Sunday, March 2, 2014

എട്ടിഞ്ച് ബൂട്ടില്‍ എന്റെ നടത്തങ്ങള്‍

ജോലി കഴിഞ്ഞ് വൈകുന്നേരം തിരികെ പോകുന്നതിനിടെ ഞാന്‍ “Mathew Arnold in a Saree” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് എന്തിനാവും? പണ്ട് യൂ ജി സി പരീക്ഷക്ക്‌ കാണാപ്പാഠം പഠിക്കുമ്പോള്‍, “ഇന്ത്യന്‍ ഇംഗ്ലീഷ് കവിതയെ Mathew Arnold in a Saree എന്ന് വിശേഷിപ്പിച്ചതാര്? ഗോര്ഡന്‍ ബോട്ടംലി. ഗോര്ഡനന്‍ ബോട്ടംലി ഗോര്ഡന്‍ ബോട്ടംലി ഗോര്ഡിന്‍ ബോട്ടംലി ഗോര്ഡടന്‍ ബോട്ടംലി” എന്ന് ഉരുവിട്ടുകൊണ്ടിരുന്ന് ഉറക്കം തൂങ്ങിയിട്ടുണ്ട്. എനിക്കിപ്പോള്‍ എന്നെകുറിച്ചും അങ്ങനെയേ പറയാന്‍ തോന്നൂ. സാഹിത്യം കൊണ്ടല്ല, സാരി കൊണ്ട്, സാരിക്കും താഴെ കാല്‍പ്പാദത്തില്‍ പുരുഷന്മാരുടെ സൈസ്‌ എട്ട് തവിട്ട് തുകല്‍ ഷൂസ് കൊണ്ടും.
വിചിത്രമായ ഈ സ്വകാര്യവസ്ത്രചേരുവയുടെ ചരിത്രവും വിശകലനവും കൂടി പറയണമല്ലോ..
സ്ത്രീകളുടെ ഉടുപ്പുകളെയും ചെരിപ്പുകളെയും പ്രധാന്യത്തോടെ കാണുന്നവരാണ് വനിതാമാസികകളും ഫെമിനിസ്റ്റുകളും. സ്ത്രീകളെ സാധാരണ വേഗത്തില്‍ സഞ്ചരിക്കാനും നടക്കാനും ഓടാനും കഴിയാത്ത ലൈംഗിക വാര്‍പ്പുമാതൃകകളായി മാറ്റുന്നതിനുവേണ്ടി പുരുഷന്മാര്‍ സൃഷ്ടിച്ചതാണ് ഹൈഹീലും കൂര്‍ത്ത മുന്നറ്റവുമുള്ള കുഞ്ഞിച്ചെരിപ്പുകളെന്നും പറഞ്ഞ് അറുപതുകളിലെ ഫെമിനിസ്റ്റുകള്‍ പടിഞ്ഞാറന്‍ ലോകത്ത് ഹീലുകളെ വിമര്ശിച്ചു. അതിനുശേഷം ഒരു ഹിപ്പി തലമുറ ആണ്പെണ്‍ ഭേദമില്ലാതെ ഒരേ തരം ചെരിപ്പുകളിട്ട് നടന്നു. ഇന്ത്യയില്‍ ഇപ്പോഴാവണം ചെരുപ്പ് ഫാഷന്‍ അതിന്റെ ഏറ്റവും ഭീകരാവസ്ഥയിലെത്തുന്നത് എന്നുവേണം എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കരുതാന്‍.
സാമാന്യം നല്ല ഉയരവും അതിനുയോജിച്ച ശരീരഭാരവും അത് താങ്ങാന്‍ പാകത്തില്‍ വലിപ്പമുള്ള കാല്പ്പാദവുമുള്ള ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ചെറുപ്പം തൊട്ടേ ഞാന്‍ വലിയ ചെരിപ്പുകള്‍ ഉപയോഗിച്ചുവന്നിരുന്നു. എന്നാല്‍ എപ്പോഴും എനിക്ക് പാകമാവുന്ന ചെരിപ്പുകള്‍ ഉണ്ടായിരുന്ന ബാറ്റ പോലുള്ള കടകളില്‍ പോലും ഇപ്പോള്‍ എന്റെ കാലിന്റെ വലിപ്പത്തില്‍ ചെരുപ്പ് കിട്ടാതായിരിക്കുന്നു. എന്റെ കാലാണെങ്കില്‍ കഴിഞ്ഞ പത്തുവര്ഷമായി ഒരേ വലിപ്പത്തില്‍ തന്നെയാണ് താനും. അന്വേഷിച്ചപ്പോള്‍ ബാറ്റയും ഇപ്പോള്‍ കുറച്ചുനാളായി ഏറ്റവും പുതിയ ഫാഷനുകളില്‍ മാത്രമേ ചെരിപ്പുകള്‍ ഉണ്ടാക്കുന്നുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ കാല്‍ മുറിച്ചുകളയണം പോലും.
ഏറ്റവും പുതിയ ഫാഷനുകള്‍ എനിക്കെതിരെയും എന്റെ കാലിനെതിരെയും ഇങ്ങനെ പ്രതികരിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ഞാന്‍ സ്ത്രീകളുടെ ചെരിപ്പ് ഫാഷനുകളെപ്പറ്റി ചിന്തിക്കാന്‍ നിര്ബന്ധിതയായത്. വോഗ് മുതല്‍ ഫെമിന വഴി വനിതയും ഗൃഹലക്ഷ്മിയുമൊക്കെ വരെ പ്രദര്ശി‍പ്പിക്കുന്നത് ഒരേ കാര്യം തന്നെ. അതതിന്റെ വായനക്കാരികള്ക്ക് വാങ്ങി ഉപയോഗിക്കാവുന്ന (ഉപയോഗിച്ചിരിക്കേണ്ട) ഏറ്റവും പുത്തന്‍ ഫാഷനിലുള്ള ഉടുപ്പുകളും ചെരിപ്പുകളും, യഥാക്രമം ഗ്ലോബല്‍, ഇന്ത്യന്‍ നഗര, മലയാളി ചെറുപട്ടണ സ്ത്രീയെ ലക്ഷ്യമിടുന്നവ. ഈ വക സാധനങ്ങള്‍ വാങ്ങാന്കിട്ടുന്ന കടകളും മേല്പ്പറഞ്ഞ മാസികകളും തമ്മില്‍ ഒരു പുറം ചൊറിയല്‍ ബന്ധമുണ്ട്.
മുന്തിയ ബ്രാന്ഡുകള്‍ പുത്തന്‍ മോഡലുകളില്‍ തുണികളും ചെരിപ്പുകളും പുറത്തിറക്കുന്നു- മാസികകള്‍ അവയെ പുകഴ്ത്തിയെഴുതുന്നു-അതൊക്കെയാണ് മികച്ചത്, അതൊക്കെയുണ്ടെങ്കിലാണ് സ്ത്രീയേ നീ പൂര്‍ണ്ണയാവുക എന്ന് പറയുന്നു- പണമുള്ള ഉപരിവര്‍ഗ സ്ത്രീകള്‍ അവയെല്ലാം വാങ്ങുന്നു, അത്ര പണമില്ലെങ്കിലും ഒരു ശരാശരി പൂര്ണ്ണതയെങ്കിലും കൊതിക്കുന്ന മധ്യവര്‍ഗ സ്ത്രീക്ക് വേണ്ടി ഇതേ മോഡലുകളില്‍ ചെറുകിട ബ്രാന്ഡുകള്‍ ഉടുപ്പും ചെരിപ്പും സൃഷ്ടിച്ചെടുക്കുന്നു. ഈ വിഷമവൃത്തത്തിലെവിടെയോ വെച്ചാണ് എന്റെ് കാലിന് ചെരിപ്പ് നഷ്ടമാകുന്നത്.
ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ ജോലികഴിഞ്ഞ് തിരികെ യാത്രചെയ്യുകയാണ്. എന്റെ വേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള കൈത്തറി സാരി. കമ്പിളിഷാള്‍ പുതച്ചിട്ടുണ്ട്. പുരുഷന്മാര്‍ ധരിക്കുന്ന കനമുള്ള ലെതര്ഷൂ്സിനുമേല്‍ അടുക്കടുക്കായി കിടക്കുന്ന പച്ച സാരിയുടെ ചുവന്ന ബോര്ഡര്‍ എന്നെ ‘മാത്യൂ ആര്‍നോള്‍ഡ്’ ആക്കി മാറ്റുന്നു. ഫെമിനിസം എന്നുപറയുമ്പോള്‍ മനസിനൊരു പുളകമൊക്കെ തോന്നുമെങ്കിലും ഇടയ്ക്കൊക്കെ സാരിയുടുക്കുമ്പോഴെങ്കിലും ഒരു മാസികപ്പരുവം പെണ്‍ ചെരിപ്പുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്, “എന്തൊരു കാലാണ് എന്റേത്, കുറച്ചുകൂടി ചെറിയ കാല്പ്പാദം മതിയായിരുന്നു” എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ നാലോ അഞ്ചോ സൈസിലുള്ള ഒരു കുഞ്ഞിച്ചെരിപ്പുമിട്ട് എന്റെ ശരീരം എങ്ങനെ ബാലന്‍സ് തെറ്റാതെ നടക്കും? ഈ സര്ക്കസ്‌ ദിവസവും നടത്തുന്നവരെ ഇവിടെ സാഷ്ടാംഗം പ്രണമിക്കുന്നു. ചെരിപ്പിന് പാകമാകുന്ന കാലല്ല, കാലിന് പാകമാകുന്ന ചെരിപ്പാണ് മനുഷ്യന് വേണ്ടത് എന്ന മഹാരഹസ്യം ഞാന്‍ തിരിച്ചറിഞ്ഞത് അതിനുശേഷമാണ്. മനുഷ്യന്‍ ചെരുപ്പ് കണ്ടുപിടിച്ചത് തന്നെ സുഖമായി നടക്കാന്‍ വേണ്ടിയാണ്, അല്ലാതെ കാലിനെയും നട്ടെല്ലിനെയും പീഡിപ്പിക്കാനല്ല.
എന്നാല്‍ ആണുങ്ങളുടെ ചെരിപ്പുകളുടെ മനോഹരശേഖരം ഞാന്‍ കണ്ടെത്തിയതിനും കാലിന് ഏറ്റവും സുഖവും സംരക്ഷണവും തരുന്ന ആണ് ചെരിപ്പിലേക്ക് അന്തസോടെ കാലിനെ മാറ്റിയതിനും ശേഷം എന്റെ ഷോപ്പിംഗ്‌ കഥതന്നെ മാറിപ്പോയി. മാസികകളുടെ ഫാഷന്‍ വേദശാസ്ത്രപ്രകാരം പണിഞ്ഞുവെച്ചിരിക്കുന്ന മെലിഞ്ഞൊതുങ്ങിയ ചെരിപ്പിനുള്ളില്‍ വേദന സഹിച്ചുനടക്കാന്‍ ശ്രമിക്കുന്ന പരിപാടി ഞാന്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു. ഇനി ഞാന്‍ നല്ല ഒന്നാന്തരം ഒരു ബൂട്ട് വാങ്ങുന്നുണ്ട്, സാരിയുടുത്ത് ബൂട്ടിട്ട് നടക്കുന്നുണ്ട്, മാസികകളുടെ മുകളിലൂടെ…
ചില എക്സ്റേ കാഴ്ചകള്‍

ഫുട്ട് ബൈന്ടിംഗ് എന്ന പുരാതന ചൈനീസ് സൗന്ദര്യസങ്കല്പ്പടത്തിന്റെ ബാക്കിയായി ഉണ്ടായ ചെറിയ സുന്ദരമായ കാല്‍ ചെരിപ്പില്ലാതെ.

ഇനി അതിന്റൊ എക്സ്റേ.

ഇത് ഫുട്ട് ബൈന്ടിംഗ് ചെയ്ത കാലിനുവേണ്ടിയുള്ള മനോഹരമായ (??) ചെരുപ്പ്.

ഏറ്റവും സെക്സിയെന്നു കരുതപ്പെടുന്ന സ്റ്റിലെറ്റോ ചെരിപ്പുകളുടെ എക്സ്റേ.

സ്റ്റില്ലെറ്റോ ധരിച്ച സ്ത്രീയുടെ കാല്‍.

ഒരു മനുഷ്യന്റെ കാല്‍ എക്സ്റേയില്‍.

ഇനി അത് പുരുഷഷൂവിനുള്ളില്‍.
PS: ലൈംഗികഅതിക്രമങ്ങള്‍ നേര്ക്കു നേരെയും കമന്റുകളുടെ രൂപത്തിലും മാത്രമല്ല വരിക. ‘അവന്‍ പല രൂപത്തിലും വരും’. മാസികകളുടെ രൂപത്തിലും ഒതുങ്ങിയ ചെരിപ്പിന്റെ രൂപത്തിലും പോലും. കരുതിയിരിക്കുക!

No comments:

Post a Comment