Sunday, March 2, 2014

ജോയി കുളനടയുടെ മലയാളി ആഭാസച്ചിരി

താഴെ കാണുന്ന കാര്‍ട്ടൂണ്‍ വരച്ചയാള്‍ അതിനുകീഴെ ജോയി എന്ന് ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരച്ചത് അയാള്‍ മാത്രമല്ല. ഇത് വരച്ചത് കേരളസമൂഹമാണ്. ഓരോ കാര്‍ട്ടൂണിസ്റ്റും സമൂഹത്തില്‍ നിന്ന് കിട്ടുന്ന ചിരി കൊണ്ടാണ് ജീവിക്കുന്നത്. ജോയി കുളനടയല്ല മറ്റ് ഏതൊരു കാര്‍ട്ടൂണിസ്റ്റായാലും ലക്ഷ്യമിടുന്നത് ഒരു സമൂഹത്തില്‍ ചിരിയുണര്‍ത്താനാണ്. വരയ്ക്കുന്നതിനുമുന്‍പ് കാര്‍ട്ടൂണിസ്റ്റിനുമുന്നില്‍ അയാളുടെ വായനക്കാരന്‍ വന്നുനില്‍ക്കും. ഈ കാര്‍ട്ടൂണ്‍ കണ്ട് നന്നായി ചിരിക്കാന്‍ കഴിയുന്നവരാണ് നാമെങ്കില്‍ ലജ്ജിക്കേണ്ടത് നാം തന്നെയാണ്. ജോയി കുളനട എന്ന കാര്‍ട്ടൂണിസ്റ്റ് മലയാളിസമൂഹത്തിന്റെ ആകമാന ജീര്‍ണ്ണതയുടെ ഒരു ഉപകരണം മാത്രമാണ്.


ശ്വേതാമേനോന്‍റെ അറിവോ സമ്മതമോ കൂടാതെ അവരെ തൊടാമോ, പീതാംബരക്കുറുപ്പ് സത്യത്തില്‍ പിതൃവാത്സല്യം നിറഞ്ഞ ഒരു മനുഷ്യനല്ലേ എന്നൊക്കെ ചര്‍ച്ചകള്‍ പലവിധം പുരോഗമിക്കുന്നു. ശ്വേതാമേനോന്‍ പരാതി പിന്‍വലിച്ചെന്നും ആയതിനാല്‍ പിതൃവാല്‍സല്യം നിറഞ്ഞ പീതാംബരക്കുറുപ്പ് കുറ്റവിമുക്തനായെന്നും കൂടി കേട്ടു. ഇതില്‍ ഇനി ഒന്ന് കണ്ണടച്ചുതുറക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയില്ല. ഈ കാര്‍ട്ടൂണില്‍ മാത്രം വിഷയത്തെ തല്‍ക്കാലം ഒന്നുചുരുക്കി നോക്കാന്‍ ശ്രമിക്കാം. കാര്‍ട്ടൂണിസ്റ്റ് തന്നെ ചിത്രത്തില്‍ നിന്ന് വളരെ ബുദ്ധിപൂര്‍വ്വം ശ്വേതാമേനോനെയും പീതാംബരകുറുപ്പിനെയും ഒഴിവാക്കിയിട്ടുണ്ട്. (അതോ ശ്വേതാമേനോനെയും പീതാംബരക്കുരുപ്പിനെയുമൊക്കെ വരച്ചുഫലിപ്പിക്കാന്‍ കഴിയില്ലെന്ന് തോന്നിയിട്ടോ എന്തോ! പെണ്ണുങ്ങള്‍ക്ക് പിന്നെ ശരീരഭാഗങ്ങള്‍ ഇങ്ങനെ മുഴുപ്പിച്ചുവരച്ചാല്‍ മതിയാകുമെന്നാണല്ലോ.) എന്തായാലും വിവാദകക്ഷികളുടെ വളരെ കൃത്യമായ അദൃശ്യതയും അതിന്‍റെ കൂടെ ബാലപീഡനം എന്ന പ്രതിഭാസത്തിന്‍റെ തമാശയുളവാക്കുന്നതിനുവേണ്ടിയുള്ള ദൃശ്യതയുമാണ്‌ ഈ കാര്‍ട്ടൂണിലെ ഏറ്റവും പ്രസക്തസംഗതിയായി എനിക്ക് തോന്നിയത്.

മലയാളത്തിലെ ദിനപത്രങ്ങളില്‍ സ്ഥിരമായി വരുന്നത് കൊണ്ട് പൊതുസമൂഹത്തിന് പുതുമ നഷ്ടപ്പെട്ട ഒരു വാര്‍ത്തയുണ്ട്. പിതാവോ പിതൃതുല്യരായവരോ ആയ ഒരാളുടെയോ പലരുടെയൊ “പിതൃവാത്സല്യ”ത്തിനൊടുവില്‍ മരിക്കുന്ന പിഞ്ചുകുട്ടികളുടെ കഥകള്‍. ഏറ്റവും ഹീനമായ അത്തരം സംഭവങ്ങളെയാണ് ഇവിടെ നമ്മുടെ കാര്‍ട്ടൂണിസ്റ്റ് തമാശയുളവാക്കാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കാര്‍ട്ടൂണില്‍ നിന്ന് നമുക്ക് തല്‍ക്കാലം ക്ലീന്‍ഷേവ് ഷാരുഖിനെയും എവിടെയൊക്കെയോ ഉരുണ്ടും മുഴച്ചും നില്‍ക്കുന്ന ശരീരഭാഗങ്ങളുമായി രഞ്ജിനിയെന്നും റിമി ടോമിയെന്നും അടിക്കുറിപ്പുള്ള സ്ത്രീയുടല്‍രൂപങ്ങളെയും മറക്കാം. ഒടുവിലത്തെ മൂന്നുകോളങ്ങള്‍ മാത്രം ശ്രദ്ധിക്കുക. മറഡോണയും ഷാരുഖ് ഖാനും ഒക്കെ പൊതുവേദികളില്‍ വെച്ച് സ്ത്രീകളെ കയറിപ്പിടിച്ചത് കണ്ടതിന്റെ ആവേശത്തിലാണ് കഥാനായകനായ പാക്കരന്‍ അയല്‍വാസിയായ ആറുവയസുകാരിയെ വാരിയെടുത്തു ചുംബിക്കുന്നത് അത്രേ.

കാര്‍ട്ടൂണിസ്റ്റ് തന്റെ എങ്ങും തൊടാത്ത അഭിപ്രായസ്വാതന്ത്ര്യപ്രകടനം തുടങ്ങുന്നത് ഇവിടെയാണ്‌. നിങ്ങള്‍ പച്ചയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചാല്‍ അല്ല നീലയാണ് എന്നും നീലയാണോ എന്ന് ചോദിച്ചാല്‍ അയ്യോ പച്ചയാണ് എന്നും പറയാവുന്ന പ്രത്യേകതരം ഒരു ബ്രഷുകൊണ്ടാണ് ഇവിടെ ചിത്രരചന. പാക്കരന്‍ വെറും പാക്കരനല്ല, പാക്കരന്‍ പാത്താങ്കുറ്റി കോളനിയില്‍ നിന്നാണ്. കോളനിവാസികള്‍ അങ്ങനെയുള്ളവരാണ്, അവര്‍ മാത്രമേ അയല്‍വാസികളായ കുട്ടികളോട് മേല്‍പ്പറഞ്ഞ “പിതൃവാത്സല്യം” കാണിക്കൂ എന്നല്ലേ താങ്കള്‍ പറഞ്ഞുവയ്ക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്റെ പാക്കരന്‍ സത്യത്തില്‍ നിരപരാധിയാണല്ലോ എന്ന് സമര്‍ഥിക്കാനുള്ള പഴുതു ഇതിലുണ്ട്.

ഇതേപോലെ സമര്‍ത്ഥമായ മറ്റൊരു കളി ഇതില്‍ കാര്‍ട്ടൂണിസ്റ്റ് നടത്തിയിരിക്കുന്നത് “സദാചാരപ്പോലീസ്” എന്ന വാക്കിന്‍റെ വളരെ ക്രിയാത്മകമായ ഉപയോഗമാണ്. ഇന്നേവരെ നമ്മള്‍ ‘സദാചാരപ്പോലീസ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് പാവപ്പെട്ട കാമുകീകാമുകന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമൊക്കെ സദാചാരത്തിന്റെ കൂട്ടുപിടിച്ചിരുന്ന ലോക്കല്‍ തൊഴില്‍രഹിത സഹോദരന്മാരെ വിശേഷിപ്പിക്കാനാണ്. അവര്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ചുമ്മാ കയറി ഇടപെട്ടിരുന്ന ദുഷ്ടന്‍മാരായിരുന്നു. ഇവിടെയും ആളുകള്‍ അതൊക്കെത്തന്നെ. കാര്ട്ടൂണിസ്റ്റ് എന്താണ് ഇതിലൂടെ ഉത്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലായില്ല. സമീപവാസികളായ ചെറിയ കുട്ടികളോട് “പിതൃവാത്സല്യം” കാണിക്കാന്‍ ചെല്ലുന്ന പാക്കരന്മാരെ മാലയിട്ട് ആദരിക്കണം എന്നാണോ ധ്വനി? അയലത്തുകാരിയായാലും സ്വന്തം വീട്ടിലെയായാലും കോളനിയിലോ മണിമാളികയിലൊ ഉള്ളയാളായാലും ഒരു പിഞ്ചുകുഞ്ഞിനോട് അതിരുകവിഞ്ഞ വാത്സല്യം കാണിക്കേണ്ട കാര്യം പാക്കരന്‍മാര്‍ക്ക് ആര്‍ക്കുമില്ല. പിഞ്ചുകുഞ്ഞിനോടോ മുതിര്‍ന്ന പെണ്‍കുട്ടികളോടോ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരോടോ അമ്മൂമ്മമാരോടോ ഒന്നും പാക്കരന്മാര്‍ക്ക് അനാവശ്യവാത്സല്യം തോന്നാന്‍ പാടില്ല. അതിനാണ് മനുഷ്യന്‍ മനുഷ്യനായി ചിന്തിക്കേണ്ടത്.

കാര്‍ട്ടൂണില്‍ ഒരു തമാശ ജനിപ്പിക്കാനായി ഒരു പിഞ്ചുകുഞ്ഞിനെയൊ പീഡനം എന്ന വാക്കിനെയോ ഒന്നും ഉപയോഗിക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ മുതിരാന്‍പാടില്ലാത്തതാണ്. പക്ഷെ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, കാര്ട്ടൂണിസ്റ്റ് വെറും ഒരു ഉപകരണം മാത്രമാണ്. ഇത്തരം ഒരു മനസാക്ഷി കെട്ട കഥാസന്ദര്‍ഭം ചിരി ജനിപ്പിക്കും എന്ന് കാര്‍ട്ടൂണിസ്റ്റിനെ തോന്നിച്ച മലയാളിസമൂഹമാണ് ഇതിനുത്തരവാദി. ലൈംഗികപീഡനം എന്നത് ഒരു തമാശയല്ല. കുറഞ്ഞപക്ഷം ജനിച്ചുവീഴുമ്പോള്‍ മുതല്‍ ചാകുമ്പോള്‍ വരെ നിശബ്ദതയിലൂടെയും നോട്ടത്തിലൂടെയും സ്പര്‍ശത്തിലൂടെയും വാക്കിലൂടെയും പലതരത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളിസ്ത്രീക്കെങ്കിലും ആ വാക്ക് തമാശയല്ല.

സ്ത്രീകളെയോ മറ്റേതെങ്കിലും സഹജീവികളെയൊ ഏതെങ്കിലുമൊക്കെ തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ നോക്കി ആര്‍ത്തുചിരിക്കുന്ന ഒരു സമൂഹമാണ് ആരോഗ്യമുള്ള സമൂഹം. കുറഞ്ഞപക്ഷം പത്രമാധ്യമങ്ങളെങ്കിലും ഇങ്ങനെ പേന കൊണ്ടും ബ്രഷുകൊണ്ടും ഒന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരരുത്.

അഴിമുഖം ലിങ്ക് 

No comments:

Post a Comment