ചെറുപ്പത്തില്‍ വായിച്ച ഏതോ ഒരു ഷെര്‍ലക്ക് ഹോംസ് സംക്ഷിപ്തരൂപത്തിന്റെ ആമുഖത്തില്‍ എഡിറ്റര്‍ പറയുന്നത് ഇങ്ങനെയാണ്. (ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തുന്നത്). “സ്വാധീനിക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍ മക്കള്‍ക്കോ വളര്‍ത്തുജന്തുക്കള്‍ക്കോ ഒക്കെ ആളുകള്‍ ഇടാറുണ്ട്. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് എന്ന പേര് മാത്രം ആരും അങ്ങനെ ചാടിക്കയറി ഇടില്ല. അത്ര ബുദ്ധിശാലിയായില്ലെങ്കില്‍ ആ പേര് വലിയ ഒരു ഭാരമായിത്തീരും. ഒരു പക്ഷെ പേരിന്റെ ഉടമ ഒരു കോമാളിവേഷമായി മാറാനും മതി.” ഷെര്‍ലക്ക് ഹോംസ് ആരാധനയുടെയും അമ്പരപ്പിന്റെയും അന്തരീക്ഷത്തില്‍ സംഗതി ശരിയാണല്ലോ എന്ന് എനിക്കും തോന്നി. എം ടി തന്റെ കഥയിലെ പൂച്ചക്ക് പേരിട്ടതൊഴിച്ചാല്‍ വേറെ എവിടെയും ഞാന്‍ ഷെര്‍ലക്ക് എന്ന പേര് കണ്ടിട്ടില്ല. പൂച്ചകള്‍ വലിയ ബുദ്ധിജീവികളായതുകൊണ്ട് അവരെക്കൊണ്ട് ആ പേരിന്റെ പ്രൌഡിക്കൊപ്പിച്ച് ജീവിക്കാന്‍ സാധിക്കുമായിരിക്കും.
ഷെര്‍ലക്ക് ഹോംസിനെപ്പറ്റി പിന്നീടൊരിക്കല്‍ എഴുതാം. ഇത്ര പ്രശസ്തനായതുകൊണ്ട് ടിയാനെപ്പറ്റി ഞാന്‍ എഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കാനുമില്ല. എനിക്ക് പറയാനുള്ളത് പ്രൊഫസര്‍ ജെയിംസ് മോറിയാര്‍ട്ടിയെപ്പറ്റിയാണ്. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച ഷെര്‍ലക്ക് ഹോംസിനോളവും വാട്സണോളവും തന്നെ മികച്ച കഥാപാത്രമാണ് പ്രൊഫസര്‍ ജയിംസ് മോറിയാര്ട്ടി. ഡോയലിന്റെ നാലാമത്തെയും അവസാനത്തെതുമായ ഷെര്‍ലക്ക് ഹോംസ് നോവല്‍ ഭീതിയുടെ താഴ്വര (The Valley of Fear)യില്‍ മോറിയാര്‍ട്ടിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “മോറിയാര്‍ട്ടിയെ കുറ്റവാളിയെന്നു വിളിച്ചാല്‍ നിയമത്തിനുമുന്നില്‍ നിങ്ങള്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നേവരൂ- അതാണ് അതിലെ അത്ഭുതവും മേന്മയും! എക്കാലത്തെയും ഏറ്റവും മികച്ച ഗൂഡാലോചനക്കാരനാണ് അയാള്‍. ഓരോ കുറ്റകൃത്യവും നിര്‍ണ്ണയിക്കുന്ന, അധോലോകത്തെ കൈപ്പിടിയിലൊതുക്കുന്ന തലച്ചോറ്. രാജ്യങ്ങളെ വളര്‍ത്താനോ തളര്‍ത്താനോ കെല്‍പ്പുള്ളവന്‍, അതാണ് മോറിയാര്‍ട്ടി! എന്നാല്‍ എല്ലാ സംശയങ്ങളില്‍നിന്നും അയാള്‍ ഒഴിഞ്ഞുനില്‍ക്കും. ഒരു കുറ്റാരോപണവും അയാളിലെത്തില്ല. അത്ര കറകളഞ്ഞതാണ് അയാളുടെ നിയന്ത്രണം. അത്ര സൂക്ഷ്മതയോടെയാണ് അയാള്‍ തന്നെത്തന്നെ മായ്ച്ചുകളയുന്നത്. ഈ വാക്കുകള്‍ പറഞ്ഞതുകൊണ്ടുതന്നെ അയാള്‍ക്ക് നിങ്ങളുടെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കഴിയും. പിന്നെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ അതിനുവേണ്ടി ചെലവഴിക്കേണ്ടി വരും.” (സ്വതന്ത്രവിവര്‍ത്തനം)
സിനിമയിലും സാഹിത്യത്തിലുമൊക്കെയായി നാം പരിചയപ്പെട്ടിട്ടുള്ള വില്ലന്മാരില്‍ ഏറ്റവും മികച്ച ഒരാളുടെ വാങ്മയചിത്രമാവും ഇത്. എന്നിട്ടും ഡോയല്‍ തന്റെ കഥകളില്‍ ആകെ രണ്ടെണ്ണത്തില്‍ മാത്രമേ മോറിയാര്‍ട്ടിയുടെ കഥാപാത്രത്തെ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നത് ആശ്ചര്യകരമാണ്. The Final Problem, The Valley of Fear എന്നീ രണ്ടുകഥകളില്‍ മാത്രമാണ് മോറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്നത്. The Empty House, The Norwood Builder, The Missing Three-Quarter, The Illustrious Client, His Last Bow എന്നീ കഥകളില്‍ മോറിയാര്‍ട്ടിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഷെര്‍ലക്ക് ഹോംസിനെപ്പറ്റി വിവരിക്കുന്നത്ര അധികം വാക്കുകളില്‍ മോറിയാര്‍ട്ടിയെപ്പറ്റി പറയുന്നില്ലെങ്കിലും കഥാപാത്രത്തിന്റെ തികവിനോ ആ കഥാപാത്രമുളവാക്കുന്ന പ്രതീതിക്കോ കുറവൊന്നുമുണ്ടാകുന്നില്ല എന്നതാണ് സത്യം.
ജിം മോറിയാര്‍ട്ടി തന്നെ ഷെര്‍ലക്കിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഓരോ അപസര്‍പ്പകകഥയിലും ഒരു പഴഞ്ചന്‍ രീതിയിലുള്ള വില്ലന്‍ വേണം. ഞാന്‍ ഇല്ലെങ്കില്‍ നീ ഒന്നുമല്ല. കാരണം നമ്മള്‍ ഒരേ പോലെയാണ്. ആകെയുള്ള വ്യത്യാസം നീ ഒരു ബോറനാണ് എന്നതാണ്. നീ മാലാഖമാരുടെ പക്ഷത്താണ്.
ഷെര്‍ലക്ക് പുനരാവിഷ്കരണങ്ങള്‍
വായനക്കാരെയോ കാഴ്ച്ചക്കാരെയോ ഒക്കെ കൂടെനിറുത്താനുതകുന്ന ഒരു പ്രധാനഘടകം എന്നും ഷെര്‍ലക്കിനുണ്ട്. സസ്പെന്‍സ്. അതുകൊണ്ടു തന്നെ ഇന്നുവരെ എത്ര ഷെര്‍ലക്ക് പുനരാവിഷ്കരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുക്കുന്നതില്‍ വലിയ കാര്യമില്ല. ഓരോരോ കാലത്തും കാലത്തിനുചേരുന്ന രീതിയില്‍ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് യാതൊരു കോട്ടവും വരാതെ കഥകള്‍ പുനസൃഷ്ടിക്കാന്‍ ഷെര്‍ലക്ക് ഹോംസിനെ തൊടുന്നവര്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഇതില്‍ ഏറ്റവും പുതിയതും ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതും ബിബിസിയില്‍ ഒന്നും രണ്ടും സീസണ്‍ പ്രക്ഷേപണം കഴിഞ്ഞ് മൂന്നാം സീസണ്‍ തുടങ്ങാനായി കാഴ്ചക്കാരെ ആകാംഷയുടെ പറഞ്ഞുപഴകിയ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന ഷെര്‍ലക്ക് എന്ന സീരിയലാണ്. ഷെര്‍ലക്ക് സീരിയലിന്റെ ആരാധകര്‍ മൂന്നാം സീസണ്‍ ഇറങ്ങുന്നതിനും അതിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനും ഒക്കെ മുന്‍പ് തന്നെ കഥകള്‍ ഏതൊക്കെയാവും, എന്തൊക്കെ സംഭവിക്കും എന്നൊക്കെയുള്ള ഊഹാപോഹങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 1887ല്‍ പുറത്തിറങ്ങിയ ഷെര്‍ലക്ക് ഹോംസ് കഥകള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ട് ഏറെ കൊല്ലം കഴിഞ്ഞെങ്കിലും ആളുകളുടെ ആവേശമോ താല്‍പ്പര്യമോ ഒട്ടും കുറഞ്ഞിട്ടില്ല. ഷെര്‍ലക്ക് സീരിയലാവട്ടെ പഴയ കാലവും കഥയും പുനസൃഷ്ടിക്കുന്നതിനുപകരം വര്‍ത്തമാനകാലത്തില്‍ നടക്കുന്നതായാണ് കഥകളെ സമീപിക്കുന്നത്. ഐ ഫോണ്‍ ഉപയോഗിക്കുന്ന ഷെര്‍ലക്ക് ഹോംസ്, ഷെര്‍ലക്ക് ഹോംസിന്റെ കേസുകളെപ്പറ്റി ബ്ലോഗ് എഴുതുന്ന വാട്സന്‍, കമ്പ്യൂട്ടര്‍ കോഡ് വിദഗ്ധനായ ജിം മോറിയാര്‍ട്ടി എന്നിങ്ങനെ പറിച്ചുനടല്‍ അങ്ങേയറ്റം രസകരവും ബുദ്ധിപരവുമായി ചെയ്തിട്ടുണ്ട്. പഴയ കഥയില്‍ പുതിയ കാലത്തെ കൊണ്ടുവരുന്നതിന്റെ യാതൊരു മുഴച്ചുനില്‍ക്കലും സീരിയല്‍ കണ്ടാല്‍ തോന്നുകയേയില്ല. ഷെര്‍ലക്ക് ഹോംസ് വായിച്ച ആരാധകരെയും ഷേര്‍ലക്ക് ഹോംസ് കഥകള്‍ പരിചയമില്ലാത്തവരെയും ഈ സീരിയല്‍ ഒരേ അളവില്‍ പിടിച്ചുനിറുത്തുന്നുണ്ട്. കഥയിലെ സസ്പെന്‍സ് കൊണ്ടും ഷെര്‍ലക്കിന്റെ ബുദ്ധിവൈഭവം കൊണ്ടും പുതിയ കാഴ്ചക്കാര്‍ ഉത്സാഹത്തിലാകുമ്പോള്‍ കറകളഞ്ഞ ഷെര്‍ലക്ക് ഹോംസ് ആരാധകര്‍ ഓരോ കഥയും എങ്ങനെ നന്നായി പഴയതില്‍ നിന്ന് പുതിയകാലത്തിലേയ്ക്ക് പറിച്ചുനട്ടിരിക്കുന്നു എന്ന് നോക്കാനാണ് ശ്രമിക്കുന്നത്. എന്തൊക്കെയായാലും എല്ലാത്തരം കാഴ്ചക്കാരെയും രസിപ്പിക്കുന്ന ഒരു പുനരവതരണം തന്നെയാണ് ഈ ബിബിസി സൃഷ്ടി.

ജയിംസ് മോറിയാര്‍ട്ടി ജിം മോറിയാര്‍ട്ടിയായി മാറുമ്പോള്‍
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ക് ഹോംസില്‍ നിന്നും ബിബിസി ഷെര്‍ലക്കില്‍ എത്തുമ്പോള്‍ ഉള്ള പ്രധാനമാറ്റങ്ങളില്‍ ഒന്ന് മോറിയാര്‍ട്ടിക്ക് വരുന്ന മാറ്റമാണ്. ഷെര്‍ലക്ക് ഹോംസ് അന്നും ഇന്നും നന്മയുടെ പാതയില്‍ നടക്കുന്ന ഒരു മാലാഖയൊന്നുമല്ല. ഹോംസിനെ ആകര്‍ഷിക്കുന്നത് ബുദ്ധിയുപയോഗിച്ച് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നതിലുള്ള ആവേശം മാത്രമാണ്. ഭൂമിയില്‍ നന്മ പുനസ്ഥാപിച്ചുകളയാം എന്ന സൂപ്പര്‍ ഹീറോ ലക്ഷ്യമൊന്നും ഹോംസിനില്ല. അത് പഴയ ഹോംസിനും ഇല്ല, പുതിയ ആള്‍ക്കുമില്ല. എന്നാല്‍ പണ്ടത്തെ ഹോംസിനെക്കാള്‍ ബിബിസി ഹോംസിനെ ഒരു ഹീറോ ആക്കി നിലനിര്‍ത്താന്‍ മോറിയാര്‍ട്ടിക്ക് വലിയ പങ്കു കഥയുടെ പുനരാഖ്യാനം കല്‍പ്പിച്ചു നല്‍കുന്നുണ്ട്. നിരുപദ്രവകരമായ കേസുകള്‍ തെളിയിക്കല്‍ കൂടി പഴയ ഹോംസ് ചെയ്യാറുണ്ടായിരുന്നുവെങ്കില്‍ പുതിയ ചിത്രീകരണത്തില്‍ എല്ലാത്തിനും പിന്നില്‍ ഒരു പ്രധാനശക്തിയായി ജിം മോറിയാര്‍ട്ടി നിലകൊള്ളുന്നു. മോറിയാര്‍ട്ടിയുമായുള്ള രസം പിടിച്ച കളിയാണ് ഷെര്‍ലക്കിനെ നന്മയുടെ പക്കല്‍ നിറുത്തുന്നത്. ഒരേ തരം ചിന്താശേഷിയും ഒരേ തരം ഭ്രാന്തുമുള്ളവരായാണ് ഇതില്‍ ഷെര്‍ലക്കിനെയും മോറിയാര്‍ട്ടി യെയും അവതരിപ്പിച്ചിരിക്കുന്നത്. ജിം മോറിയാര്‍ട്ടി തന്നെ ഷെര്‍ലക്കിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഓരോ അപസര്‍പ്പകകഥയിലും ഒരു പഴഞ്ചന്‍ രീതിയിലുള്ള വില്ലന്‍ വേണം. ഞാന്‍ ഇല്ലെങ്കില്‍ നീ ഒന്നുമല്ല. കാരണം നമ്മള്‍ ഒരേ പോലെയാണ്. ആകെയുള്ള വ്യത്യാസം നീ ഒരു ബോറനാണ് എന്നതാണ്. നീ മാലാഖമാരുടെ പക്ഷത്താണ്.” കുറ്റകൃത്യങ്ങള്‍ സ്കോട്ട്‍ലന്റ് യാര്‍ഡിനു തെളിയിക്കാനാകാതെ വരുമ്പോള്‍ അവര്‍ വിദഗ്ധോപദേശം തേടുന്ന ഡിറ്റക്ടീവാണ് ഷെര്‍ലക്ക് ഹോംസ്. ഒരുപക്ഷെ പിന്നീടുവന്ന ആയിരക്കണക്കിന് ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ പ്രാഗ് രൂപമാണ് ഹോംസ്. അതേപോലെ തന്നെ ലോകത്തുനടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെല്ലാം വിദഗ്ധോപദേശം നല്‍കുന്ന ഒരു കണ്‍സല്‍ട്ടിംഗ് ക്രിമിനല്‍ ആയാണ് ജിം മോറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്നത്. രൂപത്തിലും ഭാവത്തിലുമൊക്കെ പഴയ പ്രൊഫസര്‍ ജയിംസ് മോറിയാര്‍ട്ടിയില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ജിം. പഴയ കഥയില്‍ ഒരു അദൃശ്യനിഴലായി നിന്നുകൊണ്ട് വയസന്‍ പ്രൊഫസര്‍ മോറിയാര്‍ട്ടി ഭീതി സൃഷ്ടിച്ചിരുന്നുവെങ്കില്‍ വെറുതെ ബോറടി മാറ്റാന്‍ ഷെര്‍ലക്കിന്റെ കൂടെ കള്ളനും പോലീസും കളിക്കാന്‍ ഒരുങ്ങുന്ന തമാശക്കാരന്‍ സൈക്കോട്ടിക്ക് പയ്യനാണ് പുതിയ മോറിയാര്‍ട്ടി. ജിമ്മും ഷെര്‍ലക്കുമായുള്ള ഒരു സംഭാഷണം ഒന്ന് കണ്ടുനോക്കുന്നത് രസകരമായിരിക്കും.http://www.youtube.com/watch?v=YN7DYPJLXkc
എന്തൊക്കെയായാലും അമ്പരപ്പിക്കുന്ന വില്ലന്മാരില്‍ അഗ്രഗണ്യനാണ് മോറിയാര്‍ട്ടി. എന്ന് നിസ്സംശയം പറയാം. മറ്റെല്ലാത്തിന്റെയും പ്രാധാന്യം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിക്കളയുന്ന കട്ടപിടിച്ച ഇരുട്ടുപോലെ ഒരു കഥാപാത്രമാണ് അയാള്‍. ഷെര്‍ലക്ക് ഹോംസ് തന്നെ പറയുന്നതുപോലെ അയാള്‍ ഉണ്ടോ അതോ ഇല്ലയോ, അയാള്‍ തന്നെയാണോ ശരിയായ വില്ലന്‍, അതോ അയാള്‍ ഒരു സാധാരണ അഭിനേതാവ് മാത്രമാണോ, ഇതെല്ലാം കണ്ടുകൊണ്ടും ഈ കോളം വായിച്ചുകൊണ്ടും ശരിക്കുള്ള മോറിയാര്‍ട്ടി വേറെയെവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്നൊക്കെ സന്ദേഹിച്ചുകൊണ്ട് നിറുത്താം.
No comments:
Post a Comment