Sunday, March 2, 2014

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.

രാത്രിയെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി ഓര്‍മ്മകള്‍ എഴുതി. കേരളത്തിലെയും ഹൈദരാബാദിലെയും ഡല്‍ഹിയിലെയും ഓര്‍മ്മകള്‍. എന്‍റെ അനുഭവങ്ങളും ഒപ്പം കുറെ കൂട്ടുകാരികളുടെ അനുഭവങ്ങളും ചേര്‍ത്ത് ഒരു സങ്കടക്കുറിപ്പ്… എഴുതിക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോള്‍ ഇത് എന്തിനുവേണ്ടിയാണ് എഴുതുന്നതെന്ന് തോന്നി. ആരാവും ഇത് വായിക്കുക? ഞാന്‍ നീട്ടിവിസ്തരിച്ച് നാല്പേജിലായി എഴുതിയ ദൈനം ദിനദുരനുഭവങ്ങളുടെ ഓരോ ഉദാഹരണവും ആയിരംതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്.
ഓരോ സ്ത്രീക്കും പുരുഷനും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇത്രനാള്‍ ആളുകള്‍ ഇതെല്ലാം ചര്‍ച്ചചെയ്തിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല. സാമൂഹികപ്രതിബദ്ധതയും മൂല്യബോധവും സദാചാരബോധവും ലൈംഗികദാരിദ്ര്യവും അരാജകത്വസ്വപ്നങ്ങളും രഞ്ജിത്തും ഷക്കീലയും പദ്മരാജനും ബ്ലെസ്സിയും സത്യന്‍അന്തിക്കാടും സന്തോഷ്‌ പണ്ഡിറ്റും രഞ്ജിനി ഹരിദാസും എല്ലാം ആഴത്തില്‍ ഇഴചേര്‍ന്ന് ബുദ്ധിജീവി ജാഡക്കും തെറിയെഴുത്തിലെ ആനന്ദത്തിനും ഇടയിലുള്ള വല്ലാത്തൊരു മാനസികനിലയില്‍ ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. മലയാളത്തിലുള്ള നിരവധി ഇന്റര്‍നെറ്റ്‌ പോര്‍ട്ടളുകളില്‍ ഇനിയും പതിനായിരം സ്ത്രീകള്‍ കൂടി തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നെഴുതിയാലും ഒന്നും സംഭവിക്കില്ല. ഒരു പെണ്ണിനോട് ഒരിക്കല്‍ പോലും മാന്യമായി പെരുമാറിയിട്ടില്ലാത്ത ഒരാള്‍ എന്റെയോ എന്‍റെ സുഹൃത്തുക്കളുടെയോ അനുഭവങ്ങള്‍ വായിച്ച് സന്തോഷിക്കുന്നതിനെപ്പറ്റി ആലോചിക്കുക കൂടി ചെയ്തപ്പോള്‍ എഴുതേണ്ട എന്നുപോലും തീരുമാനിച്ചതാണ്. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
“I haven’t seen any one living in so much fear”- എംഫില്‍ കഴിഞ്ഞ് ഹൈദ്രബാദില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഒരു കൂട്ടുകാരി പറഞ്ഞു. എന്‍റെ എല്ലാ മൂടുപടങ്ങളും അഴിഞ്ഞുവീഴുകയായിരുന്നു അവിടെ. കേരളത്തില്‍ കളഞ്ഞിട്ടുപോന്നു എന്ന് കരുതിയ പേടികള്‍ എല്ലാം എന്നന്നേയ്ക്കുമായി ഉള്ളില്‍ നിന്ന് നാടുവിട്ടുവെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഇല്ല, ഒരുമാസം ഒരുമിച്ച് താമസിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലുള്ള പേടികളുടെ അടരുകള്‍ കൂടെ താമസിക്കുന്നവള്‍ക്ക് അറിയാന്‍ കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഒരു നല്ല നടിയല്ല.
എന്നും രാത്രി ജോലി കഴിഞ്ഞ് വൈകി തിരിച്ചെത്തുകയും ഒരു വീട്ടില്‍ ഒറ്റയ്ക്ക് കുറെ നാള്‍ താമസിക്കുകയും ചെയ്ത, കേരളത്തിലെ ഒരു ശരാശരി പെണ്‍കുട്ടിക്ക് അപ്രാപ്യമായ രാത്രിജീവിതം (വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുക, വഴിവിളക്കുകളെ നോക്കുക തുടങ്ങിയ മഹാസംഭവങ്ങള്‍) അറിഞ്ഞിട്ടുള്ള, സ്വതന്ത്രയെന്നു സ്വയം വിശ്വസിക്കുന്ന, ഓരോ അണുവിലും ധൈര്യവും ആത്മവിശ്വാസവും കുത്തിനിറച്ച് നടക്കുന്ന എന്‍റെ ഉള്ളില്‍ പേടിയുടെ ഒരു കൂന കൂട്ടിവെച്ചിരിക്കുന്നത് ഒരാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തെക്കുറിച്ചും പുരുഷന്മാരുടെ രഹസ്യവ്യക്തിത്വത്തെക്കുറിച്ചും ഒരു പെണ്ണെന്ന നിലയില്‍ ആ നാട്ടില്‍ ജീവിച്ചതിനെക്കുറിച്ചും വെറുപ്പോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ….


graphics: prabha

രാത്രിജീവിതം കേരളത്തില്‍വെച്ച് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചില രാത്രിപ്പേടികള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പകല്‍പ്പേടികളും. പറഞ്ഞാല്‍ തീരില്ല കഥകള്‍. സ്വര്‍ഗം തരാമെന്നുപറഞ്ഞാലും ഞാനില്ല കേരളത്തില്‍ ജീവിക്കാന്‍.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ “കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വെച്ച് ബസില്‍ യാത്രചെയ്ത് കോളേജില്‍ പോകേണ്ടിയിരുന്ന കുട്ടിയല്ല ഞാന്‍ ഇന്ന്. മെട്രോ പോലുള്ള കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്ന നഗരമാര്‍ഗങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. പലതരത്തില്‍ ഒട്ടേറെ പ്രത്യേകാനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഡല്‍ഹിയില്‍ തിരക്കുള്ള ഒരു ബസില്‍ ഞാന്‍ ഇത്വരെ തനിച്ചുയാത്ര ചെയ്തിട്ടില്ല. എപ്പോഴും കൂടുതല്‍ സുരക്ഷിതമായ യാത്രാമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രദ്ധിക്കാറുണ്ട്. ഒരു വീട് വാടകയ്ക്കെടുക്കാന്‍ ആലോചിക്കുമ്പോള്‍ പോലും അത് മെട്രോ സ്റ്റേഷന്‍റെ എത്ര അടുത്താണ് എന്ന് ആലോചിച്ചു നോക്കും ആദ്യം. സൂക്ഷ്മപരിശോധനകള്‍ ഈ നഗരത്തില്‍ എവിടെയുമുണ്ട്. അത് എന്നെപ്പോലെ ഒരു സ്ത്രീയെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ സുരക്ഷിതയായി വീട്ടിലെത്തിക്കുന്നു. എങ്കിലും ഇരുണ്ട കോണുകളില്‍ ആണിനും പെണ്ണിനുമെന്ന ഭേദമില്ലാതെ ഇവിടെ മോഷണം, പിടിച്ചുപറി, ലൈംഗികഅതിക്രമം മുതലായ ഭീഷണികള്‍ നിലനില്‍ക്കുന്നുമുണ്ട്.
കേരളത്തില്‍ ഉള്ളത് സദാചാരവും സെക്ഷ്വല്‍ ഫ്രസ്ട്രേഷനും കൂടി ഭ്രാന്ത്‌ പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെങ്കില്‍ ഡെല്‍ഹിയിലുള്ളത് പോലീസിന്‍റെ മൂക്കിനുകീഴെയായതുകൊണ്ട് ഇസ്തിരിയിട്ട ഒരു അച്ചടക്കം പാലിക്കുന്ന ഒരു സമൂഹമാണ്. എങ്കിലും തമ്മില്‍ ഭേദം കേരളത്തിലെയത്ര കപടസദാചാരവും ഫ്രസ്ട്രെഷനും കാണിക്കാത്ത ഏതെന്കിലും അപരിചിതനഗരം തന്നെയാവും. ലിംഗഭേദമോ ജാതിഭേദമോ വര്‍ഗഭേദമോ ഇല്ലാതെ, ആരുടേയും നിര്‍ബന്ധങ്ങളും നിയമങ്ങളും പിഴകളും ഇല്ലാതെ, മറ്റൊരു വ്യക്തിയെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കാന്‍ എന്ന് മനുഷ്യര്‍ക്ക്‌ കഴിയുന്നുവോ അന്നുമാത്രമേ മാറ്റം ഉണ്ടായി എന്ന് പറയാന്‍ കഴിയൂ. ആ മാറ്റം ഉണ്ടാകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. കേരളത്തിന്റെ സാമൂഹ്യബോധം മാറുമെന്ന് തീരെ പ്രതീക്ഷയില്ല. അവിടെനിന്ന് ഓടിരക്ഷപെടുക തന്നെ.
ക്രൈംറേറ്റ് കണക്കുകള്‍ പ്രകാരം അപകടകരമായ നഗരമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ് ഡല്‍ഹി. ഇവിടെയാണ്‌ ഞാന്‍ ജോലിചെയ്ത് ജീവിക്കുന്നത്. ഇവിടെ എട്ടുമണിക്കോ ഒന്‍പതുമണിക്കോ പാതിരക്ക് പോലുമോ ഒരു സ്ത്രീ തനിച്ച് യാത്രചെയ്യുക എന്നത് ചിന്തിക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ല. സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വൈകിയുള്ള യാത്രകളും മറ്റും. ഇവിടെയുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോശം അനുഭവങ്ങള്‍ ഉണ്ടായവര്‍ കാണും. എന്നാല്‍ സ്ഥിരമായി പേടിച്ചുജീവിക്കുന്ന, ആറുമണി കഴിഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത്‌ ഇറങ്ങാന്‍ പോലും ആണ്‍തുണ വേണമെന്ന് വിശ്വസിക്കുന്ന സ്ത്രീകളെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല.
തനിച്ചുള്ള രാത്രി ഓര്‍മ്മകള്‍ ഇപ്പോഴുമില്ല എനിക്ക്. ഈ നഗരത്തില്‍ ഒരു പേടിയുമില്ലാതെ ചുറ്റുമുള്ള സ്ത്രീകളെല്ലാം ജീവിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഉള്ളിലെ പേടികളുടെ കനലുകളെ ചാരമിട്ട് മൂടിവെച്ചിരിക്കുകയാണ്. ആണ്‍കൂട്ടില്ലാതെ ഞാന്‍ രാത്രി എന്തെന്ന് കണ്ടിട്ടേയില്ല. ശവപ്പെട്ടിക്കുള്ളില്‍ കിടന്നാല്‍ പോലും നേരം വൈകിയാല്‍ എന്‍റെ നെഞ്ചിടിക്കും. വേഗം നടന്ന് വീട്ടിലെത്താന്‍ തോന്നും… കേരളത്തില്‍ വളര്‍ന്ന കുട്ടിക്കാലത്തിനും കൌമാരത്തിനും യൌവനത്തിന്‍റെ ആദ്യപകുതിക്കും ആ കാലം സമ്മാനിച്ച പേടിയുടെ പ്രേതങ്ങള്‍ക്കും നന്ദി. എന്നെങ്കിലും കേരളത്തിന്‍റെ അത്തരം ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഞാന്‍. എങ്കിലും പേടിപ്പിക്കുന്ന നഗരങ്ങളിലും അപരിചിതരായ മറുനാട്ടുകാരുടെ ഇടയിലും ഞാന്‍ വളരെ സുരക്ഷിതയാണ്. ഒരിക്കലും ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചുവരില്ല. എനിക്ക് നിങ്ങളുടെ മനോഹരമായ ചാരുപടിയുള്ള വീടുകളും ക്ലോറിന്‍ ചുവയ്ക്കാത്ത വെള്ളവും സുഖകരമായ കാലാവസ്ഥയും നൊസ്ട്ടാള്‍ജിയക്കൂട്ടങ്ങള്‍ പുലമ്പുന്ന മറ്റ് യാതൊരു സൌകര്യങ്ങളും വേണ്ട. വളരെ നന്ദി!

No comments:

Post a Comment