Sunday, March 2, 2014

ആഖ്യാതാവ് മരണം



ഭാഷയിലേയ്ക്കും കവിതയിലെയ്ക്കും ഉള്ള ആദ്യ പ്രവേശികകള്‍ പള്ളിപ്പാട്ടുകളായിരുന്നു. അതില്‍ തന്നെ മരണഒപ്പീസുകള്‍ക്കുള്ള ഭാഷാസൗന്ദര്യവും തീക്ഷ്ണതയും അന്നുകേട്ട പാട്ടുകളില്‍ വേറെയൊന്നിനും തോന്നിയിരുന്നില്ല. ഒപ്പീസുകള്‍ക്കിടയില്‍ “ചെന്തീപോലൊരു മാലാഖ” എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേടിച്ചിരുന്നു, മരണം വരുന്നത് തീപോലെ ചുവന്ന ഒരു മാലാഖയുടെ രൂപത്തിലാവും എന്ന് വിചാരിച്ചിരുന്നു, എനിക്ക് ജീവിതം ഉപേക്ഷിച്ചുപോകേണ്ട എന്ന കേണുപറച്ചിലുകളെ തീരെ വകവയ്ക്കാത്ത ദയാശൂന്യനായ ഒരു മാലാഖ. എന്തായാലും വായനയുടെ ലോകം മാര്‍ക്കസ് സുസാക്കിന്റെ “ദി ബുക്ക് തീഫില്‍” എത്തിനില്‍ക്കുമ്പോള്‍  മരണം രസികനായ ഒരു ആഖ്യാതാവായി മാറുന്നു. മരണം എന്ന കഥാപാത്രം ചരിത്രാതീതകാലം മുതല്‍ മനുഷ്യരുടെ സങ്കല്‍പ്പത്തിലുണ്ട്. യമരാജനായും ഗ്രിം റീപ്പറായും മരണദൂതനായ മാലാഖയായും കാലങ്കോഴിയായും ഒക്കെ പല സംസ്കാരങ്ങളിലും മരണം നിറയുന്നു. പുരുഷരൂപത്തിലും സ്ത്രീരൂപത്തിലും മരണം ചിത്രീകരിക്കപ്പെടാറുണ്ട്. മരണമടഞ്ഞ ഭാര്യയെ പാതാളലോകത്തോളം ചെന്ന് തിരിച്ചുകൊണ്ടുവന്ന ഒര്ഫിയസിന്റെ കഥയും ആത്മാവിനെ വരിഞ്ഞുകെട്ടി നരകത്തിലെത്തിക്കുന്ന യമരാജനും ഒക്കെ മനുഷ്യന്റെ മരണസങ്കല്‍പ്പങ്ങളുടെ മിഴിവാര്‍ന്ന ചിത്രങ്ങളാണ്. ബുക്ക് തീഫ് എന്ന നോവലില്‍ മരണം മാനുഷികവികാരങ്ങളുള്ള ഒരു കഥപറച്ചിലുകാരനാകുന്നു. മരണത്തിന് മരണങ്ങള്‍ കണ്ടുമടുക്കുന്നുണ്ട്, വിശ്രമം ആഗ്രഹിക്കുന്നുണ്ട്, തമാശകള്‍ പറയുന്നുമുണ്ട്. “എന്നെ മനുഷ്യര്‍ വേട്ടയാടുന്നു” എന്ന് പറയുന്ന ഒരു മരണം ഒരുതരത്തില്‍ നോക്കിയാല്‍ രസികന്‍ തന്നെയാണ്. മരണത്തിനും ഒരു ഹൃദയമുണ്ടെന്നാണ് നോവലിന്റെ പക്ഷം. ഓടുന്ന ചെറുപ്പക്കാര്‍ എല്ലാവരും കരുതും തങ്ങള്‍ മറ്റുള്ള ചെറുപ്പക്കാരോട് മത്സരിച്ചാണ്‌ ഓടുന്നതെന്ന്. എന്നാല്‍ സത്യത്തില്‍ അവര്‍ തന്റെ അരികിലെയ്ക്കാണ് ഓടിയെത്തുന്നതെന്ന് പറയുന്ന ചതുരനായ മരണമാണ് പുസ്തകത്തില്‍ കഥ പറയുന്നത്.ബുക്ക് തീഫ് എന്ന പുസ്തകം കൗമാരകാലവായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ പലരും ഇതിനെ ജൂതകൂട്ടക്കൊലക്കാലത്തെ ഹാരിപോട്ടര്‍ കഥ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സംഗതി സത്യവുമാണ്. മ്യൂണിച്ചിനടുത്തുള്ള മോള്‍ച്ചിങ്ങ് എന്ന ജര്‍മ്മന്‍ ടൌണിലാണ് കഥ നടക്കുന്നത്. ഒന്‍പതുവയസുള്ള ലിസല്‍ മേമിന്ഗര്‍ എന്ന പുസ്തകമോഷ്ടാവ് വളര്‍ത്തുമാതാപിതാക്കളുടെ അടുത്ത് എത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. അവള്‍ മോഷ്ടിക്കുന്ന ആദ്യത്തെ പുസ്തകം “കുഴിവെട്ടുകാരന്റെ കൈപ്പുസ്തക”മാണ്. അത് കിട്ടുന്നതോ അവളുടെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന ദിവസവും. ആദ്യത്തെ പുസ്തകമോഷണം നടക്കുമ്പോള്‍ അവള്‍ക്ക് വായിക്കാനറിയില്ല, സ്കൂളില്‍ അവള്‍ അതിന്റെ പേരില്‍ പിന്നീട് പരിഹാസപാത്രവുമാകുന്നുണ്ട്. അവളുടെ വളര്‍ത്തുപിതാവാണ് അവളെ വായിക്കാന്‍ പഠിപ്പിക്കുന്നത്‌.ലിസലിന്റെ വളര്‍ച്ചയിലൂടെ തന്നെ നോവലില്‍ നാസി പാര്‍ട്ടിയുടെ വളര്‍ച്ചയും രേഖപ്പെടുന്നു. ലിസല്‍ ജര്‍മന്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹിറ്റ്ലര്‍ സംഘടനയില്‍ അംഗമാകുന്നുമുണ്ട്. എന്നാല്‍ അവരുടെ വീട്ടില്‍ അവര്‍ ഒളിപിച്ചുതാമസിപ്പിക്കുന്ന ജൂതയുവാവ് ലിസലിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറുന്നുണ്ട്. ജൂതനായ മാക്സിനെ രക്ഷപെടാന്‍ സഹായിക്കുന്നത് ഹിറ്റ്‌ലറുടെ മേഇന്‍ കാംഫ് എന്ന പുസ്തകമാണ് എന്നത് രസകരമായി മെനഞ്ഞെടുത്ത ഒരു വൈപരീത്യമാണ് കഥയില്‍. നാസി അംഗങ്ങള്‍ ജൂതപുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്ന തീക്കൂനയില്‍ നിന്നാണ് ലിസല്‍ അവളുടെ രണ്ടാമത്തെ പുസ്തകം മോഷ്ടിക്കുന്നത്. പകുതിവെന്ത പുസ്തകം ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചത് അവളെ അക്ഷരാര്‍ത്ഥത്തില്‍  പൊള്ളിക്കുന്നുണ്ട്. ശരിക്കും ഹാരിപോട്ടര്‍ നോവലുകളുടെ ശൈലിയിലുള്ള സാഹസികകഥ തന്നെയാണ് ബുക്ക് തീഫും. ആകെയുള്ള മാറ്റം ഭീകരസത്വങ്ങള്‍ക്കും ലോര്‍ഡ്‌ വോള്‍ഡര്‍മോട്ടിനും പകരമായി ഇതിലുള്ളത് സാക്ഷാല്‍ ഹിറ്റ്‌ലര്‍ തന്നെയാണ് എന്ന് മാത്രം. മനുഷ്യമുഖമുള്ള മരണംകഥ നടക്കുന്നത് നാസി ജര്‍മനിയിലായതുകൊണ്ടുതന്നെ മരണങ്ങള്‍ പുസ്തകത്തിലുടനീളം ഉണ്ട്. മരണമാണ് കഥയിലൂടെ വായനക്കാരെ നയിക്കുന്നത്. മരണത്തിന്റെ സംഭാഷണങ്ങള്‍ കേട്ടാല്‍ പേടിപ്പിക്കുന്ന സത്വം എന്നൊന്നും തോന്നില്ല, മറിച്ച് മരണം ഒരു സാധാരണമനുഷ്യനാണ് എന്നാണ് തോന്നുക. മരണത്തിന് സന്തോഷങ്ങളും ദുഖങ്ങളുമുണ്ട്. നാസി ജര്‍മനിയുടെ മൂര്‍ധന്യത്തില്‍ അവധിയില്ലാതെ പണിയെടുത്ത് മരണം വിഷാദത്തില്‍ അകപ്പെടുന്നുപോലുമുണ്ട്. ഓരോ മനുഷ്യമരണവും തന്നെ കൂടുതല്‍ വിഷാദത്തിലാഴ്ത്താതിരിക്കാനായി മരണം ഓരോരുത്തരും മരിക്കുന്ന സമയത്തെ ആകാശത്തിന്റെ നിറം ഒക്കെ നോക്കിനില്‍ക്കലാണ് പതിവ്. തന്‍റെ ജോലിക്ക് കൂടുതല്‍ അര്‍ഥം കണ്ടെത്താനായി മരണം പല ശ്രമങ്ങളും നടത്താറുണ്ട്‌. ധൈര്യശാലികളായ മനുഷ്യരുടെ ജീവിതകഥകള്‍ ശേഖരിക്കുകയാണ് അതിലൊന്ന്. അങ്ങനെയാണ് ലിസലും മരണത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. “നീയും നിന്റെ മനുഷ്യായുസ്സും വിലയേറിയതാണെന്ന് എന്നെ ബോധ്യപ്പെടുത്തലാണ് ഈ കഥ” എന്നാണ് മരണം ലിസലിനെ പറ്റി പറയുന്നത്. മനുഷ്യര്‍ക്ക്‌ എങ്ങനെ ഇത്രയും വൈരൂപ്യവും സൌന്ദര്യവും ഒരുമിച്ച് തങ്ങളുടെയുള്ളില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നു എന്നതാണ് മരണത്തെ അത്ഭുതപ്പെടുത്തുന്നത്. ഇത്രമേല്‍ ഇരുളും വെളിച്ചവും ഒരുമിച്ച് എങ്ങനെ മനുഷ്യരുടെ മനസ്സില്‍ നിറയുന്നുവെന്നത് മരണത്തിന് മനസിലാക്കാനാകുന്നില്ല. എന്നാല്‍ ഇതൊന്നും മരണം ലിസലിനോട് പറയുന്നില്ല. ആകെ അവളോട്‌ പറയുന്നത് “എന്നെ മനുഷ്യര്‍ വേട്ടയാടുന്നു” എന്ന് മാത്രമാണ്. മരണത്തെ വേട്ടയാടുന്ന മനുഷ്യര്‍ ഭൂമിയില്‍ മരിക്കാതെ അവശേഷിക്കുന്നവരാണ്. പൂര്‍ത്തിയാകാത്ത അവരുടെ കഥകളാണ് മരണത്തിന്റെ സമാധാനം കെടുത്തുന്നത്. മരണമല്ല ആളുകളുടെ ജീവനെടുക്കുന്നത്, ജീവിതമാണ്‌. ആളുകള്‍ മരിക്കുന്നതുകൊണ്ട് മാത്രമാണ് മരണം നിലനില്‍ക്കുന്നത്. മാത്രമല്ല ഇതില്‍ മരണം ആയുധങ്ങളോ വരിഞ്ഞുകെട്ടാന്‍ കയറോ കൊണ്ടുനടക്കുന്നില്ല. മരണത്തെ കണ്ടാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ആകാംക്ഷയുള്ളവര്‍ കണ്ണാടിയെടുത്ത് നോക്കാനാണ് മരണം ആവശ്യപ്പെടുന്നത്. മരണമാണ് മനുഷ്യരെ തുല്യരാക്കുന്നത്, മരണമാണ് ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഏറ്റവും വലിയ മാനവികത. 


mediaone link 

No comments:

Post a Comment