പട്ടിണിയും തണുപ്പും വിശപ്പും കൊണ്ട് മരിക്കാറായവര്‍ മരിക്കട്ടെ, അത്രയും അനാവശ്യ ജനസംഖ്യ കുറയുമല്ലോ എന്ന് പറഞ്ഞ ഒരു വയസനുണ്ടായിരുന്നു ഒരിക്കല്‍. അറുപിശുക്കനായ ഒരു ധനികന്‍. അയാള്‍ ജീവിച്ചത് ചാള്‍സ് ഡിക്കന്‍സിന്റെ കഥകളില്‍ എനിക്കേറെ പ്രിയപ്പെട്ട ക്രിസ്മസ് കാരളിലെ നായകനായാണ്. എബനേസര്‍ സ്‌ക്രൂജ് എന്ന അങ്കിള്‍ സ്‌ക്രൂജ്. വിക്ടോറിയന്‍ കാലത്ത് മാത്രമല്ല, എല്ലാക്കാലത്തും അങ്കിള്‍ സ്‌ക്രൂജുമാര്‍ ഉണ്ട്. അവര്‍ തീര്ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ കഥ. അത്‌കൊണ്ടുതന്നെയാകും ഏറ്റവുമധികം പുനരാവിഷ്‌കരിക്കപ്പെട്ട ഡിക്കന്‍സ് കഥയായി ക്രിസ്മസ് കാരള്‍ മാറുന്നതും. ലോകത്തില്‍ സ്ഥിരമായി ഉണ്ടായിക്കോണ്ടേയിരിക്കുന്ന അങ്കിള്‍ സ്‌ക്രൂജുമാരുടെ മാനസാന്തരത്തിനുവേണ്ടിയാണ് ഈ കഥ നിലകൊള്ളുന്നത്. 1843ല്‍ എഴുതപ്പെട്ടതാണെങ്കിലും വായിക്കുമ്പോള്‍ ഒരു പഴങ്കഥ എന്നൊന്നും ആര്‍ക്കും തോന്നുകയേയില്ല. ഇന്നലെക്കണ്ട ജീവിതം ആരോ ഇന്ന് ചൂടോടെ എഴുതിയത് പോലെ. അത്രയ്ക്ക് മാറ്റമില്ലാത്തതാണ് മനുഷ്യപ്രകൃതി എന്ന് തോന്നിപ്പോകും.
ഇതെഴുതുന്ന സമയത്ത് ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ 'മാര്‍ട്ടിന്‍ ഷസില്‍വിറ്റ്' വിറ്റഴിയാതെ കിടക്കുന്നു. പ്രസാധകരായ ചാപ്മാന്‍ ആന്ഡ് ഹാള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ പേരില്‍ ഡിക്കന്‍സിനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഡിക്കന്‍സിന്റെ അച്ഛന്‍ കടബാധ്യത മൂലം ജയിലില്‍ കിടന്നയാളാണ്. ആ പേടി ഡിക്കന്‍സ് മനസ്സില്‍ കൊണ്ടുനടന്നിരുന്നു. എന്നത്തെയുംപോലെ പണത്തിന്റെ ഞെരുക്കം കാരണം വിഷമിച്ച് നില്‍ക്കുന്ന ഡിക്കന്‍സ് ആണ് ഈ കഥ എഴുതിയത്. ഇതില്‍ നിറയെ ഡിക്കന്‍സിന്റെ ആധികളും കൂടി ഉണ്ട്. ആര്‍ത്തികള്‍ക്കും പിശുക്കുകള്‍ക്കും എതിരെയുള്ള ഒരു സാരോപദേശകഥയാണ് ഡിക്കന്‍സ് എഴുതിയത്.
കുട്ടികളുടെ കാര്‍ട്ടൂണ്‍ചിത്രമായ ഡക്ക് ടെയില്‍സില്‍ ഒരു അങ്കിള്‍ സ്‌ക്രൂജ് ഉണ്ട്. ലൂയി, ഡൂയി, ഹൂയി എന്നീ താറാക്കുട്ടികളുടെ പണക്കാരനായ പിശുക്കന്‍ അങ്കിള്‍ സ്‌ക്രൂജ് മക്ഡക്ക്. സംശയം വേണ്ട, ആ ഡിസ്‌നി കാര്‍ടൂണ്‍ അങ്കിള്‍ സ്‌ക്രൂജ് ഉണ്ടായത് എബനേസര്‍ സ്‌ക്രൂജ് എന്ന ഈ പ്രശസ്തമായ ഡിക്കന്‍സ് കഥാപാത്രം അങ്കിള്‍ സ്‌ക്രൂജില്‍ നിന്ന് തന്നെ. ഡിക്കന്‍സ് സൃഷ്ടിച്ച ഈ കഥാപാത്രത്തിന് നാടകത്തിലും സിനിമയിലും കാര്‍ട്ടൂണിലുമോക്കെയായി ഉണ്ടായിട്ടുള്ള രൂപങ്ങള്‍ക്ക് കണക്കില്ല. അത്രമേല്‍ ആളുകളെ സ്വാധീനിച്ച ഒരു കഥയും കഥാപാത്രവുമാണ് അങ്കിള്‍ സ്‌ക്രൂജ്. ജിം കാരിയുടെ അങ്കിള്‍ സ്‌ക്രൂജും മപ്പറ്റ് ക്രിസ്ത്മസ് കാരളും ഒക്കെ പുതിയ കഥാകഥനങ്ങളില്‍ പെടുന്നു.
അങ്കിള്‍ സ്‌ക്രൂജ് വല്ലാത്തൊരു പിശുക്കനാണ്. കൂടെ ജോലി ചെയ്യുന്ന ക്ലാര്‍ക്കിന് തണുപ്പുമാറ്റാന്‍ ഒരല്‍പം കല്‍ക്കരി പോലും അയാള്‍ കൊടുക്കില്ല. കൂടെ അയാളും തണുത്തുവിറച്ചിരിക്കുകയും ചെയ്യും. നല്ല ഭക്ഷണം കഴിക്കുകയോ നല്ല ഉടുപ്പുകളിടുകയോ ചെയ്യില്ല. ആര്‍ത്തിയും പിശുക്കുമാണ് അങ്കിള്‍ സ്‌ക്രൂജ്.
ഡിക്കന്‍സ് തന്നെ അങ്കിള്‍ സ്‌ക്രൂജിനെ വിവരിച്ചിരിക്കുന്നത് നോക്കുക. അത് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ഒരു പടുവൃദ്ധന്‍ പിശുക്കശിരോമണിയുടെ മുഖം തെളിഞ്ഞുവരും. 'അയാളുടെ ഉള്ളിലെ മരവിപ്പ് മുഖത്തെ കൂടുതല്‍ രൂക്ഷമാക്കി. കൂര്‍ത്ത മൂക്കും ചുളിഞ്ഞ കവിളുകളും ഒക്കെയായി തണുത്തുറഞ്ഞ ഒരു രൂപം; ചുവന്ന കണ്ണുകള്‍, നീല നിറം പരന്ന നേര്‍ത്ത ചുണ്ടുകള്‍, അതിലൂടെ അരിച്ചരിച്ചുപുറത്തുവരുന്ന ധാര്‍ഷ്ട്യം കലര്‍ന്ന ഒച്ച.'
തുടക്കത്തില്‍ തന്നെ നിര്‍ധനരായ മനുഷ്യര്‍ക്കുവേണ്ടി ക്രിസ്തുമസ് കാലത്ത് പണം ശേഖരിക്കാന്‍ ഇറങ്ങിയ ചില മനുഷ്യരെ സ്‌ക്രൂജ് പരിഹസിക്കുന്നുണ്ട്. സ്‌ക്രൂജ് അത്തരം ദാനധര്‍മ്മങ്ങള്‍ക്ക് എതിരാണ്. തന്റെ സാമ്രാജ്യം താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതാണെന്നും അതില്‍ നിന്നൊരു ചില്ലിക്കാശുപോലും അനാവശ്യമായി ചെലവാക്കാനാകില്ലെന്നുമാണ് സ്‌ക്രൂജിന്റെ പക്ഷം. ക്രിസ്തുമസിനു കീഴ്ജീവനക്കാരന് ഒരു അവധികൊടുക്കുന്നതോ ഓഫീസുമുറിയിലെ മരവിപ്പുമാറ്റാന്‍ ഒരല്‍പം കല്‍ക്കരി കത്തിച്ചുവയ്ക്കുന്നതോ സ്വന്തം സഹോദരിയുടെ മകനോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതോ ഒക്കെയാണ് സ്‌ക്രൂജിന്റെ നോട്ടത്തിലെ അനാവശ്യചിലവുകള്‍.
ഒന്നാമത്തെ പ്രേതം സ്‌ക്രൂജിനെ അയാളെ ആര്‍ത്തിയും പിശുക്കും മൂടുന്നതിനുമുന്‍പുള്ള ഒരു കുട്ടിക്കാലം കാണിച്ചുകൊടുത്തു. രണ്ടാമത്തെ പ്രേതം അയാള്‍ക്കുചുറ്റുമുള്ള മനുഷ്യരുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതവും അവര്‍ അനുഭവിക്കുന്ന കൊച്ചുദുഖങ്ങളും കൊച്ചുസന്തോഷങ്ങളും കാണിച്ചുകൊടുത്തു. സ്‌ക്രൂജിന്റെ കഠിനഹൃദയം ഉരുകുന്ന തരം കാഴ്ചകള്‍! അവനവന്റെ സാമ്രാജ്യങ്ങള്‍ ഉയര്‍ത്തുന്നതിനിടെ കളഞ്ഞുപോകുന്ന മനുഷ്യത്വത്തെയാണ് ഈ പ്രേതഭാഷനങ്ങളിലൂടെ സ്‌ക്രൂജ് തിരിച്ചറിയുന്നത്. എല്ലാ വിഷമതകള്‍ക്കിടയിലും സന്തോഷം നിലനില്‍ക്കുന്ന ഒരു വീട്ടില്‍ 'നിഴല്‍ വന്നുമൂടുന്നത്' അവിടെ സ്‌ക്രൂജിന്റെ പേര് സംസാരവിഷയമാകുമ്പോഴാണ്.
കഥ പുരോഗമിക്കുമ്പോള്‍ സ്‌ക്രൂജ് നേടുന്നത് ഒരു മനുഷ്യഹൃദയം കൂടിയാണ്. അവസാനത്തെ പ്രേതം വന്നു ഭാവിയിലെ ഒരു ക്രിസ്ത്മസ് ദിവസം ഏറ്റവും ദയനീയമാം വിധം ഒറ്റപ്പെട്ട് മരിക്കുന്ന സ്‌ക്രൂജിനെകൂടി കാട്ടിക്കൊടുക്കുമ്പോള്‍ അത് സ്‌ക്രൂജിനു സഹിക്കാവുന്നതിലുമേറെയാണ്. ഉറക്കമുണരുന്ന പുതിയ സ്‌ക്രൂജ് തന്റെ പാവം ക്ലാര്‍ക്കിന്റെ കുടുംബത്തിനു ക്രിസ്ത്മസ് സമ്മാനമായി ഒരു വലിയ ടര്‍ക്കിയെ അയയ്കുന്നു, അതും അജ്ഞാതമായി.
പിന്‍കുറിപ്പ്: ഈ കഥ വായിച്ച ഉടന്‍ തന്നെ ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ ഇറങ്ങിപ്പോയി ഒരു വലിയ ടര്‍ക്കിയെവാങ്ങി എന്നാണ് കഥ. ഇതുവായിച്ച പലരും തങ്ങളുടെ കീഴ്ജീവനക്കാരോടും ചുറ്റുമുള്ള സഹജീവികളോടും ദീനാനുകമ്പയോടെ പെരുമാറാന്‍ തുടങ്ങിയെന്നും പറഞ്ഞുകേള്‍ക്കുന്നു. പുസ്തകം വിട്ടഴിഞ്ഞതിനോ ഇന്നും പുതിയ പുതിയ റീപ്രിന്റുകള്‍ ഇറങ്ങുന്നതിണോ വായിക്കപ്പെടുന്നതിനോ ഒന്നും ഒരു കുറവുമില്ല. ഈ കുറിപ്പ് വായിക്കാനിടവരുന്ന സഹജീവികളോട് തീരെ അനുകമ്പയില്ലാത്ത അങ്കിള്‍ സ്‌ക്രൂജുമാര്‍ എത്രയും വേഗം ക്രിസ്ത്മസ് കാരളിന്റെ ഒരു പ്രതി സംഘടിപ്പിക്കാനും വായിച്ചുനോക്കാനും അപേക്ഷ. നിങ്ങളുടെ ജീവിതം അപ്രതീക്ഷിതമാം വിധം മാറിപ്പോയേക്കാം.
No comments:
Post a Comment