കഥകളില്‍ പല തരം
വില്ലന്മാരുണ്ട്. എന്നാല്‍ ജോക്കറിനെപ്പോലെ ജോക്കര്‍ മാത്രം. ഇത്ര പേടിപ്പിക്കുന്ന
മറ്റൊരു ഭീകരന്‍ കഥാപാത്രങ്ങളുടെ ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
എല്ലാവര്‍ക്കും ദുഷ്ടത്തരങ്ങള്‍ കാണിക്കുന്നതിന്
പല വിശദീകരണങ്ങളും കാണും. ലോകത്തെ കീഴ്പ്പെടുത്തണം, ആരെയെങ്കിലും തോല്‍പിക്കണം, ആരോടെങ്കിലും പ്രതികാരം വീട്ടണം, അങ്ങനെ എന്തെങ്കിലുമൊക്കെ പ്രചോദനങ്ങള്‍
കാണും. എന്നാല്‍ ജോക്കറിനു ഇതൊന്നുമില്ല. വളരെ ക്രൂരനായ ഒരു തമാശക്കാരനാണ് ജോക്കര്‍.
ബാറ്റ്മാന്‍ കഥകളിലെ
പ്രധാനവില്ലനാണ് ജോക്കര്‍. ബാറ്റ്മാന്‍ കോമിക്ക് തുടങ്ങിയ കാലത്തൊക്കെ ജോക്കറിന്
ഇന്നത്തെയത്ര സങ്കീര്‍ണതയുണ്ടായിരുന്നില്ല. കഥ വിജയിച്ചതിന്റെയൊപ്പം കൂടുതല്‍
പൊടിപ്പും തൊങ്ങലും ചേര്ന്ന് കൂടുതല്‍ പ്രശ്നക്കാരനായിത്തീര്‍ന്നയാളാണ് ജോക്കര്‍.
ആദ്യമൊക്കെ വെറുതേ ആളുകളെ കൊല്ലുന്ന ഒരു സാദാവില്ലനായിരുന്നു ജോക്കറെങ്കില്‍
ഇപ്പോള്‍ പല കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ജോക്കര്‍ എങ്ങനെ ജോക്കറായി എന്ന
ചരിത്രവും കാണാന്‍ കഴിയും.
പല കോമിക്കുകളും ജോക്കറെപ്പറ്റി
പല കഥകളാണ് പറയുന്നത്. മദ്യപനായ അച്ഛന്‍ മുഖം വികൃതമാക്കിയ ഒരു കുട്ടിയാണ്
പിന്നീട് ഇങ്ങനെയായിത്തീര്ന്നറത് എന്നത് ഒരു കഥ. കെമിക്കലുകളുടെ ഒരു പാത്രത്തില്‍
അബദ്ധത്തില്‍ വീണുപോയത് മുതലാണ് ഇങ്ങനെയെന്ന് മറ്റൊരു കഥ. ജോക്കര്‍ സ്വയം
മുറിവേല്‍പിച്ചതാണ് എന്ന് വേറൊരു കഥ. ഈ കഥകള്‍ ഡാര്‍ക്ക് നൈറ്റ് എന്ന സിനിമയില്‍ എത്തുമ്പോള്‍ പലപ്പോഴായി ജോക്കര്‍
തന്നെ പറയുന്നുണ്ട്. ഓരോ കഥയും മാറ്റിമാറ്റി പറഞ്ഞ് സ്വന്തം ഭൂതകാലത്തെ കൂടുതല്‍
അവ്യക്തമാക്കുന്നത് ജോക്കറിന്റെ മറ്റൊരു തമാശ മാത്രമായിരിക്കണം.
ജോക്കറിന്റെ തുടക്കം
എന്തുതന്നെയായാലും ഓരോ കഥയിലും വില്ലത്തരങ്ങള്‍ ഒന്നിനൊന്ന് കൂടുന്നു. ജോക്കറെ
പറ്റി ജോക്കര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. ഡാര്‍ക്ക് നൈറ്റ് സിനിമയില്‍ നിന്ന്, “എന്നെ കണ്ടാല്‍ എനിക്ക് എന്തെങ്കിലും
ലക്ഷ്യമുണ്ടെന്ന് തോന്നുമോ? ഞാന്‍ എന്താണെന്ന് അറിയാമോ? കാറുകളുടെ പിറകെ ഓടുന്ന ഒരു പട്ടിയാണ്
ഞാന്‍. ഒരു കാറിനെ പിടി കിട്ടിയാല്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍
ഇങ്ങനെ ഓരോന്ന് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.....” സൂര്യന്‍ ഇല്ലാതാവുന്ന ഒരു കാലത്ത് ലോകത്തിനുമുഴുവന്‍
പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് ഒരു തിരിനാളം എവിടെയെങ്കിലും തെളിഞ്ഞുവെന്നിരിക്കട്ടെ, ഒരു ചിരിയോടെ അത് ഊതിക്കെടുത്തുന്നതാണ്
ജോക്കര്‍ കാണുന്ന സ്വപ്നം. അത്ര മേല്‍ ഭ്രാന്തനും ക്രൂരനുമാണ് അയാള്‍.
ജോക്കറും ബാറ്റ്മാനും തമ്മില്‍
കോമിക്കുകളിലൂടെയും സിനിമകളിലൂടെയും ഒക്കെ വലിയ താത്വികചര്‍ച്ചകളാണ് നടക്കുന്നത്.
ഓരോ പുതിയ കോമിക്ക് ഇറങ്ങുമ്പോഴും സിനിമ ഇറങ്ങുമ്പോഴും ഈ വാക്പയറ്റിന് മൂര്‍ച്ച കൂടിക്കൂടി വരുന്നു. വെറുമൊരു കുറ്റവാളി എന്നതില്‍ നിന്ന്
ഒരു ക്രിമിനല്‍ ജീനിയസ് എന്നതിലേയ്ക്കുള്ള ജോക്കറുടെ വളര്‍ച്ച വളരെ
പെട്ടെന്നായിരുന്നു.
ജോക്കര്‍ ഒരു ഭ്രാന്തനാണ് എന്ന
സൂചനകള്‍ കഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അറ്ഖാം ഭ്രാന്താശുപത്രി തന്റെ
ഒരു ചെറിയ ഇടത്താവളമാണ് എന്നാണ് ജോക്കര്‍ പറയുന്നത്. ഈ കഥാപാത്രസൃഷ്ടിയിലെ ഏറ്റവും
പ്രധാന സംഗതി ജോക്കര്‍ക്ക് ഒന്നിനെയും പേടിയില്ല എന്നതാണ്. സ്കേര്രോസൃഷ എന്ന
വില്ലനുമായി സംഘം ചേരുന്നുണ്ട് ഒരിക്കല്‍ ജോക്കര്‍. പേടി ഉണ്ടാക്കുന്ന ഒരു
മരുന്നിന് സ്കേര്ക്രോഷ ജോക്കറെ വിധേയനാക്കുന്നു. ജോക്കറുടെ പേടി എന്തിനോടാണ്
എന്നറിയാനുള്ള ആകാംഷയാണ് സ്കേര്ക്രോ യെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. എന്നാല്‍
ജോക്കര്‍ക്കോ യാതൊരു കുലുക്കവുമില്ല. സ്വന്തം മരണത്തെപ്പോലും പേടിക്കുന്ന ആളല്ല
ജോക്കര്‍. തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു വില്ലന്‍ എന്നതിനെക്കാള്‍
ആളുകളെ പേടിപ്പിക്കുന്നത് ഒന്നിനോടും പേടിയില്ലാത്ത ഈ സ്വഭാവമാണ്.
ബാറ്റ്മാനും ജോക്കറായി മാറാം
എന്നാണ് പലപ്പോഴായുള്ള തന്റെ വാചകക്കസര്‍ത്തുകളിലൂടെ ജോക്കര്‍ സ്ഥാപിക്കാന്‍
ശ്രമിക്കുന്നത്. ഓരോ മനുഷ്യന്റെയുള്ളിലും ഇരുള്‍മൂടിയ മറ്റൊരാള്‍ കൂടിയുണ്ട്, നിയമങ്ങള്‍ തെറ്റിക്കാനും ആരെയും കൂസാതെ, പേടിക്കാതെ ജീവിക്കാനും ആഗ്രഹിക്കുന്ന
ഒരാള്‍. നമ്മുടെ നീതികളെയും ശിക്ഷകളെയും ഒക്കെ ഓരോ കഥയിലും ജോക്കര്‍ ചോദ്യം
ചെയ്യുന്നു. ജോക്കറായി മാറാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട്
പലതരത്തിലും ജോക്കര്‍. അല്ലെങ്കില്‍ എന്തിനാണ് ഓരോ കഥയിലും ബാറ്റ്മാന്‍ ജോക്കറെ
കൊല്ലാതെ വിടുന്നത്? ഒരു ബാറ്റ്മാന്‍ ഒരു ജോക്കറെ
കൊല്ലുന്നതുകൊണ്ട് മാത്രം ലോകം നന്നാവുന്നില്ല എന്നാണ് അതിനര്‍ഥം. നമ്മുടെ
ഓരോരുത്തരുടെയുള്ളിലും ഉള്ള ജോക്കറിനെ ഓരോനിമിഷവും കൊല്ലുക എന്നതാണ് ആകെ
ചെയ്യാവുന്നത്. ലോകത്തെമുഴുവന്‍ രക്ഷിക്കുന്നതും ചുറ്റുമുള്ള ലോകത്തിന്റെ
രക്ഷയാകുന്നതും ഒരേപോലെ പ്രധാനപ്പെട്ട കര്തെവ്യങ്ങള്‍ തന്നെ.
ഏറ്റവും മികച്ച
വില്ലനാകുന്നതിനോടൊപ്പം ആത്യന്തികമായി ജോക്കര്‍ ചെയ്യുന്നത് ഇതാണ്. മനുഷ്യരാശി
കെട്ടുപോയാല്‍ എത്രത്തോളം കെടാം എന്ന് കാണിച്ചുതരികയാണ് ജോക്കറിന്റെ ലക്‌ഷ്യം.
നന്മയെപ്പറ്റിയുള്ള കഥകള്‍ മാത്രം വായിച്ച് നല്ല കഥാപാത്രങ്ങളെ മാത്രം
കണ്ടുകൊണ്ടിരുന്നാല്‍ നമ്മള്‍ അവഗണിക്കുന്നത് നമ്മുടെയുള്ളില്‍ തന്നെയുള്ള
തിന്മയെയാണ്. അത് കാണേണ്ടതും ഒരു ആവശ്യം തന്നെ.
No comments:
Post a Comment