അഴിമുഖം ലിങ്ക്
Sunday, March 2, 2014
എന്റെ കാലീപീലീ പെണ്ണുങ്ങള്‍
ഇത് എന്റെ ചുറ്റും ഞാന്‍ കണ്ടുപരിചയിച്ചു, സ്നേഹിച്ചുവളര്‍ന്ന ചിലരെപ്പറ്റിയാണ്. വളരെ സ്വകാര്യമായ ഓര്‍മ്മകള്‍, വീട്ടുകാര്യങ്ങള്‍, സ്വകാര്യങ്ങള്‍. എന്റെ ഈ ചുരുങ്ങിയ ജീവിതകാലയളവില്‍ ഞാന്‍ കണ്ട പെണ്ണുങ്ങളില്‍ കുറഞ്ഞത് എഴുപത് ശതമാനമെങ്കിലും നേഴ്സുമാരാണ്. എന്റെ സഹോദരിമാര്‍, എന്റെ കൂട്ടുകാരികള്‍, എന്റെ നാത്തൂന്‍മാര്‍, എന്റെ ആന്റിമാര്‍, എന്റെ അയല്‍ക്കാരികള്‍, എന്റെ നാട്ടുകാരികള്‍, എല്ലാവരും നേഴ്സ്മാരാണ്. എന്റെ ചുറ്റുമുള്ള ലോകം ഇങ്ങനെ നിലനിന്നുപോകുന്നത് ഈ പറയുന്ന 'കാലീപീലീ' നേഴ്സുമാരുടെ കഷ്ടപ്പാടിന്റെ പുറത്താണ്. അതില്‍ കറുത്തവര്‍, വെളുത്തവര്‍, തടിച്ചവര്‍, മെലിഞ്ഞവര്‍, സുന്ദരികള്‍, മിടുക്കികള്‍, കേമികള്‍, തന്റേടികള്‍, ചുണക്കുട്ടികള്‍, അയ്യോപാവത്തികള്‍ എന്നിങ്ങനെ ഒരുപാടുതരം പെണ്ണുങ്ങള്‍ പെടും. ഇവരില്‍ ആരുടെയെങ്കിലും ശ്വാസം വീഴുന്നിടത്ത് പോലും കുമാര്‍ വിശ്വാസ് പെടാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ എണ്ണിയാല്‍ തീരാത്ത എന്റെ മലയാളി നേഴ്സ് സമുദ്രത്തില്‍ നിന്നും ചിലരെ പരിചയപ്പെടുത്താം.
പ്രസംഗതിലകം ജിന്‍സി
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ജിന്‍സി ഇന്ത്യയുടെ എതെങ്കിലുമൊരു ഭാഗത്തുപോയി പ്രസംഗിച്ച് സമ്മാനവുമായി വന്നതിന്റെ വിശേഷം പങ്കുവയ്ക്കാനില്ലാത്ത്ത ഒരു അസംബ്ലി പോലും സ്കൂളില്‍ ഉണ്ടാകുമായിരുന്നില്ല. ഒരു മൈക്കിനു മുന്നില്‍ നിറുത്തിയാല്‍ പിന്നെ ജിന്‍സിക്കു മുന്നിലേയ്ക്ക് വാക്കുകള്‍ ഒഴുകിയാണ് എത്തുക. ഒരു മലയാളിപ്പെണ്‍ ആയി ജനിക്കുന്നതിനുപകരം ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണായി ജനിച്ചിരുന്നെങ്കില്‍ അവള്‍ ചിലപ്പോള്‍ കുമാര്‍ വിശ്വാസിനെ വാക്ചാതുരിയില്‍ തോല്‍പ്പിച്ചേനെ. പക്ഷെ ജീവിതം അവളെ ഒരു നേഴ്സ് ആക്കി മാറ്റി. വേറെ എന്തെങ്കിലും ജോലിയെപ്പറ്റിയോ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെപ്പറ്റിയോ ജിന്‍സി ചിന്തിച്ചിരുന്നോ എന്നറിയില്ല. ഒരുപാട് സാമ്പത്തിക പരാധീനതകള്‍ അവളുടെ വീട്ടിലുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാന്‍ പോവുക, അതുകഴിഞ്ഞ് വിദേശത്ത് ജോലി സമ്പാദിക്കുക, കുടുംബപ്രാരാബ്ദങ്ങള്‍ എങ്ങനെയെങ്കിലും ഒന്നൊതുക്കുക എന്നൊക്കെ മാത്രമായിരുന്നു അവള്‍ ചിന്തിച്ചിരുന്നത് എന്ന് തോന്നുന്നു.
പ്ലസ്ടുവിന് കിട്ടുന്ന ഉയര്‍ന്നമാര്‍ക്കാണ് ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകം എന്ന് കരുതിയിരുന്ന കാലം. സ്റ്റഡീലീവ് എന്ന് പറഞ്ഞ് കിട്ടുന്ന ഒരു മാസം വീട്ടുപര്യമ്പുറങ്ങളില്‍ കൂടി തെണ്ടിത്തിരിഞ്ഞുനടന്ന് കളയാതെ എങ്ങനെയെങ്കിലും ഉന്നതവിജയം കരസ്ഥമാക്കിയേതീരൂ എന്ന് ഞങ്ങള്‍ ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കുന്ന കൂട്ടുകാരികള്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നാല്‍ ശരിയാകില്ല, നമ്മുടെയൊന്നും വീടുകളില്‍ ആ പ്രത്യേക പഠനാന്തരീക്ഷം ഇല്ലല്ലോ. ഒരുമാസത്തെ ഹോസ്റ്റല്‍ ഫീസും മുടക്കി സ്കൂള്‍ഹോസ്റ്റലില്‍ നിന്ന് കമ്പയിന്‍ട് സ്റ്റഡി നടത്തി അതുവരെയുള്ള പഠനനിലവാരത്തകര്‍ച്ചയ്ക്ക് ഒരുമാറ്റം വരുത്താന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു. ജിന്‍സി മാത്രം പറഞ്ഞു, “കാശ് ഒരു പ്രശ്നമാണെടീ”. വീട്ടിലെ പലവിധ ഞെരുക്കങ്ങള്‍ക്കിടയില്‍ ഹോസ്റ്റലില്‍ കൊടുക്കാനുള്ള പൈസ പെട്ടെന്ന്‍ എവിടുന്നും പൊട്ടിമുളയ്ക്കില്ലല്ലോ. എന്തായാലും പറഞ്ഞദിവസം തന്നെ ജിന്‍സിയും കന്യാസ്ത്രീമാര്‍ക്ക് ഒരുമാസത്തെ ഫീസ് കൊണ്ടുക്കൊടുത്തു. അവളുടെ അരപ്പവന്റെ മാല കുറച്ചധികം നാള്‍ സഹകരണബാങ്കില്‍ പണയപ്പണ്ടമായിരുന്നു. എന്നാലും റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ക്ക് തന്നെയായിരുന്നു ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്.
ആദ്യത്തെ കൂട്ടുകാരി
ഏറ്റവും ആദ്യത്തെ കൂട്ടുകാരി ഇന്ന് വലിയ നേഴ്സമ്മയാണ്. ബി.എസ്.സി - എം.എസ്.സി നേഴ്സ്. എന്റെ ഓര്‍മ്മയിലെ ആദ്യ വിദേശനേഴ്സ് ഇവളുടെ അമ്മയാണ്. അമ്മ അവധിക്കുനാട്ടില്‍ വരിക അവള്‍ക്കെന്നപോലെ ആഘോഷമായിരുന്നു എനിക്കും. ആദ്യമായി വഴിസൈഡിലെ “തല്ലിത്തേങ്ങാ”യല്ലാത്ത മുഴുവന്‍ ബദാംപരിപ്പ് തിന്നുന്നത് അവളുടെ അമ്മ കൊണ്ടുവന്നത് അവള്‍ പങ്കുവെച്ചപ്പോഴാണ്. ഫോറിന്‍ കശുവണ്ടി -ബദാം പരിപ്പ് കൊണ്ടുവരുന്ന ഒരു പരിഷ്ക്കാരിയായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് അന്നത്തെ അവളുടെ അമ്മ. ഗള്‍ഫില്‍ എവിടെയോ ഒരു ആശുപത്രി ഹോസ്റ്റലില്‍ താമസിച്ച് കഷ്ടപ്പെട്ടു ജോലിചെയ്ത് കിട്ടുന്ന പൈസ മുഴുവന്‍ സ്വരുക്കൂട്ടിവെച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മക്കളെയും ഭര്‍ത്താവിനെയും കണ്ടുള്ള ജീവിതം. അന്ന് അങ്ങനെയൊരു നേഴ്സ് ജീവിതം മനസിലാക്കാനൊന്നും ഉള്ള ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വളര്‍ന്നുവന്ന കാലത്തൊന്നും അമ്മ അരികില്‍ ഉണ്ടാവാഞ്ഞതില്‍ അവള്‍ക്കോ അനിയത്തിമാര്‍ക്കോ പരിഭവമുണ്ടോ എന്നൊന്നും ഞാന്‍ ഇതേവരെ ചോദിച്ചിട്ടില്ല. അവളുടെ അനിയത്തിമാര്‍ക്ക് അവള്‍ അമ്മയും കൂടിയായി മാറുന്നത് ഞാന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രക്ഷകര്‍ത്താവായി മാറിയതാണ് അവള്‍. അവളും അനിയത്തിമാരും അപ്പന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കൂടെ വളരേണ്ടിവന്നത് കുടുംബഭദ്രതയുണ്ടാകാന്‍ വേണ്ടിയും അവരുടെയെല്ലാം ഭാവി സുരക്ഷിതമാകാനും വേണ്ടിയും ഒക്കെയാണ്. അവളും പിന്നീട് ഒരു നേഴ്സ് ആയത് ആരും പറഞ്ഞിട്ടല്ല. ഒരു ജോലി ഉണ്ടാവുക എന്നതിനെക്കാള്‍ ആളുകളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഒക്കെയുള്ള മനസാണ് അവളെ നേഴ്സ് ആക്കിയത്. ഗ്വാളിയോറിലും ഡല്‍ഹിയിലും ബാംഗ്ളൂരിലും കേരളത്തിലും അവള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ നാടുകളിലെയെല്ലാം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്ത് ചുരുങ്ങിയ ശമ്പളത്തിന്റെ ബുദ്ധിമുട്ടുകള്‍ പുറത്തു കാണിക്കാതെ പാറിപ്പറന്നുനടക്കുന്ന അവള്‍ എന്നെ സദാ അത്ഭുതപ്പെടുത്താറുണ്ട്.
റിട്ടയേര്‍ഡ് ആര്‍മി നേഴ്സ് അയല്‍ക്കാരി
ഗര്‍ഭത്തിന്റെ അവസാനമാസങ്ങളും കുഞ്ഞുണ്ടായിക്കഴിഞ്ഞുള്ള ആദ്യമാസങ്ങളും അത്ര സുഖകരമൊന്നുമായിരുന്നില്ല. മാസംതികയാതെയുള്ള പ്രസവം തടയാനായി അവസാനമാസങ്ങളില്‍ പരിപൂര്‍ണ്ണ ബെഡ്റെസ്റ്റ്, എങ്ങാനും നേരത്തെ ജനിച്ചുപോയാലോ എന്നുപേടിച്ച് കുഞ്ഞിന്‍റെ ലങ് മച്വരിറ്റി ഉറപ്പുവരുത്താനായും പിന്നെ വേറെന്തൊക്കെയോ ഒക്കെയും കുത്തിവയ്പ്പുകള്‍. ഈ കുത്തിവയ്പ്പുകള്‍ക്ക് വേണ്ടിപ്പോലും യാത്രചെയ്ത് ആശുപത്രിയിലേയ്ക്ക് വരേണ്ട, റിസ്ക്കാണ് എന്ന് പറഞ്ഞ ഡോക്ടര്‍. ഒടുവില്‍ വീട്ടില്‍ വന്ന് കുത്തിവയ്ക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് അയല്‍വക്കത്തുള്ള ഒരാന്റി റിട്ടയര്‍ഡ് ആര്‍മിനേഴ്സ് ആണല്ലോ എന്ന് ഓര്‍മ്മ വരുന്നത്. എഴുപതിനടുത്ത് പ്രായം വരും അവര്‍ക്ക്. മക്കളും കൊച്ചുമക്കളും ഒക്കെയായി വിശ്രമജീവിതത്തിലാണ്. വര്‍ഷങ്ങള്‍ കുറെയായി ഒരു ഇന്‍ജക്ഷന്‍ ഒക്കെയെടുത്തിട്ട്. എങ്കിലും എന്റെ അവസ്ഥ കേട്ടപ്പോള്‍ സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു. എല്ലാ ആഴ്ചയും ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിക്കുക പോലും ചെയ്യുന്നതിനുമുന്‍പ് ആള്‍ വീട്ടിലെത്തി. ഒരു ഉറുമ്പുകടിക്കുന്ന വേദന പോലുമില്ലാതെ കുത്തിവയ്പ്പുകള്‍ നടന്നു. പരിചയസമ്പന്നത എന്നൊക്കെപ്പറഞ്ഞാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞത് അങ്ങനെയാണ്. ഒടുവില്‍ മാസം തികഞ്ഞ് പ്രസവിച്ച് സന്തോഷത്തിന് മധുരം കൊണ്ടുപോയി കൊടുക്കുമ്പോള്‍ ഇനിയും ഈ സീനിയര്‍ നേഴ്സമ്മയുടെ സേവനങ്ങള്‍ വേണ്ടിവരുമെന്ന് ഓര്‍ത്തില്ല. പ്രസവം കഴിഞ്ഞ ആദ്യമാസങ്ങളില്‍ മുലപ്പാല്‍ കെട്ടിനിന്ന് വേദനിച്ച് ഒടുവില്‍ ഇന്‍ഫക്ഷനായി സര്‍ജറിയും ആന്റിബയോട്ടിക്കുകളും ഒരുമാസത്തോളം ദിവസേനയുള്ള ഡ്രസ്സിങ്ങും ഒക്കെ വേണ്ടിവന്നു. വീണ്ടും നേഴ്സമ്മയുടെ പക്കല്‍ അപേക്ഷയുമായി ഞാന്‍. ഒരുമാസം മുഴുവന്‍ ദിവസേന വീട്ടില്‍ വന്ന് ഡ്രസ്സിംഗ് ചെയ്തുതന്ന ആ എഴുപതുകാരിയോട് ഏതുവാക്കില്‍ നന്ദിപറയണമെന്ന് അറിയില്ല.
ഡ്രസിംഗ് ചെയ്തതിനൊപ്പം അവര്‍ അമ്മയായ കാലത്തെപ്പറ്റി പറഞ്ഞുതന്നു. അന്നൊക്കെ വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് നേഴ്സ്മാര്‍ക്ക് പ്രസവാവധി. ഡ്യൂട്ടിസമയം പകുതിയെത്തുമ്പോള്‍ തന്നെ മുലപ്പാല്‍ കെട്ടിനിന്ന് വേദന തുടങ്ങും. ക്വാര്‍ട്ടേഴ്സില്‍ വിശന്നുകിടക്കുന്ന കുഞ്ഞിനെ ഓര്‍ക്കാന്‍ ശ്രമിക്കാതെ ബാത്ത്റൂമില്‍ പോയി പാല്‍ പിഴിഞ്ഞുകളയും. ഒരിക്കല്‍ നേഴ്സ് യൂണിഫോമിനു വെളിയിലേയ്ക്ക് ഉടുപ്പുനനച്ചുകൊണ്ട് പാല്‍ചുരന്നതിന്റെയൊപ്പം കണ്ണും ചുരന്നുപോയെന്നും “യൂ ഗോ ആന്‍ഡ് ഫീഡ് യുവര്‍ കിഡ്, സിസ്റ്റര്‍” എന്ന് ഒരു ഡ്യൂട്ടിഡോക്റ്റര്‍ അനുമതി കൊടുത്തതുമൊക്കെ ഇന്നലെ നടന്നത് എന്ന മിഴിവോടെ എന്നോട് അവര്‍ ഓര്‍ത്തുപറഞ്ഞു. അവര്‍ ചെയ്ത സേവനത്തിനു ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല. താന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത ജോലി ഈ പ്രായത്തിലും കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് വലിയ സംതൃപ്തി തോന്നിയിരുന്നു എന്ന് തോന്നി.
കുഞ്ഞമ്മ, ഹൃദയശസ്ത്രക്രിയാപുലി
എന്റെ ഒരു കുഞ്ഞമ്മ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ സീനിയര്‍ നേഴ്സ് ആണ്. ആര്‍മിയില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്തശേഷമാണ് ശ്രീചിത്രയില്‍ ചേരുന്നത്. ഹൃദയശസ്ത്രക്രിയകള്‍ നടക്കുന്ന ഓപ്പറേഷന്‍തിയേറ്ററിനുള്ളില്‍ മാത്രമാണ് പുള്ളിക്കാരിക്ക് ഡ്യൂട്ടി. ഈ സംഗതി കക്ഷി വലിയ അഭിമാനത്തോടെ എടുത്തുപറയുന്ന ഒന്നാണ്. “ഫിലോമിന അസിസ്റ്റ് ചെയ്യാന്‍ ഇല്ലെങ്കില്‍ പ്രശസ്ത സര്‍ജന്‍ ചിലപ്പോള്‍ സര്‍ജറികള്‍ മാറ്റിവയ്ക്കും” എന്ന് പറയുന്നത് ചെറിയ അഹങ്കാരം കൊണ്ടൊന്നുമല്ല. വീട്ടില്‍ വരുമ്പോള്‍ കുഞ്ഞാങ്ങളയ്ക്ക് സ്പെഷ്യല്‍ ആര്‍മി ക്വോട്ട റമ്മും കൊണ്ട് വരുന്ന, ഉച്ചത്തില്‍ ചിരിക്കുന്ന ഈ പ്രതിഭാസം എന്റെ റഫ് ആന്‍ഡ് ടഫ് ഹീറോ ആയിരുന്നു.
പേരമ്മ, ആദിമ കുടുംബരക്ഷക
പേരമ്മ അമേരിക്കയിലെത്തിയ ഒന്നാംതലമുറ നേഴ്സ്മാരുടെ പ്രതിനിധിയാണ്. ഇപ്പോള്‍ ഒരു എണ്‍പത് - എന്പത്തഞ്ച് വയസ് കാണും. മലബാറില്‍ നിന്നും കോട്ടയവും ഡല്‍ഹിയും പിന്നെ അമേരിക്കയും ഓവര്‍ടൈമും തീര്‍ന്നുപോകുന്ന കുടുംബപ്രാരാബ്ദങ്ങളും. ഗ്രീന്‍കാര്‍ഡ് ഫയല്‍ ചെയ്ത് താഴെയുള്ള ആണും പെണ്ണുമായ എല്ലാത്തിനെയും അമേരിക്ക എന്ന വാഗ്ദത്തഭൂമിയിലെത്തിക്കുകയും നാട്ടില്‍ എല്ലാവരുടെയും പേരില്‍ ഭൂമിവാങ്ങാന്‍ പണം കൊടുക്കുകയും പള്ളി, അനാഥമഠം, അവശബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് നിരന്തരം സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്നതിന്റെ തിരക്കില്‍ വിവാഹവും സ്വന്തം ജീവിതവും ഒക്കെ മറന്നുപോയ ഒരാള്‍. ഒടുവില്‍ കൂട്ടിന് ഒരാളൊക്കെ ഉണ്ടായകാലത്ത് പ്രായമൊക്കെ കുറെയങ്ങ് മുന്നോട്ടുപോയി കുട്ടികളൊന്നും ഉണ്ടാകാഞ്ഞ ഒരാള്‍. രണ്ടുകുട്ടികളെ ദത്തെടുത്തുവളര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അവരും തന്നെപ്പോലെ ഈ വിശ്വാസിന്‍റെ ഭാഷയിലെ കാലീപീലി പിള്ളേര്‍ തന്നെയായിരക്കണം എന്ന് വാശിപിടിച്ചയാളാണ് പേരമ്മ. അനാഥാലയത്തില്‍ ഒരുപാട് ചുവന്നു തുടുത്ത റോസാപ്പൂക്കവിളുകാര്‍ ഉണ്ടായിരുന്നല്ലോ മേരിക്കുട്ടീ എന്ന് കുടുംബത്തില്‍ ആരോ ചോദിച്ചപ്പോള്‍ “എന്റെ പിള്ളേരാവുമ്പോള്‍ കണ്ടാല്‍ എന്നെപ്പോലെ ഇരിക്കണ്ടേ” എന്ന് തിരിച്ചുപറഞ്ഞ പേരമ്മയാണ് എന്റെ അള്‍ട്ടിമേറ്റ് കാലീപീലി പെണ്ണ്.
പ്രസവമുറിയിലെ പേരുപോലും ചോദിക്കാന്‍ മറന്ന നേഴ്സ്
ഒരു ദിവസം കേരളത്തിലെ ഒരു ആശുപത്രിയില്‍ നടക്കുന്നത് എത്രയധികം പ്രസവങ്ങളായിരിക്കും? ഒരു ലേബര്‍ റൂമില്‍ ഡ്യൂട്ടിയുള്ള നേഴ്സ് എത്ര സ്ത്രീകളുടെ പ്രസവവേദനകളും കരച്ചിലുകളും കേള്‍ക്കുന്നുണ്ടാകും? ലേബര്‍ റൂമില്‍ ഓരോ തവണ വേദന വരുമ്പോഴും അടുത്തിരുന്ന് സമാധാനിപ്പിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് ഉണ്ട്. ദേ കഴിഞ്ഞല്ലോ, ഇപ്പൊ തീരുമല്ലോ എന്നൊക്കെ പറഞ്ഞ് അങ്ങേയറ്റം പ്രസന്നതയോടെ എനിക്ക് ധൈര്യം തന്ന ഒരു സ്ത്രീ. പ്രസവിച്ചുകഴിഞ്ഞ് എന്നെ ബാത്ത്റൂമിലേയ്ക്ക് പിടിച്ചുനടത്തിക്കൊണ്ടുപോയ സ്ത്രീ, എന്റെ കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ച് വൃത്തിയാക്കിയ സ്ത്രീ, അവനെ ആദ്യമായി എന്റെയരികില്‍ കൊണ്ടുവന്ന് കാണിച്ച സ്ത്രീ, കുഞ്ഞിന് ആദ്യമായി മുലപ്പാല്‍ കൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ... ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ തിരക്കിനും വെപ്രാളത്തിനുമിടയില്‍ പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നുപോയിരുന്നു. സത്യത്തില്‍ അവരുടെ മുഖം പോലും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. അവരുടെ നിറം എന്തായിരുന്നു?കാലീപീലി തന്നെയായിരിക്കണം. അവരോടും ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ എല്ലാ നേഴ്സ്മാരോടും എനിക്കുള്ള നന്ദിയാണ് ഈ കുറിപ്പ്.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
Labels:
അഴിമുഖം,
രാഷ്ട്രീയം.വര
Subscribe to:
Post Comments (Atom)
No comments:
Post a Comment