Sunday, March 2, 2014

അമേരിക്ക എന്ന പുരുഷന്‍

ഒരു സാങ്കല്‍പ്പികകഥാപാത്രത്തെ കണ്ടാലുടന്‍ തന്നെ ഒരു രാജ്യത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. എന്നാല്‍ അമേരിക്കയുടെ കാര്യത്തില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. അങ്കിള്‍ സാം എന്ന ഉയരമുള്ള താടിക്കാരന്‍ കൊക്കേഷ്യന്‍ പുരുഷന്റെ ചിത്രം അമേരിക്കയുടെ ചിത്രം തന്നെയാണ്. അമേരിക്കന്‍ ദേശീയപതാകയുടെ മാതൃകയിലുള്ള കോട്ടും തോപ്പിയുമൊക്കെയാണ് വേഷം. കണ്ടാല്‍ എബ്രഹാം ലിങ്കന്റെ നേര്‍ത്ത സാദൃശ്യമുള്ളതൊഴിച്ചാല്‍ വേറെ പ്രത്യേകതകളോന്നുമില്ലാത്ത രൂപം. എങ്കിലും കഴിഞ്ഞ ഇരുനൂറുകൊല്ലത്തോളമായി പോസ്റ്ററുകളിലും കാര്‍ട്ടൂണുകളിലും പരേഡുകളിലും എന്നിങ്ങനെ എവിടെയും അമേരിക്കയെ പ്രതിനിധീകരിച്ച് അങ്കിള്‍ സാമിനെ കാണാം.


സത്യത്തില്‍ ആരാണീ അങ്കിള്‍ സാം?


കാര്‍ട്ടൂണുകളിലൂടെയാണ് പലര്‍ക്കും അങ്കിള്‍ സാമിനെ പരിചയമെങ്കിലും അങ്കിള്‍ സാം ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു. 1766-ല്‍ ജനിച്ച സാം വിത്സന്‍ ന്യൂജേര്‍സിയിലെ ഒരു ബിസിനസുകാരനായിരുന്നു. അമേരിക്കയുടെ പ്രതിപുരുഷനാകാനും മാത്രം സാം വിത്സണ്‍ എന്താണ് ചെയ്തത് എന്ന് തോന്നിയേക്കാം. ഇല്ല, അയാള്‍ ദേശത്തിനുവേണ്ടി പോരാടുകയോ ദേശീയഗാനം എഴുതുകയോ ഒന്നും ചെയ്തിട്ടില്ല. രസകരമായ ഒരു കഥയാണ് അങ്കിള്‍ സാം അമേരിക്ക ആയ വിധം. 1812-ലെ യുദ്ധകാലത്ത് ന്യൂയോര്‍ക്കിലും ന്യൂജേര്‍സിയിലും തമ്പടിച്ചിരുന്ന യു എസ് സേനയ്ക്ക് കഴിക്കാനുള്ള ഇറച്ചി പായ്ക്ക് ചെയ്യുന്ന തടിപ്പെട്ടികള്‍ നിര്‍മിച്ചിരുന്നത് അങ്കിള്‍ സാം എന്നറിയപ്പെട്ടിരുന്ന സാം വിത്സന്റെ കമ്പനിയിലാണ്. അമേരിക്കയെ യു എസ് എന്ന് ചുരുക്കിവിളിക്കുന്നതിനു അത്രയേറെ പ്രചാരം ലഭിക്കാത്ത കാലം. യു എസ് സേനയ്ക്കുള്ള പെട്ടികളില്‍ യു എസ് എന്ന് എഴുതിചേര്‍ത്തത് അങ്കിള്‍ സാമിന്റെ ജോലിക്കാരില്‍ പലര്‍ക്കും മനസിലായില്ല. ആരോ തിരക്കി, ‘അല്ല, എന്താണ് ഈ യു എസ്?” ആരോ മറുപടി പറഞ്ഞു, “ആവോ, അങ്കിള്‍ സാം എന്നതിന്റെ ചുരുക്കമായിരിക്കും.” ഈ തമാശ പതിയെ യു എസ് സേനയിലെ പട്ടാളക്കാരിലുമെത്തി. അവര്‍ രാജ്യത്തിന്റെ ചുരുക്കപ്പേരുമായി പേരുപങ്കിടുന്ന അങ്കിള്‍ സാമിനെ അങ്ങനെ ലോകപ്രശസ്തനാക്കി.


ഇരുപതാം നൂറ്റാണ്ടില്‍ പത്രങ്ങളും രാഷ്ട്രീയകാര്‍ട്ടൂണുകളും പ്രശസ്തിയാര്‍ജ്ജിച്ചതോടെ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ വരകളില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അങ്കിള്‍ സാമിന് എല്ലാത്തിലും അഭിപ്രായമുണ്ടായിരുന്നു, അഴിമതിയിലും ഗവണ്മെന്റിന്‍റെ കഴിവുകേടുകളിലും എല്ലാം. ഏതാണ്ട് നമ്മുടെ ഇന്ത്യന്‍ കോമണ്‍മാനിന്റെ സ്വഭാവം തന്നെയായിരുന്നു ആദ്യകാല അങ്കിള്‍ സാമിനും.


ഒന്നാം ലോകമഹായുദ്ധം


നമ്മള്‍ പലരും ഏറ്റവുമധികം തവണ കണ്ടിട്ടുള്ള അങ്കിള്‍ സാം രൂപം ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധകാലത്തെ പോസ്റ്ററുകളിലെ അങ്കിള്‍ സാം തന്നെയാവും. ആളുകളെ യു എസ് സേനയില്‍ ചേരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അങ്കിള്‍ സാമിന്റെ പോസ്റ്ററുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അങ്കിള്‍ സാം എന്നാല്‍ അമേരിക്കന്‍ സേന എന്ന ഒരു ധ്വനി കൂടി ഉണ്ടാകാന്‍ തുടങ്ങി. അമേരിക്ക ഒരു സൂപ്പര്‍ പവര്‍ ആയി മാറിയതോടെ പതിയെ അങ്കിള്‍ സാമും ഒരു സൂപ്പര്‍മാനാകാന്‍ തുടങ്ങി. അങ്കിള്‍ സാമിന്റെ വേഷമിട്ട ഒബാമയും യേശുക്രിസ്തുവും ഒക്കെ കാര്‍ട്ടൂണുകളില്‍ സ്ഥാനം കണ്ടെത്തുന്നതോടെ രാഷ്ട്രീയവരകളിലെ സാന്റാക്ളോസായി അങ്കിള്‍ സാം മാറുന്നു.


ആദ്യകാല അങ്കിള്‍ സാം കാര്‍ടൂണുകള്‍ ബഹുമാന്യനായ ഒരു ദേശസ്നേഹിയെയാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പുതിയ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ രൂപങ്ങള്‍ കോമാളിവേഷങ്ങള്‍ പോലെയാണ്. ഒരുകാലത്തു അമേരിക്കന്‍ ദേശീയതയുടെ മുഖമായിരുന്ന അങ്കിള്‍ സാം പിന്നീട് അമേരിക്കന്‍ അധിനിവേശങ്ങളുടെയും യു എസ് വിശ്വാസസംഹിതകളുടെയും ആള്‍രൂപമായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങി. ജര്‍മന്‍, സോവിയറ്റ്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ പല ദേശങ്ങളിലെ കാര്‍ട്ടൂണുകളിലും അങ്കിള്‍ സാമിന്റെ രൂപം വിമര്‍ശനാത്മകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ മരണം കാത്തുനില്‍ക്കുന്ന അങ്കിള്‍ സാം എന്ന കഴുകന്‍ ഒരു ഉദാഹരണം മാത്രം.




പുനര്‍വായനകളും പുന:ചിത്രീകരണങ്ങളുമൊക്കെ അങ്കിള്‍ സാം എന്ന ഈ ഉജ്വലമായ കാര്‍ട്ടൂണ്‍ സൃഷ്ടിക്ക് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതെയുള്ളൂ. അമേരിക്കയും അമേരിക്കന്‍ അധിനിവേശവും ഒക്കെ തുടര്‍ക്കഥകളാകുന്നിടത്തോളം അമേരിക്ക എന്ന ആര്‍ത്തിക്കണ്ണ്‍ ഉള്ള കിളവന്‍ പുരുഷനെ ചിത്രീകരിക്കാന്‍ അങ്കിള്‍ സാമിന്റെ രൂപം ഉപയോഗിക്കപ്പെടുക തന്നെ ചെയ്യും. എല്ലാവരോടും സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിഞ്ഞിരുന്നത് കൊണ്ട് അങ്കിള്‍ സാം എന്ന ഓമനപ്പേരുണ്ടായിരുന്ന പാവം ഇറച്ചിക്കച്ചവടക്കാരന്‍ സാം വിത്സണ്‍ ക്ഷമിക്കട്ടെ. അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ ഗതി അങ്ങനെയാണ്. സവര്‍ണ്ണ ഉത്സവത്തിന്റെ കോമാളിക്കുടവയറായി മാറാന്‍ വിധിക്കപ്പെട്ട പഴയൊരു അസുര രാജാവിനെപ്പോലെ. 

അഴിമുഖം ലിങ്ക് 

No comments:

Post a Comment