അഴിമുഖം ലിങ്ക്
Sunday, March 2, 2014
കൊക്കാകോളയ്ക്കും സാന്റാക്ലോസിനും തമ്മിലെന്ത്?
ക്രിസ്തുമസ് തലേന്നായാല്‍ ഒരു പ്രദേശത്തുള്ള പയ്യന്മാരെല്ലാംകൂടി ഏതെങ്കിലും ഒരു കുടവയര്‍ ഉടമയെ ചുവന്ന നൈറ്റിയും അണിയിച്ച് ഒരു മുഖംമൂടിയും വെച്ച് ചെണ്ടയും കൊട്ടും പാട്ടുമായി എത്തും. ആകെ വേണ്ടിവരുന്ന വേഷവിധാനം ആ ചുവന്ന നൈറ്റിയാണ്. നമുക്ക് പുലികളിയായാലെന്ത് പാപ്പായായാലെന്ത്, അന്നന്നത്തെ കള്ളിനുള്ള വക സമ്പാദിച്ചാല്‍ മതിയാകുമല്ലോ എന്നാണ് പക്ഷം. ക്രിസ്തുമസ് കാര്‍ഡുകളില്‍ നിന്നൊക്കെയായി നമ്മളും മനസിലേറ്റിയതാണ് ക്രിസ്തുമസ് പാപ്പയുടെ ആ വേഷവും രൂപവും. എന്നാല്‍ ഇതിലൊക്കെ കൊക്കകോളയ്ക്ക് വല്ല പങ്കുമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും രണ്ടുണ്ട് പക്ഷം.
ഇതാരാണ് ഈ ചുവന്ന വേഷക്കാരന്‍ തടിയന്‍? നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ജീവിച്ചിരുന്ന വിശുദ്ധനിക്കോളാസിന്റെ കഥ എല്ലാവര്ക്കും സുപരിചിതമാവും. ദരിദ്രര്‍ക്കും കുട്ടികള്‍ക്കും പ്രിയങ്കരനായ നിക്കോളാസിന്റെ ഓര്‍മ്മദിവസമായി ആചരിച്ചുവന്നത് ഡിസംബര്‍ ആറാണ്. വിശുദ്ധ നിക്കോളാസിന്റെ ജീവിതകാലത്തുതന്നെയാണ് പോപ്പ് ജൂലിയസ് ഒന്നാമന്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാന്‍ ഒരു ദിവസം തീരുമാനിച്ചതും. ക്രിസ്തു ജനിച്ച ശരിയായ തീയതിയൊന്നും നിശ്ചയമില്ലാതിരുന്നത് കൊണ്ട് പോപ്പ് എന്നാല്‍ പിന്നെ ഡിസംബര്‍ ഇരുപത്തിയഞ്ച് ആയിക്കോട്ടെ എന്ന് തീരുമാനിച്ചു. അതേ സമയത്തുതന്നെ നടന്നിരുന്ന ഒരു വിജാതീയ ശൈത്യകാല ഉത്സവത്തെ ക്രൈസ്തവവല്‍ക്കരിക്കുന്നതില്‍ പോപ്പ് വിജയിച്ചു എന്ന് പറയാം. സംഭവത്തിനു കൊഴുപ്പ് കൂടിവന്നപ്പോള്‍ പതിയെ വിശുദ്ധ നിക്കോളാസിന്റെ ഓര്‍മ്മ ദിവസവും ഡിസംബര്‍ ഇരുപത്തിയഞ്ചിന് തന്നെയായിമാറി.
നമ്മുടെ ഓണക്കാല മാവേലിയുടെ ഒരു ഫോറിന്‍ വകഭേദമാണ് ക്രിസ്മസ് കാലമായാല്‍ ഈ സാന്റാക്ലോസ്. ഓരോ കൊച്ചുകടകളുടെയും വമ്പന്‍ മാളുകളുടെയും മുന്നില്‍ കുടവയറുമായി ഒരു ചുവപ്പുടുപ്പുകാരന്‍ വെള്ളത്താടി ഇരിപ്പുണ്ടാകും. എന്നാല്‍ സാന്റാക്ലോസ് എന്നും ചുവന്ന ഉടുപ്പും വെള്ളത്താടിയുമുള്ള കുടവയറന്‍ ആയിരുന്നോ? വിശുദ്ധ നിക്കോളാസിന്റെ ഒരു ആദ്യകാല ചിത്രം കാണുക.
1822ല്‍ ക്ളെമന്‍റ് മൂര്‍ എഴുതിയ പ്രശസ്തമായ കവിതയും സാന്റാക്ലോസ് എന്ന കഥാപാത്രത്തെ അമേരിക്കന്‍ മനുഷ്യരുടെ ക്രിസ്തുമസിന്റെ അവിഭാജ്യഘടകമാക്കിമാറ്റി. A Visit from St. Nicholas എന്നതായിരുന്നു കവിത. ഈ കവിതയിലൂടെയാണ് റെയിന്‍ഡിയര്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ സാന്റ വരുന്ന വിവരവും ചിമ്മിനിയിലൂടെ ഉള്ളില്‍ കടന്ന് അടുപ്പിന്റെ അരികില്‍ ഉണക്കാനിട്ടിരിക്കുന്ന കുട്ടികളുടെ സോക്സുകള്‍ക്കുള്ളില്‍ സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്ന വിവരവും ഒക്കെ കുട്ടികളുടെ വിശ്വാസങ്ങളില്‍ ചേക്കേറുന്നത്.
വിശുദ്ധ നിക്കോളാസിന്റെ കാലത്തെ ബിഷപ്പ് ഉടുപ്പുകള്‍ക്ക് ചുവപ്പുനിറമായിരുന്നുവെന്നും അതാണ് സാന്റയുടെ ഉടുപ്പിന്റെ നിറമായതെന്നും ഒക്കെ കരുതപ്പെടുന്നുണ്ട്. എന്തായാലും ആദ്യകാല സാന്റ ചിത്രങ്ങളില്‍ പച്ച, പര്‍പ്പിള്‍, നീല ഉടുപ്പുകളും കണ്ടവരുണ്ട്. കൂടെയീ ചുവപ്പും. സാന്റാക്ലോസിന്റെ ആദ്യകാലചിത്രങ്ങളില്‍ ഏറ്റവും പ്രധാനം ഒരു പക്ഷെ രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പെരുന്തച്ചനായ തോമസ് നാസ്റ്റ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാവും. നോര്‍ത്ത് പോളില്‍ നിന്ന് വര്‍ഷാവര്‍ഷം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവരുന്ന തടിയന്‍ വയസന്‍ താടിക്കാരന്‍ സാന്റ എന്ന സങ്കല്പം ശക്തിപ്പെട്ടത് നാസ്റ്റിന്റെ രചനകളോടെയാണ്. വികൃതിക്കുട്ടികളുടെ കണക്കുവയ്ക്കുന്നയാളാണ് സാന്റയെന്നും നല്ല കുട്ടികള്‍ക്ക് മാത്രമേ ക്രിസ്തുമസിനു സമ്മാനം കൊടുക്കൂ എന്നും സാന്റക്ക് നോര്‍ത്ത് പോളില്‍ പാവകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടെന്നും ഒക്കെ പ്രചരിപ്പിച്ചത് നാസ്റ്റിന്റെ രചനകളാണ്. നാസ്റ്റ് വരച്ച സാന്റ ഏതാണ്ട് ഇങ്ങനെയിരിക്കും.
ഇരുപതാം നൂറ്റാണ്ടില്‍ എപ്പോഴോ ആണ് സാന്റയുടെ പലവര്‍ണ്ണത്തിലുള്ള ഉടുപ്പുകള്‍ അപ്രത്യക്ഷമായതും ലോകത്തില്‍ എവിടെയും സാന്റ ചുവന്ന കുപ്പായത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും. സാന്റയുടെ മോഡേണ്‍ രൂപത്തിന് ഇപ്പോള്‍ ഈ ചുവന്ന വെല്‍വറ്റ് ഉടുപ്പും വെളുത്ത രോമം കൊണ്ടുള്ള അരികുകളും ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രം ‘ഡാ തടിയാ’യിലും സാന്റയുടെ യൂണിഫോറമായ ഈ വേഷത്തില്‍ വരുന്ന തടിയന്‍ സാന്റയെക്കാണാം.
ഈ സന്തുഷ്ടനായ കുടവയറന്‍ രൂപം മനുഷ്യരുടെ മനസ്സില്‍ ഇങ്ങനെ ആഴത്തില്‍ പതിയാന്‍ പ്രധാനപങ്കുവഹിച്ചത് കൊക്കക്കോളയാണ്. കൊക്കക്കോളയുടെ നിറം ചുവപ്പും വെള്ളയുമായത് യാദൃശ്ചികമായിരിക്കും. എന്നാല്‍ സാന്റയുടെ ചുവപ്പുടുപ്പും വെള്ള തൊങ്ങലും വെളുത്ത നിറവും തടിച്ച രൂപവും ഇങ്ങനെ പൊതുബോധത്തില്‍ നിലനിര്‍ത്തുന്നതില്‍ കൊക്കകോളയ്ക്കുള്ള പങ്കു ചെറുതല്ല. 1920കളിലാണ് അവര്‍ വിശുദ്ധ നിക്കോളാസ് കോള കുടിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ആദ്യ കൊക്കകോള സാന്റമാരും നാസ്റ്റ് വരച്ച വിശുദ്ധ നിക്കൊലാസിനെപ്പോലെ സ്വല്‍പ്പം ഗൌരവമുള്ളവരായിരുന്നു. എന്നാല്‍ 1930ല്‍ ഫ്രെഡ് മിസെന്‍ എന്ന കലാകാരനാണ് കൊക്കകോളക്കുവേണ്ടി ഇന്ന് കാണുന്ന തരം തമാശക്കാരന്‍ തടിയന്‍ അപൂപ്പനായി സാന്റയെ മാറ്റിയെടുത്തത്. അക്കാലത്തെ പ്രശസ്തമായ എല്ലാ ലൈഫ് സ്റ്റൈല്‍ മാസികകളിലും കോള കുടിക്കുന്ന സാന്റയുടെ പലതരം ചിത്രങ്ങള്‍ നിറഞ്ഞു. അതുവരെ സാന്റ ഉടുപ്പുകളുടെ പല നിറഭേദങ്ങളില്‍ ഒന്നുമാത്രമായിരുന്ന ചുവപ്പും വെള്ളയും അതോടെ സാന്റയുടെ സ്ഥിരം വേഷമായിമാറി. പിന്നീടുണ്ടായ സകല സാന്റാചിത്രത്തിലും കുടവയറും തടിയും ചുവന്നകുപ്പായവും അവിഭാജ്യഘടകമായി മാറി.
മുപ്പതുവര്‍ഷത്തിലേറെ നീണ്ടുനിന്ന വിജയകരമായ ക്രിസ്തുമസ് കാല കൊക്കകോള പരസ്യമായിരുന്നു സാന്റയുടേത്. ഒരുപക്ഷെ കൊക്കകോളയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരസ്യം. സാന്റാക്ലോസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചിത്രവും.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
Labels:
അഴിമുഖം,
രാഷ്ട്രീയം.വര
Subscribe to:
Post Comments (Atom)
No comments:
Post a Comment