപ്പം ആത്യന്തികമായി ജോക്കര്‍ ചെയ്യുന്നത് ഇതാണ്. മനുഷ്യരാശി കെട്ടുപോയാല്‍ എത്രത്തോളം കെടാം എന്ന് കാണിച്ചുതരികയാണ് ജോക്കറിന്റെ ലക്‌ഷ്യം. നന്മയെപ്പറ്റിയുള്ള കഥകള്‍ മാത്രം വായിച്ച് നല്ല കഥാപാത്രങ്ങളെ മാത്രം കണ്ടുകൊണ്ടിരുന്നാല്‍ നമ്മള്‍ അവഗണിക്കുന്നത് നമ്മുടെയുള്ളില്‍ തന്നെയുള്ള തിന്മയെയാണ്. അത് കാണേണ്ടതും ഒരു ആവശ്യം തന്നെ.ഒരു താരാട്ട്, പല മരണങ്ങള്‍.


രു പുസ്തകം വായിക്കെണ്ടെന്ന്‍ തീരുമാനിച്ച് മാറ്റിവെച്ചാല്‍ അതിലേയ്ക്ക് തന്നെ തിരികെയെത്താന്‍ പാടാണ്. വായിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പല കാരണങ്ങളുണ്ടാവും. അതില്‍ പ്രധാനമായത് ബോറാണ്, താല്‍പ്പര്യം തോന്നിയില്ലഎന്നത് തന്നെയാണ്. എന്നാല്‍ ചക്ക് പലാനൂയിക്കിന്റെ ലല്ലബിയുടെ കഥ ഇങ്ങനെയല്ല. ഒരു വര്‍ഷം മുന്‍പ് അത് വായിച്ചുതുടങ്ങിയശേഷം രണ്ടധ്യായം വായിച്ച് അടച്ചുവെച്ചത് വായിക്കാന്‍ തോന്നാഞ്ഞിട്ടോ ബോറടിച്ചിട്ടോ അല്ല. പേടിച്ചിട്ടാണ്. ഇതങ്ങനെ സാധാരണ പ്രേതകഥയൊന്നുമല്ല. ഒരു ഇരുണ്ട ഇടനാഴിയിലും പേടിപ്പിക്കുന്ന രക്തരക്ഷസുകള്‍ ഒളിഞ്ഞിരിക്കുന്നില്ല. എന്നാല്‍ ഓരോ വരി വായിക്കുമ്പോഴും പേടിയും വല്ലായ്കകളും ഒക്കെ കൂടിവന്ന് ശ്വാസം മുട്ടിക്കും.
ഈയിടെ വീണ്ടും ആ പുസ്തകം തിരിച്ചെടുത്തപ്പോള്‍ പുസ്തകം തന്നെ ജയിച്ചു. ശ്വാസമടക്കിപ്പിടിച്ച് ഊണിലും നടക്കുന്ന വഴിയിലുമൊക്കെ കൊണ്ടുനടന്ന് വായിച്ചു തീര്‍ത്തശേഷമാണ് ശ്വാസം നേരെ വീണത്‌. ഈ പുസ്തകത്തിന്റെ വേറൊരു പ്രശ്നം അസാമാന്യഭംഗിയുള്ള ഭാഷാഘടനയാണ്. പഠിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് നോട്ട് കുത്തിക്കുറിക്കുന്നത് പോലെ വായിക്കുന്നതിനിടെ ഓരോരോ വരിയായി എഴുതിവയ്ക്കാന്‍ തോന്നും.
ലല്ലബി ഒരു താരാട്ടാണ്. ഒരു കഥയ്ക്ക് താരാട്ട് എന്ന് പേരിടുമ്പോള്‍ നാം പലതരം സെന്റിമെന്റല്‍ കഥാഗതികളും പ്രതീക്ഷിക്കും. എന്നാല്‍ ഇത് അതൊന്നുമല്ല. ഒന്നാന്തരം ത്രില്ലര്‍. ഫൈറ്റ് ക്ലബ് സിനിമ കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും, പലാനൂയിക്കിന്റെ തന്നെ നോവലാണ്‌ പിന്നീട് ഫൈറ്റ് ക്ലബ് എന്ന പേരില്‍ സിനിമയാകുന്നത്. ഒരു ത്രില്ലറിനെപ്പറ്റി എഴുതുമ്പോള്‍ കഥ പറയാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ട് സസ്പെന്‍സ് പരമാവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില വായനാപ്രേരിത സൂചനകള്‍ തരാം. ഇതില്‍ ഒരു പാട്ടുണ്ട്. ആ പാട്ട് പാടിയാല്‍ ആരെയും കൊല്ലാം. ആരെങ്കിലും നിങ്ങളെ എന്തെങ്കിലും തരത്തില്‍ ദേഷ്യം പിടിപ്പിച്ചാല്‍ പാട്ടുപാടുക, നിമിഷനേരം കൊണ്ട് ദാ മരിച്ചുമരവിച്ചുകിടക്കുന്നു പ്രതി.
ഓരോ കഥാപാത്രവും മികച്ചുനില്‍ക്കാന്‍ പരസ്പരം മത്സരിക്കുന്നവരാണ്. എന്നാല്‍ ഇതിലെ യഥാര്‍ത്ഥതാരം നോവലിസ്റ്റിന്റെ സൂക്ഷ്മനിരീക്ഷണപാടവമാണ്. സൂക്ഷ്മമായ അനുഭവങ്ങളെ മനോഹരമായ ഗദ്യത്തിലേയ്ക്ക് ഉരുക്കിയൊഴിച്ചിരിക്കുകയാണ് നോവലിസ്റ്റ്. കൊതി തോന്നിപ്പിക്കുന്ന എഴുത്ത്. ചില നേരം ഇത് ഒരു ത്രില്ലറാണെന്നു പോലും നമ്മള്‍ മറന്നുപോകും.
ചില അമേരിക്കന്‍ കോമഡി സീരിയലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തമാശരംഗങ്ങള്‍ വരുമ്പോള്‍ പിന്നാമ്പുറത്തുനിന്നും കൂട്ടച്ചിരി ഉയരും. ടെലിവിഷനും മറ്റും നമ്മുടെ സ്വൈരജീവിതങ്ങളെ ഏതളവില്‍ സ്വാധീനിച്ചിരിക്കുന്നു എന്നാണ് മൂന്നാമത്തെ അധ്യായത്തില്‍ ഒരു കഥാപാത്രത്തിന്റെ വേവലാതി. അയാള്‍ ഈ കൂട്ടച്ചിരിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ഇന്ന് ടീവിയില്‍ കേള്‍ക്കുന്ന ചിരികള്‍ എല്ലാം 1950കളില്‍ റെക്കോര്‍ഡ് ചെയ്തതാണ്. ഇക്കാലത്ത് നിങ്ങള്‍ കേള്‍ക്കുന്ന ചിരികള്‍ മരിച്ചുപോയ ആളുകളുടെതാണ്.
നിരീക്ഷണങ്ങള്‍ തുടരുമ്പോള്‍ കഥാകൃത്ത് പറയുന്നത് ഇക്കാലത്ത് മനുഷ്യര്‍ക്ക് ടീവിയോ റേഡിയോയോ ഏതുസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം, ഈ മനുഷ്യര്‍ക്ക് നിശബ്ദതയെ പേടിയാണ് എന്നാണ്. വായിക്കുമ്പോള്‍ ഈ പറയുന്നതിനോടൊക്കെ ആവേശത്തോടെ തലകുലുക്കാന്‍ തോന്നും.
ജീവിക്കുന്ന സംസ്കാരസമ്പന്നസമൂഹത്തെ ഇരുണ്ട ഹാസ്യമുപയോഗിച്ച് നോവിച്ചുവിടുന്നുണ്ട് നോവലിസ്റ്റ്. ഇതിനെയാണ് നമ്മള്‍ സംസ്കാരമെന്ന് പറയുന്നത്. വണ്ടിയില്‍ നിന്ന് ഒരു കടലാസുകഷണം പോലും പുറത്തേക്കെറിയാത്ത ഇവര്‍ അവരുടെ സ്റ്റീരിയോയുടെ ഒച്ച ഏറ്റവും ഉയര്‍ത്തിവെച്ച് നിങ്ങളെ കടന്നുപോകുന്നു. നിങ്ങളുടെ മുഖത്തേയ്ക്ക് ഒരിക്കലും സിഗരറ്റ് പുക ഊതിവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ സെല്‍ഫോണുകളിലേയ്ക്ക് അലറിവിളിക്കുന്നു. ഒരു ഊണുമേശയ്ക്ക് അപ്പുറമിപ്പുറമിരുന്ന് അന്യോന്യം ഒച്ചയിടുന്നു.... അവരുടെ ഒച്ച സഹിക്കാന്‍ കഴിയാതാവുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പാട്ട് ഒച്ച കൂട്ടിവയ്ക്കുന്നു. നിങ്ങളുടെ പാട്ടിനെ മറയ്ക്കാന്‍ മറ്റുള്ളവര്‍ അവരുടെ പാട്ട് ഉച്ചത്തിലാക്കുന്നു. എല്ലാവരും കൂടുതല്‍ വലിയ സ്റ്റീരിയോ സിസ്റ്റങ്ങള്‍ വാങ്ങുന്നു. ഇത് ഒച്ചയുടെ യുദ്ധമാണ്. ഇത് അധികാരത്തെപറ്റിയാണ്.
ആധുനികസാഹിത്യത്തിലെ ഏറ്റവും ശക്തമായ ബിംബമാണ് ബിഗ്‌ ബ്രദര്‍ എന്നത്. സാധാരണക്കാരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കണ്ടുകൊണ്ട് നില്‍ക്കുന്ന ഒരു ബിഗ്‌ ബ്രദര്‍. ബിഗ്‌ ബ്രദര്‍ റിയാലിറ്റി ഷോയും ബിഗ്‌ ബോസും മലയാളി ഹൌസും ഒക്കെ ഈ ഒളിഞ്ഞുനോട്ടത്വരയുടെ സൃഷ്ടികളാണ്. എന്നാല്‍ പലാനൂയിക്ക് ഇതിനെപ്പറ്റി വേറെ ചിലതാണ് പറയുന്നത്. ബിഗ്‌ ബ്രദര്‍ നോക്കുന്നില്ല. ബിഗ്‌ ബ്രദര്‍ ആടുകയും പാടുകയുമാണ്. തൊപ്പിയില്‍ നിന്ന് മുയല്ക്കുഞ്ഞുങ്ങളെ വലിച്ചെടുക്കുക്കുകയാണ്. നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഓരോ മിനിട്ടിലും ബിഗ്‌ ബ്രദര്‍ നിങ്ങളുടെ ശ്രദ്ധയെ പിടിച്ചെടുക്കുകയാണ്. എപ്പോഴും നിങ്ങളുടെ ശ്രദ്ധ തിരിയുന്നു എന്നയാള്‍ ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ ഭാവന ചിതലെടുക്കണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനായാണ് സദാ നിങ്ങളുടെ ശ്രദ്ധയെ അയാള്‍ മാറ്റിവിടുന്നത്. ഇങ്ങനെ നിമിഷം പ്രതി പലവിധ വിവരങ്ങള്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കാന്‍ മെനക്കെടില്ല. ചിന്തിക്കാത്ത മനുഷ്യര്‍ ആര്‍ക്കും ഒരു ഭീഷണിയും തീര്‍ക്കില്ല.
ഓരോ പേജിലും കഥയോടൊപ്പം വായിക്കുന്ന ഇത്തരം വിചാരങ്ങള്‍ നമ്മെ പേടിപ്പിക്കും. ടീവിയോ ഇന്റര്‍നെറ്റോ ഒക്കെയായി ശ്രദ്ധ പലവഴി പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നമ്മുടെ തലമുറ ആര്‍ക്ക് ഭീഷണിയാവാനാണ്? പേടിക്കണം നമ്മള്‍ നമ്മുടെ അവസ്ഥകളെ.
ഇതൊക്കെ എഴുതിവെച്ചിരിക്കുന്നത് ഒരു ബോറന്‍ ഫിലോസഫി പുസ്തകത്തിലല്ല, മറിച്ച് ത്രസിപ്പിക്കുന്ന ഒരു ത്രില്ലറിലാണ് എന്നോര്‍ക്കുമ്പോഴാണ്‌ അത്ഭുതം. ഇത് എന്തുതരം ത്രില്ലറാണ് എന്നൊന്നും വേര്‍തിരിച്ചുപറയാന്‍ വയ്യ. എന്നാല്‍ ഇതൊരു വല്ലാത്ത തരം ത്രില്ലറാണ് എന്നത് സത്യം.
വായിച്ചുവരുമ്പോള്‍ അര്‍ഥം പിടികിട്ടാത്ത ചില സന്ദര്‍ഭങ്ങളുണ്ട് കഥയില്‍. ഒടുവില്‍ പുസ്തകം മുഴുവന്‍ വായിച്ചു കഴിയുമ്പോഴാണ് ചില ചില സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം പിടികിട്ടുന്നത്‌. അത് പിടികിട്ടിക്കഴിഞ്ഞാല്‍ തലയില്‍ ഒരു വെള്ളിവെളിച്ചം വീണതുപോലെയാണ്. പുസ്തകം വായിച്ചുമടക്കിവയ്ക്കുംമ്പോഴുള്ള ആ ഒരു സംതൃപ്തി, ആ ഒരു സമാധാനം, അത് വായിച്ചുതന്നെ അനുഭവിക്കണം. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് വേറെയൊരു ലോകം കണ്ടുകഴിഞ്ഞ് സിനിമ തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ ഒരു തപ്പിത്തടയലുണ്ടാകില്ലേ? ആ തപ്പിത്തടയല്‍ അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ഈ താരാട്ട്.കളിക്കോപ്പുകള്‍ പോലെ ചില മനുഷ്യര്‍

ഇനിയൊരു അല്‍പ്പം പഴയ കഥ പറയാം. ഒരു കഥയെയും കഥാപാത്രത്തെയും കണ്ടുമുട്ടിയ കഥ. അതിലും പ്രധാനമായി പ്രിയപ്പെട്ടതായിത്തീര്‍ന്ന ഒരു കഥാകൃത്തിനെ കണ്ടുമുട്ടിയ കഥ. ലോക്കല്‍ വായനശാലയില്‍ നിന്നും മലയാളസാഹിത്യപുസ്തകങ്ങള്‍ വായിച്ചുരസിച്ചതിന്റെയും ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകുമെന്ന്‍ തോന്നിയതിന്റെയും ധൈര്യത്തില്‍ വായിക്കാമല്ലോ എന്ന ആവേശം ഒന്നുമാത്രം കൊണ്ട് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന കാലം. പഠിക്കാനുള്ളത് മുഴുവന്‍ ചോസര്‍ സ്പെന്സര്‍ എന്നൊക്കെ ഏതോ പുരാതനകാലത്തെ എഴുത്തുകാര്‍. ഡിഗ്രി വിദ്യാര്‍ഥിനിയുടെ കുട്ടിമനസിന്‌ വലിയ ആവേശമൊന്നും അന്ന് കാന്റര്‍ബറി കഥകളും ഒന്നും വായിച്ച് കിട്ടിയില്ല. പേരിന് അവിടവിടെ ചില ഷേക്സ്പിയര്‍ നാടകങ്ങള്‍തോമസ്‌ ഹാര്‍ഡി നോവലുകള്‍. വായിച്ചുപഠിച്ചു പരീക്ഷഎഴുതി മാര്‍ക്ക്‌ വാങ്ങിക്കാമെന്നല്ലാതെ പ്രത്യേകിച്ച്കാര്യമൊന്നുമില്ല. രസം പിടിച്ച് ഒരു പുസ്തകം വായിച്ചിട്ട് കാലമെത്രയായി. സാഹിത്യം പഠിക്കുകയാണത്രെ! എന്തൊരു ബോറ്.
അങ്ങനെയിരിക്കെ സിലബസില്‍ പുതിയ ചില ഐറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എഴുത്തുകാരനെ തേടിനടക്കുന്ന ആറുകഥാപാത്രങ്ങളും അമേരിക്കന്‍ വീട്ടമ്മയായ സ്നോവൈറ്റും ഒക്കെ ഇതില്‍ ഉള്‍പ്പെടും. അവരെപ്പറ്റിയൊക്കെ പിന്നീട് എപ്പോഴെങ്കിലും പറയാം. ഇത്തവണ ശ്രദ്ധ ബില്ലി പില്‍ഗ്രിമിനു മാത്രം. കര്‍ട്ട് വോണിഗട്ട് 1969ല്‍ എഴുതിയ ആക്ഷേപനോവലായ “സ്ലോട്ടര്‍ ഹൌസ് ഫൈവ്” അല്ലെങ്കില്‍ “ദി ചില്‍ട്റന്‍സ് ക്രൂസേഡ്” അല്ലെങ്കില്‍ “എ ഡ്യൂട്ടി ഡാന്‍സ് വിത്ത്‌ ഡെത്ത്” എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ബില്ലി. ഒരു നോവലിന് ഒരു പേരല്ലവ്യത്യസ്തങ്ങളായ മൂന്നുപേരുകളാണ് ഉള്ളത് എന്നതില്‍ തന്നെ തുടങ്ങുന്നു കഥയുടെ രസം. ഈ നോവല്‍ അന്ന് ഞങ്ങളുടെ കോളേജ് ലൈബ്രറിയില്‍ ഇല്ല. സിലബസില്‍ ഉണ്ടുതാനും. ഏതോ ടീച്ചര്‍ പണ്ടെന്നോ എഴുതിവെച്ച കുറച്ചുനോട്ട്സ് കോപ്പിയടിക്കുകയും പരീക്ഷക്ക് ഈ നോവലില്‍ നിന്നുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ചോയിസ് ഉണ്ടല്ലോ എന്ന സംവിധാനം ഉപയോഗപ്പെടുത്തുകയുമാണ് കോളേജില്‍ സാമ്പ്രദായികമായി തുടര്‍ന്നുവരുന്ന രീതി. എന്തായാലും വൈക്കംകാരിയും സുന്ദരിയുമായ സന്ധ്യ എന്ന കൂട്ടുകാരി തന്റെ ഏറണാകുളത്ത് ജോലി ചെയ്യുന്ന അച്ഛന്‍ മുഖാന്തരം ഏതോ ഒരു ബുക്ക്ഷോപ്പില്‍ (അത് ഹാംലറ്റ് ബുക്ക്ഷോപ്പ് ആണെന്ന് വളരെക്കാലം കഴിഞ്ഞ് അറിഞ്ഞു) അന്വേഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഞാനും ഒരു കോപ്പി വാങ്ങാന്‍ സന്നദ്ധയായി. ഒരു പുസ്തകം വാങ്ങാന്‍ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പണം ഞാന്‍ കൊടുത്തുവെന്നാണ് ഓര്‍മ്മ. ഏതായാലും ആദ്യമായി വാങ്ങിയ ഇംഗ്ലീഷ് നോവല്‍ എന്ന പദവി വോണിഗട്ടിന്റെ ഈ അഞ്ചാം നമ്പര്‍ അറവുശാലയ്ക്കാണ്.
കഥ വായിച്ചുതീര്‍ന്നപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി പുസ്തകം വാങ്ങിയതില്‍ നഷ്ടബോധം തോന്നിയില്ല എന്ന് പറയാമല്ലോ. വല്ലാത്തൊരു കഥയാണ് ബില്ലി പില്‍ഗ്രിമിന്റേത്. രണ്ടാംലോകമഹായുദ്ധകാലത്തെ ഒരു പട്ടാളക്കാരനാണ് ബില്ലി. കൃത്യമായ ഒരു പട്ടാളയൂണിഫോറം പോലുമില്ലാതെ യുദ്ധത്തിനിറങ്ങാന്‍ വിധിക്കപ്പെട്ട ബില്ലി. ബില്ലിക്ക് ഒരു ടൈം മെഷീനില്‍ എന്നതുപോലെ ഭാവിയിലേയ്ക്കും ഭൂതകാലത്തിലേയ്ക്കും സഞ്ചരിക്കാന്‍ കഴിവുണ്ട്. താന്‍ എപ്പോള്‍ മരിക്കുമെന്നും എങ്ങനെ മരിക്കുമെന്നും ഒക്കെ ബില്ലിക്കറിയാം. ബില്ലിയുടെ ഇത്തരം യാത്രകളിലൂടെയാണ് നമുക്ക് കഥ ഏകദേശമൊക്കെ മനസിലാവുന്നത്. ബില്ലി പറയുന്നതൊക്കെ വിശ്വസിക്കാമോ എന്നും ഉറപ്പില്ല.
പ്രത്യേകിച്ച് യുദ്ധപരിശീലനമൊന്നും കിട്ടാതെ പടയാളിയായ ഒരാളാണ് ബില്ലി. നോവല്‍ വായിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് “ഫോറസ്റ്റ് ഗംപ്” സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബില്ലി പില്‍ഗ്രിമിനെയാണ്. ബില്ലിക്ക് യുദ്ധം ചെയ്യാന്‍ മടിയായിരുന്നു. സ്വയരക്ഷക്ക് വേണ്ടിപ്പോലും ബില്ലി പൊരുതില്ല. ഒടുവില്‍ ബില്ലിയെ ജര്‍മ്മന്‍കാര്‍ യുദ്ധത്തടവുകാരനാക്കുന്നു. ഡ്രെസ്ഡനില്‍ ബോംബിംഗ് നടക്കുമ്പോള്‍ ബില്ലി ഉള്‍പ്പെടെയുള്ള യുദ്ധതടവുകാരെ ജര്‍മ്മന്‍ സൈന്യം അഞ്ചാം നമ്പര്‍ അറവുശാലയിലാണ് പാര്‍പ്പിക്കുന്നത്.
തന്റെ യുദ്ധകാലാനുഭവം ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കുന്നയാളാണ് കഥാനായകന്‍ ബില്ലി. ഓരോ സമയത്തും ബില്ലി തന്റെ ജീവിതത്തിലെ എതെങ്കിലുമൊരു സമയവും കാലവുമാണ് അനുഭവിക്കുക. അടുത്തത് താന്‍ ഏതു സമയത്തെ ബില്ലിയായാണ്‌ ജീവിക്കുക എന്ന് ബില്ലിക്ക് തന്നെ നിശ്ചയമുണ്ടാകില്ല. ബില്ലിയെ ട്രാല്ഫമഡോര്‍ എന്ന് പേരുള്ള ഒരു ഗ്രഹത്തില്‍ നിന്നുവന്ന ജീവികള്‍ ഇടയ്ക്ക് തട്ടിക്കൊണ്ടുപോകുന്നുണ്ട്. ട്രാല്ഫമഡോറിലുള്ളവര്‍ക്ക് സമയം നേര്‍രേഖയില്‍ പോകുന്ന ഒരു സംഗതിയല്ല. അവരുടെ ജീവിതത്തില്‍ ഭൂതവും ഭാവിയുമില്ല. അവര്‍ ആരും മരിക്കുന്നുമില്ല. അവര്‍ക്ക് യുദ്ധങ്ങളും കലാപങ്ങളുമുണ്ട്മനുഷ്യരെപ്പോലെ തന്നെ. എന്നാല്‍ അതേപ്പറ്റി ബില്ലി തിരക്കുമ്പോള്‍ തങ്ങള്‍ യുദ്ധങ്ങളെ അവഗണിക്കാരാണ് പതിവ് എനാണ് ട്രാല്ഫമഡോറുകാര്‍ പറയുന്നത്. ഇതൊക്കെ ബില്ലിക്ക് യുദ്ധകാല ആഘാതത്തില്‍ നിന്നുണ്ടാകുന്ന തോന്നലുകളാണ് എന്ന് പറയാം. ഡ്രെസ്ഡന്‍ ബോംബിംഗ് നടന്ന കാലത്ത് പട്ടാളക്കാരനായിരുന്നതിന്റെ അനുഭവങ്ങളാവും യുദ്ധത്തിന്റെ ഭീകരത ഒരു നോവലിലാക്കാന്‍ വോണിഗട്ടിനെ പ്രേരിപ്പിച്ചത്. ബില്ലിയുടെ ജീവിതത്തില്‍ നടക്കുന്നതൊന്നും ബില്ലി തീരുമാനിക്കുന്ന കാര്യങ്ങളല്ല. യുദ്ധമായാലും വിവാഹമായാലും തട്ടിക്കൊണ്ടുപോകപ്പെടലായാലും ബില്ലി എതിര്‍ക്കാത്തതുകൊണ്ട് സംഭവിച്ചുപോകുന്ന കാര്യങ്ങളാണ്. ഇത്തരം നിസ്സംഗതകളും അതില്‍ നിന്ന് ഉണ്ടാകുന്ന തമാശകളുമാണ് ഈ നോവല്‍.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് കഥാപാത്രസ്വഭാവമൊന്നുമില്ല. നോവലില്‍ കഥ വിവരിക്കുന്ന വോണിഗട്ട് എന്ന കഥാപാത്രം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഈ കഥയില്‍ കഥാപാത്രങ്ങള്‍ ഇല്ല. നാടകീയസംഘട്ടനങ്ങളില്ല. ഇതിലുള്ള മനുഷ്യര്‍ അതൊക്കെ കണ്ടുമടുത്തവരാണ്വലിയ ശക്തികളുടെ കളിക്കോപ്പുകള്‍ മാത്രമാണ് അവര്‍.
ഒരു സാധാരണനോവലിലെ കഥാപാത്രം ചെയ്യുന്നതുപോലെ തന്റെ ജീവിതത്തിന്റെ ഗതിയില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തവിധം തളര്‍ന്ന ഒരു കഥാപാത്രമാണ് ബില്ലി. ഒരുപക്ഷെ ഇത് തന്നെയാവും ലോകമഹായുദ്ധമോ വന്‍ശക്തികള്‍ ഇടപെടുന്ന മറ്റു യുദ്ധങ്ങളോ കലാപങ്ങളോ ഒക്കെ സാധാരണമനുഷ്യരോട് ചെയ്യുന്നതും. വന്‍ശക്തികളുടെ വെറും കളിക്കോപ്പുകള്‍ മാത്രമായി തീരുന്ന സാധാരണമനുഷ്യര്‍ ജീവിതത്തിന്‍റെ ഗതിയെപ്പറ്റിയൊക്കെ വ്യാകുലപ്പെട്ടിട്ടെന്തുകാര്യംഅടുത്ത നിമിഷം യുദ്ധഭൂമിയിലാണോ മനസുപിശകിത്തുടങ്ങുമ്പോള്‍ എത്തിച്ചേരുന്ന അന്യഗ്രഹങ്ങളിലെ മൃഗശാലകളിലാണോ കണ്ണുതുറക്കുക എന്നറിയില്ലാത്ത ജീവിതത്തില്‍ കഥാപാത്രങ്ങള്‍ കഥയില്ലാത്തവരായി മാറുന്നു. അല്ലെങ്കിലും പണ്ടേ നീന്തുന്നതിനെക്കാള്‍ ബില്ലിക്കിഷ്ടം മുങ്ങിമരിക്കാനായിരുന്നു.
അസ്ഥാനത്തുള്ള പൊട്ടിച്ചിരികള്‍ആരെങ്കിലും ഉരുണ്ടുവീഴുന്നതില്‍ നിന്ന് ചിരിയുണ്ടാക്കുക ചരിത്രാതീതകാലം മുതല്‍ മനുഷ്യരുടെ ഒരു സ്വഭാവമാണ്. കൂട്ടത്തിലുള്ള ഒരുത്തനെ ദിനോസര്‍ പിടിച്ചുതിന്നപ്പോള്‍ ആദിമമനുഷ്യന്‍ ചിരിക്കാന്‍ പഠിച്ചുവെന്നാണ് “ഹിസ്റ്ററി ഓഫ് ദി വേള്‍ഡ് പാര്‍ട്ട്‌ വണ്‍ എന്ന സിനിമ തമാശയായി പറയുന്നത്. സ്ലാപ്സ്റ്റിക്ക് കോമഡിയുടെ പിന്നീടങ്ങോട്ടുള്ള പല ഭാവങ്ങള്‍ നമ്മള്‍ ചാര്‍ളിചാപ്ലിനിലും ലോറല്‍ ഹാര്‍ഡിയിലും ജഗതി ശ്രീകുമാറിലും സലിം കുമാറിലും ഒക്കെ കണ്ടു. ദുഃഖദുരിതങ്ങളില്‍ നിന്നുതന്നെയാണ് നമ്മള്‍ ആര്‍ത്തുചിരിച്ച തമാശരംഗങ്ങള്‍ ഉണ്ടായത്.
ഗൌരവതരമായ സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിയുണ്ടാക്കുക ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അല്‍പ്പമെങ്ങാന്‍ പാളിപ്പോയാല്‍ വലിയ വൃത്തികേടാകുമെന്നുറപ്പ്. “ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്” എന്ന ജോണ്‍ ഇര്‍വിംഗിന്റെ നോവല്‍ വായനക്കാരോട് ഇടപെടുന്നത് അങ്ങനെയാണ്. ഓരോ കഥാപാത്രവും ഹൃദയഭേദകമായ ജീവിതരംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ വായിക്കുന്നവര്‍ക്ക് ചിരിയടക്കാന്‍ പാടുപെടേണ്ടിവരുന്നു. യഥാര്‍ത്ഥജീവിതത്തില്‍ ഇതിലെ ഓരോ കഥാപാത്രവും കടന്നുപോകുന്ന പീഡകള്‍ ആരെയും നൊമ്പരപ്പെടുത്തും. എന്നാല്‍ നൊമ്പരങ്ങളെ പൊട്ടിച്ചിരിക്കാനുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റുന്നതാണ് നോവലിസ്റ്റിന്റെ അസാമാന്യകൈവിരുത്.
ചില കഥകള്‍ ചുരുക്കിപ്പറഞ്ഞുഫലിപ്പിക്കാവുന്നവയല്ല. അത് പുസ്തകത്തില്‍ നിന്ന് ഓരോവരിയായി വായിച്ചറിയേണ്ടതാണ്. എങ്കിലും പറയാം. ടീ എസ് ഗാര്‍പ്പ് വല്ലാത്തൊരു മനുഷ്യനാണ്. അച്ഛന്റെ പേരാണ് അയാള്‍ക്ക്. അച്ഛന് അയാളെയോ എന്തിനേറെ അയാളുടെ അമ്മയെയോ പോലും അറിയില്ല (അമ്മയെ അറിയാതെ എങ്ങനെ കുട്ടിയുണ്ടായി എന്നൊക്കെയാവും ഇപ്പോള്‍ വായനക്കാരന്‍റെ സംശയം. പറഞ്ഞു രസം കളയുന്നില്ല. പുസ്തകം വായിച്ചുനോക്കൂ. വായിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ തോന്നില്ല.)
ചിലപ്പോള്‍ തൊന്നും ഈ കഥ വളരെ ക്രൂരമാണെന്ന്. ചിലപ്പോഴൊക്കെ നമുക്ക് ഈ കഥ നിറുത്തിവെച്ച് വേറെ എന്തെങ്കിലും രസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാന്‍ തോന്നും. പക്ഷെ കഥ എപ്പോഴും നമ്മെ തിരിച്ചുവിളിക്കും. ഒരു പുസ്തകം വായിക്കാതെ ഉപേക്ഷിക്കണമെന്ന് തോന്നിയാല്‍പ്പോലും അങ്ങനെ ചെയ്യാന്‍ കഴിയാതെ വരുന്നത് സത്യത്തില്‍ വളരെ ക്രൂരമാണ്. ഒരു അമ്മയുടെ മൃതദേഹം കാണാന്‍ ഒരു മകന് വേഷം കെട്ടി വരേണ്ടിവരുന്നത്ര ക്രൂരം.
ജോണ്‍ ഇര്‍വിംഗിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്. നോവല്‍ പിന്നീട് റോബിന്‍ വില്യംസ് നായകനായ ഒരു സിനിമയുമായിട്ടുണ്ട്. അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തന്‍ സാഹചര്യങ്ങളും കണ്ണുനീര്‍ ഒപ്പുന്ന തൂവാലകളില്‍ നിന്നും ഉയരുന്ന പൊട്ടിച്ചിരികളും ഒക്കെയാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഗാര്‍പ്പിന്റെ അമ്മയായ ജെന്നി ഫീല്ട്സ് ആണ്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന, കാലത്തിനുമുന്‍പേ നടന്ന ഒരു ഫെമിനിസ്റ്റ് ആണ് ജെന്നി. ചിലപ്പോള്‍ തൊന്നും ജെന്നി ഒരു വിശുദ്ധയാണെന്ന്. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ജെന്നിയെ കണ്ടിരുന്നെങ്കില്‍ എന്തൊരു വട്ടുകേസ് എന്ന് എനിക്ക് തോന്നിയേനെ എന്ന്. ലോകത്തില്‍ മുഴുവനുമുള്ള അസംബന്ധജോലികളില്‍ നിന്ന് ആകെ പ്രയോജനമുള്ള ഒരു ജോലിയായി ജെന്നി തെരഞ്ഞെടുക്കുന്നത് നേര്‍സിംഗ് ആണ്. തന്റെ ജോലിയെപ്പറ്റി ജെന്നി തന്നെ പറയുന്നത് ഇങ്ങനെയാണ്. “ഞാന്‍ ആദ്യം ചിന്തിച്ചതും ആകെ ചിന്തിച്ചതും ഒരു നേഴ്സ് ആകനമെന്നായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ജോലിയാണ് അതെന്നാണ്‌ എനിക്ക് തോന്നിയത്.”
ജെന്നി ഒരു ഫെമിനിസ്റ്റും കൂടിയാണ്. ഫെമിനിസ്റ്റ് എന്ന വാക്കൊക്കെ അറിയുന്നതിന് മുന്‍പേ തന്നെ ഫെമിനിസ്റ്റായി മാറിയയാളാണ് ജെന്നി. ജെന്നി സ്വതന്ത്രയാണ്, തന്റെ ജീവിതത്തില്‍ എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ ജെന്നി ചെയ്തിട്ടുണ്ട്. ആളുകള്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ജെന്നി.
ഗാര്‍പ്പും ഗാര്‍പ്പിന്റെ ഭാര്യ ഹെലെനും മക്കള്‍ ഡങ്കനും വാള്‍ട്ടും ഒക്കെ നമ്മോടു വളരെ അടുപ്പമുള്ള മനുഷ്യരാണെന്നു വായന പുരോഗമിക്കുമ്പോള്‍ തോന്നും. അവരുടെ ജീവിതത്തില്‍ ഒന്നൊഴിയാതെ സംഭവിക്കുന്ന ദുരന്തങ്ങള്‍ വായിച്ച് പക്ഷെ വായനക്കാരായ നമ്മള്‍ പൊട്ടിച്ചിരിക്കും. അവരോടുള്ള സഹാനുഭൂതിക്കിടയിലും ചിരിയടക്കാന്‍ നമ്മള്‍ പാടുപെടും. ഏറ്റവുമൊടുവില്‍ നിര്‍ണ്ണായകമായ ഒരു അപകടം സംഭവിക്കുന്നുണ്ട്. നോവലിലെ അപകടരംഗം ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ ജോലിസ്ഥലത്തുനിന്ന് തിരികെ വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയാണ്. വായനയുടെ രസത്തിനിടെ ഉറക്കെ ചിരിച്ചുപോയതും അരികിലിരുന്നവര്‍ തുറിച്ചുനോക്കിയതും ഓര്‍മ്മയുണ്ട്. എന്തായാലും ഞാന്‍ ചിരിച്ചു. എന്തിന് ചിരിച്ചു എന്ന് വായിച്ചു ചിരിച്ചുതന്നെ അറിയണം.
ഒരു കുട്ടിയെപ്പോലെ വാക്കുകളില്‍ നിന്ന് അക്ഷരങ്ങള്‍ മറന്നുമറന്നു പോകുന്ന മരണാസന്നനായ ഗാര്‍പ്പിന്റെ അച്ഛനെ കണ്ട് നമ്മള്‍ ചിരിക്കും, ആണുങ്ങളുടെ കൂടെ ജീവിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു ഫെമിനിസ്റ്റ് ആയ ജെന്നിയെക്കണ്ട്‌ നമ്മള്‍ ചിരിക്കും, ഗാര്‍പ്പിന്റെ ജീവിതത്തിലെ ബന്ധങ്ങള്‍ കുഴഞ്ഞുമറിയുമ്പോഴെല്ലാം നമ്മള്‍ ചിരിച്ചുമറിയും. ഇതൊന്നും തമാശയല്ല, എന്നാല്‍ ചിരിക്കാതെ വയ്യ താനും. വിചിത്രമാണ് ഗാര്‍പ്പിന്റെ ലോകം. സാധാരണവുമാണത്. നമ്മുടെയോരോരുത്തരുടേയും ജീവിതം പോലെ.  അങ്ങനെ ഒരു താരതമ്യത്തിലെ തമാശയാവും ഒരുപക്ഷെ നമ്മെ ചിരിപ്പിക്കുന്നത്. ഗാര്‍പ്പ് പറയുന്നതുപോലെ, നമ്മള്‍ എല്ലാം മരണാസന്നരായ കേസുകളാണ്.  നമുക്ക് ചിരിക്കുകയെങ്കിലും ചെയ്യാം.
നോവലിസ്റ്റായ ജോണ് ഇര്‍വിംഗ് പറയുന്നത് ‘സ്വകാര്യഓര്‍മ്മകള്‍ പോലെ കഥാപാത്രങ്ങളുടെ ജീവിതത്തെ സങ്കല്‍പ്പിചെടുക്കലാണ് ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്’ എന്നാണ്. അത് അതിമനോഹരമായി ഈ നോവലില്‍ നിര്‍വഹിച്ചിട്ടുണ്ട്. പുസ്തകം വായിച്ചുമടക്കി വയ്ക്കുമ്പോള്‍ ഈ കഥാപാത്രങ്ങളുടെ സ്വകാര്യ ഓര്‍മ്മകള്‍ എല്ലാം എന്റെയും കൂടി ആയിത്തീരുന്നുണ്ട്.

മനുഷ്യത്വത്തിലേയ്ക്കുള്ള പ്രേതഭാഷണങ്ങള്‍ട്ടിണിയും തണുപ്പും വിശപ്പും കൊണ്ട് മരിക്കാറായവര്‍ മരിക്കട്ടെ, അത്രയും അനാവശ്യ ജനസംഖ്യ കുറയുമല്ലോ എന്ന് പറഞ്ഞ ഒരു വയസനുണ്ടായിരുന്നു ഒരിക്കല്‍. അറുപിശുക്കനായ ഒരു ധനികന്‍. അയാള്‍ ജീവിച്ചത് ചാള്‍സ് ഡിക്കന്‍സിന്റെ കഥകളില്‍ എനിക്കേറെ പ്രിയപ്പെട്ട ക്രിസ്മസ് കാരളിലെ നായകനായാണ്. എബനേസര്‍ സ്‌ക്രൂജ് എന്ന അങ്കിള്‍ സ്‌ക്രൂജ്. വിക്ടോറിയന്‍ കാലത്ത് മാത്രമല്ല, എല്ലാക്കാലത്തും അങ്കിള്‍ സ്‌ക്രൂജുമാര്‍ ഉണ്ട്. അവര്‍ തീര്ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ കഥ. അത്‌കൊണ്ടുതന്നെയാകും ഏറ്റവുമധികം പുനരാവിഷ്‌കരിക്കപ്പെട്ട ഡിക്കന്‍സ് കഥയായി ക്രിസ്മസ് കാരള്‍ മാറുന്നതും. ലോകത്തില്‍ സ്ഥിരമായി ഉണ്ടായിക്കോണ്ടേയിരിക്കുന്ന അങ്കിള്‍ സ്‌ക്രൂജുമാരുടെ മാനസാന്തരത്തിനുവേണ്ടിയാണ് ഈ കഥ നിലകൊള്ളുന്നത്. 1843ല്‍ എഴുതപ്പെട്ടതാണെങ്കിലും വായിക്കുമ്പോള്‍ ഒരു പഴങ്കഥ എന്നൊന്നും ആര്‍ക്കും തോന്നുകയേയില്ല. ഇന്നലെക്കണ്ട ജീവിതം ആരോ ഇന്ന് ചൂടോടെ എഴുതിയത് പോലെ. അത്രയ്ക്ക് മാറ്റമില്ലാത്തതാണ് മനുഷ്യപ്രകൃതി എന്ന് തോന്നിപ്പോകും.
ഇതെഴുതുന്ന സമയത്ത് ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ 'മാര്‍ട്ടിന്‍ ഷസില്‍വിറ്റ്' വിറ്റഴിയാതെ കിടക്കുന്നു. പ്രസാധകരായ ചാപ്മാന്‍ ആന്ഡ് ഹാള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ പേരില്‍ ഡിക്കന്‍സിനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഡിക്കന്‍സിന്റെ അച്ഛന്‍ കടബാധ്യത മൂലം ജയിലില്‍ കിടന്നയാളാണ്. ആ പേടി ഡിക്കന്‍സ് മനസ്സില്‍ കൊണ്ടുനടന്നിരുന്നു. എന്നത്തെയുംപോലെ പണത്തിന്റെ ഞെരുക്കം കാരണം വിഷമിച്ച് നില്‍ക്കുന്ന ഡിക്കന്‍സ് ആണ് ഈ കഥ എഴുതിയത്. ഇതില്‍ നിറയെ ഡിക്കന്‍സിന്റെ ആധികളും കൂടി ഉണ്ട്. ആര്‍ത്തികള്‍ക്കും പിശുക്കുകള്‍ക്കും എതിരെയുള്ള ഒരു സാരോപദേശകഥയാണ് ഡിക്കന്‍സ് എഴുതിയത്.
കുട്ടികളുടെ കാര്‍ട്ടൂണ്‍ചിത്രമായ ഡക്ക് ടെയില്‍സില്‍ ഒരു അങ്കിള്‍ സ്‌ക്രൂജ് ഉണ്ട്. ലൂയി, ഡൂയി, ഹൂയി എന്നീ താറാക്കുട്ടികളുടെ പണക്കാരനായ പിശുക്കന്‍ അങ്കിള്‍ സ്‌ക്രൂജ് മക്ഡക്ക്. സംശയം വേണ്ട, ആ ഡിസ്‌നി കാര്‍ടൂണ്‍ അങ്കിള്‍ സ്‌ക്രൂജ് ഉണ്ടായത് എബനേസര്‍ സ്‌ക്രൂജ് എന്ന ഈ പ്രശസ്തമായ ഡിക്കന്‍സ് കഥാപാത്രം അങ്കിള്‍ സ്‌ക്രൂജില്‍ നിന്ന് തന്നെ. ഡിക്കന്‍സ് സൃഷ്ടിച്ച ഈ കഥാപാത്രത്തിന് നാടകത്തിലും സിനിമയിലും കാര്‍ട്ടൂണിലുമോക്കെയായി ഉണ്ടായിട്ടുള്ള രൂപങ്ങള്‍ക്ക് കണക്കില്ല. അത്രമേല്‍ ആളുകളെ സ്വാധീനിച്ച ഒരു കഥയും കഥാപാത്രവുമാണ് അങ്കിള്‍ സ്‌ക്രൂജ്. ജിം കാരിയുടെ അങ്കിള്‍ സ്‌ക്രൂജും മപ്പറ്റ് ക്രിസ്ത്മസ് കാരളും ഒക്കെ പുതിയ കഥാകഥനങ്ങളില്‍ പെടുന്നു.
അങ്കിള്‍ സ്‌ക്രൂജ് വല്ലാത്തൊരു പിശുക്കനാണ്. കൂടെ ജോലി ചെയ്യുന്ന ക്ലാര്‍ക്കിന് തണുപ്പുമാറ്റാന്‍ ഒരല്‍പം കല്‍ക്കരി പോലും അയാള്‍ കൊടുക്കില്ല. കൂടെ അയാളും തണുത്തുവിറച്ചിരിക്കുകയും ചെയ്യും. നല്ല ഭക്ഷണം കഴിക്കുകയോ നല്ല ഉടുപ്പുകളിടുകയോ ചെയ്യില്ല. ആര്‍ത്തിയും പിശുക്കുമാണ് അങ്കിള്‍ സ്‌ക്രൂജ്.
ഡിക്കന്‍സ് തന്നെ അങ്കിള്‍ സ്‌ക്രൂജിനെ വിവരിച്ചിരിക്കുന്നത് നോക്കുക. അത് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ഒരു പടുവൃദ്ധന്‍ പിശുക്കശിരോമണിയുടെ മുഖം തെളിഞ്ഞുവരും. 'അയാളുടെ ഉള്ളിലെ മരവിപ്പ് മുഖത്തെ കൂടുതല്‍ രൂക്ഷമാക്കി. കൂര്‍ത്ത മൂക്കും ചുളിഞ്ഞ കവിളുകളും ഒക്കെയായി തണുത്തുറഞ്ഞ ഒരു രൂപം; ചുവന്ന കണ്ണുകള്‍, നീല നിറം പരന്ന നേര്‍ത്ത ചുണ്ടുകള്‍, അതിലൂടെ അരിച്ചരിച്ചുപുറത്തുവരുന്ന ധാര്‍ഷ്ട്യം കലര്‍ന്ന ഒച്ച.'
തുടക്കത്തില്‍ തന്നെ നിര്‍ധനരായ മനുഷ്യര്‍ക്കുവേണ്ടി ക്രിസ്തുമസ് കാലത്ത് പണം ശേഖരിക്കാന്‍ ഇറങ്ങിയ ചില മനുഷ്യരെ സ്‌ക്രൂജ് പരിഹസിക്കുന്നുണ്ട്. സ്‌ക്രൂജ് അത്തരം ദാനധര്‍മ്മങ്ങള്‍ക്ക് എതിരാണ്. തന്റെ സാമ്രാജ്യം താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതാണെന്നും അതില്‍ നിന്നൊരു ചില്ലിക്കാശുപോലും അനാവശ്യമായി ചെലവാക്കാനാകില്ലെന്നുമാണ് സ്‌ക്രൂജിന്റെ പക്ഷം. ക്രിസ്തുമസിനു കീഴ്ജീവനക്കാരന് ഒരു അവധികൊടുക്കുന്നതോ ഓഫീസുമുറിയിലെ മരവിപ്പുമാറ്റാന്‍ ഒരല്‍പം കല്‍ക്കരി കത്തിച്ചുവയ്ക്കുന്നതോ സ്വന്തം സഹോദരിയുടെ മകനോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതോ ഒക്കെയാണ് സ്‌ക്രൂജിന്റെ നോട്ടത്തിലെ അനാവശ്യചിലവുകള്‍.


കഥയില്‍ അങ്കിള്‍ സ്‌ക്രൂജിനെക്കാണാന്‍ ക്രിസ്തുമസ് ദിവസം പഴയ ബിസിനസ് പങ്കാളി മാര്‍ലിയുടെ പ്രേതം വരുന്നു. സ്വന്തം ജീവിതത്തിലെ പിശുക്ക് പ്രേതജീവിതത്തില്‍ കാലില്‍ ചങ്ങലയും പണപ്പെട്ടികളും കല്‍ക്കരിച്ചാക്കുകളുമായി നിരക്കിക്കൊണ്ടുനടക്കുകയാണ് മാര്‍ലി. തന്റെ പഴയ സുഹൃത്തിനു അതെ ഗതി വരല്ലേ എന്നുകരുതി ചില മുന്നറിയിപ്പുകള്‍ നല്‍കാനാണ് മാര്‍ലിയുടെ വരവ്. മാര്‍ലിക്ക് പിറകെ ഒന്നൊന്നായി മറ്റുമൂന്ന് പ്രേതാത്മാക്കളും: കഴിഞ്ഞുപോയ ക്രിസ്തുമസ്, ഇപ്പോഴത്തെ ക്രിസ്തുമസ്, ഭാവിയിലെ ക്രിസ്തുമസ് എന്നിങ്ങനെ മൂന്നുതരം ക്രിസ്തുമസ് ദ്രിശ്യങ്ങള്‍ പ്രേതാത്മാക്കളിലൂടെ അങ്കിള്‍ സ്‌ക്രൂജില്‍ എത്തുന്നു.

ഒന്നാമത്തെ പ്രേതം സ്‌ക്രൂജിനെ അയാളെ ആര്‍ത്തിയും പിശുക്കും മൂടുന്നതിനുമുന്‍പുള്ള ഒരു കുട്ടിക്കാലം കാണിച്ചുകൊടുത്തു. രണ്ടാമത്തെ പ്രേതം അയാള്‍ക്കുചുറ്റുമുള്ള മനുഷ്യരുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതവും അവര്‍ അനുഭവിക്കുന്ന കൊച്ചുദുഖങ്ങളും കൊച്ചുസന്തോഷങ്ങളും കാണിച്ചുകൊടുത്തു. സ്‌ക്രൂജിന്റെ കഠിനഹൃദയം ഉരുകുന്ന തരം കാഴ്ചകള്‍! അവനവന്റെ സാമ്രാജ്യങ്ങള്‍ ഉയര്‍ത്തുന്നതിനിടെ കളഞ്ഞുപോകുന്ന മനുഷ്യത്വത്തെയാണ് ഈ പ്രേതഭാഷനങ്ങളിലൂടെ സ്‌ക്രൂജ് തിരിച്ചറിയുന്നത്. എല്ലാ വിഷമതകള്‍ക്കിടയിലും സന്തോഷം നിലനില്‍ക്കുന്ന ഒരു വീട്ടില്‍ 'നിഴല്‍ വന്നുമൂടുന്നത്' അവിടെ സ്‌ക്രൂജിന്റെ പേര് സംസാരവിഷയമാകുമ്പോഴാണ്.

കഥ പുരോഗമിക്കുമ്പോള്‍ സ്‌ക്രൂജ് നേടുന്നത് ഒരു മനുഷ്യഹൃദയം കൂടിയാണ്. അവസാനത്തെ പ്രേതം വന്നു ഭാവിയിലെ ഒരു ക്രിസ്ത്മസ് ദിവസം ഏറ്റവും ദയനീയമാം വിധം ഒറ്റപ്പെട്ട് മരിക്കുന്ന സ്‌ക്രൂജിനെകൂടി കാട്ടിക്കൊടുക്കുമ്പോള്‍ അത് സ്‌ക്രൂജിനു സഹിക്കാവുന്നതിലുമേറെയാണ്. ഉറക്കമുണരുന്ന പുതിയ സ്‌ക്രൂജ് തന്റെ പാവം ക്ലാര്‍ക്കിന്റെ കുടുംബത്തിനു ക്രിസ്ത്മസ് സമ്മാനമായി ഒരു വലിയ ടര്‍ക്കിയെ അയയ്കുന്നു, അതും അജ്ഞാതമായി.
പിന്‍കുറിപ്പ്: ഈ കഥ വായിച്ച ഉടന്‍ തന്നെ ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ ഇറങ്ങിപ്പോയി ഒരു വലിയ ടര്‍ക്കിയെവാങ്ങി എന്നാണ് കഥ. ഇതുവായിച്ച പലരും തങ്ങളുടെ കീഴ്ജീവനക്കാരോടും ചുറ്റുമുള്ള സഹജീവികളോടും ദീനാനുകമ്പയോടെ പെരുമാറാന്‍ തുടങ്ങിയെന്നും പറഞ്ഞുകേള്‍ക്കുന്നു. പുസ്തകം വിട്ടഴിഞ്ഞതിനോ ഇന്നും പുതിയ പുതിയ റീപ്രിന്റുകള്‍ ഇറങ്ങുന്നതിണോ വായിക്കപ്പെടുന്നതിനോ ഒന്നും ഒരു കുറവുമില്ല. ഈ കുറിപ്പ് വായിക്കാനിടവരുന്ന സഹജീവികളോട് തീരെ അനുകമ്പയില്ലാത്ത അങ്കിള്‍ സ്‌ക്രൂജുമാര്‍ എത്രയും വേഗം ക്രിസ്ത്മസ് കാരളിന്റെ ഒരു പ്രതി സംഘടിപ്പിക്കാനും വായിച്ചുനോക്കാനും അപേക്ഷ. നിങ്ങളുടെ ജീവിതം അപ്രതീക്ഷിതമാം വിധം മാറിപ്പോയേക്കാം. 

ഒരു കുറ്റവാളിയുടെ വിദഗ്ധോപദേശ പരീക്ഷണങ്ങള്‍


ചെറുപ്പത്തില്‍ വായിച്ച ഏതോ ഒരു ഷെര്‍ലക്ക് ഹോംസ് സംക്ഷിപ്തരൂപത്തിന്റെ ആമുഖത്തില്‍ എഡിറ്റര്‍ പറയുന്നത് ഇങ്ങനെയാണ്. (ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തുന്നത്). “സ്വാധീനിക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍ മക്കള്‍ക്കോ വളര്‍ത്തുജന്തുക്കള്‍ക്കോ ഒക്കെ ആളുകള്‍ ഇടാറുണ്ട്. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് എന്ന പേര് മാത്രം ആരും അങ്ങനെ ചാടിക്കയറി ഇടില്ല. അത്ര ബുദ്ധിശാലിയായില്ലെങ്കില്‍ ആ പേര് വലിയ ഒരു ഭാരമായിത്തീരും. ഒരു പക്ഷെ പേരിന്റെ ഉടമ ഒരു കോമാളിവേഷമായി മാറാനും മതി.” ഷെര്‍ലക്ക് ഹോംസ് ആരാധനയുടെയും അമ്പരപ്പിന്റെയും അന്തരീക്ഷത്തില്‍ സംഗതി ശരിയാണല്ലോ എന്ന് എനിക്കും തോന്നി. എം ടി തന്റെ കഥയിലെ പൂച്ചക്ക് പേരിട്ടതൊഴിച്ചാല്‍ വേറെ എവിടെയും ഞാന്‍ ഷെര്‍ലക്ക് എന്ന പേര് കണ്ടിട്ടില്ല. പൂച്ചകള്‍ വലിയ ബുദ്ധിജീവികളായതുകൊണ്ട് അവരെക്കൊണ്ട് ആ പേരിന്റെ പ്രൌഡിക്കൊപ്പിച്ച് ജീവിക്കാന്‍ സാധിക്കുമായിരിക്കും.
ഷെര്‍ലക്ക് ഹോംസിനെപ്പറ്റി പിന്നീടൊരിക്കല്‍ എഴുതാം. ഇത്ര പ്രശസ്തനായതുകൊണ്ട് ടിയാനെപ്പറ്റി ഞാന്‍ എഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കാനുമില്ല. എനിക്ക് പറയാനുള്ളത് പ്രൊഫസര്‍ ജെയിംസ് മോറിയാര്‍ട്ടിയെപ്പറ്റിയാണ്. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച ഷെര്‍ലക്ക് ഹോംസിനോളവും വാട്സണോളവും തന്നെ മികച്ച കഥാപാത്രമാണ് പ്രൊഫസര്‍ ജയിംസ് മോറിയാര്ട്ടി. ഡോയലിന്റെ നാലാമത്തെയും അവസാനത്തെതുമായ ഷെര്‍ലക്ക് ഹോംസ് നോവല്‍ ഭീതിയുടെ താഴ്വര (The Valley of Fear)യില്‍ മോറിയാര്‍ട്ടിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “മോറിയാര്‍ട്ടിയെ കുറ്റവാളിയെന്നു വിളിച്ചാല്‍ നിയമത്തിനുമുന്നില്‍ നിങ്ങള്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നേവരൂ- അതാണ്‌ അതിലെ അത്ഭുതവും മേന്മയും! എക്കാലത്തെയും ഏറ്റവും മികച്ച ഗൂഡാലോചനക്കാരനാണ് അയാള്‍. ഓരോ കുറ്റകൃത്യവും നിര്‍ണ്ണയിക്കുന്ന, അധോലോകത്തെ കൈപ്പിടിയിലൊതുക്കുന്ന തലച്ചോറ്. രാജ്യങ്ങളെ വളര്‍ത്താനോ തളര്‍ത്താനോ കെല്‍പ്പുള്ളവന്‍, അതാണ്‌ മോറിയാര്‍ട്ടി!  എന്നാല്‍ എല്ലാ സംശയങ്ങളില്‍നിന്നും അയാള്‍ ഒഴിഞ്ഞുനില്‍ക്കും. ഒരു കുറ്റാരോപണവും അയാളിലെത്തില്ല. അത്ര കറകളഞ്ഞതാണ് അയാളുടെ നിയന്ത്രണം. അത്ര സൂക്ഷ്മതയോടെയാണ് അയാള്‍ തന്നെത്തന്നെ മായ്ച്ചുകളയുന്നത്. ഈ വാക്കുകള്‍ പറഞ്ഞതുകൊണ്ടുതന്നെ അയാള്‍ക്ക് നിങ്ങളുടെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കഴിയും. പിന്നെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ അതിനുവേണ്ടി ചെലവഴിക്കേണ്ടി വരും.” (സ്വതന്ത്രവിവര്‍ത്തനം)
സിനിമയിലും സാഹിത്യത്തിലുമൊക്കെയായി നാം പരിചയപ്പെട്ടിട്ടുള്ള വില്ലന്മാരില്‍ ഏറ്റവും മികച്ച ഒരാളുടെ വാങ്മയചിത്രമാവും ഇത്. എന്നിട്ടും ഡോയല്‍ തന്റെ കഥകളില്‍ ആകെ രണ്ടെണ്ണത്തില്‍ മാത്രമേ മോറിയാര്‍ട്ടിയുടെ കഥാപാത്രത്തെ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നത് ആശ്ചര്യകരമാണ്. The Final Problem, The Valley of Fear എന്നീ രണ്ടുകഥകളില്‍ മാത്രമാണ് മോറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്നത്. The Empty House, The Norwood Builder, The Missing Three-Quarter, The Illustrious Client, His Last Bow എന്നീ കഥകളില്‍ മോറിയാര്‍ട്ടിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഷെര്‍ലക്ക് ഹോംസിനെപ്പറ്റി വിവരിക്കുന്നത്ര അധികം വാക്കുകളില്‍ മോറിയാര്‍ട്ടിയെപ്പറ്റി പറയുന്നില്ലെങ്കിലും കഥാപാത്രത്തിന്റെ  തികവിനോ ആ കഥാപാത്രമുളവാക്കുന്ന പ്രതീതിക്കോ കുറവൊന്നുമുണ്ടാകുന്നില്ല എന്നതാണ് സത്യം.
 ജിം മോറിയാര്‍ട്ടി തന്നെ ഷെര്‍ലക്കിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഓരോ അപസര്‍പ്പകകഥയിലും ഒരു പഴഞ്ചന്‍ രീതിയിലുള്ള വില്ലന്‍ വേണം. ഞാന്‍ ഇല്ലെങ്കില്‍ നീ ഒന്നുമല്ല. കാരണം നമ്മള്‍ ഒരേ പോലെയാണ്. ആകെയുള്ള വ്യത്യാസം നീ ഒരു ബോറനാണ് എന്നതാണ്. നീ മാലാഖമാരുടെ പക്ഷത്താണ്.
ഷെര്‍ലക്ക് പുനരാവിഷ്കരണങ്ങള്‍
വായനക്കാരെയോ കാഴ്ച്ചക്കാരെയോ ഒക്കെ കൂടെനിറുത്താനുതകുന്ന ഒരു പ്രധാനഘടകം എന്നും ഷെര്‍ലക്കിനുണ്ട്. സസ്പെന്‍സ്. അതുകൊണ്ടു തന്നെ ഇന്നുവരെ എത്ര ഷെര്‍ലക്ക് പുനരാവിഷ്കരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുക്കുന്നതില്‍ വലിയ കാര്യമില്ല. ഓരോരോ കാലത്തും കാലത്തിനുചേരുന്ന രീതിയില്‍ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് യാതൊരു കോട്ടവും വരാതെ കഥകള്‍ പുനസൃഷ്ടിക്കാന്‍ ഷെര്‍ലക്ക് ഹോംസിനെ തൊടുന്നവര്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഇതില്‍ ഏറ്റവും പുതിയതും ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതും ബിബിസിയില്‍ ഒന്നും രണ്ടും സീസണ്‍ പ്രക്ഷേപണം കഴിഞ്ഞ് മൂന്നാം സീസണ്‍ തുടങ്ങാനായി കാഴ്ചക്കാരെ ആകാംഷയുടെ പറഞ്ഞുപഴകിയ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന ഷെര്‍ലക്ക് എന്ന സീരിയലാണ്. ഷെര്‍ലക്ക് സീരിയലിന്റെ ആരാധകര്‍ മൂന്നാം സീസണ്‍ ഇറങ്ങുന്നതിനും അതിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനും ഒക്കെ മുന്‍പ് തന്നെ കഥകള്‍ ഏതൊക്കെയാവും, എന്തൊക്കെ സംഭവിക്കും എന്നൊക്കെയുള്ള ഊഹാപോഹങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 1887ല്‍ പുറത്തിറങ്ങിയ ഷെര്‍ലക്ക് ഹോംസ് കഥകള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ട് ഏറെ കൊല്ലം കഴിഞ്ഞെങ്കിലും ആളുകളുടെ ആവേശമോ താല്‍പ്പര്യമോ ഒട്ടും കുറഞ്ഞിട്ടില്ല. ഷെര്‍ലക്ക് സീരിയലാവട്ടെ പഴയ കാലവും കഥയും പുനസൃഷ്ടിക്കുന്നതിനുപകരം വര്‍ത്തമാനകാലത്തില്‍ നടക്കുന്നതായാണ് കഥകളെ സമീപിക്കുന്നത്. ഐ ഫോണ്‍ ഉപയോഗിക്കുന്ന ഷെര്‍ലക്ക് ഹോംസ്, ഷെര്‍ലക്ക് ഹോംസിന്റെ കേസുകളെപ്പറ്റി ബ്ലോഗ്‌ എഴുതുന്ന വാട്സന്‍, കമ്പ്യൂട്ടര്‍ കോഡ് വിദഗ്ധനായ ജിം മോറിയാര്‍ട്ടി എന്നിങ്ങനെ പറിച്ചുനടല്‍ അങ്ങേയറ്റം രസകരവും ബുദ്ധിപരവുമായി ചെയ്തിട്ടുണ്ട്. പഴയ കഥയില്‍ പുതിയ കാലത്തെ കൊണ്ടുവരുന്നതിന്റെ യാതൊരു മുഴച്ചുനില്‍ക്കലും സീരിയല്‍ കണ്ടാല്‍ തോന്നുകയേയില്ല. ഷെര്‍ലക്ക് ഹോംസ് വായിച്ച ആരാധകരെയും ഷേര്‍ലക്ക് ഹോംസ് കഥകള്‍ പരിചയമില്ലാത്തവരെയും ഈ സീരിയല്‍ ഒരേ അളവില്‍ പിടിച്ചുനിറുത്തുന്നുണ്ട്. കഥയിലെ സസ്പെന്‍സ് കൊണ്ടും ഷെര്‍ലക്കിന്റെ ബുദ്ധിവൈഭവം കൊണ്ടും പുതിയ കാഴ്ചക്കാര്‍ ഉത്സാഹത്തിലാകുമ്പോള്‍ കറകളഞ്ഞ ഷെര്‍ലക്ക് ഹോംസ് ആരാധകര്‍ ഓരോ കഥയും എങ്ങനെ നന്നായി പഴയതില്‍ നിന്ന് പുതിയകാലത്തിലേയ്ക്ക് പറിച്ചുനട്ടിരിക്കുന്നു എന്ന് നോക്കാനാണ് ശ്രമിക്കുന്നത്. എന്തൊക്കെയായാലും എല്ലാത്തരം കാഴ്ചക്കാരെയും രസിപ്പിക്കുന്ന ഒരു പുനരവതരണം തന്നെയാണ് ഈ ബിബിസി സൃഷ്ടി.
ജയിംസ് മോറിയാര്‍ട്ടി ജിം മോറിയാര്‍ട്ടിയായി മാറുമ്പോള്‍
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ക് ഹോംസില്‍ നിന്നും ബിബിസി ഷെര്‍ലക്കില്‍ എത്തുമ്പോള്‍ ഉള്ള പ്രധാനമാറ്റങ്ങളില്‍ ഒന്ന് മോറിയാര്‍ട്ടിക്ക് വരുന്ന മാറ്റമാണ്. ഷെര്‍ലക്ക് ഹോംസ് അന്നും ഇന്നും നന്മയുടെ പാതയില്‍ നടക്കുന്ന ഒരു മാലാഖയൊന്നുമല്ല. ഹോംസിനെ ആകര്‍ഷിക്കുന്നത് ബുദ്ധിയുപയോഗിച്ച് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നതിലുള്ള ആവേശം മാത്രമാണ്. ഭൂമിയില്‍ നന്മ പുനസ്ഥാപിച്ചുകളയാം എന്ന സൂപ്പര്‍ ഹീറോ ലക്ഷ്യമൊന്നും ഹോംസിനില്ല. അത് പഴയ ഹോംസിനും ഇല്ല, പുതിയ ആള്‍ക്കുമില്ല. എന്നാല്‍ പണ്ടത്തെ ഹോംസിനെക്കാള്‍ ബിബിസി ഹോംസിനെ ഒരു ഹീറോ ആക്കി നിലനിര്‍ത്താന്‍ മോറിയാര്‍ട്ടിക്ക് വലിയ പങ്കു കഥയുടെ പുനരാഖ്യാനം കല്‍പ്പിച്ചു നല്‍കുന്നുണ്ട്. നിരുപദ്രവകരമായ കേസുകള്‍ തെളിയിക്കല്‍ കൂടി പഴയ ഹോംസ്  ചെയ്യാറുണ്ടായിരുന്നുവെങ്കില്‍ പുതിയ ചിത്രീകരണത്തില്‍ എല്ലാത്തിനും പിന്നില്‍ ഒരു പ്രധാനശക്തിയായി ജിം മോറിയാര്‍ട്ടി നിലകൊള്ളുന്നു. മോറിയാര്‍ട്ടിയുമായുള്ള രസം പിടിച്ച കളിയാണ് ഷെര്‍ലക്കിനെ നന്മയുടെ പക്കല്‍ നിറുത്തുന്നത്. ഒരേ തരം ചിന്താശേഷിയും ഒരേ തരം ഭ്രാന്തുമുള്ളവരായാണ് ഇതില്‍ ഷെര്‍ലക്കിനെയും മോറിയാര്‍ട്ടി യെയും അവതരിപ്പിച്ചിരിക്കുന്നത്. ജിം മോറിയാര്‍ട്ടി തന്നെ ഷെര്‍ലക്കിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഓരോ അപസര്‍പ്പകകഥയിലും ഒരു പഴഞ്ചന്‍ രീതിയിലുള്ള വില്ലന്‍ വേണം. ഞാന്‍ ഇല്ലെങ്കില്‍ നീ ഒന്നുമല്ല. കാരണം നമ്മള്‍ ഒരേ പോലെയാണ്. ആകെയുള്ള വ്യത്യാസം നീ ഒരു ബോറനാണ് എന്നതാണ്. നീ മാലാഖമാരുടെ പക്ഷത്താണ്.” കുറ്റകൃത്യങ്ങള്‍ സ്കോട്ട്‍ലന്റ് യാര്‍ഡിനു തെളിയിക്കാനാകാതെ വരുമ്പോള്‍ അവര്‍ വിദഗ്ധോപദേശം തേടുന്ന ഡിറ്റക്ടീവാണ് ഷെര്‍ലക്ക് ഹോംസ്. ഒരുപക്ഷെ പിന്നീടുവന്ന ആയിരക്കണക്കിന് ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ പ്രാഗ് രൂപമാണ് ഹോംസ്. അതേപോലെ തന്നെ ലോകത്തുനടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെല്ലാം വിദഗ്ധോപദേശം നല്‍കുന്ന ഒരു കണ്‍സല്‍ട്ടിംഗ് ക്രിമിനല്‍ ആയാണ് ജിം മോറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്നത്. രൂപത്തിലും ഭാവത്തിലുമൊക്കെ പഴയ പ്രൊഫസര്‍ ജയിംസ് മോറിയാര്‍ട്ടിയില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ജിം. പഴയ കഥയില്‍ ഒരു അദൃശ്യനിഴലായി നിന്നുകൊണ്ട് വയസന്‍ പ്രൊഫസര്‍ മോറിയാര്‍ട്ടി ഭീതി സൃഷ്ടിച്ചിരുന്നുവെങ്കില്‍ വെറുതെ ബോറടി മാറ്റാന്‍ ഷെര്‍ലക്കിന്റെ കൂടെ കള്ളനും പോലീസും കളിക്കാന്‍ ഒരുങ്ങുന്ന തമാശക്കാരന്‍ സൈക്കോട്ടിക്ക് പയ്യനാണ് പുതിയ മോറിയാര്‍ട്ടി. ജിമ്മും ഷെര്‍ലക്കുമായുള്ള ഒരു സംഭാഷണം ഒന്ന് കണ്ടുനോക്കുന്നത് രസകരമായിരിക്കും.http://www.youtube.com/watch?v=YN7DYPJLXkc
എന്തൊക്കെയായാലും അമ്പരപ്പിക്കുന്ന വില്ലന്മാരില്‍ അഗ്രഗണ്യനാണ് മോറിയാര്‍ട്ടി. എന്ന് നിസ്സംശയം പറയാം. മറ്റെല്ലാത്തിന്റെയും പ്രാധാന്യം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിക്കളയുന്ന കട്ടപിടിച്ച ഇരുട്ടുപോലെ ഒരു കഥാപാത്രമാണ് അയാള്‍. ഷെര്‍ലക്ക് ഹോംസ് തന്നെ പറയുന്നതുപോലെ അയാള്‍ ഉണ്ടോ അതോ ഇല്ലയോ, അയാള്‍ തന്നെയാണോ ശരിയായ വില്ലന്‍, അതോ അയാള്‍ ഒരു സാധാരണ അഭിനേതാവ് മാത്രമാണോ, ഇതെല്ലാം കണ്ടുകൊണ്ടും ഈ കോളം വായിച്ചുകൊണ്ടും ശരിക്കുള്ള മോറിയാര്‍ട്ടി വേറെയെവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്നൊക്കെ സന്ദേഹിച്ചുകൊണ്ട് നിറുത്താം.

ആഖ്യാതാവ് മരണംഭാഷയിലേയ്ക്കും കവിതയിലെയ്ക്കും ഉള്ള ആദ്യ പ്രവേശികകള്‍ പള്ളിപ്പാട്ടുകളായിരുന്നു. അതില്‍ തന്നെ മരണഒപ്പീസുകള്‍ക്കുള്ള ഭാഷാസൗന്ദര്യവും തീക്ഷ്ണതയും അന്നുകേട്ട പാട്ടുകളില്‍ വേറെയൊന്നിനും തോന്നിയിരുന്നില്ല. ഒപ്പീസുകള്‍ക്കിടയില്‍ “ചെന്തീപോലൊരു മാലാഖ” എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേടിച്ചിരുന്നു, മരണം വരുന്നത് തീപോലെ ചുവന്ന ഒരു മാലാഖയുടെ രൂപത്തിലാവും എന്ന് വിചാരിച്ചിരുന്നു, എനിക്ക് ജീവിതം ഉപേക്ഷിച്ചുപോകേണ്ട എന്ന കേണുപറച്ചിലുകളെ തീരെ വകവയ്ക്കാത്ത ദയാശൂന്യനായ ഒരു മാലാഖ. എന്തായാലും വായനയുടെ ലോകം മാര്‍ക്കസ് സുസാക്കിന്റെ “ദി ബുക്ക് തീഫില്‍” എത്തിനില്‍ക്കുമ്പോള്‍  മരണം രസികനായ ഒരു ആഖ്യാതാവായി മാറുന്നു. മരണം എന്ന കഥാപാത്രം ചരിത്രാതീതകാലം മുതല്‍ മനുഷ്യരുടെ സങ്കല്‍പ്പത്തിലുണ്ട്. യമരാജനായും ഗ്രിം റീപ്പറായും മരണദൂതനായ മാലാഖയായും കാലങ്കോഴിയായും ഒക്കെ പല സംസ്കാരങ്ങളിലും മരണം നിറയുന്നു. പുരുഷരൂപത്തിലും സ്ത്രീരൂപത്തിലും മരണം ചിത്രീകരിക്കപ്പെടാറുണ്ട്. മരണമടഞ്ഞ ഭാര്യയെ പാതാളലോകത്തോളം ചെന്ന് തിരിച്ചുകൊണ്ടുവന്ന ഒര്ഫിയസിന്റെ കഥയും ആത്മാവിനെ വരിഞ്ഞുകെട്ടി നരകത്തിലെത്തിക്കുന്ന യമരാജനും ഒക്കെ മനുഷ്യന്റെ മരണസങ്കല്‍പ്പങ്ങളുടെ മിഴിവാര്‍ന്ന ചിത്രങ്ങളാണ്. ബുക്ക് തീഫ് എന്ന നോവലില്‍ മരണം മാനുഷികവികാരങ്ങളുള്ള ഒരു കഥപറച്ചിലുകാരനാകുന്നു. മരണത്തിന് മരണങ്ങള്‍ കണ്ടുമടുക്കുന്നുണ്ട്, വിശ്രമം ആഗ്രഹിക്കുന്നുണ്ട്, തമാശകള്‍ പറയുന്നുമുണ്ട്. “എന്നെ മനുഷ്യര്‍ വേട്ടയാടുന്നു” എന്ന് പറയുന്ന ഒരു മരണം ഒരുതരത്തില്‍ നോക്കിയാല്‍ രസികന്‍ തന്നെയാണ്. മരണത്തിനും ഒരു ഹൃദയമുണ്ടെന്നാണ് നോവലിന്റെ പക്ഷം. ഓടുന്ന ചെറുപ്പക്കാര്‍ എല്ലാവരും കരുതും തങ്ങള്‍ മറ്റുള്ള ചെറുപ്പക്കാരോട് മത്സരിച്ചാണ്‌ ഓടുന്നതെന്ന്. എന്നാല്‍ സത്യത്തില്‍ അവര്‍ തന്റെ അരികിലെയ്ക്കാണ് ഓടിയെത്തുന്നതെന്ന് പറയുന്ന ചതുരനായ മരണമാണ് പുസ്തകത്തില്‍ കഥ പറയുന്നത്.ബുക്ക് തീഫ് എന്ന പുസ്തകം കൗമാരകാലവായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ പലരും ഇതിനെ ജൂതകൂട്ടക്കൊലക്കാലത്തെ ഹാരിപോട്ടര്‍ കഥ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സംഗതി സത്യവുമാണ്. മ്യൂണിച്ചിനടുത്തുള്ള മോള്‍ച്ചിങ്ങ് എന്ന ജര്‍മ്മന്‍ ടൌണിലാണ് കഥ നടക്കുന്നത്. ഒന്‍പതുവയസുള്ള ലിസല്‍ മേമിന്ഗര്‍ എന്ന പുസ്തകമോഷ്ടാവ് വളര്‍ത്തുമാതാപിതാക്കളുടെ അടുത്ത് എത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. അവള്‍ മോഷ്ടിക്കുന്ന ആദ്യത്തെ പുസ്തകം “കുഴിവെട്ടുകാരന്റെ കൈപ്പുസ്തക”മാണ്. അത് കിട്ടുന്നതോ അവളുടെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന ദിവസവും. ആദ്യത്തെ പുസ്തകമോഷണം നടക്കുമ്പോള്‍ അവള്‍ക്ക് വായിക്കാനറിയില്ല, സ്കൂളില്‍ അവള്‍ അതിന്റെ പേരില്‍ പിന്നീട് പരിഹാസപാത്രവുമാകുന്നുണ്ട്. അവളുടെ വളര്‍ത്തുപിതാവാണ് അവളെ വായിക്കാന്‍ പഠിപ്പിക്കുന്നത്‌.ലിസലിന്റെ വളര്‍ച്ചയിലൂടെ തന്നെ നോവലില്‍ നാസി പാര്‍ട്ടിയുടെ വളര്‍ച്ചയും രേഖപ്പെടുന്നു. ലിസല്‍ ജര്‍മന്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹിറ്റ്ലര്‍ സംഘടനയില്‍ അംഗമാകുന്നുമുണ്ട്. എന്നാല്‍ അവരുടെ വീട്ടില്‍ അവര്‍ ഒളിപിച്ചുതാമസിപ്പിക്കുന്ന ജൂതയുവാവ് ലിസലിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറുന്നുണ്ട്. ജൂതനായ മാക്സിനെ രക്ഷപെടാന്‍ സഹായിക്കുന്നത് ഹിറ്റ്‌ലറുടെ മേഇന്‍ കാംഫ് എന്ന പുസ്തകമാണ് എന്നത് രസകരമായി മെനഞ്ഞെടുത്ത ഒരു വൈപരീത്യമാണ് കഥയില്‍. നാസി അംഗങ്ങള്‍ ജൂതപുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്ന തീക്കൂനയില്‍ നിന്നാണ് ലിസല്‍ അവളുടെ രണ്ടാമത്തെ പുസ്തകം മോഷ്ടിക്കുന്നത്. പകുതിവെന്ത പുസ്തകം ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചത് അവളെ അക്ഷരാര്‍ത്ഥത്തില്‍  പൊള്ളിക്കുന്നുണ്ട്. ശരിക്കും ഹാരിപോട്ടര്‍ നോവലുകളുടെ ശൈലിയിലുള്ള സാഹസികകഥ തന്നെയാണ് ബുക്ക് തീഫും. ആകെയുള്ള മാറ്റം ഭീകരസത്വങ്ങള്‍ക്കും ലോര്‍ഡ്‌ വോള്‍ഡര്‍മോട്ടിനും പകരമായി ഇതിലുള്ളത് സാക്ഷാല്‍ ഹിറ്റ്‌ലര്‍ തന്നെയാണ് എന്ന് മാത്രം. മനുഷ്യമുഖമുള്ള മരണംകഥ നടക്കുന്നത് നാസി ജര്‍മനിയിലായതുകൊണ്ടുതന്നെ മരണങ്ങള്‍ പുസ്തകത്തിലുടനീളം ഉണ്ട്. മരണമാണ് കഥയിലൂടെ വായനക്കാരെ നയിക്കുന്നത്. മരണത്തിന്റെ സംഭാഷണങ്ങള്‍ കേട്ടാല്‍ പേടിപ്പിക്കുന്ന സത്വം എന്നൊന്നും തോന്നില്ല, മറിച്ച് മരണം ഒരു സാധാരണമനുഷ്യനാണ് എന്നാണ് തോന്നുക. മരണത്തിന് സന്തോഷങ്ങളും ദുഖങ്ങളുമുണ്ട്. നാസി ജര്‍മനിയുടെ മൂര്‍ധന്യത്തില്‍ അവധിയില്ലാതെ പണിയെടുത്ത് മരണം വിഷാദത്തില്‍ അകപ്പെടുന്നുപോലുമുണ്ട്. ഓരോ മനുഷ്യമരണവും തന്നെ കൂടുതല്‍ വിഷാദത്തിലാഴ്ത്താതിരിക്കാനായി മരണം ഓരോരുത്തരും മരിക്കുന്ന സമയത്തെ ആകാശത്തിന്റെ നിറം ഒക്കെ നോക്കിനില്‍ക്കലാണ് പതിവ്. തന്‍റെ ജോലിക്ക് കൂടുതല്‍ അര്‍ഥം കണ്ടെത്താനായി മരണം പല ശ്രമങ്ങളും നടത്താറുണ്ട്‌. ധൈര്യശാലികളായ മനുഷ്യരുടെ ജീവിതകഥകള്‍ ശേഖരിക്കുകയാണ് അതിലൊന്ന്. അങ്ങനെയാണ് ലിസലും മരണത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. “നീയും നിന്റെ മനുഷ്യായുസ്സും വിലയേറിയതാണെന്ന് എന്നെ ബോധ്യപ്പെടുത്തലാണ് ഈ കഥ” എന്നാണ് മരണം ലിസലിനെ പറ്റി പറയുന്നത്. മനുഷ്യര്‍ക്ക്‌ എങ്ങനെ ഇത്രയും വൈരൂപ്യവും സൌന്ദര്യവും ഒരുമിച്ച് തങ്ങളുടെയുള്ളില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നു എന്നതാണ് മരണത്തെ അത്ഭുതപ്പെടുത്തുന്നത്. ഇത്രമേല്‍ ഇരുളും വെളിച്ചവും ഒരുമിച്ച് എങ്ങനെ മനുഷ്യരുടെ മനസ്സില്‍ നിറയുന്നുവെന്നത് മരണത്തിന് മനസിലാക്കാനാകുന്നില്ല. എന്നാല്‍ ഇതൊന്നും മരണം ലിസലിനോട് പറയുന്നില്ല. ആകെ അവളോട്‌ പറയുന്നത് “എന്നെ മനുഷ്യര്‍ വേട്ടയാടുന്നു” എന്ന് മാത്രമാണ്. മരണത്തെ വേട്ടയാടുന്ന മനുഷ്യര്‍ ഭൂമിയില്‍ മരിക്കാതെ അവശേഷിക്കുന്നവരാണ്. പൂര്‍ത്തിയാകാത്ത അവരുടെ കഥകളാണ് മരണത്തിന്റെ സമാധാനം കെടുത്തുന്നത്. മരണമല്ല ആളുകളുടെ ജീവനെടുക്കുന്നത്, ജീവിതമാണ്‌. ആളുകള്‍ മരിക്കുന്നതുകൊണ്ട് മാത്രമാണ് മരണം നിലനില്‍ക്കുന്നത്. മാത്രമല്ല ഇതില്‍ മരണം ആയുധങ്ങളോ വരിഞ്ഞുകെട്ടാന്‍ കയറോ കൊണ്ടുനടക്കുന്നില്ല. മരണത്തെ കണ്ടാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ആകാംക്ഷയുള്ളവര്‍ കണ്ണാടിയെടുത്ത് നോക്കാനാണ് മരണം ആവശ്യപ്പെടുന്നത്. മരണമാണ് മനുഷ്യരെ തുല്യരാക്കുന്നത്, മരണമാണ് ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഏറ്റവും വലിയ മാനവികത. 


mediaone link 

എന്റെ കാലീപീലീ പെണ്ണുങ്ങള്‍

ഇത് എന്റെ ചുറ്റും ഞാന്‍ കണ്ടുപരിചയിച്ചു, സ്നേഹിച്ചുവളര്‍ന്ന ചിലരെപ്പറ്റിയാണ്. വളരെ സ്വകാര്യമായ ഓര്‍മ്മകള്‍, വീട്ടുകാര്യങ്ങള്‍, സ്വകാര്യങ്ങള്‍. എന്റെ ഈ ചുരുങ്ങിയ ജീവിതകാലയളവില്‍ ഞാന്‍ കണ്ട പെണ്ണുങ്ങളില്‍ കുറഞ്ഞത് എഴുപത് ശതമാനമെങ്കിലും നേഴ്സുമാരാണ്. എന്റെ സഹോദരിമാര്‍, എന്റെ കൂട്ടുകാരികള്‍, എന്റെ നാത്തൂന്‍മാര്‍, എന്റെ ആന്റിമാര്‍, എന്റെ അയല്‍ക്കാരികള്‍, എന്റെ നാട്ടുകാരികള്‍, എല്ലാവരും നേഴ്സ്മാരാണ്. എന്റെ ചുറ്റുമുള്ള ലോകം ഇങ്ങനെ നിലനിന്നുപോകുന്നത് ഈ പറയുന്ന 'കാലീപീലീ' നേഴ്സുമാരുടെ കഷ്ടപ്പാടിന്റെ പുറത്താണ്. അതില്‍ കറുത്തവര്‍, വെളുത്തവര്‍, തടിച്ചവര്‍, മെലിഞ്ഞവര്‍, സുന്ദരികള്‍, മിടുക്കികള്‍, കേമികള്‍, തന്റേടികള്‍, ചുണക്കുട്ടികള്‍, അയ്യോപാവത്തികള്‍ എന്നിങ്ങനെ ഒരുപാടുതരം പെണ്ണുങ്ങള്‍ പെടും. ഇവരില്‍ ആരുടെയെങ്കിലും ശ്വാസം വീഴുന്നിടത്ത് പോലും കുമാര്‍ വിശ്വാസ് പെടാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ എണ്ണിയാല്‍ തീരാത്ത എന്റെ മലയാളി നേഴ്സ് സമുദ്രത്തില്‍ നിന്നും ചിലരെ പരിചയപ്പെടുത്താം.

പ്രസംഗതിലകം ജിന്‍സി
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ജിന്‍സി ഇന്ത്യയുടെ എതെങ്കിലുമൊരു ഭാഗത്തുപോയി പ്രസംഗിച്ച് സമ്മാനവുമായി വന്നതിന്റെ വിശേഷം പങ്കുവയ്ക്കാനില്ലാത്ത്ത ഒരു അസംബ്ലി പോലും സ്കൂളില്‍ ഉണ്ടാകുമായിരുന്നില്ല. ഒരു മൈക്കിനു മുന്നില്‍ നിറുത്തിയാല്‍ പിന്നെ ജിന്‍സിക്കു മുന്നിലേയ്ക്ക് വാക്കുകള്‍ ഒഴുകിയാണ് എത്തുക. ഒരു മലയാളിപ്പെണ്‍ ആയി ജനിക്കുന്നതിനുപകരം ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണായി ജനിച്ചിരുന്നെങ്കില്‍ അവള്‍ ചിലപ്പോള്‍ കുമാര്‍ വിശ്വാസിനെ വാക്ചാതുരിയില്‍ തോല്‍പ്പിച്ചേനെ. പക്ഷെ ജീവിതം അവളെ ഒരു നേഴ്സ് ആക്കി മാറ്റി. വേറെ എന്തെങ്കിലും ജോലിയെപ്പറ്റിയോ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെപ്പറ്റിയോ ജിന്‍സി ചിന്തിച്ചിരുന്നോ എന്നറിയില്ല. ഒരുപാട് സാമ്പത്തിക പരാധീനതകള്‍ അവളുടെ വീട്ടിലുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാന്‍ പോവുക, അതുകഴിഞ്ഞ് വിദേശത്ത് ജോലി സമ്പാദിക്കുക, കുടുംബപ്രാരാബ്ദങ്ങള്‍ എങ്ങനെയെങ്കിലും ഒന്നൊതുക്കുക എന്നൊക്കെ മാത്രമായിരുന്നു അവള്‍ ചിന്തിച്ചിരുന്നത് എന്ന് തോന്നുന്നു.

പ്ലസ്ടുവിന് കിട്ടുന്ന ഉയര്‍ന്നമാര്‍ക്കാണ് ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകം എന്ന് കരുതിയിരുന്ന കാലം. സ്റ്റഡീലീവ് എന്ന് പറഞ്ഞ് കിട്ടുന്ന ഒരു മാസം വീട്ടുപര്യമ്പുറങ്ങളില്‍ കൂടി തെണ്ടിത്തിരിഞ്ഞുനടന്ന് കളയാതെ എങ്ങനെയെങ്കിലും ഉന്നതവിജയം കരസ്ഥമാക്കിയേതീരൂ എന്ന് ഞങ്ങള്‍ ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കുന്ന കൂട്ടുകാരികള്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നാല്‍ ശരിയാകില്ല, നമ്മുടെയൊന്നും വീടുകളില്‍ ആ പ്രത്യേക പഠനാന്തരീക്ഷം ഇല്ലല്ലോ. ഒരുമാസത്തെ ഹോസ്റ്റല്‍ ഫീസും മുടക്കി സ്കൂള്‍ഹോസ്റ്റലില്‍ നിന്ന് കമ്പയിന്‍ട് സ്റ്റഡി നടത്തി അതുവരെയുള്ള പഠനനിലവാരത്തകര്‍ച്ചയ്ക്ക് ഒരുമാറ്റം വരുത്താന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു. ജിന്‍സി മാത്രം പറഞ്ഞു, “കാശ് ഒരു പ്രശ്നമാണെടീ”. വീട്ടിലെ പലവിധ ഞെരുക്കങ്ങള്‍ക്കിടയില്‍ ഹോസ്റ്റലില്‍ കൊടുക്കാനുള്ള പൈസ പെട്ടെന്ന്‍ എവിടുന്നും പൊട്ടിമുളയ്ക്കില്ലല്ലോ. എന്തായാലും പറഞ്ഞദിവസം തന്നെ ജിന്‍സിയും കന്യാസ്ത്രീമാര്‍ക്ക് ഒരുമാസത്തെ ഫീസ്‌ കൊണ്ടുക്കൊടുത്തു. അവളുടെ അരപ്പവന്റെ മാല കുറച്ചധികം നാള്‍ സഹകരണബാങ്കില്‍ പണയപ്പണ്ടമായിരുന്നു. എന്നാലും റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ക്ക് തന്നെയായിരുന്നു ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്.


ആദ്യത്തെ കൂട്ടുകാരി
ഏറ്റവും ആദ്യത്തെ കൂട്ടുകാരി ഇന്ന് വലിയ നേഴ്സമ്മയാണ്. ബി.എസ്.സി - എം.എസ്.സി നേഴ്സ്. എന്റെ ഓര്‍മ്മയിലെ ആദ്യ വിദേശനേഴ്സ് ഇവളുടെ അമ്മയാണ്. അമ്മ അവധിക്കുനാട്ടില്‍ വരിക അവള്‍ക്കെന്നപോലെ ആഘോഷമായിരുന്നു എനിക്കും. ആദ്യമായി വഴിസൈഡിലെ “തല്ലിത്തേങ്ങാ”യല്ലാത്ത മുഴുവന്‍ ബദാംപരിപ്പ് തിന്നുന്നത് അവളുടെ അമ്മ കൊണ്ടുവന്നത് അവള്‍ പങ്കുവെച്ചപ്പോഴാണ്. ഫോറിന്‍ കശുവണ്ടി -ബദാം പരിപ്പ് കൊണ്ടുവരുന്ന ഒരു പരിഷ്ക്കാരിയായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് അന്നത്തെ അവളുടെ അമ്മ. ഗള്‍ഫില്‍ എവിടെയോ ഒരു ആശുപത്രി ഹോസ്റ്റലില്‍ താമസിച്ച്  കഷ്ടപ്പെട്ടു ജോലിചെയ്ത് കിട്ടുന്ന പൈസ മുഴുവന്‍ സ്വരുക്കൂട്ടിവെച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മക്കളെയും ഭര്‍ത്താവിനെയും കണ്ടുള്ള ജീവിതം. അന്ന് അങ്ങനെയൊരു നേഴ്സ് ജീവിതം മനസിലാക്കാനൊന്നും ഉള്ള ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വളര്‍ന്നുവന്ന കാലത്തൊന്നും അമ്മ അരികില്‍ ഉണ്ടാവാഞ്ഞതില്‍ അവള്‍ക്കോ അനിയത്തിമാര്‍ക്കോ പരിഭവമുണ്ടോ എന്നൊന്നും ഞാന്‍ ഇതേവരെ ചോദിച്ചിട്ടില്ല. അവളുടെ അനിയത്തിമാര്‍ക്ക് അവള്‍ അമ്മയും കൂടിയായി മാറുന്നത് ഞാന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രക്ഷകര്‍ത്താവായി മാറിയതാണ് അവള്‍. അവളും അനിയത്തിമാരും അപ്പന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കൂടെ വളരേണ്ടിവന്നത് കുടുംബഭദ്രതയുണ്ടാകാന്‍ വേണ്ടിയും അവരുടെയെല്ലാം ഭാവി സുരക്ഷിതമാകാനും വേണ്ടിയും ഒക്കെയാണ്. അവളും പിന്നീട് ഒരു നേഴ്സ് ആയത് ആരും പറഞ്ഞിട്ടല്ല. ഒരു ജോലി ഉണ്ടാവുക എന്നതിനെക്കാള്‍ ആളുകളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഒക്കെയുള്ള മനസാണ് അവളെ നേഴ്സ് ആക്കിയത്. ഗ്വാളിയോറിലും ഡല്‍ഹിയിലും ബാംഗ്ളൂരിലും കേരളത്തിലും അവള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ നാടുകളിലെയെല്ലാം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്ത് ചുരുങ്ങിയ ശമ്പളത്തിന്റെ ബുദ്ധിമുട്ടുകള്‍ പുറത്തു കാണിക്കാതെ പാറിപ്പറന്നുനടക്കുന്ന അവള്‍ എന്നെ സദാ അത്ഭുതപ്പെടുത്താറുണ്ട്‌.

റിട്ടയേര്‍ഡ് ആര്‍മി നേഴ്സ് അയല്‍ക്കാരി
ഗര്‍ഭത്തിന്റെ അവസാനമാസങ്ങളും കുഞ്ഞുണ്ടായിക്കഴിഞ്ഞുള്ള ആദ്യമാസങ്ങളും അത്ര സുഖകരമൊന്നുമായിരുന്നില്ല. മാസംതികയാതെയുള്ള പ്രസവം തടയാനായി അവസാനമാസങ്ങളില്‍ പരിപൂര്‍ണ്ണ ബെഡ്റെസ്റ്റ്, എങ്ങാനും നേരത്തെ ജനിച്ചുപോയാലോ എന്നുപേടിച്ച് കുഞ്ഞിന്‍റെ ലങ് മച്വരിറ്റി ഉറപ്പുവരുത്താനായും പിന്നെ വേറെന്തൊക്കെയോ ഒക്കെയും കുത്തിവയ്പ്പുകള്‍. ഈ കുത്തിവയ്പ്പുകള്‍ക്ക് വേണ്ടിപ്പോലും യാത്രചെയ്ത് ആശുപത്രിയിലേയ്ക്ക് വരേണ്ട, റിസ്ക്കാണ് എന്ന് പറഞ്ഞ ഡോക്ടര്‍. ഒടുവില്‍ വീട്ടില്‍ വന്ന് കുത്തിവയ്ക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് അയല്‍വക്കത്തുള്ള ഒരാന്റി റിട്ടയര്‍ഡ് ആര്‍മിനേഴ്സ് ആണല്ലോ എന്ന് ഓര്‍മ്മ വരുന്നത്. എഴുപതിനടുത്ത് പ്രായം വരും അവര്‍ക്ക്. മക്കളും കൊച്ചുമക്കളും ഒക്കെയായി വിശ്രമജീവിതത്തിലാണ്. വര്‍ഷങ്ങള്‍ കുറെയായി ഒരു ഇന്‍ജക്ഷന്‍ ഒക്കെയെടുത്തിട്ട്. എങ്കിലും എന്റെ അവസ്ഥ കേട്ടപ്പോള്‍ സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു. എല്ലാ ആഴ്ചയും ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിക്കുക പോലും ചെയ്യുന്നതിനുമുന്‍പ് ആള്‍ വീട്ടിലെത്തി. ഒരു ഉറുമ്പുകടിക്കുന്ന വേദന പോലുമില്ലാതെ കുത്തിവയ്പ്പുകള്‍ നടന്നു. പരിചയസമ്പന്നത എന്നൊക്കെപ്പറഞ്ഞാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞത് അങ്ങനെയാണ്. ഒടുവില്‍ മാസം തികഞ്ഞ് പ്രസവിച്ച് സന്തോഷത്തിന് മധുരം കൊണ്ടുപോയി കൊടുക്കുമ്പോള്‍ ഇനിയും ഈ സീനിയര്‍ നേഴ്സമ്മയുടെ സേവനങ്ങള്‍ വേണ്ടിവരുമെന്ന് ഓര്‍ത്തില്ല. പ്രസവം കഴിഞ്ഞ ആദ്യമാസങ്ങളില്‍ മുലപ്പാല്‍ കെട്ടിനിന്ന് വേദനിച്ച് ഒടുവില്‍ ഇന്‍ഫക്ഷനായി സര്‍ജറിയും ആന്റിബയോട്ടിക്കുകളും ഒരുമാസത്തോളം ദിവസേനയുള്ള ഡ്രസ്സിങ്ങും ഒക്കെ വേണ്ടിവന്നു. വീണ്ടും നേഴ്സമ്മയുടെ പക്കല്‍ അപേക്ഷയുമായി ഞാന്‍. ഒരുമാസം മുഴുവന്‍ ദിവസേന വീട്ടില്‍ വന്ന് ഡ്രസ്സിംഗ് ചെയ്തുതന്ന ആ എഴുപതുകാരിയോട് ഏതുവാക്കില്‍ നന്ദിപറയണമെന്ന് അറിയില്ല.


ഡ്രസിംഗ് ചെയ്തതിനൊപ്പം അവര്‍ അമ്മയായ കാലത്തെപ്പറ്റി പറഞ്ഞുതന്നു. അന്നൊക്കെ വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് നേഴ്സ്മാര്‍ക്ക് പ്രസവാവധി. ഡ്യൂട്ടിസമയം പകുതിയെത്തുമ്പോള്‍ തന്നെ മുലപ്പാല്‍ കെട്ടിനിന്ന് വേദന തുടങ്ങും. ക്വാര്‍ട്ടേഴ്സില്‍ വിശന്നുകിടക്കുന്ന കുഞ്ഞിനെ ഓര്‍ക്കാന്‍ ശ്രമിക്കാതെ ബാത്ത്റൂമില്‍ പോയി പാല്‍ പിഴിഞ്ഞുകളയും. ഒരിക്കല്‍ നേഴ്സ് യൂണിഫോമിനു വെളിയിലേയ്ക്ക് ഉടുപ്പുനനച്ചുകൊണ്ട് പാല്‍ചുരന്നതിന്റെയൊപ്പം കണ്ണും ചുരന്നുപോയെന്നും “യൂ ഗോ ആന്‍ഡ്‌ ഫീഡ് യുവര്‍ കിഡ്, സിസ്റ്റര്‍” എന്ന് ഒരു ഡ്യൂട്ടിഡോക്റ്റര്‍ അനുമതി കൊടുത്തതുമൊക്കെ ഇന്നലെ നടന്നത് എന്ന മിഴിവോടെ എന്നോട് അവര്‍ ഓര്‍ത്തുപറഞ്ഞു. അവര്‍ ചെയ്ത സേവനത്തിനു ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല. താന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത ജോലി ഈ പ്രായത്തിലും കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് വലിയ സംതൃപ്തി തോന്നിയിരുന്നു എന്ന് തോന്നി.

കുഞ്ഞമ്മ, ഹൃദയശസ്ത്രക്രിയാപുലി
എന്റെ ഒരു കുഞ്ഞമ്മ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ സീനിയര്‍ നേഴ്സ് ആണ്. ആര്‍മിയില്‍ നിന്ന്  വോളന്ററി റിട്ടയര്‍മെന്റ് എടുത്തശേഷമാണ് ശ്രീചിത്രയില്‍ ചേരുന്നത്. ഹൃദയശസ്ത്രക്രിയകള്‍ നടക്കുന്ന ഓപ്പറേഷന്‍തിയേറ്ററിനുള്ളില്‍ മാത്രമാണ് പുള്ളിക്കാരിക്ക് ഡ്യൂട്ടി. ഈ സംഗതി കക്ഷി വലിയ അഭിമാനത്തോടെ എടുത്തുപറയുന്ന ഒന്നാണ്. “ഫിലോമിന അസിസ്റ്റ് ചെയ്യാന്‍ ഇല്ലെങ്കില്‍ പ്രശസ്ത സര്‍ജന്‍ ചിലപ്പോള്‍ സര്‍ജറികള്‍ മാറ്റിവയ്ക്കും” എന്ന് പറയുന്നത് ചെറിയ അഹങ്കാരം കൊണ്ടൊന്നുമല്ല. വീട്ടില്‍ വരുമ്പോള്‍ കുഞ്ഞാങ്ങളയ്ക്ക് സ്പെഷ്യല്‍ ആര്‍മി ക്വോട്ട റമ്മും കൊണ്ട് വരുന്ന, ഉച്ചത്തില്‍ ചിരിക്കുന്ന ഈ പ്രതിഭാസം എന്റെ റഫ് ആന്‍ഡ്‌ ടഫ് ഹീറോ ആയിരുന്നു.

പേരമ്മ, ആദിമ കുടുംബരക്ഷക
പേരമ്മ അമേരിക്കയിലെത്തിയ ഒന്നാംതലമുറ നേഴ്സ്മാരുടെ പ്രതിനിധിയാണ്. ഇപ്പോള്‍ ഒരു എണ്‍പത് - എന്പത്തഞ്ച് വയസ് കാണും. മലബാറില്‍ നിന്നും കോട്ടയവും ഡല്‍ഹിയും പിന്നെ അമേരിക്കയും ഓവര്‍ടൈമും തീര്‍ന്നുപോകുന്ന കുടുംബപ്രാരാബ്ദങ്ങളും. ഗ്രീന്‍കാര്‍ഡ് ഫയല്‍ ചെയ്ത് താഴെയുള്ള ആണും പെണ്ണുമായ എല്ലാത്തിനെയും അമേരിക്ക എന്ന വാഗ്ദത്തഭൂമിയിലെത്തിക്കുകയും നാട്ടില്‍ എല്ലാവരുടെയും പേരില്‍ ഭൂമിവാങ്ങാന്‍ പണം കൊടുക്കുകയും പള്ളി, അനാഥമഠം, അവശബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് നിരന്തരം സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്നതിന്റെ തിരക്കില്‍ വിവാഹവും സ്വന്തം ജീവിതവും ഒക്കെ മറന്നുപോയ ഒരാള്‍. ഒടുവില്‍ കൂട്ടിന് ഒരാളൊക്കെ ഉണ്ടായകാലത്ത് പ്രായമൊക്കെ കുറെയങ്ങ് മുന്നോട്ടുപോയി കുട്ടികളൊന്നും ഉണ്ടാകാഞ്ഞ ഒരാള്‍. രണ്ടുകുട്ടികളെ ദത്തെടുത്തുവളര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അവരും തന്നെപ്പോലെ ഈ വിശ്വാസിന്‍റെ ഭാഷയിലെ കാലീപീലി പിള്ളേര്‍ തന്നെയായിരക്കണം എന്ന് വാശിപിടിച്ചയാളാണ് പേരമ്മ. അനാഥാലയത്തില്‍ ഒരുപാട് ചുവന്നു തുടുത്ത റോസാപ്പൂക്കവിളുകാര്‍ ഉണ്ടായിരുന്നല്ലോ മേരിക്കുട്ടീ എന്ന് കുടുംബത്തില്‍ ആരോ ചോദിച്ചപ്പോള്‍ “എന്റെ പിള്ളേരാവുമ്പോള്‍ കണ്ടാല്‍ എന്നെപ്പോലെ ഇരിക്കണ്ടേ” എന്ന് തിരിച്ചുപറഞ്ഞ പേരമ്മയാണ് എന്റെ അള്‍ട്ടിമേറ്റ് കാലീപീലി പെണ്ണ്.


പ്രസവമുറിയിലെ പേരുപോലും ചോദിക്കാന്‍ മറന്ന നേഴ്സ്
ഒരു ദിവസം കേരളത്തിലെ ഒരു ആശുപത്രിയില്‍ നടക്കുന്നത് എത്രയധികം പ്രസവങ്ങളായിരിക്കും? ഒരു ലേബര്‍ റൂമില്‍ ഡ്യൂട്ടിയുള്ള നേഴ്സ് എത്ര സ്ത്രീകളുടെ പ്രസവവേദനകളും കരച്ചിലുകളും കേള്‍ക്കുന്നുണ്ടാകും? ലേബര്‍ റൂമില്‍ ഓരോ തവണ വേദന വരുമ്പോഴും അടുത്തിരുന്ന് സമാധാനിപ്പിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് ഉണ്ട്. ദേ കഴിഞ്ഞല്ലോ, ഇപ്പൊ തീരുമല്ലോ എന്നൊക്കെ പറഞ്ഞ് അങ്ങേയറ്റം പ്രസന്നതയോടെ എനിക്ക് ധൈര്യം തന്ന ഒരു സ്ത്രീ. പ്രസവിച്ചുകഴിഞ്ഞ് എന്നെ ബാത്ത്റൂമിലേയ്ക്ക് പിടിച്ചുനടത്തിക്കൊണ്ടുപോയ സ്ത്രീ, എന്റെ കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ച് വൃത്തിയാക്കിയ സ്ത്രീ, അവനെ ആദ്യമായി എന്റെയരികില്‍ കൊണ്ടുവന്ന് കാണിച്ച സ്ത്രീ, കുഞ്ഞിന് ആദ്യമായി മുലപ്പാല്‍ കൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ... ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ തിരക്കിനും വെപ്രാളത്തിനുമിടയില്‍ പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നുപോയിരുന്നു. സത്യത്തില്‍ അവരുടെ മുഖം പോലും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. അവരുടെ നിറം എന്തായിരുന്നു?കാലീപീലി തന്നെയായിരിക്കണം. അവരോടും ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ എല്ലാ നേഴ്സ്മാരോടും എനിക്കുള്ള നന്ദിയാണ് ഈ കുറിപ്പ്.

അഴിമുഖം ലിങ്ക് 

പൂവും പൂമ്പാറ്റയും വിടരട്ടെ, തലക്കറി ആര്‍ക്കുള്ളതാണ്?

കുട്ടികള്‍ക്കായുള്ള കഥകള്‍ ഏറെ നിഷ്കളങ്കമാണെന്നാണ് പൊതുധാരണ. എന്നാല്‍ രാജകുമാരിമാരുടെയും അവരെ വിവാഹം കഴിക്കുന്ന രാജകുമാരന്‍മാരുടെയും അവരുടെ കൊട്ടാരങ്ങളുടെയും സദ്യകളുടെയും മിന്നുന്ന ആഭരണങ്ങളുടെയും വെളുത്തുമിനുത്ത തൊലിപ്പുറങ്ങളുടെയും വെളിയിലുള്ള കുട്ടികള്‍ ഈ കഥകള്‍ക്ക് എന്തെന്ത് അര്‍ത്ഥമാണ് നല്‍കേണ്ടത്? രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും ഹാപ്പിലി എവര്‍ ആഫ്റ്ററുകള്‍ക്ക് വിരാമമിടുന്ന ഷ്റെക്ക് പോലെയുള്ള കാര്‍ടൂണുകളും മറ്റും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഇന്ത്യന്‍ കഥകളിലും ഒരു ജാതിസ്വഭാവവും എലീറ്റ് ജീവിതവീക്ഷണപ്രസരണവും കാണാവുന്നതാണ്. നെയ്യപ്പം തിന്നുന്ന കുട്ടികളെ നമ്മള്‍ കണ്ടെന്നുവരും, എന്നാല്‍ ആടിന്റെ തല കറിവെച്ചുതിന്നുന്ന കുട്ടികളെ ഇന്ത്യന്‍ കുട്ടിക്കഥകളില്‍ കണ്ടെന്നുവരില്ല. ദളിത്‌-മുസ്ലിം ജീവിതപരിസരങ്ങളെപ്പറ്റി കുട്ടിക്കഥകളില്‍ ഇല്ലേയില്ല.

ഇന്ത്യന്‍ ബാലസാഹിത്യം ലക്ഷ്യമിടുന്നത് കൃത്യമായ ഒരു മധ്യവര്‍ഗകുടുംബത്തെയും മധ്യവര്‍ഗശീലങ്ങള്‍ പരിചയിച്ചുവരുന്ന കുട്ടികളെയുമാണ്‌. കൃത്യമായി സ്കൂളില്‍ പോവുകയും പരീക്ഷകള്‍ പാസാവുകയും നേര്‍രേഖയിലൂടെ സഞ്ചരിക്കുകയും പലതരം ജീവിതവിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന സാരോപദേശകഥകള്‍, അവരുടെ അമര്‍ചിത്രകഥകള്‍, അവരുടെ ചോട്ടാ ഭീം, അവരുടെ ലിറ്റില്‍ കൃഷ്ണ, അവരുടെ ഡോരെമോന്‍. ഇതല്ലാത്ത ഒരു ഇന്ത്യന്‍ ബാല്യമുണ്ട്. സ്കൂളില്‍ പോയെന്നുവരും, ചിലപ്പോള്‍ പഠിക്കും, ചിലപ്പോള്‍ വേറെ വല്ല പണിക്കും പോകും, ചിലപ്പോള്‍ പഠിപ്പ് നിറുത്തും. മധ്യവര്‍ഗ്ഗ-മേല്‍ജാതി വീമ്പുകള്‍ക്കും ട്യൂഷന്‍സെന്ററുകള്‍ക്കും എന്ട്രന്‍സ് കോച്ചിങ്ങിനും സാരോപദേശത്തിനും വെളിയില്‍ ജീവിക്കുന്ന കുട്ടികള്‍. ഇവരും വായിക്കുന്നത് പാഠപുസ്തകത്തിലും അല്ലാതെയും ഒക്കെയായി ഇതേ മധ്യവര്‍ഗകഥകള്‍ തന്നെയാണ്. അവരുടെ ജീവിതവും യാഥാര്‍ത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകള്‍. ഈ കഥകള്‍ വായിച്ച് അവര്‍ക്ക് കുളിരണിയാത്തതെന്ത് എന്നും അവര്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്തെന്നും ഒക്കെ ചോദ്യങ്ങള്‍ ഉയരാറുണ്ട്. അവരുടെ നോട്ടത്തില്‍ ഇതൊന്നും ജീവിതവുമായി തീരെ ബന്ധമുള്ളതല്ല. രാജാക്കന്‍മാര്‍ യുദ്ധം ജയിച്ചാലും രാജകുമാരിമാര്‍ വിവാഹിതരായാലും ഇവര്‍ക്കൊരു ചുക്കും സംഭവിക്കുന്നില്ല.


ഇന്ത്യന്‍ ബാലസാഹിത്യത്തിലെ ഈ പിശക് തിരുത്തുന്ന കഥകളാണ് അന്വേഷി റിസേര്‍ച്ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ “ഡിഫറന്റ് ടെയ്ല്‍സ്” എന്ന പതിമൂന്നു ചെറുപുസ്തകങ്ങള്‍ അടങ്ങിയ ശേഖരം. ഇംഗ്ലീഷ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ പുസ്തകം ലഭ്യമാണ്. മുഖ്യധാരയ്ക്കു വെളിയിലുള്ള ജീവിതങ്ങളെയും അവരുടെ സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന കഥകളാണ് ഇവയോരോന്നും. ജാതി അസമത്വങ്ങളുടെ വേദന നിറഞ്ഞ കഥകളൊന്നുമല്ല ഇവ. കുട്ടിത്തവും സന്തോഷവും നിറഞ്ഞ കഥകള്‍. മറ്റൊരു ജീവിതപരിസരം കൂടി കുട്ടികളുടെ കഥാലോകത്തിലേയ്ക്ക് ഉള്‍പ്പെടുത്തുന്നു എന്ന വലിയ ദൌത്യമാണ് അന്വേഷിയുടെ ഈ പുസ്തകങ്ങളുടെ ലക്‌ഷ്യം. കഥകളില്‍ കാണുന്ന കുട്ടികള്‍ അവരുടെ സാധാരണജീവിതത്തില്‍ സെക്കണ്ട്ഹാന്‍ഡ്‌ പാഠപുസ്തകം വാങ്ങുന്നു, ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു, കളിക്കുന്നു, തലക്കറി രുചിച്ചുകഴിക്കുന്നു.

മൊഹമ്മദ്‌ കദിര്‍ ബാബുവിന്റെ ഹെഡ് കറി എന്ന കഥയിലാണ് കഥാനായകനായ കുട്ടി ആടിനെ വെട്ടുന്നിടത്ത് പോയി ആട്ടിന്‍ തല വാങ്ങിക്കൊണ്ടുവരികയും അമ്മ അത് കറിവയ്ക്കുന്നത് കൊതിയോടെ കാത്തിരിക്കുന്നതും കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്ന് രുചിയോടെ അത് കഴിക്കുന്നതും ഒക്കെ. കുട്ടികള്‍ക്കായുള്ള കഥകളില്‍ തലക്കറിയെപ്പറ്റി പറയുന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അല്ലെങ്കില്‍ത്തന്നെ ഭക്ഷണത്തെക്കാള്‍ രാഷ്ട്രീയമുള്ള മറ്റെന്താണുള്ളത്? ചില കുട്ടികളുടെ ജീവിതം അമ്പിളിമാമനും നെയ്പ്പായസവും നിറഞ്ഞതല്ല, അതിന് മീനിന്റെ ഉളുമ്പും മാടിന്റെ ചൂരും പോത്ത് പോട്ടിയോടുള്ള കൊതിയും ഉണ്ട്. ഇറച്ചിയും മീനും ഒക്കെ തിന്നുന്നതിനെപ്പറ്റിയും കുട്ടിക്കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഹെഡ്കറിയുടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രശസ്തചിത്രകാരനും ചരിത്രകാരനുമായ ഗുലാം ഷെയ്ക്ക് ആണ്.


ഈ കഥകളിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ ജീവിതസമരങ്ങളും കഷ്ടപ്പാടുകളും കാണുന്നവരാണ്. ഈ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ലോകത്തോട് ഇടപെടുമ്പോള്‍ ധാരാളം ജീവിതസമരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാനം. ഒരു സ്കൂളിലെ മാദിഗ എന്ന തെലുങ്ക് ദളിത്‌ വിഭാഗത്തില്‍പ്പെട്ട ഒരേയൊരു വിദ്യാര്‍ഥിയുടെ കഥയാണ് “ബ്രേവ്ഹാര്‍ട്ട് ബാടയ്യ”. മറ്റുകുട്ടികളെ അശുദ്ധമാക്കാതിരിക്കാനായി അധ്യാപകര്‍ തന്നെ പിന്‍ബഞ്ചിലിരുത്തിയ കുട്ടി. സ്കൂളില്‍ പോയി പഠിക്കുന്ന കുട്ടി എന്ന രീതിയില്‍ അവന്റെ സമൂഹത്തിന്റെ അഭിമാനമായ കൊച്ചുമിടുക്കന്‍. അവന്റെ ലോകവീക്ഷണം എത്ര സങ്കീര്‍ണ്ണമായിരിക്കും? ചാക്കിനോട് വലിയ ഇഷ്ടമുള്ള ഒരു ഭ്രാന്തനോട് കൂട്ടുകൂടുന്ന ഒരു കുട്ടിയുടെ കഥയാണ് സാക്ക് ക്ലോത്ത് മാന്‍. സഹോദരിയുടെ മരണം കൊണ്ടുവന്ന ദുഃഖം മാറ്റാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത് ഈ ഭ്രാന്തനുമായുള്ള സൌഹൃദമാണ്. മരണം എന്നതൊക്കെ പല കുട്ടികളുടെയും ജീവിതത്തിലെ നോവുകളാണ്, എങ്കിലും കുട്ടിക്കഥകളില്‍ അതൊന്നും ചര്‍ച്ച ചെയ്തുകൂടാ എന്നാണ് ധാരണ.

ചരിത്രപുസ്തകത്തിലെ മുസ്ലിം - ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ ഇരിക്കുന്ന ഒരേയൊരു മുസ്ലിംകുട്ടിയുടെ കഥയാണ് ഇനിയൊരെണ്ണം. ഒരേ തരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം നിങ്ങളുടെയൊന്നും അല്ലെന്നോ?  


കുട്ടികളുടെ ജീവിതങ്ങള്‍ ലളിതമല്ല. കുട്ടിക്കാലം എന്നത് പൂവുകളും പൂമ്പാറ്റകളും മാത്രം നിറഞ്ഞതല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വ്യത്യസ്തമാണോ അത്ര തന്നെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ് ഇന്ത്യന്‍ ബാല്യവും. ബാല്യത്തിന്റെ രാഷ്ട്രീയത്തിനെ അവഗണിക്കാന്‍ പാടില്ല എന്നുപറയുന്ന ഈ കഥകള്‍ ഓരോ കുട്ടിക്കും ഒരു ജീവിതപാഠം കൂടിയായിരിക്കും.

അഴിമുഖം ലിങ്ക്