അമൃതാനന്ദമയിയുടെ സഹചാരിയായി തന്റെ ഇരുപതുവര്‍ഷത്തെ
ജീവിതത്തെപ്പറ്റി ഗെയ്ല് ട്രെഡ്വെല് രചിച്ച ഓര്‍മ്മക്കുറിപ്പ് വളരെ മനോഹരമായി
രചിക്കപ്പെട്ടതാണ്. വായിച്ചുതുടങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും വേഗം വിവാദഇരുപതാം
അധ്യായത്തിലേയ്ക്ക് ഓടിച്ചുനോക്കാം എന്ന് തോന്നിയില്ല. ഒരു പുതിയ സംസ്കാരത്തെയും
ജീവിതശൈലിയെയും അറിയുന്ന ഏതൊരാളിനും ഉണ്ടാകാവുന്ന അമ്പരപ്പും ആഹ്ലാദവും അങ്ങേയറ്റം
ഹൃദ്യമായി ഗെയില്‍ എന്ന ഗായത്രി പുസ്തകത്തിന്റെ ആദ്യഭാഗത്ത് എഴുതിച്ചേര്‍ത്തിരുന്നു.
ആത്മാന്വേഷണങ്ങളുടെ ഒരു യാത്രയില്‍ തട്ടിപ്പുപറ്റിപ്പോയ ഒരു പാവം മദാമ്മയുടെ കഥ
എന്നാണ് എനിക്ക് തോന്നിയത്.
ഈ പുസ്തകം അവരുടെ തിക്താനുഭവത്തില്‍ നിന്ന് അവര്‍
സുഖപ്പെടുന്നതിന്റെ ചിഹ്നമാണെന്ന് അവര്‍ തന്നെ പറയുന്നു. ജീവപര്യന്തം
തടവൊക്കെകിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ആളുകള്‍ക്ക് ഇനി
എന്തുചെയ്യണം എന്ന ഒരു നിസഹായത തോന്നുമെന്ന് ഷോഷാന്ഗ് റിഡംപ്ഷന് എന്ന സിനിമ
കണ്ടപ്പോഴാണ് തോന്നിയത്. ജീവിതത്തിന്റെ ഊര്‍ജസ്വലമായ പ്രായം മുഴുവന്‍ ഒരു തടവറയില്‍
കഴിഞ്ഞിട്ട് പുറത്തിറങ്ങുമ്പോള്‍ ലോകത്തോട് തോന്നുന്ന ആ പേടിയെ അതിജീവിക്കാന്‍ ഈ
പുസ്തകമെഴുതിയത് ഗെയില്‍ എന്ന ഗായത്രിയെ സാഹായിചിട്ടുണ്ടാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി
പ്രതീക്ഷിക്കുന്നു. പാഴായിപ്പോയ ഒരു മനുഷ്യായുസ്സിന്റെ ഓര്‍മ്മക്കുറിപ്പ്
കൂടിയാണ് ഈ പുസ്തകം.
അമൃതവിശ്വാസികളല്ലാത്ത ആളുകള്‍ക്ക് വലിയ അമ്പരപ്പും
അവിശ്വസനീയതയുമൊന്നും ഇതുവായിച്ച് തോന്നണമെന്നില്ല. സംഘടിതമതവിശ്വാസത്തിന്റെ
കുരുക്കുകളില്‍ നിന്ന് പുറത്തുവരുന്നവര്‍ എഴുതുന്ന കുറിപ്പുകളില്‍ എല്ലാം
തന്നെയുള്ള സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. മഹാസംഭവമായി സ്വയം കരുതുന്ന ഒരു ഗുരു, ഗുരുവിനെ സേവിക്കല്‍ ജീവിതലക്ഷ്യമായും
മോക്ഷമാര്‍ഗമായും കാണുന്ന ശിഷ്യര്‍, കണിശമായ നിഷ്കര്‍ഷകള്‍, നിര്‍ബന്ധിത ബ്രഹ്മചര്യം, ഒളിഞ്ഞും തെളിഞ്ഞും ഉള്ള
പ്രേമങ്ങള്‍, ലൈംഗികബന്ധങ്ങള്‍,
ബലാത്സംഗങ്ങള്‍, വൈകാരികബ്ലാക്ക്മെയിലുകള്‍... ഇതിലും
എല്ലാമുണ്ട്. ഒരു മത വിശ്വാസം, അത് ഏതെങ്കിലും പഴഞ്ചന്‍
ദൈവത്തിന്റെയായാലും പുത്തന്‍പുതിയ ആള്‍ദൈവത്തിന്റെ ആയാലും ഏകദേശചുറ്റുപാട്
ഒന്നുതന്നെയാണ്. ആണധികാരങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും ഇരകളുടെയും
മൂലധനആസക്തികളുടെയും കഥകള്‍ എല്ലാവര്ക്കും മൂടിവയ്ക്കാനുണ്ടാകും. എങ്കിലും ഇരകളുടെ
എഴുത്തുകള്‍ക്ക് കുറേ പീഡനങ്ങളുടെ “ഞെട്ടിപ്പിക്കുന്ന
വെളിപ്പെടുത്തലുകള്‍” എന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. ഗെയില്‍
ട്രെഡ്വെല് എന്ന ഗായത്രിയുടെ പുസ്തകം പക്ഷെ ഒരു ശരാശരി മലയാളി വായനക്കാരന്റെ
ഇക്കിളിസുഖത്തിനപ്പുറത്തും പ്രാധാന്യമുള്ളതാണ്.
ഇന്ത്യ കാണാന്‍ വന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ എങ്ങനെ
ഇന്ത്യന്‍ ആത്മീയതയോട് താല്പ്പര്യമുള്ളയാളാകുന്നുവെന്നും ഇന്ത്യന്‍ ആത്മീയത എന്ന ഈ
വിചിത്രവികാരം എങ്ങനെ അവരുടെ മനസിനെ കീഴ്പ്പെടുത്തുന്നു എന്നും ഒരു
ഗുരുവുണ്ടാവണമെന്നും ആത്മീയനിര്‍വൃതി അനുഭവിക്കണമെന്നുമുള്ള അവരുടെ ആശകളെ എങ്ങനെ
ഒരു ആള്‍ദൈവം ഉപയോഗപ്പെടുത്തുന്നുവെന്നുമൊക്കെ പുസ്തകത്തിലുണ്ട്. സമാധാനം
അന്വേഷിക്കുന്ന മനുഷ്യരെ ആള്‍ദൈവങ്ങള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്
എന്ന ചോദ്യത്തിന് മികച്ച ഒരു ഉത്തരമാണ് ഈ പുസ്തകം.
ഓരോ ചെറിയ ദൈനംദിനഅനുഷ്ഠാനത്തിലൂടെയും ആള്‍ദൈവം തന്റെ
പ്രാധാന്യം വിശ്വാസിയുടെ ബോധത്തിലേയ്ക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഏതുതരം
അടിമത്തവും പോലെ തന്നെയാണ് വൈകാരികഅടിമത്തവും. വൈകാരികഅടിമത്തങ്ങളെ മനുഷ്യനുള്ള
പലതരം പേടികളുടെ സഹായത്തോടെ സ്വന്തം ഗുണത്തിനായി ഉപകാരപ്പെടുത്തുക എന്നതാണ്
ഒട്ടുമിക്ക ആള്‍ദൈവ-ആളില്ലാത്തദൈവങ്ങളുടെയും ഒരു രീതി. സ്നേഹപ്രകടനവും
വൈകാരികഅടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള ഒരു ഉപാധിയാണ്.
അമ്മ എന്നെ നോക്കി, എന്നോട് സ്നേഹമായി സംസാരിച്ചു, അല്ലെങ്കില്‍
എന്നോട് ദേഷ്യപ്പെട്ടു, എന്നെ അടിച്ച് എന്റെ എല്ലൊടിച്ചു
എന്നതെല്ലാം വിശ്വാസികള്‍ പ്രത്യേകരീതിയിലാണ് മനസിലാക്കുന്നത്. അമ്മ
സ്നേഹിക്കുന്നതും സ്നേഹിക്കാതിരിക്കുന്നതും അമ്മയുടെ ആയുധങ്ങളാണ്. അമ്മയുടെ സ്നേഹം
ആഗ്രഹിക്കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ അമ്മ മാത്രമാണ് ലോകത്തിന്റെ
കേന്ദ്രം എന്ന് വിശ്വസിച്ചുജീവിക്കുന്ന മനുഷ്യര്‍ക്ക് അമ്മയോട് വൈകാരികമായ ഒരു
അടിമത്തമുണ്ടാകുന്നു. അമ്മ എന്ന വാക്ക് തന്നെ വളരെ ബുദ്ധിപൂര്‍വ്വം
ഉപയോഗിക്കുന്നത് കാണാം. സ്വന്തം അമ്മ അമ്മയല്ലെന്നും ഈ അമ്മയാണ് തന്റെ യഥാര്‍ത്ഥയമ്മ
എന്നുമൊക്കെ ഗായത്രി സ്വന്തം അമ്മയ്ക്ക് എഴുതുന്നുണ്ട്. അത്രത്തോളം വൈകാരികമായി ഈ “അമ്മക്കഥാപാത്രം” അവരെ സ്വാധീനിച്ചിരുന്നു. അതൊരു
അധികാരകേന്ദ്രിതബന്ധമാണ്. എന്തും ശിഷ്യയോട് ആവശ്യപ്പെടാന്‍ ഗുരുവിന്
അധികാരമുണ്ടാവുകയും തന്റെ ജീവിതത്തിന്മേല് തന്നെക്കാള്‍ അവകാശം ഗുരുവിനാണ് എന്ന്
ശിഷ്യ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുത്താല്‍
പിന്നെ അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കല്‍ വളരെയെളുപ്പമാണ്.
ചരിത്രാതീതകാലം മുതല്‍ മതം മനുഷ്യനോട് ചെയ്യുന്നത്
ഇതുതന്നെയാണ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവിനെ അമര്‍ച്ച ചെയ്യുക, പച്ചനുണകള്‍ പോലും വിശ്വാസത്തിന്റെ
പേരില്‍ പരമസത്യങ്ങളായി ആത്മാവിലെഴുതുക, നുണകളുടെ മേല്‍
നുണകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സാമ്രാജ്യങ്ങളില്‍ അടിമകളെപ്പോലെ കാലം കഴിക്കുക.
അതിനിടെ അധികാരമുള്ളവരുടെ ചെറിയ സ്നേഹപ്രകടനങ്ങള്‍ വലിയ ആത്മനിര്‍വൃതിയോടെ
അനുഭവിക്കാന്‍ അവസരം കിട്ടുമ്പോള്‍ പുറത്ത് വേറെയൊരു ലോകമുണ്ടെന്നും അവിടെ വേറെ
മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്നും നിങ്ങളുടെ ഈ ആത്മീയലോകത്തിന് ഈ ചെറിയ
കുമിളയ്ക്കുവെളിയില്‍ വലിയ വിലയൊന്നുമില്ലെന്നും പുറത്തേയ്ക്ക് നോക്കാത്തതുകൊണ്ട്
ഈ ഇരകള്‍ അറിയാറുമില്ല.
സോഷ്യല്‍ മീഡിയ നിറയെ ഭക്തരുടെ തെറിവിളിപ്രവാഹമാണ്.
വിദേശവനിതയായതുകൊണ്ട് അവരെ അധിക്ഷേപിക്കുന്നതിന് പ്രത്യേക രീതിയാണ്. ഇരകള്‍
സംസാരിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ചോദ്യം പലയിടത്തും മുഴച്ചുനില്‍ക്കുന്നത്
കണ്ടു. ഇരുപതുവര്‍ഷം ഇവരെ പീഡിപ്പിച്ചതും മറ്റും സഹിച്ച് ഇവര്‍ എന്തിന് അവിടെ
നിന്നു? രക്ഷപെട്ടുകഴിഞ്ഞ്
ഇത്രയും വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ എന്തിന് ഇതുപറയുന്നു? എന്നൊക്കെയാണ്
ചോദ്യങ്ങള്‍. സൂര്യനെല്ലിപ്പെന്‍കുട്ടിയോടും പിന്നീട് സ്ഥലപ്പേരുകള്‍ ചേര്‍ത്തുവന്ന
എല്ലാ പെണ്‍കുട്ടികളോടും സമൂഹം ഇത് ആവര്‍ത്തിച്ചുചോദിക്കുന്നുണ്ട്, എന്തുകൊണ്ട് ശബ്ദമുയര്‍ത്തിയില്ല? നേരത്തേ
ശബ്ദമുയര്ത്തിയിരുന്നെങ്കില് ഇവരൊക്കെ വന്ന് ഇടപെടുമായിരുന്നു എന്ന് തൊന്നും
ചോദ്യം കേട്ടാല്‍. ശരീരവും മനസും ചിന്തയും ബുദ്ധിയും എല്ലാം മരവിപ്പിക്കുന്നതാണ്
ഇത്തരം വൈകാരിക അടിമത്തങ്ങള്‍. ശബ്ദമുയര്‍ത്തുക എളുപ്പമല്ല എന്ന് ചോദ്യം
ചോദിക്കുന്നവര്‍ക്ക് മനസിലാവില്ല.
ഗായത്രി പുസ്തകം എഴുതിനിറുത്തുന്നത് ശ്രദ്ധേയമാണ്. In the end, I did not find God, but I did find
myself. And I thank God for that. ഈ അവസാനവരി വായിച്ചപ്പോള്‍
സന്തോഷം തോന്നി. അവനവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തന്നെയാവട്ടെ
ആത്മീയാന്വേഷണങ്ങള്‍.
പിന്കുറിപ്പ്: എത്രനാള്‍ പുസ്തകം വായിക്കാന്‍ ലഭിക്കും
എന്നറിയില്ല. ബാന്‍ ചെയ്യുന്നത് നമ്മുടെ ഒരു രീതിയാണല്ലോ. വായിക്കാന്‍ കഴിയുന്നവര്‍
എല്ലാവരും വായിക്കുക. വളരെ ലളിതവും സത്യസന്ധവും മനോഹരവും വേദനാജനകവുമായ ഒരു
പുസ്തകമാണിത്.