Sunday, March 2, 2014

പൂവും പൂമ്പാറ്റയും വിടരട്ടെ, തലക്കറി ആര്‍ക്കുള്ളതാണ്?

കുട്ടികള്‍ക്കായുള്ള കഥകള്‍ ഏറെ നിഷ്കളങ്കമാണെന്നാണ് പൊതുധാരണ. എന്നാല്‍ രാജകുമാരിമാരുടെയും അവരെ വിവാഹം കഴിക്കുന്ന രാജകുമാരന്‍മാരുടെയും അവരുടെ കൊട്ടാരങ്ങളുടെയും സദ്യകളുടെയും മിന്നുന്ന ആഭരണങ്ങളുടെയും വെളുത്തുമിനുത്ത തൊലിപ്പുറങ്ങളുടെയും വെളിയിലുള്ള കുട്ടികള്‍ ഈ കഥകള്‍ക്ക് എന്തെന്ത് അര്‍ത്ഥമാണ് നല്‍കേണ്ടത്? രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും ഹാപ്പിലി എവര്‍ ആഫ്റ്ററുകള്‍ക്ക് വിരാമമിടുന്ന ഷ്റെക്ക് പോലെയുള്ള കാര്‍ടൂണുകളും മറ്റും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഇന്ത്യന്‍ കഥകളിലും ഒരു ജാതിസ്വഭാവവും എലീറ്റ് ജീവിതവീക്ഷണപ്രസരണവും കാണാവുന്നതാണ്. നെയ്യപ്പം തിന്നുന്ന കുട്ടികളെ നമ്മള്‍ കണ്ടെന്നുവരും, എന്നാല്‍ ആടിന്റെ തല കറിവെച്ചുതിന്നുന്ന കുട്ടികളെ ഇന്ത്യന്‍ കുട്ടിക്കഥകളില്‍ കണ്ടെന്നുവരില്ല. ദളിത്‌-മുസ്ലിം ജീവിതപരിസരങ്ങളെപ്പറ്റി കുട്ടിക്കഥകളില്‍ ഇല്ലേയില്ല.

ഇന്ത്യന്‍ ബാലസാഹിത്യം ലക്ഷ്യമിടുന്നത് കൃത്യമായ ഒരു മധ്യവര്‍ഗകുടുംബത്തെയും മധ്യവര്‍ഗശീലങ്ങള്‍ പരിചയിച്ചുവരുന്ന കുട്ടികളെയുമാണ്‌. കൃത്യമായി സ്കൂളില്‍ പോവുകയും പരീക്ഷകള്‍ പാസാവുകയും നേര്‍രേഖയിലൂടെ സഞ്ചരിക്കുകയും പലതരം ജീവിതവിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന സാരോപദേശകഥകള്‍, അവരുടെ അമര്‍ചിത്രകഥകള്‍, അവരുടെ ചോട്ടാ ഭീം, അവരുടെ ലിറ്റില്‍ കൃഷ്ണ, അവരുടെ ഡോരെമോന്‍. ഇതല്ലാത്ത ഒരു ഇന്ത്യന്‍ ബാല്യമുണ്ട്. സ്കൂളില്‍ പോയെന്നുവരും, ചിലപ്പോള്‍ പഠിക്കും, ചിലപ്പോള്‍ വേറെ വല്ല പണിക്കും പോകും, ചിലപ്പോള്‍ പഠിപ്പ് നിറുത്തും. മധ്യവര്‍ഗ്ഗ-മേല്‍ജാതി വീമ്പുകള്‍ക്കും ട്യൂഷന്‍സെന്ററുകള്‍ക്കും എന്ട്രന്‍സ് കോച്ചിങ്ങിനും സാരോപദേശത്തിനും വെളിയില്‍ ജീവിക്കുന്ന കുട്ടികള്‍. ഇവരും വായിക്കുന്നത് പാഠപുസ്തകത്തിലും അല്ലാതെയും ഒക്കെയായി ഇതേ മധ്യവര്‍ഗകഥകള്‍ തന്നെയാണ്. അവരുടെ ജീവിതവും യാഥാര്‍ത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകള്‍. ഈ കഥകള്‍ വായിച്ച് അവര്‍ക്ക് കുളിരണിയാത്തതെന്ത് എന്നും അവര്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്തെന്നും ഒക്കെ ചോദ്യങ്ങള്‍ ഉയരാറുണ്ട്. അവരുടെ നോട്ടത്തില്‍ ഇതൊന്നും ജീവിതവുമായി തീരെ ബന്ധമുള്ളതല്ല. രാജാക്കന്‍മാര്‍ യുദ്ധം ജയിച്ചാലും രാജകുമാരിമാര്‍ വിവാഹിതരായാലും ഇവര്‍ക്കൊരു ചുക്കും സംഭവിക്കുന്നില്ല.


ഇന്ത്യന്‍ ബാലസാഹിത്യത്തിലെ ഈ പിശക് തിരുത്തുന്ന കഥകളാണ് അന്വേഷി റിസേര്‍ച്ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ “ഡിഫറന്റ് ടെയ്ല്‍സ്” എന്ന പതിമൂന്നു ചെറുപുസ്തകങ്ങള്‍ അടങ്ങിയ ശേഖരം. ഇംഗ്ലീഷ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ പുസ്തകം ലഭ്യമാണ്. മുഖ്യധാരയ്ക്കു വെളിയിലുള്ള ജീവിതങ്ങളെയും അവരുടെ സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന കഥകളാണ് ഇവയോരോന്നും. ജാതി അസമത്വങ്ങളുടെ വേദന നിറഞ്ഞ കഥകളൊന്നുമല്ല ഇവ. കുട്ടിത്തവും സന്തോഷവും നിറഞ്ഞ കഥകള്‍. മറ്റൊരു ജീവിതപരിസരം കൂടി കുട്ടികളുടെ കഥാലോകത്തിലേയ്ക്ക് ഉള്‍പ്പെടുത്തുന്നു എന്ന വലിയ ദൌത്യമാണ് അന്വേഷിയുടെ ഈ പുസ്തകങ്ങളുടെ ലക്‌ഷ്യം. കഥകളില്‍ കാണുന്ന കുട്ടികള്‍ അവരുടെ സാധാരണജീവിതത്തില്‍ സെക്കണ്ട്ഹാന്‍ഡ്‌ പാഠപുസ്തകം വാങ്ങുന്നു, ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു, കളിക്കുന്നു, തലക്കറി രുചിച്ചുകഴിക്കുന്നു.

മൊഹമ്മദ്‌ കദിര്‍ ബാബുവിന്റെ ഹെഡ് കറി എന്ന കഥയിലാണ് കഥാനായകനായ കുട്ടി ആടിനെ വെട്ടുന്നിടത്ത് പോയി ആട്ടിന്‍ തല വാങ്ങിക്കൊണ്ടുവരികയും അമ്മ അത് കറിവയ്ക്കുന്നത് കൊതിയോടെ കാത്തിരിക്കുന്നതും കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്ന് രുചിയോടെ അത് കഴിക്കുന്നതും ഒക്കെ. കുട്ടികള്‍ക്കായുള്ള കഥകളില്‍ തലക്കറിയെപ്പറ്റി പറയുന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അല്ലെങ്കില്‍ത്തന്നെ ഭക്ഷണത്തെക്കാള്‍ രാഷ്ട്രീയമുള്ള മറ്റെന്താണുള്ളത്? ചില കുട്ടികളുടെ ജീവിതം അമ്പിളിമാമനും നെയ്പ്പായസവും നിറഞ്ഞതല്ല, അതിന് മീനിന്റെ ഉളുമ്പും മാടിന്റെ ചൂരും പോത്ത് പോട്ടിയോടുള്ള കൊതിയും ഉണ്ട്. ഇറച്ചിയും മീനും ഒക്കെ തിന്നുന്നതിനെപ്പറ്റിയും കുട്ടിക്കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഹെഡ്കറിയുടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രശസ്തചിത്രകാരനും ചരിത്രകാരനുമായ ഗുലാം ഷെയ്ക്ക് ആണ്.


ഈ കഥകളിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ ജീവിതസമരങ്ങളും കഷ്ടപ്പാടുകളും കാണുന്നവരാണ്. ഈ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ലോകത്തോട് ഇടപെടുമ്പോള്‍ ധാരാളം ജീവിതസമരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാനം. ഒരു സ്കൂളിലെ മാദിഗ എന്ന തെലുങ്ക് ദളിത്‌ വിഭാഗത്തില്‍പ്പെട്ട ഒരേയൊരു വിദ്യാര്‍ഥിയുടെ കഥയാണ് “ബ്രേവ്ഹാര്‍ട്ട് ബാടയ്യ”. മറ്റുകുട്ടികളെ അശുദ്ധമാക്കാതിരിക്കാനായി അധ്യാപകര്‍ തന്നെ പിന്‍ബഞ്ചിലിരുത്തിയ കുട്ടി. സ്കൂളില്‍ പോയി പഠിക്കുന്ന കുട്ടി എന്ന രീതിയില്‍ അവന്റെ സമൂഹത്തിന്റെ അഭിമാനമായ കൊച്ചുമിടുക്കന്‍. അവന്റെ ലോകവീക്ഷണം എത്ര സങ്കീര്‍ണ്ണമായിരിക്കും? ചാക്കിനോട് വലിയ ഇഷ്ടമുള്ള ഒരു ഭ്രാന്തനോട് കൂട്ടുകൂടുന്ന ഒരു കുട്ടിയുടെ കഥയാണ് സാക്ക് ക്ലോത്ത് മാന്‍. സഹോദരിയുടെ മരണം കൊണ്ടുവന്ന ദുഃഖം മാറ്റാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത് ഈ ഭ്രാന്തനുമായുള്ള സൌഹൃദമാണ്. മരണം എന്നതൊക്കെ പല കുട്ടികളുടെയും ജീവിതത്തിലെ നോവുകളാണ്, എങ്കിലും കുട്ടിക്കഥകളില്‍ അതൊന്നും ചര്‍ച്ച ചെയ്തുകൂടാ എന്നാണ് ധാരണ.

ചരിത്രപുസ്തകത്തിലെ മുസ്ലിം - ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ ഇരിക്കുന്ന ഒരേയൊരു മുസ്ലിംകുട്ടിയുടെ കഥയാണ് ഇനിയൊരെണ്ണം. ഒരേ തരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം നിങ്ങളുടെയൊന്നും അല്ലെന്നോ?  


കുട്ടികളുടെ ജീവിതങ്ങള്‍ ലളിതമല്ല. കുട്ടിക്കാലം എന്നത് പൂവുകളും പൂമ്പാറ്റകളും മാത്രം നിറഞ്ഞതല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വ്യത്യസ്തമാണോ അത്ര തന്നെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ് ഇന്ത്യന്‍ ബാല്യവും. ബാല്യത്തിന്റെ രാഷ്ട്രീയത്തിനെ അവഗണിക്കാന്‍ പാടില്ല എന്നുപറയുന്ന ഈ കഥകള്‍ ഓരോ കുട്ടിക്കും ഒരു ജീവിതപാഠം കൂടിയായിരിക്കും.

അഴിമുഖം ലിങ്ക് 

No comments:

Post a Comment