ആരെങ്കിലും ഉരുണ്ടുവീഴുന്നതില്‍ നിന്ന് ചിരിയുണ്ടാക്കുക ചരിത്രാതീതകാലം മുതല്‍ മനുഷ്യരുടെ ഒരു സ്വഭാവമാണ്. കൂട്ടത്തിലുള്ള ഒരുത്തനെ ദിനോസര്‍ പിടിച്ചുതിന്നപ്പോള്‍ ആദിമമനുഷ്യന്‍ ചിരിക്കാന്‍ പഠിച്ചുവെന്നാണ് “ഹിസ്റ്ററി ഓഫ് ദി വേള്‍ഡ് പാര്‍ട്ട് വണ്‍ എന്ന സിനിമ തമാശയായി പറയുന്നത്. സ്ലാപ്സ്റ്റിക്ക് കോമഡിയുടെ പിന്നീടങ്ങോട്ടുള്ള പല ഭാവങ്ങള്‍ നമ്മള്‍ ചാര്‍ളിചാപ്ലിനിലും ലോറല്‍ ഹാര്‍ഡിയിലും ജഗതി ശ്രീകുമാറിലും സലിം കുമാറിലും ഒക്കെ കണ്ടു. ദുഃഖദുരിതങ്ങളില്‍ നിന്നുതന്നെയാണ് നമ്മള്‍ ആര്‍ത്തുചിരിച്ച തമാശരംഗങ്ങള്‍ ഉണ്ടായത്.
ഗൌരവതരമായ സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിയുണ്ടാക്കുക ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അല്‍പ്പമെങ്ങാന്‍ പാളിപ്പോയാല്‍ വലിയ വൃത്തികേടാകുമെന്നുറപ്പ്. “ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്” എന്ന ജോണ്‍ ഇര്‍വിംഗിന്റെ നോവല്‍ വായനക്കാരോട് ഇടപെടുന്നത് അങ്ങനെയാണ്. ഓരോ കഥാപാത്രവും ഹൃദയഭേദകമായ ജീവിതരംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ വായിക്കുന്നവര്‍ക്ക് ചിരിയടക്കാന്‍ പാടുപെടേണ്ടിവരുന്നു. യഥാര്‍ത്ഥജീവിതത്തില്‍ ഇതിലെ ഓരോ കഥാപാത്രവും കടന്നുപോകുന്ന പീഡകള്‍ ആരെയും നൊമ്പരപ്പെടുത്തും. എന്നാല്‍ നൊമ്പരങ്ങളെ പൊട്ടിച്ചിരിക്കാനുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റുന്നതാണ് നോവലിസ്റ്റിന്റെ അസാമാന്യകൈവിരുത്.
ചില കഥകള്‍ ചുരുക്കിപ്പറഞ്ഞുഫലിപ്പിക്കാവുന്നവയല്ല. അത് പുസ്തകത്തില്‍ നിന്ന് ഓരോവരിയായി വായിച്ചറിയേണ്ടതാണ്. എങ്കിലും പറയാം. ടീ എസ് ഗാര്‍പ്പ് വല്ലാത്തൊരു മനുഷ്യനാണ്. അച്ഛന്റെ പേരാണ് അയാള്‍ക്ക്. അച്ഛന് അയാളെയോ എന്തിനേറെ അയാളുടെ അമ്മയെയോ പോലും അറിയില്ല (അമ്മയെ അറിയാതെ എങ്ങനെ കുട്ടിയുണ്ടായി എന്നൊക്കെയാവും ഇപ്പോള്‍ വായനക്കാരന്‍റെ സംശയം. പറഞ്ഞു രസം കളയുന്നില്ല. പുസ്തകം വായിച്ചുനോക്കൂ. വായിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ തോന്നില്ല.)
ചിലപ്പോള്‍ തൊന്നും ഈ കഥ വളരെ ക്രൂരമാണെന്ന്. ചിലപ്പോഴൊക്കെ നമുക്ക് ഈ കഥ നിറുത്തിവെച്ച് വേറെ എന്തെങ്കിലും രസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാന്‍ തോന്നും. പക്ഷെ കഥ എപ്പോഴും നമ്മെ തിരിച്ചുവിളിക്കും. ഒരു പുസ്തകം വായിക്കാതെ ഉപേക്ഷിക്കണമെന്ന് തോന്നിയാല്‍പ്പോലും അങ്ങനെ ചെയ്യാന്‍ കഴിയാതെ വരുന്നത് സത്യത്തില്‍ വളരെ ക്രൂരമാണ്. ഒരു അമ്മയുടെ മൃതദേഹം കാണാന്‍ ഒരു മകന് വേഷം കെട്ടി വരേണ്ടിവരുന്നത്ര ക്രൂരം.
ജോണ്‍ ഇര്‍വിംഗിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്പ്. നോവല്‍ പിന്നീട് റോബിന്‍ വില്യംസ് നായകനായ ഒരു സിനിമയുമായിട്ടുണ്ട്. അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തന്‍ സാഹചര്യങ്ങളും കണ്ണുനീര്‍ ഒപ്പുന്ന തൂവാലകളില്‍ നിന്നും ഉയരുന്ന പൊട്ടിച്ചിരികളും ഒക്കെയാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഗാര്‍പ്പിന്റെ അമ്മയായ ജെന്നി ഫീല്ട്സ് ആണ്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന, കാലത്തിനുമുന്‍പേ നടന്ന ഒരു ഫെമിനിസ്റ്റ് ആണ് ജെന്നി. ചിലപ്പോള്‍ തൊന്നും ജെന്നി ഒരു വിശുദ്ധയാണെന്ന്. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ജെന്നിയെ കണ്ടിരുന്നെങ്കില്‍ എന്തൊരു വട്ടുകേസ് എന്ന് എനിക്ക് തോന്നിയേനെ എന്ന്. ലോകത്തില്‍ മുഴുവനുമുള്ള അസംബന്ധജോലികളില്‍ നിന്ന് ആകെ പ്രയോജനമുള്ള ഒരു ജോലിയായി ജെന്നി തെരഞ്ഞെടുക്കുന്നത് നേര്‍സിംഗ് ആണ്. തന്റെ ജോലിയെപ്പറ്റി ജെന്നി തന്നെ പറയുന്നത് ഇങ്ങനെയാണ്. “ഞാന്‍ ആദ്യം ചിന്തിച്ചതും ആകെ ചിന്തിച്ചതും ഒരു നേഴ്സ് ആകനമെന്നായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ജോലിയാണ് അതെന്നാണ് എനിക്ക് തോന്നിയത്.”
ജെന്നി ഒരു ഫെമിനിസ്റ്റും കൂടിയാണ്. ഫെമിനിസ്റ്റ് എന്ന വാക്കൊക്കെ അറിയുന്നതിന് മുന്‍പേ തന്നെ ഫെമിനിസ്റ്റായി മാറിയയാളാണ് ജെന്നി. ജെന്നി സ്വതന്ത്രയാണ്, തന്റെ ജീവിതത്തില്‍ എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ ജെന്നി ചെയ്തിട്ടുണ്ട്. ആളുകള്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ജെന്നി.
ഗാര്‍പ്പും ഗാര്‍പ്പിന്റെ ഭാര്യ ഹെലെനും മക്കള്‍ ഡങ്കനും വാള്‍ട്ടും ഒക്കെ നമ്മോടു വളരെ അടുപ്പമുള്ള മനുഷ്യരാണെന്നു വായന പുരോഗമിക്കുമ്പോള്‍ തോന്നും. അവരുടെ ജീവിതത്തില്‍ ഒന്നൊഴിയാതെ സംഭവിക്കുന്ന ദുരന്തങ്ങള്‍ വായിച്ച് പക്ഷെ വായനക്കാരായ നമ്മള്‍ പൊട്ടിച്ചിരിക്കും. അവരോടുള്ള സഹാനുഭൂതിക്കിടയിലും ചിരിയടക്കാന്‍ നമ്മള്‍ പാടുപെടും. ഏറ്റവുമൊടുവില്‍ നിര്‍ണ്ണായകമായ ഒരു അപകടം സംഭവിക്കുന്നുണ്ട്. നോവലിലെ അപകടരംഗം ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ ജോലിസ്ഥലത്തുനിന്ന് തിരികെ വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയാണ്. വായനയുടെ രസത്തിനിടെ ഉറക്കെ ചിരിച്ചുപോയതും അരികിലിരുന്നവര്‍ തുറിച്ചുനോക്കിയതും ഓര്‍മ്മയുണ്ട്. എന്തായാലും ഞാന്‍ ചിരിച്ചു. എന്തിന് ചിരിച്ചു എന്ന് വായിച്ചു ചിരിച്ചുതന്നെ അറിയണം.
ഒരു കുട്ടിയെപ്പോലെ വാക്കുകളില്‍ നിന്ന് അക്ഷരങ്ങള്‍ മറന്നുമറന്നു പോകുന്ന മരണാസന്നനായ ഗാര്‍പ്പിന്റെ അച്ഛനെ കണ്ട് നമ്മള്‍ ചിരിക്കും, ആണുങ്ങളുടെ കൂടെ ജീവിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു ഫെമിനിസ്റ്റ് ആയ ജെന്നിയെക്കണ്ട് നമ്മള്‍ ചിരിക്കും, ഗാര്‍പ്പിന്റെ ജീവിതത്തിലെ ബന്ധങ്ങള്‍ കുഴഞ്ഞുമറിയുമ്പോഴെല്ലാം നമ്മള്‍ ചിരിച്ചുമറിയും. ഇതൊന്നും തമാശയല്ല, എന്നാല്‍ ചിരിക്കാതെ വയ്യ താനും. വിചിത്രമാണ് ഗാര്‍പ്പിന്റെ ലോകം. സാധാരണവുമാണത്. നമ്മുടെയോരോരുത്തരുടേയും ജീവിതം പോലെ. അങ്ങനെ ഒരു താരതമ്യത്തിലെ തമാശയാവും ഒരുപക്ഷെ നമ്മെ ചിരിപ്പിക്കുന്നത്. ഗാര്‍പ്പ് പറയുന്നതുപോലെ, നമ്മള്‍ എല്ലാം മരണാസന്നരായ കേസുകളാണ്. നമുക്ക് ചിരിക്കുകയെങ്കിലും ചെയ്യാം.
നോവലിസ്റ്റായ ജോണ് ഇര്‍വിംഗ് പറയുന്നത് ‘സ്വകാര്യഓര്‍മ്മകള്‍ പോലെ കഥാപാത്രങ്ങളുടെ ജീവിതത്തെ സങ്കല്‍പ്പിചെടുക്കലാണ് ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്’ എന്നാണ്. അത് അതിമനോഹരമായി ഈ നോവലില്‍ നിര്‍വഹിച്ചിട്ടുണ്ട്. പുസ്തകം വായിച്ചുമടക്കി വയ്ക്കുമ്പോള്‍ ഈ കഥാപാത്രങ്ങളുടെ സ്വകാര്യ ഓര്‍മ്മകള്‍ എല്ലാം എന്റെയും കൂടി ആയിത്തീരുന്നുണ്ട്.
No comments:
Post a Comment