സൂചികൊണ്ടും ഏകാന്തതകൊണ്ടും തുന്നിയ ഒരുടുപ്പ്
ആഗ്നസ് റിച്ചറിനെ പരിചയപ്പെടുത്താനും ആഗ്നസിന്റെ പുറങ്കുപ്പായത്തിന്‍റെ ഹൃദയഭേദകമായ കഥ പറയുവാനുമാണ് ഈ കുറിപ്പ്. ഇത്രയേറെ നൊമ്പരപ്പെടുത്തിയ ഒരു കുപ്പായം വേറെയില്ല. ഈ ഉടുപ്പ് കാണുക, ഇതിലെ ഓരോ തുന്നലും ശ്രദ്ധിച്ചുനോക്കുക. ഇത് ഏതെങ്കിലും ഡിസൈനറുടെ ഫാള്‍/വിന്‍റര്‍ സൃഷ്ടിയല്ല, ഇന്നുകണ്ടാല്‍ അങ്ങനെയൊക്കെ തോന്നുമെങ്കിലും.
ഭ്രാന്താശുപത്രിയിലെ തുന്നല്‍ക്കാരി
1890കളില്‍ ജര്‍മ്മനിയിലെ ഒരു ഭ്രാന്താശുപത്രിയില്‍ ജീവിതം ചെലവഴിച്ച ഒരു തുന്നല്‍ക്കാരിയാണ് ആഗ്നസ് റിച്ചര്‍. ഈ ചിത്രം ഒന്ന് സൂക്ഷിച്ചുനോക്കുക, അതിലെ അക്ഷരങ്ങള്‍ കാണുക. സൂചി കൊണ്ട് പുറങ്കുപ്പായത്തില്‍ ഭ്രാന്ത് തുന്നിച്ചേര്‍ത്ത ആഗ്നസിനെ അറിയുക. പൂക്കളോ ചിത്രശലഭങ്ങളോ അല്ല, തന്‍റെ മനസാണ് കൈവിട്ടുപോകുമെന്ന പേടികൊണ്ടോ, നെഞ്ചോടുചേര്‍ക്കണമെന്ന ആഗ്രഹം കൊണ്ടോ ഒക്കെ ആഗ്നസ് തന്റെ കുപ്പായത്തില്‍ തുന്നിവെച്ചത്. ഇതിലെ വരികളില്‍ ആഗ്നസിന്റെ ജീവിതമാണ്. പലതും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്, നേര്‍രേഖയിലുള്ള ഒരു പറച്ചില്‍ ഇതിലില്ല. വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു ഭ്രാന്താശുപത്രിയില്‍ ഇരുന്ന് ഒരു സ്ത്രീക്ക് നേര്‍രേഖയില്‍ ചിന്തിക്കാനോ അത് എഴുതിസൂക്ഷിക്കാനോ കഴിയുമോ എന്നത് മറ്റൊരു ചോദ്യം. ഉടുപ്പിന്റെ അകത്തും പുറത്തും നിറയെ എഴുത്തുകളാണ്, അടുക്കിക്കെട്ടാത്ത ഒരു നൂല്‍ ജീവചരിത്രം.
എന്തൊരു മനസായിരുന്നിരിക്കണം ആഗ്നസ് റിച്ചറുടെത്? ഒരു ഭ്രാന്താശുപത്രിയില്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന ഒരു നിറമില്ലാത്ത പുറങ്കുപ്പായത്തില്‍ സൂചിപോലെ തുളഞ്ഞിറങ്ങിയവള്‍, നൂല്‍ പോലെ തെളിഞ്ഞുവന്നവള്‍, തുടക്കവും ഒടുക്കവുമില്ലാതെ തുന്നിച്ചേര്‍ത്ത വാക്കുപോലെ മുറിഞ്ഞവള്‍. ഈ കുപ്പായത്തില്‍ തുന്നലിലേയ്ക്ക് ഇറങ്ങിപ്പോകുന്ന വാക്കുകളുണ്ട്, തുന്നലുകളില്‍ നിന്ന് ഇറങ്ങിവരുന്ന വാക്കുകളും. ഒരു ഭ്രാന്താശുപത്രിയുടെ ചിട്ടയിലെ വെറുമൊരു അക്കം മാത്രമായിരുന്നിരിക്കാം അന്നത്തെ ആഗ്നസ്. എന്നാല്‍ ഉടുപ്പുകള്‍ അലക്കുന്നവര്‍ പരസ്പരം മാറിപ്പോകാതിരിക്കാനായി സീല്‍ചെയ്യുന്ന അക്കത്തെ അതിനുമീതെ തുന്നി അലങ്കരിച്ചു തന്‍റെതാക്കി മാറ്റിക്കൊണ്ടാണ് ആഗ്നസ് സ്വത്വം കണ്ടെത്തുന്നത്. ഒരു ഭ്രാന്താശുപത്രിക്ക് വെളിയില്‍പോലും സ്വന്തം വ്യക്തിത്വം ഉണ്ടാവുക എന്നത് സ്ത്രീകള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ലാത്ത കാലം.
അര്‍ത്ഥത്തെയും കാലത്തെയും അതിജീവിച്ച് തെളിഞ്ഞുനില്‍ക്കുന്ന ഈ കലാസൃഷ്ടിയെ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ പ്രതിഷേധം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇത് ആഗ്നസിന്റെ സമരമാണ്. ഇതിനുമുന്‍പോ ഇതിനുശേഷമോ ആഗ്നസ് തുന്നിയത് എന്തൊക്കെയായിരുന്നു എന്നോ എങ്ങനെയൊക്കെയായിരുന്നു എന്നോ എനിക്കറിയില്ല. ആഗ്നസിന്റെ ഇഷ്ടം ചോദിച്ചിട്ടായിരിക്കില്ല അവളെ സെല്ലിനുള്ളില്‍ അടച്ചത്. ഉറപ്പായും അവളുടെ ജീവിതത്തില്‍ നിറങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വ്യത്യസ്തതകള്‍ ഉണ്ടായിരുന്നിരിക്കണം. അതില്‍നിന്നൊക്കെയാവും ആഗ്നസ് ഒരു ഭ്രാന്താശുപത്രിയുടെ ബോറന്‍ ചുവരുകള്‍ക്കുള്ളില്‍ എത്തിയത്. അവളുടെ പക്കല്‍ സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് ഉടുത്തിരിക്കുന്ന കുപ്പായം മാത്രമായിരുന്നിരിക്കണം. ഭ്രാന്താശുപത്രിയുടെ സെല്ലുകളില്‍ ജീവിക്കുന്ന എല്ലാവരും ധരിക്കുന്ന ഒരേ പോലെയുള്ള നിറമില്ലാത്ത ബോറന്‍ കുപ്പായം. ദേഹത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒന്നില്‍ അവനവനെത്തന്നെ തുന്നിച്ചെര്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നിരിക്കില്ല ആഗ്നസിന്.
പുറത്ത് നില്‍ക്കുന്നവരുടെ കല :പ്രിന്‍സ്ഹോണ്‍ കളക്ഷന്‍
ഹൈഡല്‍ബര്‍ഗിലെ പ്രിന്‍സ്ഹോണ്‍ കളക്ഷന്‍ മ്യൂസിയത്തിലാണ് ആഗ്നസിന്റെ ജാക്കറ്റ് ഇന്ന് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഹാന്‍സ് പ്രിന്‍സ്ഹോണ്‍ എന്ന സൈക്യാട്രിസ്റ്റ് – ആര്‍ട്ട് ഹിസ്‌റ്റോറിയന്‍ തന്റെ രോഗികളുടെ കലാസൃഷ്ടികള്‍ ശേഖരിക്കാനാരംഭിച്ചത്. 1919ല്‍ ജര്‍മ്മനിയിലെ ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാലയോടുകൂടെ ചേര്‍ന്ന് പല യൂറോപ്യന്‍ ചികിത്സാലയങ്ങളില്‍ നിന്ന് കണ്ടെടുത്ത കലാവസ്തുക്കള്‍ ചേര്‍ത്ത് അദ്ദേഹം തന്റെ ശേഖരം കൂടുതല്‍ വിപുലമാക്കി. രണ്ടുവര്ഷം കൊണ്ട് അദ്ദേഹം ഏതാണ്ട് അയ്യായിരത്തോളം കലാസൃഷ്ടികളാണ് സമാഹരിച്ചത്. ഈ കലാസൃഷ്ടികളെപ്പറ്റി അദ്ദേഹം Artistry of the mentally ill: a contribution to the psychology and psychopathology of configuration എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. മനോരോഗമുള്ളവരുടെ കലാസൃഷ്ടികളെപ്പറ്റി ആദ്യമായി നടന്ന പഠനമായിരുന്നു അദ്ദേഹത്ത്തിന്റെത് എന്ന് പറയാം. പുസ്തകത്തിലുടനീളം അദ്ദേഹം തന്റെ കളക്ഷനില്‍ നിന്നുള്ള രചനകള്‍ ഉപയോഗിക്കുന്നുണ്ട്. വിസ്മയകരമെന്ന് പറയാവുന്ന മറ്റുപല സൃഷ്ടികളും പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ ഉള്‍പ്പെടുന്നു. രോഗാവസ്ഥയും കലയും തമ്മിലുള്ള നൂല്‍പ്പാലബന്ധമാണ് ഈ പഠനത്തില്‍ നിന്നും കലാസ്രിഷ്ടികളുടെ ശേഖരത്തില്‍ നിന്നും മനസിലാക്കാനാവുക.
ഹാന്‍സ് പ്രിന്‍സ്ഹോണ്‍
പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ നിന്നാണ് ലളിതകലകളില്‍ ഔട്ട്‌സൈടര്‍ ആര്‍ട്ട് എന്ന സങ്കല്പം രൂപപ്പെട്ടത്. സാമ്പ്രദായികലളിതകലാചട്ടക്കൂടുകള്‍ക്ക് വെളിയില്‍, പലപ്പോഴും ഒറ്റപ്പെട്ട സെല്ലുകളിലും മറ്റുമായി കണ്ടെത്തുന്ന കലാസൃഷ്ടികളെയാണ് ഔട്ട്‌സൈഡര്‍ ആര്ട്ട് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ചിലപ്പോള്‍ കുട്ടികളുടെ കുത്തിവരച്ചിത്രങ്ങളും കലാകേന്ദ്രങ്ങളില്‍ പരിശീലനം ലഭിക്കാത്തവരുടെ സൃഷ്ടികളും ഉള്പ്പെടാറുണ്ട്. കുട്ടിയെപ്പോലെ വരയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന, ഹൈ ആര്‍ട്ടിവെളിയില്‍ നിന്ന് ചിന്തിക്കാന്‍ ശ്രമിച്ചിരുന്ന പിക്കാസോയെ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. കലാവസ്തുക്കള്‍ ചേര്‍ത്ത് കലാവിമര്‍ശകനായ റോജര്‍ കാര്‍ഡിനല്‍ 1972ലാണ് ഔട്ട്‌സൈഡര്‍ ആര്ട്ട് എന്ന പ്രയോഗം ആരംഭിച്ചത്. സാമ്പ്രദായികസംസ്കാരങ്ങള്‍ക്ക് വെളിയില്‍ സമൂഹം നിര്‍ണ്ണയിക്കുന്ന അതിര്‍ത്തികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരാണ് ഔട്ട്‌സൈഡര്‍ ആര്‍ട്ടിലെ കലാകാരി/കാരന്മാര്‍. അവര്‍ക്ക് കല എന്നാല്‍ സ്വയം പ്രകാശനത്തിനുള്ള മാര്‍ഗം മാത്രമാണ്. മനസിന്‍റെ പല പിരിവുകളും വളവുകളും മനസിലാക്കാനും ജീവിതത്തെ അടുത്തറിയാനുമാകും കലയുടെ തെളിച്ചമുള്ള ഇടങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഇങ്ങനെ ചിലര്‍ അവരുടെ കലാബോധത്തെ ഉപയോഗിക്കുന്നത്. അവര്‍ക്ക് യാതൊരു കലാസ്കൂളുകളുമായും ബന്ധം കാണില്ല. ഇമ്പ്രഷനിസമോ എക്സ്പ്രഷനിസമോ സര്‍റിയലിസമോ മറ്റനവധി ഇസങ്ങളോ പരിചയമുണ്ടാകില്ല. മറ്റുകലാകാരന്‍മാര്‍ ഉണ്ടെന്നോ അവര്‍ സൃഷ്ടികള്‍ നടത്ത്താരുന്ടെന്നോ അറിയുന്നുണ്ടാകില്ല. കയ്യില്‍ കിട്ടുന്നതെന്തും മാധ്യമവും വേദനകള്‍ നിറഞ്ഞ മനസുകളുടെ പിടച്ചില്‍ കലാമൂല്യമുള്ള വസ്തുവും ആകുന്നത് അങ്ങനെയാണ്. ആഗ്നസിന്റെ പുറങ്കുപ്പായവും അങ്ങനെ തന്നെ.
ഒരു കാഴ്ചക്കാരിയായി നിന്ന് നോക്കുമ്പോള്‍ പക്ഷെ എനിക്ക് ഔട്ട്‌സൈഡര്‍ ആര്‍ട്ടോ ഇന്‍സൈഡര്‍ ആര്‍ട്ടോ ഇല്ല. ആഗ്നസിന്റെ കുപ്പായം ആര്‍ട്ട് മാത്രമാണ്, സമയവും ജീവിതവും ചെലവഴിച്ച് വിക്ടോറിയന്‍ കാലത്ത് ഒരു സ്ത്രീ മെനഞ്ഞെടുത്ത കലാ(പ)വസ്തു.
അഴിമുഖം ലിങ്ക്
No comments:
Post a Comment