Sunday, March 2, 2014

പുണ്യവാളന്‍മാരും അത്ഭുതങ്ങളും പിന്നെ ഒരു പെണ്‍കുട്ടിയുടെ അമ്മയും

https://blogger.googleusercontent.com/img/proxy/AVvXsEi8ghoAhuSN8m67eB0BhrLQTXJMvsDp6b5g3TJDy2-fYLxTJoD-lY2WlxFmmHz2jYIrxjnD0QIlacfVscjfh7JIcFSIL7dd1Vzlba3D8ZGN4PF-B1fQxG8I5GV1RSVjDGGwpz-DxeJ8AJrF4USh8Z8lDFGmzn-1U3bLUUWx8-Gsn4-SI2wGdZpyg_5-5w9OhZ1jTVsdD0bbKU9r=

ഒരു പെണ്‍കുട്ടിയുള്ള ഒരു അമ്മയുടെ വേവലാതി അവര്‍ക്ക് മാത്രം മനസിലാകുന്ന ഒന്നാണ്. അത്തരം അമ്മ ആധികളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു നോവലാണ്‌ മെക്സിക്കന്‍ നോവലിസ്റ്റായ മരിയ അംപാരോ എസ്കാന്‍ഡന്റെ എസ്പരാന്സാസ് ബോക്സ്‌ ഓഫ് സെയിന്റ്സ്.മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള എഴുത്ത് കഥയെ ജീവിതമാക്കി അനുഭവിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായി രചിച്ചിരിക്കുന്ന ഈ നോവല്‍ എസ്പെരാന്‍സ എന്ന സ്ത്രീ തന്റെ പന്ത്രണ്ടുകാരിയായ മകള്‍ക്ക് വേണ്ടി നടത്തുന്ന തെരച്ചിലുകളാണ്. മെക്സിക്കോയുടെ വിശ്വാസങ്ങളും മതബോധവും എല്ലാം കൂടിക്കലരുന്ന നോവല്‍ വളരെ ഗൌരവമുള്ള ചില തമാശകളെ ഓര്‍മ്മപ്പെടുത്തുന്നു.
 ഒരു അത്ഭുതസംഭവത്തോടെയാണ് കഥ തുടങ്ങുന്നത്. ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെയാണ് എസ്പരാന്സയുടെ പന്ത്രണ്ടുകാരി മകള്‍ ബ്ലാന്‍ക മരിക്കുന്നത്. എന്നാല്‍ മകളുടെ മരിച്ചടക്കിന്റെ ദിവസം വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്കുകൊടുക്കാന്‍ ഭക്ഷണം തയ്യാറാക്കുന്ന ദുഖാര്‍ത്തയായ എസ്പരാന്സയുടെ അടുപ്പിനുമീതെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി യൂദാ തദ്ദേവൂസ് പ്രത്യക്ഷപ്പെടുകയും മകള്‍ മരിച്ചിട്ടില്ല എന്ന വിവരം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം വിശുദ്ധന്റെ വാക്കുകേട്ട് മകളെ അന്വേഷിച്ച് എസ്പരാന്സ നടത്തുന്ന സാഹസികയാത്രകളും അവരുടെ അനുഭവങ്ങളുമാണ് നോവല്‍. ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചുവെന്ന് നുണ പറഞ്ഞ് ഡോക്ടര്‍ തന്റെ മകളെ ബാലവേശ്യയാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് എസ്പരാന്സ കരുതുന്നത്. മകളെ കണ്ടെത്താനായി അവര്‍ നടത്തുന്ന യാത്ര വളരെ അപകടം പിടിച്ചതാണ്. മകള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനായി ടിജുവാനയിലെയും പിന്നീട് ലോസ്ആന്‍ജലസിലെയും വേശ്യാലയങ്ങളില്‍ അവര്‍ ജോലിക്കെന്ന വ്യാജേന കടന്നുചെല്ലുന്നു. എസ്പരാന്സ തന്റെ അന്വേഷണത്തിനിടെ ഒരുപാട് വിചിത്രമനുഷ്യരെ കണ്ടുമുട്ടുന്നുണ്ട്. ഒരു വേശ്യാലയനടത്തിപ്പുകാരിയും സ്വല്‍പ്പം വട്ടുകേസുമായ ഡോണാ ട്രിനി, എസ്പരാന്സയുടെ സംസാരവും അവള്‍ പാടുന്ന താരാട്ടുപാട്ടുകളും കേള്‍ക്കാനായി എന്നും അവളുടെയടുത്ത് എത്തുന്ന ധനികനും ഏകാകിയുമായ മിസ്റ്റര്‍ ഹേന്‍സ്, ബിസിനസുകാരിയും ഗുസ്തിയുടെ ആരാധകയുമായ വിസെന്സ, ചിറകുകളും മുഖംമൂടിയുമണിഞ്ഞു ഗുസ്തിക്കെത്തുകയും ഒടുവില്‍ എസ്പരാന്സയുടെ ഹൃദയം കവരുകയും ചെയ്യുന്ന എല്‍ ഏയ്‌ഞ്ചല്‍ ജസ്റ്റിസിയെരോ എന്നിങ്ങനെ കുറെ ഭ്രാന്തന്‍ കഥാപാത്രങ്ങള്‍. 
ഈ യാത്രയില്‍ എസ്പരാന്സയ്ക്ക് ധൈര്യം കൊടുക്കുന്നത് അവര്‍ കൂടെക്കൊണ്ടുനടക്കുന്ന വിശുദ്ധന്മാരുടെ പ്രതിമകള്‍ നിറഞ്ഞ ഒരു പെട്ടിയാണ്. ദൈവത്തിന് എല്ലാം തനിയെ ചെയ്യാനുള്ള കഴിവുണ്ട്, എന്നാല്‍ പുള്ളി ബോസായതുകൊണ്ടാണ് ചില സംഗതികള്‍ക്ക് വിശുദ്ധന്മാരെ അസിസ്റ്റന്റ്റ്മാരായി നിയമിക്കുന്നത് എന്നാണ് എസ്പരാന്സ വിശ്വസിക്കുന്നത്. ചിലസമയം വിശുദ്ധന്മാര്‍ ആളുകളെ നരകത്തിന്റെ വക്കിലൂടെ നടത്തുന്നത് പിന്നീട് സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗം കൂടുതല്‍ നന്നായി ആസ്വദിക്കാനാണത്രേ. എസ്പരാന്സയുടെ കാര്യത്തില്‍ എന്തായാലും കഥയുടെ ഒടുവില്‍ വിശുദ്ധന്‍ പറഞ്ഞതു സത്യമാവുകയും ഒരു വലിയ അത്ഭുതം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് എന്ന് വിശദീകരിച്ച് കഥ വായിച്ചേക്കാവുന്ന ഒരാളുടെ രസം കെടുത്തുന്നില്ല. 
വളരെ ചുരുങ്ങിയ വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളുമുള്ള ഒരു സാധാരണ മെക്സിക്കന്‍ ഗ്രാമീണസ്ത്രീയാണ് എസ്പരാന്സ. എന്നാല്‍ എന്തെങ്കിലും കാര്യം ചെയ്യേണ്ടതുണ്ട് എന്ന് തോന്നിയാല്‍ അത് ചെയ്യുംവരെ അസ്വസ്ഥമായി തുടരുന്ന ഒരു മനസാണ് എസ്പരാന്സയുടേത്. ആ മനസുതന്നെയാണ് വിശുദ്ധന്‍ വന്നു മകള്‍ ജീവനോടെയുണ്ട് എന്ന് പറഞ്ഞപ്പോഴേ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ലോകത്തിലേയ്ക്ക് അന്വേഷിച്ചിറങ്ങാന്‍ എസ്പരാന്സയെ പ്രേരിപ്പിക്കുന്നത്. എസ്പരാന്സയുടെ മനസ്സില്‍ മകളെ രക്ഷിക്കുക എന്ന ലക്‌ഷ്യം മാത്രമാണ് ഉള്ളത്. മകള്‍ ഏറ്റവും ഭീകരമായ അപകടങ്ങളില്‍ എന്തിലോ കുടുങ്ങിയിരിക്കുകയാണെന്നും തനിക്ക് അവളെ രക്ഷിക്കാന്‍ കഴിയും എന്നും പ്രതീക്ഷിക്കാനാണ് എസ്പരാന്സക്കിഷ്ടം. അവള്‍ മരിച്ചു എന്ന് വിശ്വസിച്ചുകഴിഞ്ഞാല്‍ അവളെ നഷ്ടപ്പെട്ടു എന്നും കൂടി അടിവരയിടലാവും. മകളെ അന്വേഷിച്ചുനടക്കുന്നതിനിടെ  സംഭവിച്ചുപോകാവുന്ന ആപത്തുകളൊന്നും മുന്‍കൂട്ടിക്കാണാന്‍ എസ്പരാന്സ മെനക്കെടുന്നില്ല. അന്വേഷിക്കുന്നത് കണ്ടെത്താന്‍ കഴിയും എന്ന അടിയുറച്ച വിശ്വാസം മാത്രമാണ് എസ്പരാന്സയെ മുന്നോട്ട് നയിക്കുന്നത്.

 വേശ്യാലയങ്ങളിലും അനധികൃത കുടിയേറ്റത്തിലും അസഹനീയമായ മറ്റുപല സാഹചര്യങ്ങളിലും കൂടി കടന്നുപോകുമ്പോള്‍ അറപ്പും പേടിയും ഒക്കെ എസ്പരാന്സ അറിയുന്നുണ്ട്. അച്ഛനോ അമ്മയോ ഭര്‍ത്താവോ ജീവനോടെയില്ലാത്ത എസ്പരാന്സയ്ക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്ന ബന്ധം മകളായിരുന്നു. അമ്മയായിരിക്കുക എന്ന ആ ഒരു ബന്ധം കൂടി നഷ്ടപ്പെടുംപോള്‍ ഉണ്ടാകുന്ന ശൂന്യതയെ മറികടക്കാനുള്ള ഒരു സാധാരണസ്ത്രീയുടെ ശ്രമമാണ് എസ്പരാന്സയുടെ യാത്ര. ഈ നോവലില്‍ മെക്സിക്കോയുടെ കത്തോലിക്കാവിശ്വാസവും പ്രീകൊളമ്പിയന്‍ ബഹുദൈവവിശ്വാസങ്ങളും എല്ലാം കൂടിക്കുഴയുന്നുണ്ട്. മറ്റേതെങ്കിലും ഒരു നാട്ടിലേയ്ക്ക് അനധികൃതമായി കുടിയേറുമ്പോള്‍ ഒരു മെക്സിക്കോക്കാരന് തന്റെ കയ്യില്‍ ഒരുപാടൊന്നും പൊതിഞ്ഞെടുക്കാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ കനമില്ലാത്ത കനത്തോടെ ഒപ്പം കൂട്ടുന്നത് അവരുടെ മതവിശ്വാസങ്ങളെയാണ്. ആരും പിടിച്ചുമാറ്റുകയോ തട്ടിപ്പറിക്കുകയോ ചെയ്യാത്ത ഒരു ധൈര്യമാണ് യാത്രയില്‍ മനസിന്റെ ഉള്ളില്‍ ചുമന്നുകൊണ്ടുപോകുന്ന മതവിശ്വാസം. ആപത്തിലെ ധൈര്യവും വിഷമത്തിലെ ആശ്വാസവുമാണ് മെക്സിക്കോക്കാര്‍ക്ക് മതം. 
എസ്പരന്സ കൊണ്ടുപോകുന്ന ഒരു പെട്ടിനിറയെയുള്ള പുണ്യവാളന്‍മാരാണ് അവളുടെ ധൈര്യം. വളര്‍ത്തുമൃഗങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ക്കും രോഗമുക്തിക്കും മാത്രമല്ല മെക്സിക്കോയില്‍ പുണ്യാളന്‍മാരുള്ളത്. അവര്‍ക്ക് അനധികൃതകുടിയേറ്റക്കാരുടെ പുണ്യാളനും മയക്കുമരുന്നുകടത്തുകാരുടെ പുണ്യാളനും ഒക്കെയുണ്ട്. മതവും ജീവിതവും പ്രത്യേകതരത്തില്‍ കലര്‍ന്നുകിടക്കുന്ന ഈ മെക്സിക്കന്‍ പരിസരത്തെകൂടി കൃത്യമായി അടയാളപ്പെടുത്തുന്ന ഈ നോവല്‍ കൌതുകകരമായ ഒരു വായനാനുഭവമാണ്.



No comments:

Post a Comment