Sunday, March 2, 2014

വനിതാ ദിനം കഴിഞ്ഞാല്‍…?

വനിതാദിനത്തെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് വനിതാദിനത്തെപ്പറ്റി ഒന്ന് ഗൂഗിള്‍ ചെയ്യമെന്ന് കരുതിയത്. വുമന്‍സ് ഡേ സ്പെഷ്യല്‍ ഓഫറുകളാണ് ആദ്യം തെളിഞ്ഞുവന്നത്. വനിതാദിനത്തില്‍ വിവിധ എയര്‍ലൈന്‍സ് കമ്പനികള്‍ സ്ത്രീയാത്രക്കാര്‍ക്ക് വന്‍ കിഴിവില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്രേ! ഒരു വമ്പന്‍ റീടെയില്‍ ഭീമന്‍ സ്ത്രീകള്‍ക്ക് ചെരിപ്പിലും ഉടുപ്പിലും മിക്സര്‍ ഗ്രൈന്‍്ററിലും ജ്യൂസറിലും മൈക്രോ വേവിലും സൌന്ദര്യവര്‍ധക വസ്തുക്കളിലും ഒക്കെ ഇരുപത്തഞ്ചു മുതല്‍ നാല്‍പ്പതു ശതമാനം വരെ വിലക്കുറവു നല്‍കുന്നു.

പ്രഭാ സക്കറിയാസ്
പബ്ബുകളില്‍ സ്ത്രീകള്‍ക്കായി സ്പെഷ്യല്‍ സൌജന്യ ഹാപ്പി മണിക്കൂര്‍, സിനിമാഹാളുകളില്‍ ഫ്രീ ടിക്കറ്റുകള്‍, എന്തിനേറെ ഡ്യൂറെക്സ് പോലും വനിതാദിന ഓഫര്‍ നല്‍കുന്നുണ്ട്. മുന്‍നിര മാസികകളെല്ലാം ഈ വര്‍ഷവും വിവിധമേഖലകളില്‍ വിജയംവരിച്ച സ്ത്രീകളുടെ അഭിമുഖങ്ങളും കവര്‍പേജുകളുമായി ഇറങ്ങിക്കഴിഞ്ഞു. പല പല വീക്ഷണകോണുകളില്‍ നിന്ന് സ്ത്രീത്വം ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വനിതാദിനം അങ്ങ് കഴിഞ്ഞാലോ? അപ്പോള്‍ എന്തുണ്ടാകും?
ഒരു സാധാരണ വ്യക്തിക്ക് വനിതാദിനം എന്നാല്‍ പി എസ് സി പരീക്ഷയിലെ ഒരു ചോദ്യം മാത്രമാണ്. എര്‍ത്ത് ഡേ എന്നാണെന്നോ വാട്ടര്‍ ഡേ എന്നാണെന്നോ അറിയുന്നതിനെക്കാള്‍ പ്രത്യേകതയൊന്നും ഇതിനുമില്ല. ഇനി കോളേജിലും മറ്റുമായി വനിതാദിനാഘോഷങ്ങള്‍ കണ്ടിട്ടുള്ള ആളുകള്‍ പറഞ്ഞുകളയും, “വനിതാദിനമോ? അത് ഫെമിനിസ്റ്റുകളുടെ എന്തോ സംഭവമല്ലേ?” ഫെമിനിസം എന്നാല്‍, സ്ത്രീകളുടെ എന്തോ അശ്ള്ലീലമാണ് എന്നൊക്കെ ഒരു ധാരണ പോലും പൊതുസമൂഹത്തില്‍ ഉണ്ടെന്നുതോന്നുന്നു.
ഫെമിനിസം എന്നൊക്കെ പറഞ്ഞാല്‍, മലയാളസിനിമാക്കാര്‍ പറയുന്നത്പോലെ ഒരു പ്രേമനൈരാശ്യത്തിനു ശേഷം ആണ്‍വിരോധം മനസ്സില്‍ കൊണ്ട് നടക്കുകയും തലമുടി ബോബ് ചെയ്യുകയും പുകവലിക്കുകയും ഒടുവില്‍ സിനിമയുടെ അവസാനത്തിലൊക്കെയായി നായകന്റെ തല്ലു കൊണ്ട ശേഷം പൂമുഖവാതില്‍ ഭാര്യയായി രൂപാന്തരപ്പെടുകയും ഒക്കെ ചെയ്യന്ന സ്ത്രീകളുടെ സംഘടനയല്ല. ഫെമിനിസം എന്നാല്‍, ഒരു തെറിവാക്ക് പോലെ എടുത്തുപയോഗിക്കേണ്ട കാര്യവുമല്ല. സ്വന്തം വീട്ടുസുരക്ഷകള്‍ക്ക് വെളിയില്‍ നിരാലംബരായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്, അവരുടെ ജീവിതങ്ങള്‍ക്കും വിലയുണ്ട് എന്നൊക്കെ പൊതുസമൂഹം കൂടി ഒന്ന് മനസിലാക്കി പെരുമാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തിലുള്ളൂ. എന്നാല്‍ ആത്യന്തികമായി മനുഷ്യന്‍ സ്വാര്‍ത്ഥനായത് കൊണ്ട് ഫെമിനിസ്റ്റുകള്‍ ചിലകാര്യങ്ങളില്‍ ഇടപെടേണ്ടിവരുന്നു, ശബ്ദം ഉയര്‍ത്തേണ്ടി വരുന്നു. അത്രയേ ഉള്ളൂ കാര്യം. അല്ലാതെ ഫെമിനിസ്റ്റ് എന്നാല്‍ മുന്നില്‍ വന്നുപെടുന്ന ആണുങ്ങളെ എല്ലാം ഉടനടി വന്ധ്യംകരിച്ചു വിടുന്ന ഭീകരസത്വങ്ങളൊന്നുമല്ല.


എന്താണ് വനിതാദിനം?
തുല്യാവകാശങ്ങള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് വോട്ടവകാശത്തിനുവേണ്ടി പടിഞ്ഞാറന്‍ ലോകത്തെ സ്ത്രീകള്‍ നടത്തിയ സമരങ്ങളെ അനുസ്മരിക്കുന്നതിനും പ്രതിസന്ധികളെ അതിജീവിച്ചു വിജയികളായ സ്ത്രീകളെ അനുസ്മരിക്കുന്നതിനും ഇത്ര വര്‍ഷങ്ങളുടെ പ്രയത്നങ്ങള്‍ക്കോടുവിലും ലോകത്തില്‍ എല്ലായിടത്തും തന്നെ ഇപ്പോഴും നിലനില്‍ക്കുന്ന ഭീകരമായ അസമത്വങ്ങള്‍ ചര്‍ച്ച ചെയ്യനും പരിഹാരമാര്‍ഗങ്ങളെപ്പറ്റി ചിന്തിക്കാനും ഒക്കെ വേണ്ടിയാണ് മാര്‍ച്ച് എട്ട് ഒരു ഓര്‍മ്മദിനമാക്കി വെച്ചിരിക്കുന്നത്. അമേരിക്ക മാര്‍ച്ച് മാസം മുഴുവന്‍ സ്ത്രീചരിത്രമാസമായും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ ചരിത്രം ആഘോഷിക്കാന്‍ അമേരിക്ക ഒരു മാസം മാറ്റിവെച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ പ്രശസ്ത ആഫ്രിക്കന്‍ അമേരിക്കന്‍ ഹോളിവുഡ് നടനായ മോര്‍ഗന്‍ ഫ്രീമാന്റെ പ്രശസ്തമായ ഒരു അഭിമുഖമാണ് ഓര്‍മ്മയില്‍ വരുന്നത്. അഭിമുഖകാരന്‍ കറുത്തവര്‍ഗചരിത്രത്തിനായി അമേരിക്ക ഒരു മാസം നീക്കി വെച്ചതിനെപ്പറ്റിയായിരുന്നു ചോദിച്ചത്. അഭിമുഖത്തിന്റെ ഒരു സ്വതന്ത്രപരിഭാഷ ചുവടെ ചേര്‍ക്കാം എന്ന് തോന്നുന്നു.
ഇന്‍്റര്‍വ്യൂക്കാരന്‍ : കറുത്തവര്‍ഗ ചരിത്ര മാസത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ഫ്രീമാന്‍: ശുദ്ധഭോഷ്ക്കായി കാണുന്നു.
ഇന്‍്റര്‍വ്യൂക്കാരന്‍ : എന്തുകൊണ്ട്?
ഫ്രീമാന്‍: നിങ്ങള്‍ എന്‍്റെ ചരിത്രത്തെ ഒരു മാസത്തിലേയ്ക്ക് ചുരുക്കാനാണോ ശ്രമിക്കുന്നത്?
ഇന്‍്റര്‍വ്യൂക്കാരന്‍ : ഹേയ്, അങ്ങനെ പറയാമോ?
ഫ്രീമാന്‍: നിങ്ങളുടെ മാസത്തില്‍ നിങ്ങള്‍ എന്ത് ചെയ്യം? ഏതുമാസമാണ് വെളുത്തവര്‍ഗ ചരിത്ര മാസം?
ഇന്‍്റര്‍വ്യൂക്കാരന്‍ : (നിശബ്ദം) ഞാന്‍ ജൂതനാണ്.
ഫ്രീമാന്‍: ശരി. എന്നാല്‍ ഏതു മാസമാണ് ജൂതചരിത്ര മാസം ?
ഇന്‍്റര്‍വ്യൂക്കാരന്‍ : അങ്ങനെ ഒരു മാസമില്ല.
ഫ്രീമാന്‍: ഓഹോ, എന്തുകൊണ്ട്? അങ്ങനെയൊന്നു വേണ്ടേ?
ഇന്‍്റര്‍വ്യൂക്കാരന്‍ :വേണ്ട.
ഫ്രീമാന്‍: ശരി. എനിക്കും വേണ്ട. എനിക്കോരു കറുത്തവര്‍ഗ്ഗചരിത്ര മാസം വേണ്ട. കറുത്തവരുടെ ചരിത്രമാണ് അമേരിക്കയുടെയും ചരിത്രം.
ഇന്‍്റര്‍വ്യൂക്കാരന്‍ : അപ്പോള്‍പ്പിന്നെ വര്‍ണ്ണവെറി നമ്മള്‍ എങ്ങനെ ഇല്ലാതാക്കും?
ഫ്രീമാന്‍: അതിനെ പറ്റി സംസാരിക്കുന്നത് നിറുത്തുക.
എന്തായാലും മാര്‍ച്ച് എട്ടിനോടടുപ്പിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പടാറുണ്ട്, മുടങ്ങാതെ. എന്നിട്ടും എന്താണ് ലോകം മാറാത്തത്? സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെപ്പറ്റിയും അവരെ അടിച്ചമര്‍ത്തുന്നതിനെപ്പറ്റിയും ഒക്കെ ആരോടെങ്കിലും ഒക്കെ ഒന്ന് ചോദിച്ചുനോക്കൂ. അത് വളരെ മോശമായ ഏര്‍പ്പാടാണെന്ന് ഒന്നൊഴിയാതെ എല്ലാവരും പറയും. അപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഈ കുറ്റകൃത്യങ്ങള്‍ ഒക്കെ ചെയ്യന്നതാരാണ്? മനുഷ്യരാരുമറിയാതെ അന്യഗ്രഹജീവികളാവണം വന്നു പെണ്‍ഭ്രൂണങ്ങള്‍ കലക്കിക്കളയുന്നതും ആദിവാസിപ്പെണ്‍കുട്ടികളെ അവിവാഹിത അമ്മമാരാകാന്‍ വിട്ടുകളയുന്നതും ഒക്കെ. ഈ അന്യഗ്രഹജീവികളെക്കോണ്ട് തോറ്റു!
എന്തായാലും ഒരു ദിവസത്തെ ആഘോഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിലക്കിഴിവുകള്‍ക്കും ഒടുവില്‍ ഇന്നും സൂര്യനസ്തമിക്കും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതും സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക ഗാര്‍ഹികേതര പീഡനങ്ങളെപ്പറ്റി പറഞ്ഞതും ഒക്കെ മുഴങ്ങിക്കേട്ട തെരുവോരങ്ങളില്‍ വീണ്ടും സ്ത്രീകള്‍ ലൈംഗികവസ്തുക്കള്‍ മാത്രമായി ചുരുങ്ങി ചുരിദാറിട്ട് നടക്കും. കുറഞ്ഞ സ്ത്രീധനത്തിന്‍്റെ പേരിലോ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും ഇന്ത്യന്‍ അടുക്കളകളില്‍ പ്രഷര്‍കുക്കറുകള്‍ പൊട്ടിത്തെറിക്കും.
ഹാപ്പി വിമന്‍സ് ഡേ!

No comments:

Post a Comment