Sunday, March 2, 2014

സുല: ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ ഒരു പുസ്തകത്തിന്റെ ഇടപെടല്‍

ഒരു കഥ എഴുതാനോ ഒരു ചെറിയ കുറിപ്പെഴുതാനോ പോലും നൂറു തടസ്സങ്ങളും ആയിരം ഒഴിവുകഴിവുകളും ജോലിത്തിരക്കുകളും ഉണ്ടാകുമ്പോള്‍ ഞാന്‍ ടോണി മോറിസണെ ഇതുവരെ ഓര്‍മ്മിച്ചിട്ടൊന്നുമില്ല. ഒരു വിവര്‍ത്തക എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ക്ക് തുടക്കമിടുന്നത് ടോണി മോറിസന്റെ “സുല” എന്ന പുസ്തകമാണ്. ഞാന്‍ ആദ്യ പേജുമുതല്‍ അവസാനപേജു വരെ അതിസൂക്ഷ്മവും സശ്രദ്ധവും വായിച്ച ആദ്യ പുസ്തകം എന്ന് തന്നെ പറയാം. എന്നാല്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം കഴിഞ്ഞ് എവിടെയോ മറന്നും ഒളിഞ്ഞും ഇരുന്നശേഷം ആ പുസ്തകം വീണ്ടും വേറൊരു തലത്തില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തോന്നുന്നു, ഇപ്പോള്‍.
മലപോലെ കുമിഞ്ഞുകൂടുന്ന ജോലികളിലേയ്ക്ക് എത്തിച്ചേരുന്നത് മണിക്കൂറുകള്‍ യാത്ര ചെയ്തിട്ടാണ്. അതിശൈത്യവും കൊടുംവേനലും ഇടവിട്ട് ആവര്‍ത്തിച്ചുകൊണ്ട് തലസ്ഥാനം ദുരിതപ്പറമ്പാകുന്നുണ്ട്. സ്നേഹത്തോടെ ബാല്‍ക്കണിയില്‍കൊണ്ടുവെച്ച ചെടിച്ചട്ടികള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിട്ടും വെള്ളവും വളവുമിടാഞ്ഞിട്ടും ഇപ്പോഴും ചെറിയ പച്ച കാണിച്ച് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം ഇലയനക്കങ്ങള്‍ കാണാനോ അറിയാനോ ഉള്ള മനസ് ഇല്ലാതാകുന്നല്ലോ എന്ന് കുറ്റബോധം തോന്നുന്നുണ്ട്. തീര്‍ത്തുകൊടുക്കാനുള്ള ഒരു വിവര്‍ത്തനം കാലാവധി പലവട്ടം നീട്ടിവാങ്ങിയിട്ടും തീരാതെ തലപൊക്കി നോക്കുന്നുണ്ട്, എഡിറ്ററുടെ ഈ മെയില്‍ വിലാസമെങ്ങാന്‍ ചാറ്റ്വിന്‍ഡോയില്‍ പച്ചയായി തെളിഞ്ഞാല്‍ ഒരു ഞാന്‍ സ്ഥിരമായി ഒളിച്ചുപോകുന്നുണ്ട്…നാലാമിടത്തിന്റെ എഡിറ്ററോടും പറഞ്ഞുകഴിഞ്ഞതാണ് ഒഴികഴിവുകള്‍, തണുപ്പാണ്, മഞ്ഞാണ്, തിരക്കാണ്, നാളത്തെരാം, മറ്റന്നാള്‍ തരാം… കൃത്യമായി ജോലികള്‍ ചെയ്തുതീര്‍ത്തിരുന്ന പഴയൊരു ആത്മാഭിമാനം കടലാസുറോക്കറ്റായി പറന്നുകഴിഞ്ഞു. വാടക കൊടുക്കേണ്ട ദിവസത്തില്‍ നിന്ന് വാടക കൊടുക്കേണ്ട ദിവസത്തിലേയ്ക്കുള്ള യാത്ര പതിയെ ജീവിതമായി രൂപാന്തരപ്പെടുന്നുണ്ടോ?
ഇങ്ങനെയൊരു സങ്കടക്കാലം മൂത്തുപഴുത്ത് കാഷ്വല്‍ ലീവെടുത്തു ദു:ഖിച്ചിരിക്കാന്‍ തീരുമാനിച്ച ദിവസം രാവിലെയാണ് ഭര്‍ത്താവ് ‘സുല’യെപ്പറ്റി എഴുതിക്കൂടേ എന്ന് ചോദിച്ചത്. എന്തിനങ്ങനെ പറഞ്ഞുവെന്നറിയില്ല, എന്തായാലും ആമുഖം വായിച്ചപ്പോള്‍ ഒരാശ്വാസം.ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ പലയിടത്തും ആ പുസ്തകത്തിലേയ്ക്ക് തിരികെപ്പോകാന്‍ തോന്നിപ്പിക്കുന്ന തരം ഒരു സങ്കടമൊഴിയല്‍.
ആദ്യം വായിച്ചപ്പോഴും പിന്നീട് വായിച്ചപ്പോഴും വിവര്‍ത്തനം ചെയ്തപ്പോഴും എഡിറ്റ് ചെയ്തപ്പോഴും ഒന്നും തോന്നാത്ത അര്‍ത്ഥമാണ് ഇപ്പോള്‍ തോന്നുന്നത്. ഓരോരോ വിഷമങ്ങള്‍ വരുമ്പോള്‍ അമ്മ ബൈബിള്‍ എടുത്തുവായിക്കുന്നത് കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് സന്ദര്‍ഭവും സാഹചര്യവും ഒന്നും നോക്കാതെ ടപ്പേന്ന് ബൈബിള്‍ തുറന്ന് ആദ്യം കാണുന്ന വാചകം വായിക്കും. പുള്ളിക്കാരിയുടെ സങ്കടത്തിനു ആശ്വാസമോ ചോദ്യങ്ങള്‍ക്ക് ഉത്തരമോ ഒക്കെ ഇങ്ങനെ കിട്ടാറുണ്ട്. അത്തരം എങ്ങുനിന്നെന്നില്ലാത്ത ഉത്തരങ്ങള്‍ക്ക് വലിയ ആശ്വാസങ്ങള്‍ തരാന്‍ കഴിയുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മതത്തിനും വിശ്വാസത്തിനും ഒക്കെ മേലെയുള്ളതാണ് അത്തരം ദീര്‍ഘനിശ്വാസങ്ങള്‍. (അന്ത്യഅത്താഴത്തെ കരുതിയുള്ള ഒരു മുന്‍കൂര്‍ജാമ്യമാണ്, ഞാന്‍ ബൈബിളിനെയോ കര്‍ത്താവിനെയോ ടോണി മോറിസനോട് ഉപമിച്ചതൊന്നുമായി കരുതരുത്. ബൈബിള്‍ ആയാലും ‘സുല’ ആയാലും ഒക്കെ ഒന്നാന്തരം വായനാനുഭവങ്ങള്‍ തന്നെയാണ്. വ്രണപ്പെടാന്‍ തിടുക്കപ്പെട്ടുനില്‍ക്കുന്ന മതവികാരങ്ങള്‍ കണ്ണടയ്ക്കാന്‍ അപേക്ഷ.)


ടോണി മോറിസന്‍

സുലയുടെ ആമുഖത്തിലെ ഒരു ഖണ്ഡിക ഇതിന്റെ കൂടെ ചേര്‍ക്കാം എന്നുകരുതുന്നു.
“സുല എഴുതുന്ന കാലത്ത് ഞാന്‍ ക്യൂന്‍സിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളെ വേനല്‍ക്കാലത്ത് അച്ഛനമ്മമാരുടെ അടുത്തും അല്ലാത്തപ്പോള്‍ സ്കൂളിലും ഒക്കെയാക്കി മാന്‍ഹാട്ടനിലെ എന്‍്റെ ഓഫീസിലേയ്ക്കുള്ള ഓട്ടമായിരുന്നു സ്ഥിരം. പണത്തിന്റെ ഞെരുക്കം കരുതിക്കൂട്ടിയുള്ള പിരിമുറുക്കത്തില്‍ നിന്നും തമാശയിലേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഓരോ വീട്ടുവാടക അടയ്ക്കലും ഒരു വന്‍സംഭവമായിരുന്നു; സാധനങ്ങള്‍ വാങ്ങാനുള്ള ഓരോ യാത്രയും മിച്ചംപിടിക്കലിന്റെ
ആഘോഷങ്ങളായിരുന്നു. എല്ലാ അവിവാഹിതയായ/വിവാഹമോചിതയായ അമ്മയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഞങ്ങള്‍ കച്ചവടം ചെയ്യണ്ടിവന്നത് എന്തെല്ലാമായിരുന്നു- സമയം, ഭക്ഷണം, പണം, വസ്ത്രങ്ങള്‍, ചിരി, ഓര്‍മ്മകള്‍- വല്ലാത്ത ധൈര്യമായിരുന്നു ഞങ്ങള്‍ക്ക്.
അറുപതുകളില്‍, അത്രയധികം മരണങ്ങള്‍ക്കും തടങ്കലുകള്‍ക്കും നിശ്ശബ്ദതകള്‍ക്കും ശേഷം തിരിഞ്ഞുനോക്കാനൊന്നും കഴിയില്ലായിരുന്നു. തിരിഞ്ഞുനോക്കാന്‍ യാതൊന്നും ഇല്ലായിരുന്നുതാനും. ആരും വഴികാണിക്കാനില്ലാതെ, ഞങ്ങള്‍ പലതും ചിന്തിച്ചു, പലതും പരീക്ഷിച്ചു, പലതും അന്വേഷിച്ചുനടന്നു. അറിയുന്നതെല്ലാം ഉപയോഗിച്ചു, അറിഞ്ഞുകൂടാത്തതെല്ലാം കണ്ടുപിടിച്ചു. ആരുടേയും പ്രതീക്ഷകളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ. നാടകങ്ങളെഴുതി, നാടകക്കമ്പനി തുടങ്ങി, ഉടുപ്പുകള്‍ തുന്നി, നോവലെഴുതി. മറ്റാരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ട് ഞങ്ങളുടെ കാര്യം ഞങ്ങള്‍ തന്നെ ശ്രദ്ധിച്ചു. “നിങ്ങളെ നോക്കാനും ശാസിക്കാനും ആരുമില്ലെങ്കില്‍ നിങ്ങളെന്താവും ചെയ്യക?” എന്ന ചോദ്യം മാത്രമുയരുന്ന ആ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ നാല്‍പ്പതുകൊല്ലം മുന്‍പ് ആ അവസ്ഥയിലുള്ള കറുത്ത സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിച്ചത്. സ്വന്തം മോക്ഷത്തെപ്പറ്റി ചിന്തിക്കാനും അവനവന്റെ ആത്മസുഹൃത്തായിരിക്കാനും ഞങ്ങള്‍ ഉത്സുകരായി. 1920-കളില്‍ ഇല്ലാത്ത എന്ത് അര്‍ത്ഥമാണ് 1969-ല്‍ ഉണ്ടാവുക? അസൂയയോടെയും മുന്‍വിധിയോടെയും സൂക്ഷിച്ചിരുന്ന സ്ത്രീയുടെ രൂപം മനസ്സില്‍ തെളിഞ്ഞു.”
ഒരുമിച്ചുചേര്‍ത്ത് വായിക്കാന്‍ കഴിയുന്ന അനുഭവലോകങ്ങളല്ല ഇതൊന്നും. ഇരുപതുകളിലെ അമേരിക്കയില്‍ അടിമത്തത്തിന്റെ ചൂട് മാറാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന സ്ത്രീകളുടെ ജീവിതവും അറുപതുകളിലെ ടോണി മോറിസന്റെ ജീവിതവും ഇന്നത്തെ എന്റെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗസന്തുഷ്ടിയിലെ ഇടര്‍ച്ചകളും പരിദേവനങ്ങളും പരസ്പരം തുലനം ചെയ്ത് കാണുന്നത് തീരെ ശരിയല്ല. എങ്കിലും ചില വേവലാതികള്‍ അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ലെന്നും എന്നേക്കാള്‍ വലിയ പ്രശ്നങ്ങളും വലിയ പ്രതിസന്ധികളും അനുഭവിക്കുന്ന ആളുകള്‍ എന്‍്റെ ഇടുങ്ങിയ ജീവിതാവസ്ഥയ്ക്ക് വെളിയില്‍ ഉണ്ടെന്നും മനസിന്റെ ഈഗോയെ ചെറുതായി ഒന്നോര്‍മ്മിപ്പിക്കാനെങ്കിലും ഇത്തരം ചില വായനകള്‍ക്ക് കഴിയുന്നുണ്ട്.
അവനവനിലേയ്ക്ക് മാത്രം തിരിഞ്ഞിരുന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍ മനസിനെ തൂക്കിയെടുത്ത് പുറത്തേയ്ക്ക് തിരിച്ചുവയ്ക്കുന്ന ചില ശബ്ദങ്ങള്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഉയരാറുണ്ട്. അങ്ങയേറ്റം സ്വകാര്യമായ ഇത്തരം ഒരു കുറിപ്പ് നഗരത്തെയും സ്ത്രീയെയും മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ലന്നു തോന്നുന്നു, സേഫ്റ്റി വാല്‍വുകളില്ലാതാകുന്ന ഈ കാലത്ത് പ്രത്യേകിച്ചും. മുഖം പൂഴ്ത്താന്‍ ഒരു പുസ്തകമെങ്കിലും വേണ്ടതാണ് നമുക്കെല്ലാം. അത് പ്രേമകവിതകളായാലും സെല്‍ഫ് ഹെല്‍പ് ഗൈഡുകളായാലും ഒന്നും പ്രശ്നമല്ല, സ്മാര്‍ട്ഫോണുകള്‍ക്കും സ്മാര്‍ട്ഫോണ്‍ ഇല്ലായ്മകള്‍ക്കും വെളിയില്‍ ഇറങ്ങി മനുഷ്യനെ ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുന്ന ഏതു തുന്നിക്കെട്ടിയ കടലാസും നല്ല പുസ്തകം തന്നെയാണ്.


വായിച്ചുനിറുത്തുമ്പോള്‍ ചില വാക്കുകള്‍ തരുന്ന ഒരു ആശ്വാസം നാളെയും ഉണര്‍ന്നു ജോലിസ്ഥലത്തേയ്ക്കുള്ള മെട്രോ പിടിക്കാനും രാത്രി കുറച്ചൊക്കെ ഉറങ്ങാതിരുന്നു ജോലികള്‍ ചെയ്തുതീര്‍ക്കാനും രാവിലെ പോകും മുന്‍പ് ചെടിച്ചട്ടിയില്‍ കുറച്ചുവെള്ളമൊഴിക്കാനും മനസുതുറന്ന് ചിരിക്കാനും സ്വപ്നം കാണാനും ഒക്കെ പ്രേരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഉച്ചയായിട്ടുപോലുമില്ല, രാത്രിയാകും മുന്‍പ് പലതവണ വായിച്ചു മുഷിഞ്ഞ ഈ പുസ്തകം ഒരുതവണ കൂടി വായിച്ചുതീര്‍ക്കാമെന്ന് തോന്നുന്നു.

No comments:

Post a Comment