Sunday, March 2, 2014

പൂവും പൂമ്പാറ്റയും വിടരട്ടെ, തലക്കറി ആര്‍ക്കുള്ളതാണ്?

കുട്ടികള്‍ക്കായുള്ള കഥകള്‍ ഏറെ നിഷ്കളങ്കമാണെന്നാണ് പൊതുധാരണ. എന്നാല്‍ രാജകുമാരിമാരുടെയും അവരെ വിവാഹം കഴിക്കുന്ന രാജകുമാരന്‍മാരുടെയും അവരുടെ കൊട്ടാരങ്ങളുടെയും സദ്യകളുടെയും മിന്നുന്ന ആഭരണങ്ങളുടെയും വെളുത്തുമിനുത്ത തൊലിപ്പുറങ്ങളുടെയും വെളിയിലുള്ള കുട്ടികള്‍ ഈ കഥകള്‍ക്ക് എന്തെന്ത് അര്‍ത്ഥമാണ് നല്‍കേണ്ടത്? രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും ഹാപ്പിലി എവര്‍ ആഫ്റ്ററുകള്‍ക്ക് വിരാമമിടുന്ന ഷ്റെക്ക് പോലെയുള്ള കാര്‍ടൂണുകളും മറ്റും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഇന്ത്യന്‍ കഥകളിലും ഒരു ജാതിസ്വഭാവവും എലീറ്റ് ജീവിതവീക്ഷണപ്രസരണവും കാണാവുന്നതാണ്. നെയ്യപ്പം തിന്നുന്ന കുട്ടികളെ നമ്മള്‍ കണ്ടെന്നുവരും, എന്നാല്‍ ആടിന്റെ തല കറിവെച്ചുതിന്നുന്ന കുട്ടികളെ ഇന്ത്യന്‍ കുട്ടിക്കഥകളില്‍ കണ്ടെന്നുവരില്ല. ദളിത്‌-മുസ്ലിം ജീവിതപരിസരങ്ങളെപ്പറ്റി കുട്ടിക്കഥകളില്‍ ഇല്ലേയില്ല.

ഇന്ത്യന്‍ ബാലസാഹിത്യം ലക്ഷ്യമിടുന്നത് കൃത്യമായ ഒരു മധ്യവര്‍ഗകുടുംബത്തെയും മധ്യവര്‍ഗശീലങ്ങള്‍ പരിചയിച്ചുവരുന്ന കുട്ടികളെയുമാണ്‌. കൃത്യമായി സ്കൂളില്‍ പോവുകയും പരീക്ഷകള്‍ പാസാവുകയും നേര്‍രേഖയിലൂടെ സഞ്ചരിക്കുകയും പലതരം ജീവിതവിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന സാരോപദേശകഥകള്‍, അവരുടെ അമര്‍ചിത്രകഥകള്‍, അവരുടെ ചോട്ടാ ഭീം, അവരുടെ ലിറ്റില്‍ കൃഷ്ണ, അവരുടെ ഡോരെമോന്‍. ഇതല്ലാത്ത ഒരു ഇന്ത്യന്‍ ബാല്യമുണ്ട്. സ്കൂളില്‍ പോയെന്നുവരും, ചിലപ്പോള്‍ പഠിക്കും, ചിലപ്പോള്‍ വേറെ വല്ല പണിക്കും പോകും, ചിലപ്പോള്‍ പഠിപ്പ് നിറുത്തും. മധ്യവര്‍ഗ്ഗ-മേല്‍ജാതി വീമ്പുകള്‍ക്കും ട്യൂഷന്‍സെന്ററുകള്‍ക്കും എന്ട്രന്‍സ് കോച്ചിങ്ങിനും സാരോപദേശത്തിനും വെളിയില്‍ ജീവിക്കുന്ന കുട്ടികള്‍. ഇവരും വായിക്കുന്നത് പാഠപുസ്തകത്തിലും അല്ലാതെയും ഒക്കെയായി ഇതേ മധ്യവര്‍ഗകഥകള്‍ തന്നെയാണ്. അവരുടെ ജീവിതവും യാഥാര്‍ത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകള്‍. ഈ കഥകള്‍ വായിച്ച് അവര്‍ക്ക് കുളിരണിയാത്തതെന്ത് എന്നും അവര്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്തെന്നും ഒക്കെ ചോദ്യങ്ങള്‍ ഉയരാറുണ്ട്. അവരുടെ നോട്ടത്തില്‍ ഇതൊന്നും ജീവിതവുമായി തീരെ ബന്ധമുള്ളതല്ല. രാജാക്കന്‍മാര്‍ യുദ്ധം ജയിച്ചാലും രാജകുമാരിമാര്‍ വിവാഹിതരായാലും ഇവര്‍ക്കൊരു ചുക്കും സംഭവിക്കുന്നില്ല.


ഇന്ത്യന്‍ ബാലസാഹിത്യത്തിലെ ഈ പിശക് തിരുത്തുന്ന കഥകളാണ് അന്വേഷി റിസേര്‍ച്ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ “ഡിഫറന്റ് ടെയ്ല്‍സ്” എന്ന പതിമൂന്നു ചെറുപുസ്തകങ്ങള്‍ അടങ്ങിയ ശേഖരം. ഇംഗ്ലീഷ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ പുസ്തകം ലഭ്യമാണ്. മുഖ്യധാരയ്ക്കു വെളിയിലുള്ള ജീവിതങ്ങളെയും അവരുടെ സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന കഥകളാണ് ഇവയോരോന്നും. ജാതി അസമത്വങ്ങളുടെ വേദന നിറഞ്ഞ കഥകളൊന്നുമല്ല ഇവ. കുട്ടിത്തവും സന്തോഷവും നിറഞ്ഞ കഥകള്‍. മറ്റൊരു ജീവിതപരിസരം കൂടി കുട്ടികളുടെ കഥാലോകത്തിലേയ്ക്ക് ഉള്‍പ്പെടുത്തുന്നു എന്ന വലിയ ദൌത്യമാണ് അന്വേഷിയുടെ ഈ പുസ്തകങ്ങളുടെ ലക്‌ഷ്യം. കഥകളില്‍ കാണുന്ന കുട്ടികള്‍ അവരുടെ സാധാരണജീവിതത്തില്‍ സെക്കണ്ട്ഹാന്‍ഡ്‌ പാഠപുസ്തകം വാങ്ങുന്നു, ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു, കളിക്കുന്നു, തലക്കറി രുചിച്ചുകഴിക്കുന്നു.

മൊഹമ്മദ്‌ കദിര്‍ ബാബുവിന്റെ ഹെഡ് കറി എന്ന കഥയിലാണ് കഥാനായകനായ കുട്ടി ആടിനെ വെട്ടുന്നിടത്ത് പോയി ആട്ടിന്‍ തല വാങ്ങിക്കൊണ്ടുവരികയും അമ്മ അത് കറിവയ്ക്കുന്നത് കൊതിയോടെ കാത്തിരിക്കുന്നതും കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്ന് രുചിയോടെ അത് കഴിക്കുന്നതും ഒക്കെ. കുട്ടികള്‍ക്കായുള്ള കഥകളില്‍ തലക്കറിയെപ്പറ്റി പറയുന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അല്ലെങ്കില്‍ത്തന്നെ ഭക്ഷണത്തെക്കാള്‍ രാഷ്ട്രീയമുള്ള മറ്റെന്താണുള്ളത്? ചില കുട്ടികളുടെ ജീവിതം അമ്പിളിമാമനും നെയ്പ്പായസവും നിറഞ്ഞതല്ല, അതിന് മീനിന്റെ ഉളുമ്പും മാടിന്റെ ചൂരും പോത്ത് പോട്ടിയോടുള്ള കൊതിയും ഉണ്ട്. ഇറച്ചിയും മീനും ഒക്കെ തിന്നുന്നതിനെപ്പറ്റിയും കുട്ടിക്കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഹെഡ്കറിയുടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രശസ്തചിത്രകാരനും ചരിത്രകാരനുമായ ഗുലാം ഷെയ്ക്ക് ആണ്.


ഈ കഥകളിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ ജീവിതസമരങ്ങളും കഷ്ടപ്പാടുകളും കാണുന്നവരാണ്. ഈ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ലോകത്തോട് ഇടപെടുമ്പോള്‍ ധാരാളം ജീവിതസമരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാനം. ഒരു സ്കൂളിലെ മാദിഗ എന്ന തെലുങ്ക് ദളിത്‌ വിഭാഗത്തില്‍പ്പെട്ട ഒരേയൊരു വിദ്യാര്‍ഥിയുടെ കഥയാണ് “ബ്രേവ്ഹാര്‍ട്ട് ബാടയ്യ”. മറ്റുകുട്ടികളെ അശുദ്ധമാക്കാതിരിക്കാനായി അധ്യാപകര്‍ തന്നെ പിന്‍ബഞ്ചിലിരുത്തിയ കുട്ടി. സ്കൂളില്‍ പോയി പഠിക്കുന്ന കുട്ടി എന്ന രീതിയില്‍ അവന്റെ സമൂഹത്തിന്റെ അഭിമാനമായ കൊച്ചുമിടുക്കന്‍. അവന്റെ ലോകവീക്ഷണം എത്ര സങ്കീര്‍ണ്ണമായിരിക്കും? ചാക്കിനോട് വലിയ ഇഷ്ടമുള്ള ഒരു ഭ്രാന്തനോട് കൂട്ടുകൂടുന്ന ഒരു കുട്ടിയുടെ കഥയാണ് സാക്ക് ക്ലോത്ത് മാന്‍. സഹോദരിയുടെ മരണം കൊണ്ടുവന്ന ദുഃഖം മാറ്റാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത് ഈ ഭ്രാന്തനുമായുള്ള സൌഹൃദമാണ്. മരണം എന്നതൊക്കെ പല കുട്ടികളുടെയും ജീവിതത്തിലെ നോവുകളാണ്, എങ്കിലും കുട്ടിക്കഥകളില്‍ അതൊന്നും ചര്‍ച്ച ചെയ്തുകൂടാ എന്നാണ് ധാരണ.

ചരിത്രപുസ്തകത്തിലെ മുസ്ലിം - ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ ഇരിക്കുന്ന ഒരേയൊരു മുസ്ലിംകുട്ടിയുടെ കഥയാണ് ഇനിയൊരെണ്ണം. ഒരേ തരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം നിങ്ങളുടെയൊന്നും അല്ലെന്നോ?  


കുട്ടികളുടെ ജീവിതങ്ങള്‍ ലളിതമല്ല. കുട്ടിക്കാലം എന്നത് പൂവുകളും പൂമ്പാറ്റകളും മാത്രം നിറഞ്ഞതല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വ്യത്യസ്തമാണോ അത്ര തന്നെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ് ഇന്ത്യന്‍ ബാല്യവും. ബാല്യത്തിന്റെ രാഷ്ട്രീയത്തിനെ അവഗണിക്കാന്‍ പാടില്ല എന്നുപറയുന്ന ഈ കഥകള്‍ ഓരോ കുട്ടിക്കും ഒരു ജീവിതപാഠം കൂടിയായിരിക്കും.

അഴിമുഖം ലിങ്ക് 

ജോയി കുളനടയുടെ മലയാളി ആഭാസച്ചിരി

താഴെ കാണുന്ന കാര്‍ട്ടൂണ്‍ വരച്ചയാള്‍ അതിനുകീഴെ ജോയി എന്ന് ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരച്ചത് അയാള്‍ മാത്രമല്ല. ഇത് വരച്ചത് കേരളസമൂഹമാണ്. ഓരോ കാര്‍ട്ടൂണിസ്റ്റും സമൂഹത്തില്‍ നിന്ന് കിട്ടുന്ന ചിരി കൊണ്ടാണ് ജീവിക്കുന്നത്. ജോയി കുളനടയല്ല മറ്റ് ഏതൊരു കാര്‍ട്ടൂണിസ്റ്റായാലും ലക്ഷ്യമിടുന്നത് ഒരു സമൂഹത്തില്‍ ചിരിയുണര്‍ത്താനാണ്. വരയ്ക്കുന്നതിനുമുന്‍പ് കാര്‍ട്ടൂണിസ്റ്റിനുമുന്നില്‍ അയാളുടെ വായനക്കാരന്‍ വന്നുനില്‍ക്കും. ഈ കാര്‍ട്ടൂണ്‍ കണ്ട് നന്നായി ചിരിക്കാന്‍ കഴിയുന്നവരാണ് നാമെങ്കില്‍ ലജ്ജിക്കേണ്ടത് നാം തന്നെയാണ്. ജോയി കുളനട എന്ന കാര്‍ട്ടൂണിസ്റ്റ് മലയാളിസമൂഹത്തിന്റെ ആകമാന ജീര്‍ണ്ണതയുടെ ഒരു ഉപകരണം മാത്രമാണ്.


ശ്വേതാമേനോന്‍റെ അറിവോ സമ്മതമോ കൂടാതെ അവരെ തൊടാമോ, പീതാംബരക്കുറുപ്പ് സത്യത്തില്‍ പിതൃവാത്സല്യം നിറഞ്ഞ ഒരു മനുഷ്യനല്ലേ എന്നൊക്കെ ചര്‍ച്ചകള്‍ പലവിധം പുരോഗമിക്കുന്നു. ശ്വേതാമേനോന്‍ പരാതി പിന്‍വലിച്ചെന്നും ആയതിനാല്‍ പിതൃവാല്‍സല്യം നിറഞ്ഞ പീതാംബരക്കുറുപ്പ് കുറ്റവിമുക്തനായെന്നും കൂടി കേട്ടു. ഇതില്‍ ഇനി ഒന്ന് കണ്ണടച്ചുതുറക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയില്ല. ഈ കാര്‍ട്ടൂണില്‍ മാത്രം വിഷയത്തെ തല്‍ക്കാലം ഒന്നുചുരുക്കി നോക്കാന്‍ ശ്രമിക്കാം. കാര്‍ട്ടൂണിസ്റ്റ് തന്നെ ചിത്രത്തില്‍ നിന്ന് വളരെ ബുദ്ധിപൂര്‍വ്വം ശ്വേതാമേനോനെയും പീതാംബരകുറുപ്പിനെയും ഒഴിവാക്കിയിട്ടുണ്ട്. (അതോ ശ്വേതാമേനോനെയും പീതാംബരക്കുരുപ്പിനെയുമൊക്കെ വരച്ചുഫലിപ്പിക്കാന്‍ കഴിയില്ലെന്ന് തോന്നിയിട്ടോ എന്തോ! പെണ്ണുങ്ങള്‍ക്ക് പിന്നെ ശരീരഭാഗങ്ങള്‍ ഇങ്ങനെ മുഴുപ്പിച്ചുവരച്ചാല്‍ മതിയാകുമെന്നാണല്ലോ.) എന്തായാലും വിവാദകക്ഷികളുടെ വളരെ കൃത്യമായ അദൃശ്യതയും അതിന്‍റെ കൂടെ ബാലപീഡനം എന്ന പ്രതിഭാസത്തിന്‍റെ തമാശയുളവാക്കുന്നതിനുവേണ്ടിയുള്ള ദൃശ്യതയുമാണ്‌ ഈ കാര്‍ട്ടൂണിലെ ഏറ്റവും പ്രസക്തസംഗതിയായി എനിക്ക് തോന്നിയത്.

മലയാളത്തിലെ ദിനപത്രങ്ങളില്‍ സ്ഥിരമായി വരുന്നത് കൊണ്ട് പൊതുസമൂഹത്തിന് പുതുമ നഷ്ടപ്പെട്ട ഒരു വാര്‍ത്തയുണ്ട്. പിതാവോ പിതൃതുല്യരായവരോ ആയ ഒരാളുടെയോ പലരുടെയൊ “പിതൃവാത്സല്യ”ത്തിനൊടുവില്‍ മരിക്കുന്ന പിഞ്ചുകുട്ടികളുടെ കഥകള്‍. ഏറ്റവും ഹീനമായ അത്തരം സംഭവങ്ങളെയാണ് ഇവിടെ നമ്മുടെ കാര്‍ട്ടൂണിസ്റ്റ് തമാശയുളവാക്കാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കാര്‍ട്ടൂണില്‍ നിന്ന് നമുക്ക് തല്‍ക്കാലം ക്ലീന്‍ഷേവ് ഷാരുഖിനെയും എവിടെയൊക്കെയോ ഉരുണ്ടും മുഴച്ചും നില്‍ക്കുന്ന ശരീരഭാഗങ്ങളുമായി രഞ്ജിനിയെന്നും റിമി ടോമിയെന്നും അടിക്കുറിപ്പുള്ള സ്ത്രീയുടല്‍രൂപങ്ങളെയും മറക്കാം. ഒടുവിലത്തെ മൂന്നുകോളങ്ങള്‍ മാത്രം ശ്രദ്ധിക്കുക. മറഡോണയും ഷാരുഖ് ഖാനും ഒക്കെ പൊതുവേദികളില്‍ വെച്ച് സ്ത്രീകളെ കയറിപ്പിടിച്ചത് കണ്ടതിന്റെ ആവേശത്തിലാണ് കഥാനായകനായ പാക്കരന്‍ അയല്‍വാസിയായ ആറുവയസുകാരിയെ വാരിയെടുത്തു ചുംബിക്കുന്നത് അത്രേ.

കാര്‍ട്ടൂണിസ്റ്റ് തന്റെ എങ്ങും തൊടാത്ത അഭിപ്രായസ്വാതന്ത്ര്യപ്രകടനം തുടങ്ങുന്നത് ഇവിടെയാണ്‌. നിങ്ങള്‍ പച്ചയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചാല്‍ അല്ല നീലയാണ് എന്നും നീലയാണോ എന്ന് ചോദിച്ചാല്‍ അയ്യോ പച്ചയാണ് എന്നും പറയാവുന്ന പ്രത്യേകതരം ഒരു ബ്രഷുകൊണ്ടാണ് ഇവിടെ ചിത്രരചന. പാക്കരന്‍ വെറും പാക്കരനല്ല, പാക്കരന്‍ പാത്താങ്കുറ്റി കോളനിയില്‍ നിന്നാണ്. കോളനിവാസികള്‍ അങ്ങനെയുള്ളവരാണ്, അവര്‍ മാത്രമേ അയല്‍വാസികളായ കുട്ടികളോട് മേല്‍പ്പറഞ്ഞ “പിതൃവാത്സല്യം” കാണിക്കൂ എന്നല്ലേ താങ്കള്‍ പറഞ്ഞുവയ്ക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്റെ പാക്കരന്‍ സത്യത്തില്‍ നിരപരാധിയാണല്ലോ എന്ന് സമര്‍ഥിക്കാനുള്ള പഴുതു ഇതിലുണ്ട്.

ഇതേപോലെ സമര്‍ത്ഥമായ മറ്റൊരു കളി ഇതില്‍ കാര്‍ട്ടൂണിസ്റ്റ് നടത്തിയിരിക്കുന്നത് “സദാചാരപ്പോലീസ്” എന്ന വാക്കിന്‍റെ വളരെ ക്രിയാത്മകമായ ഉപയോഗമാണ്. ഇന്നേവരെ നമ്മള്‍ ‘സദാചാരപ്പോലീസ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് പാവപ്പെട്ട കാമുകീകാമുകന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമൊക്കെ സദാചാരത്തിന്റെ കൂട്ടുപിടിച്ചിരുന്ന ലോക്കല്‍ തൊഴില്‍രഹിത സഹോദരന്മാരെ വിശേഷിപ്പിക്കാനാണ്. അവര്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ചുമ്മാ കയറി ഇടപെട്ടിരുന്ന ദുഷ്ടന്‍മാരായിരുന്നു. ഇവിടെയും ആളുകള്‍ അതൊക്കെത്തന്നെ. കാര്ട്ടൂണിസ്റ്റ് എന്താണ് ഇതിലൂടെ ഉത്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലായില്ല. സമീപവാസികളായ ചെറിയ കുട്ടികളോട് “പിതൃവാത്സല്യം” കാണിക്കാന്‍ ചെല്ലുന്ന പാക്കരന്മാരെ മാലയിട്ട് ആദരിക്കണം എന്നാണോ ധ്വനി? അയലത്തുകാരിയായാലും സ്വന്തം വീട്ടിലെയായാലും കോളനിയിലോ മണിമാളികയിലൊ ഉള്ളയാളായാലും ഒരു പിഞ്ചുകുഞ്ഞിനോട് അതിരുകവിഞ്ഞ വാത്സല്യം കാണിക്കേണ്ട കാര്യം പാക്കരന്‍മാര്‍ക്ക് ആര്‍ക്കുമില്ല. പിഞ്ചുകുഞ്ഞിനോടോ മുതിര്‍ന്ന പെണ്‍കുട്ടികളോടോ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരോടോ അമ്മൂമ്മമാരോടോ ഒന്നും പാക്കരന്മാര്‍ക്ക് അനാവശ്യവാത്സല്യം തോന്നാന്‍ പാടില്ല. അതിനാണ് മനുഷ്യന്‍ മനുഷ്യനായി ചിന്തിക്കേണ്ടത്.

കാര്‍ട്ടൂണില്‍ ഒരു തമാശ ജനിപ്പിക്കാനായി ഒരു പിഞ്ചുകുഞ്ഞിനെയൊ പീഡനം എന്ന വാക്കിനെയോ ഒന്നും ഉപയോഗിക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ മുതിരാന്‍പാടില്ലാത്തതാണ്. പക്ഷെ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, കാര്ട്ടൂണിസ്റ്റ് വെറും ഒരു ഉപകരണം മാത്രമാണ്. ഇത്തരം ഒരു മനസാക്ഷി കെട്ട കഥാസന്ദര്‍ഭം ചിരി ജനിപ്പിക്കും എന്ന് കാര്‍ട്ടൂണിസ്റ്റിനെ തോന്നിച്ച മലയാളിസമൂഹമാണ് ഇതിനുത്തരവാദി. ലൈംഗികപീഡനം എന്നത് ഒരു തമാശയല്ല. കുറഞ്ഞപക്ഷം ജനിച്ചുവീഴുമ്പോള്‍ മുതല്‍ ചാകുമ്പോള്‍ വരെ നിശബ്ദതയിലൂടെയും നോട്ടത്തിലൂടെയും സ്പര്‍ശത്തിലൂടെയും വാക്കിലൂടെയും പലതരത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളിസ്ത്രീക്കെങ്കിലും ആ വാക്ക് തമാശയല്ല.

സ്ത്രീകളെയോ മറ്റേതെങ്കിലും സഹജീവികളെയൊ ഏതെങ്കിലുമൊക്കെ തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ നോക്കി ആര്‍ത്തുചിരിക്കുന്ന ഒരു സമൂഹമാണ് ആരോഗ്യമുള്ള സമൂഹം. കുറഞ്ഞപക്ഷം പത്രമാധ്യമങ്ങളെങ്കിലും ഇങ്ങനെ പേന കൊണ്ടും ബ്രഷുകൊണ്ടും ഒന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരരുത്.

അഴിമുഖം ലിങ്ക് 

രക്തം കിനിയുന്ന പതാക, ചൂട് പകര്‍ന്ന് ഒരു പുതപ്പ്

അമേരിക്കയുടേത് വല്ലാത്തൊരു ചരിത്രമാണ്, അതില്‍ വംശീയതയുണ്ട്, വര്‍ണ്ണവിവേചനമുണ്ട്, ഇടം നഷ്ടപ്പെട്ട മനുഷ്യരുണ്ട്‌. ഈ ചരിത്രത്തെ വായിച്ചെടുക്കാന്‍ നമുക്ക് എന്തുമുപയോഗിക്കാം, പുതപ്പുമുപയോഗിക്കാം. തണുപ്പിനെ പുറത്താക്കി പുതച്ചുറങ്ങാനാണ് മനുഷ്യര്‍ പുതപ്പുകള്‍ ഉണ്ടാക്കുന്നത്‌, തണുപ്പിന്റെ കാഠിന്യമനുസരിച്ച് പുതപ്പിന് കട്ടികൂടും. രോമപ്പുതപ്പുകളൊന്നും ഇല്ലെങ്കില്‍ മനുഷ്യര്‍ കട്ടിയുള്ള എന്തു തുണിയും കൂട്ടിത്തുന്നി അതിനിടയില്‍ പഞ്ഞിയും മറ്റും നിറച്ച് ക്വില്‍റ്റുകളുണ്ടാക്കും. കയ്യില്‍ കിട്ടുന്ന എന്തു തുണിക്കഷണവും പുതപ്പിന്റെ ഭാഗമായി തുന്നിച്ചേര്‍ക്കപ്പെടും. അമേരിക്കന്‍ പ്ലാന്റെഷനുകളിലും മറ്റുമൊക്കെ ജീവിതം തള്ളിനീക്കിയ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും തണുപ്പുമാറ്റാന്‍ തുന്നിയെടുത്ത കട്ടിക്വില്‍റ്റ് പുതപ്പുകള്‍ക്ക് കണക്കില്ല. കൈമാറിക്കൈമാറി തലമുറകള്‍ തണുപ്പുമാറ്റിയ പുതപ്പുകള്‍ പലതും ഇന്നും ആളുകളുടെ പക്കലുണ്ടാകും. കറുത്തവര്‍ഗ്ഗക്കാരുടെ വീടുകളില്‍ പുതപ്പുതുന്നല്‍ സമ്മേളനങ്ങള്‍ പോലും ഉണ്ടാകാരുണ്ടായിരുന്നുവത്രേ, ഇത്തരം തുന്നല്‍ സമ്മേളനങ്ങളില്‍ ആളുകള്‍ തുന്നല്‍ സമ്പ്രദായങ്ങളും ഒപ്പം പഴയ കഥകളും പങ്കുവെച്ചു, ജീവിതവും.
 
അമേരിക്കന്‍ കറുത്തവര്‍ഗസ്ത്രീകളുടെ തുന്നല്‍രേഖകളെ ചരിത്രമായി (കലയായും) പരിഗണിക്കാന്‍ ലോകം തുടങ്ങുന്നതേയുള്ളൂ. അതിലെ കഥകളും അവര്‍ തുന്നിച്ചേര്‍ത്ത രൂപങ്ങളും കഥകള്‍ ഒരുപാട് പറഞ്ഞേക്കും. ചില കഥകള്‍ പീഡകളുടെതാണ്, ചിലവ പ്രതീക്ഷയുടെത്, ഇനിയും ചിലത് സ്വാതന്ത്ര്യത്തിന്റെത്. ഓരോരോ കഷണമായി തുന്നിച്ചെര്‍ത്ത്‌ ഭൂതകാലത്തില്‍ നിന്നും ഭാവിയിലേയ്ക്ക് ഒരു പുതപ്പുതുന്നിയ ജനത.
 
ഫെയ്ത്ത് റിംഗ്ഗോള്‍ഡ്‌
 
 
തലമുറകളോളം തന്റെ ജനത തുന്നിയ കഥകളെ കലയാക്കിമാറ്റിയ വ്യക്തിയാണ് ഫെയ്ത്ത് റിംഗ്ഗോള്‍ഡ്‌. അമേരിക്കയിലെ ഹാര്‍ലെമില്‍ 1930ല്‍ ജനിച്ച ഫെയ്ത്ത് ഒരു ചിത്രകാരിയായാണ്‌ കലാജീവിതം ആരംഭിക്കുന്നതെങ്കിലും ഏറെ പ്രശസ്തിയാര്‍ജ്ജിക്കുന്നത് തന്റെ കഥകള്‍ തുന്നിയ ക്വില്‍റ്റുകളിലൂടെയാണ്. ഒരു തുന്നല്‍ക്കാരിയായ അമ്മയാണ് ചെറുപ്പത്തില്‍ ഫെയ്ത്തിനെ തുന്നാന്‍ പഠിപ്പിച്ചത്. അവരുടെ മുതുമുത്തശ്ശി ഒരു അടിമയായി ജീവിച്ചിരുന്നകാലം മുതല്‍ തന്റെ വെള്ളക്കാരായ ഉടമകള്‍ക്കുവേണ്ടിയും തന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പുതപ്പുകള്‍ തുന്നിയിരുന്നു. ആഫ്രിക്കനമേരിക്കന്‍ അടിമകള്‍ക്ക് പുതപ്പ് തണുപ്പുമാറ്റാന്‍ മാത്രമല്ല, അതില്‍ ഓരോ കഷണം തുണിയും ഓരോ ഓര്‍മ്മകള്‍ കൂടിയാണ്: ഒരു കുഞ്ഞിന്റെ ആദ്യത്തെ ഉടുപ്പിന്റെയോ ഒരു ഷര്‍ട്ട് എങ്ങനെ കീറി എന്നതിന്റെയോ ഒരു വിവാഹം നടന്നതിന്റെയോ ഒരു മരിച്ച ബന്ധുവിന്റെയോ ഒക്കെ ഓര്‍മ്മകള്‍. ന്യൂയോര്‍ക്ക് സിറ്റി കോളേജില്‍ ചിത്രകല പഠിക്കുകയും അതിനുശേഷം ചിത്രകലാധ്യാപികയാവുകയും ചെയ്ത ഫെയ്ത്ത് അറുപതുകളില്‍ സിവില്‍ റൈറ്റ്സ് മൂവ്മെന്റ് ഉണ്ടായതോടെ തന്റെ കലയിലും പ്രതിഷേധത്തിന്റെ ചിഹ്നങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. ശക്തമായ ഒരു മാധ്യമമായി ഫെയ്ത്ത് സ്വീകരിച്ചത് അന്നുവരെ കറുത്തവര്‍ഗ്ഗസ്ത്രീകളുടെ ജോലിയായി കരുതപ്പെട്ടിരുന്ന ക്വില്‍റ്റ് നിര്‍മ്മാണത്തെയാണ്. ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നെന്നപോലെ കലയില്‍ നിന്നും മാറ്റിനിറുത്തപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ ഫെയ്ത്ത് തന്റെ ക്വില്‍റ്റുകളില്‍ തുന്നിവെച്ചു. ഫെയ്ത്തിന്റെ ക്വില്‍റ്റുകളില്‍ ചിത്രങ്ങളും തുന്നലുകളും കഥകളും എല്ലാം നിറയുന്നു, കൂടെ കുറെയേറെ ചോദ്യങ്ങളും.
 
അമേരിക്കയിലോ യൂറോപ്പില്‍ എവിടെയുമോ ഉദാത്തമായ കല എന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നതിലൊന്നും കറുത്തവര്‍ഗ്ഗക്കാരുടെ രചനകള്‍ ഉണ്ടായിരുന്നില്ല. അതിനെയാണ് തന്റെ “Dancing at the Louvre” എന്ന ചിത്രത്തിലൂടെ ഫെയ്ത്ത് പരിഹസിക്കുന്നത്. യൂറോപ്യന്‍ കലാചരിത്രത്തിന്റെ നോട്ടത്തിലെ പ്രശസ്ത “മാസ്റ്റര്‍പീസുകളുടെ” കീഴെ അതൊന്നും തീരെ ശ്രദ്ധിക്കാതെ നൃത്തം ചെയ്യുകയാണ് ഫെയ്ത്ത് തുന്നിച്ചേര്‍ത്ത കുട്ടികള്‍. 
 
 
റോസാ പാര്‍ക്സ് ഉള്‍പ്പടെയുള്ള സിവില്‍ റൈറ്റ്സ് സമരനായികമാര്‍ സൂര്യകാന്തികളെ തുന്നിച്ചേര്‍ത്ത ക്വില്‍റ്റ് പിടിച്ചുനില്‍ക്കുമ്പോള്‍ അരികില്‍ നാണംകുണുങ്ങി കയ്യില്‍ സൂര്യകാന്തിപ്പൂക്കളുമായി നില്‍ക്കുന്ന വാന്‍ഗോഗിനെ കാണുക. ലോകം ആദരിക്കുന്ന കല കറുത്തവര്‍ഗ്ഗക്കാരുടെതല്ല, സ്ത്രീകളുടെത് തീരെയല്ല. ചരിത്രത്തിലെന്നപോലെ കലയിലും പ്രമുഖസ്ഥാനം മരിച്ചുമണ്ണടിഞ്ഞ വെളുത്തവര്‍ഗ്ഗക്കാരന്‍ പുരുഷനുമാത്രം എന്നാണ് ഫെയ്ത്ത് റിംഗ്ഗോള്‍ഡിന്റെ ചിത്രം എന്നോട് പറയുന്നത്. 
 
 
ഫെയ്ത്ത് അമേരിക്കന്‍ ദേശീയ പതാകയുടെ കഥ പറയുന്നത് ഇങ്ങനെയാണ്. ഇതില്‍ രക്തമുണ്ട്, പേരില്ലാത്ത ഒരുപാട് മനുഷ്യരുടെ മുഖങ്ങളുണ്ട്, കഥകളുണ്ട്, നിലവിളികളും പ്രതിഷേധങ്ങളും ചൂടും വിയര്‍പ്പുമുണ്ട്.
 
 
ഒരുപക്ഷെ ഞാന്‍ കാണുന്നത് പോലെയാകില്ല മറ്റൊരാള്‍ ഈ പുതപ്പുകളെ കാണുന്നത്. പല നോട്ടങ്ങള്‍ക്കും പല അര്‍ത്ഥങ്ങലാവും കാണാനാവുക. അതിനെപ്പറ്റി ഫെയ്ത്ത് തന്നെ പറയുന്നത് ഇങ്ങനെയാണ്: “എന്റെ മനസിലുള്ളത് തന്നെ ആളുകള്‍ മനസിലാക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു ഞാന്‍ ഒരു കഥ പറയുന്നു. മാറ്റം വരാത്ത ഒരു കഥ. കാണുന്നവര്‍ക്ക് സ്വന്തമായ ഒരു മനസുണ്ട്. സ്വന്തം കണ്ണുകളും. അവര്‍ ഇത് അവരുടെ താല്പ്പര്യത്തിനാവും കാണുക. അവര്‍ ഇവയിലേയ്ക്ക് നോക്കണം എന്ന് മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു.”
 
അതെ, ആളുകള്‍ എങ്ങനെയും വായിക്കട്ടെ. എങ്ങനെ വായിച്ചാലും ശരി ഇത് കാണാതെ പോകാതിരിക്കട്ടെ. കഥകള്‍ പുതപ്പുകളായി നമ്മെ മൂടട്ടെ.

അഴിമുഖം ലിങ്ക് 

സൂചികൊണ്ടും ഏകാന്തതകൊണ്ടും തുന്നിയ ഒരുടുപ്പ്‌

ആഗ്നസ് റിച്ചറിനെ പരിചയപ്പെടുത്താനും ആഗ്നസിന്റെ പുറങ്കുപ്പായത്തിന്‍റെ ഹൃദയഭേദകമായ കഥ പറയുവാനുമാണ് ഈ കുറിപ്പ്. ഇത്രയേറെ നൊമ്പരപ്പെടുത്തിയ ഒരു കുപ്പായം വേറെയില്ല. ഈ ഉടുപ്പ് കാണുക, ഇതിലെ ഓരോ തുന്നലും ശ്രദ്ധിച്ചുനോക്കുക. ഇത് ഏതെങ്കിലും ഡിസൈനറുടെ ഫാള്‍/വിന്‍റര്‍ സൃഷ്ടിയല്ല, ഇന്നുകണ്ടാല്‍ അങ്ങനെയൊക്കെ തോന്നുമെങ്കിലും.

ഭ്രാന്താശുപത്രിയിലെ തുന്നല്‍ക്കാരി
1890കളില്‍ ജര്‍മ്മനിയിലെ ഒരു ഭ്രാന്താശുപത്രിയില്‍ ജീവിതം ചെലവഴിച്ച ഒരു തുന്നല്‍ക്കാരിയാണ് ആഗ്നസ് റിച്ചര്‍. ഈ ചിത്രം ഒന്ന് സൂക്ഷിച്ചുനോക്കുക, അതിലെ അക്ഷരങ്ങള്‍ കാണുക. സൂചി കൊണ്ട് പുറങ്കുപ്പായത്തില്‍ ഭ്രാന്ത് തുന്നിച്ചേര്‍ത്ത ആഗ്നസിനെ അറിയുക. പൂക്കളോ ചിത്രശലഭങ്ങളോ അല്ല, തന്‍റെ മനസാണ് കൈവിട്ടുപോകുമെന്ന പേടികൊണ്ടോ, നെഞ്ചോടുചേര്‍ക്കണമെന്ന ആഗ്രഹം കൊണ്ടോ ഒക്കെ ആഗ്നസ് തന്റെ കുപ്പായത്തില്‍ തുന്നിവെച്ചത്. ഇതിലെ വരികളില്‍ ആഗ്നസിന്റെ ജീവിതമാണ്. പലതും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്, നേര്‍രേഖയിലുള്ള ഒരു പറച്ചില്‍ ഇതിലില്ല. വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു ഭ്രാന്താശുപത്രിയില്‍ ഇരുന്ന് ഒരു സ്ത്രീക്ക് നേര്‍രേഖയില്‍ ചിന്തിക്കാനോ അത് എഴുതിസൂക്ഷിക്കാനോ കഴിയുമോ എന്നത് മറ്റൊരു ചോദ്യം. ഉടുപ്പിന്റെ അകത്തും പുറത്തും നിറയെ എഴുത്തുകളാണ്, അടുക്കിക്കെട്ടാത്ത ഒരു നൂല്‍ ജീവചരിത്രം.


എന്തൊരു മനസായിരുന്നിരിക്കണം ആഗ്നസ് റിച്ചറുടെത്? ഒരു ഭ്രാന്താശുപത്രിയില്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന ഒരു നിറമില്ലാത്ത പുറങ്കുപ്പായത്തില്‍ സൂചിപോലെ തുളഞ്ഞിറങ്ങിയവള്‍, നൂല്‍ പോലെ തെളിഞ്ഞുവന്നവള്‍, തുടക്കവും ഒടുക്കവുമില്ലാതെ തുന്നിച്ചേര്‍ത്ത വാക്കുപോലെ മുറിഞ്ഞവള്‍. ഈ കുപ്പായത്തില്‍ തുന്നലിലേയ്ക്ക് ഇറങ്ങിപ്പോകുന്ന വാക്കുകളുണ്ട്, തുന്നലുകളില്‍ നിന്ന് ഇറങ്ങിവരുന്ന വാക്കുകളും. ഒരു ഭ്രാന്താശുപത്രിയുടെ ചിട്ടയിലെ വെറുമൊരു അക്കം മാത്രമായിരുന്നിരിക്കാം അന്നത്തെ ആഗ്നസ്. എന്നാല്‍ ഉടുപ്പുകള്‍ അലക്കുന്നവര്‍ പരസ്പരം മാറിപ്പോകാതിരിക്കാനായി സീല്‍ചെയ്യുന്ന അക്കത്തെ അതിനുമീതെ തുന്നി അലങ്കരിച്ചു തന്‍റെതാക്കി മാറ്റിക്കൊണ്ടാണ് ആഗ്നസ് സ്വത്വം കണ്ടെത്തുന്നത്. ഒരു ഭ്രാന്താശുപത്രിക്ക് വെളിയില്‍പോലും സ്വന്തം വ്യക്തിത്വം ഉണ്ടാവുക എന്നത് സ്ത്രീകള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ലാത്ത കാലം.

അര്‍ത്ഥത്തെയും കാലത്തെയും അതിജീവിച്ച് തെളിഞ്ഞുനില്‍ക്കുന്ന ഈ കലാസൃഷ്ടിയെ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ പ്രതിഷേധം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇത് ആഗ്നസിന്റെ സമരമാണ്. ഇതിനുമുന്‍പോ ഇതിനുശേഷമോ ആഗ്നസ് തുന്നിയത് എന്തൊക്കെയായിരുന്നു എന്നോ എങ്ങനെയൊക്കെയായിരുന്നു എന്നോ എനിക്കറിയില്ല. ആഗ്നസിന്റെ ഇഷ്ടം ചോദിച്ചിട്ടായിരിക്കില്ല അവളെ സെല്ലിനുള്ളില്‍ അടച്ചത്. ഉറപ്പായും അവളുടെ ജീവിതത്തില്‍ നിറങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വ്യത്യസ്തതകള്‍ ഉണ്ടായിരുന്നിരിക്കണം. അതില്‍നിന്നൊക്കെയാവും ആഗ്നസ് ഒരു ഭ്രാന്താശുപത്രിയുടെ ബോറന്‍ ചുവരുകള്‍ക്കുള്ളില്‍ എത്തിയത്. അവളുടെ പക്കല്‍ സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് ഉടുത്തിരിക്കുന്ന കുപ്പായം മാത്രമായിരുന്നിരിക്കണം. ഭ്രാന്താശുപത്രിയുടെ സെല്ലുകളില്‍ ജീവിക്കുന്ന എല്ലാവരും ധരിക്കുന്ന ഒരേ പോലെയുള്ള നിറമില്ലാത്ത ബോറന്‍ കുപ്പായം. ദേഹത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒന്നില്‍ അവനവനെത്തന്നെ തുന്നിച്ചെര്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നിരിക്കില്ല ആഗ്നസിന്.

പുറത്ത് നില്‍ക്കുന്നവരുടെ കല :പ്രിന്‍സ്ഹോണ്‍ കളക്ഷന്‍
ഹൈഡല്‍ബര്‍ഗിലെ പ്രിന്‍സ്ഹോണ്‍ കളക്ഷന്‍ മ്യൂസിയത്തിലാണ് ആഗ്നസിന്റെ ജാക്കറ്റ് ഇന്ന് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഹാന്‍സ് പ്രിന്‍സ്ഹോണ്‍ എന്ന സൈക്യാട്രിസ്റ്റ് – ആര്‍ട്ട്‌ ഹിസ്‌റ്റോറിയന്‍  തന്റെ രോഗികളുടെ കലാസൃഷ്ടികള്‍ ശേഖരിക്കാനാരംഭിച്ചത്. 1919ല്‍ ജര്‍മ്മനിയിലെ ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാലയോടുകൂടെ ചേര്‍ന്ന് പല യൂറോപ്യന്‍ ചികിത്സാലയങ്ങളില്‍ നിന്ന് കണ്ടെടുത്ത കലാവസ്തുക്കള്‍ ചേര്‍ത്ത് അദ്ദേഹം തന്റെ ശേഖരം കൂടുതല്‍ വിപുലമാക്കി. രണ്ടുവര്ഷം കൊണ്ട് അദ്ദേഹം ഏതാണ്ട് അയ്യായിരത്തോളം കലാസൃഷ്ടികളാണ് സമാഹരിച്ചത്. ഈ കലാസൃഷ്ടികളെപ്പറ്റി അദ്ദേഹം Artistry of the mentally ill: a contribution to the psychology and psychopathology of configuration എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. മനോരോഗമുള്ളവരുടെ കലാസൃഷ്ടികളെപ്പറ്റി ആദ്യമായി നടന്ന പഠനമായിരുന്നു അദ്ദേഹത്ത്തിന്റെത് എന്ന് പറയാം. പുസ്തകത്തിലുടനീളം അദ്ദേഹം തന്റെ കളക്ഷനില്‍ നിന്നുള്ള രചനകള്‍ ഉപയോഗിക്കുന്നുണ്ട്. വിസ്മയകരമെന്ന് പറയാവുന്ന മറ്റുപല സൃഷ്ടികളും പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ ഉള്‍പ്പെടുന്നു. രോഗാവസ്ഥയും കലയും തമ്മിലുള്ള നൂല്‍പ്പാലബന്ധമാണ് ഈ പഠനത്തില്‍  നിന്നും കലാസ്രിഷ്ടികളുടെ ശേഖരത്തില്‍ നിന്നും മനസിലാക്കാനാവുക.


ഹാന്‍സ് പ്രിന്‍സ്ഹോണ്‍

പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ നിന്നാണ് ലളിതകലകളില്‍ ഔട്ട്‌സൈടര്‍ ആര്‍ട്ട് എന്ന സങ്കല്പം രൂപപ്പെട്ടത്. സാമ്പ്രദായികലളിതകലാചട്ടക്കൂടുകള്‍ക്ക് വെളിയില്‍, പലപ്പോഴും ഒറ്റപ്പെട്ട സെല്ലുകളിലും മറ്റുമായി കണ്ടെത്തുന്ന കലാസൃഷ്ടികളെയാണ് ഔട്ട്‌സൈഡര്‍ ആര്‍ട്ട്‌ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ചിലപ്പോള്‍ കുട്ടികളുടെ കുത്തിവരച്ചിത്രങ്ങളും കലാകേന്ദ്രങ്ങളില്‍ പരിശീലനം ലഭിക്കാത്തവരുടെ സൃഷ്ടികളും ഉള്പ്പെടാറുണ്ട്. കുട്ടിയെപ്പോലെ വരയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന, ഹൈ ആര്‍ട്ടിവെളിയില്‍ നിന്ന് ചിന്തിക്കാന്‍ ശ്രമിച്ചിരുന്ന പിക്കാസോയെ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. ‍ കലാവസ്തുക്കള്‍ ചേര്‍ത്ത് കലാവിമര്‍ശകനായ റോജര്‍ കാര്‍ഡിനല്‍ 1972ലാണ് ഔട്ട്‌സൈഡര്‍ ആര്ട്ട് എന്ന പ്രയോഗം ആരംഭിച്ചത്. സാമ്പ്രദായികസംസ്കാരങ്ങള്‍ക്ക്‌ വെളിയില്‍ സമൂഹം നിര്‍ണ്ണയിക്കുന്ന അതിര്‍ത്തികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരാണ് ഔട്ട്‌സൈഡര്‍ ആര്‍ട്ടിലെ കലാകാരി/കാരന്മാര്‍. അവര്‍ക്ക് കല എന്നാല്‍ സ്വയം പ്രകാശനത്തിനുള്ള മാര്‍ഗം മാത്രമാണ്. മനസിന്‍റെ പല പിരിവുകളും വളവുകളും മനസിലാക്കാനും ജീവിതത്തെ അടുത്തറിയാനുമാകും കലയുടെ തെളിച്ചമുള്ള ഇടങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഇങ്ങനെ ചിലര്‍ അവരുടെ കലാബോധത്തെ ഉപയോഗിക്കുന്നത്. അവര്‍ക്ക് യാതൊരു കലാസ്കൂളുകളുമായും ബന്ധം കാണില്ല. ഇമ്പ്രഷനിസമോ എക്സ്പ്രഷനിസമോ സര്‍റിയലിസമോ മറ്റനവധി ഇസങ്ങളോ പരിചയമുണ്ടാകില്ല. മറ്റുകലാകാരന്‍മാര്‍ ഉണ്ടെന്നോ അവര്‍ സൃഷ്ടികള്‍ നടത്ത്താരുന്ടെന്നോ അറിയുന്നുണ്ടാകില്ല. കയ്യില്‍ കിട്ടുന്നതെന്തും മാധ്യമവും വേദനകള്‍ നിറഞ്ഞ മനസുകളുടെ പിടച്ചില്‍ കലാമൂല്യമുള്ള വസ്തുവും ആകുന്നത് അങ്ങനെയാണ്. ആഗ്നസിന്റെ പുറങ്കുപ്പായവും അങ്ങനെ തന്നെ.

ഒരു കാഴ്ചക്കാരിയായി നിന്ന് നോക്കുമ്പോള്‍ പക്ഷെ എനിക്ക് ഔട്ട്‌സൈഡര്‍ ആര്‍ട്ടോ ഇന്‍സൈഡര്‍ ആര്‍ട്ടോ ഇല്ല. ആഗ്നസിന്റെ കുപ്പായം ആര്‍ട്ട്‌ മാത്രമാണ്, സമയവും ജീവിതവും ചെലവഴിച്ച് വിക്ടോറിയന്‍ കാലത്ത് ഒരു സ്ത്രീ മെനഞ്ഞെടുത്ത കലാ(പ)വസ്തു.

അഴിമുഖം ലിങ്ക് 

കൊക്കാകോളയ്ക്കും സാന്റാക്ലോസിനും തമ്മിലെന്ത്?

ക്രിസ്തുമസ് തലേന്നായാല്‍ ഒരു പ്രദേശത്തുള്ള പയ്യന്മാരെല്ലാംകൂടി ഏതെങ്കിലും ഒരു കുടവയര്‍ ഉടമയെ ചുവന്ന നൈറ്റിയും അണിയിച്ച് ഒരു മുഖംമൂടിയും വെച്ച് ചെണ്ടയും കൊട്ടും പാട്ടുമായി എത്തും. ആകെ വേണ്ടിവരുന്ന വേഷവിധാനം ആ ചുവന്ന നൈറ്റിയാണ്. നമുക്ക് പുലികളിയായാലെന്ത് പാപ്പായായാലെന്ത്, അന്നന്നത്തെ കള്ളിനുള്ള വക സമ്പാദിച്ചാല്‍ മതിയാകുമല്ലോ എന്നാണ് പക്ഷം. ക്രിസ്തുമസ് കാര്‍ഡുകളില്‍ നിന്നൊക്കെയായി നമ്മളും മനസിലേറ്റിയതാണ് ക്രിസ്തുമസ് പാപ്പയുടെ ആ വേഷവും രൂപവും. എന്നാല്‍ ഇതിലൊക്കെ കൊക്കകോളയ്ക്ക് വല്ല പങ്കുമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും രണ്ടുണ്ട് പക്ഷം.


ഇതാരാണ് ഈ ചുവന്ന വേഷക്കാരന്‍ തടിയന്‍? നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ജീവിച്ചിരുന്ന വിശുദ്ധനിക്കോളാസിന്റെ കഥ എല്ലാവര്ക്കും സുപരിചിതമാവും. ദരിദ്രര്‍ക്കും കുട്ടികള്‍ക്കും പ്രിയങ്കരനായ നിക്കോളാസിന്റെ ഓര്‍മ്മദിവസമായി ആചരിച്ചുവന്നത് ഡിസംബര്‍ ആറാണ്. വിശുദ്ധ നിക്കോളാസിന്റെ ജീവിതകാലത്തുതന്നെയാണ് പോപ്പ് ജൂലിയസ് ഒന്നാമന്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാന്‍ ഒരു ദിവസം തീരുമാനിച്ചതും. ക്രിസ്തു ജനിച്ച ശരിയായ തീയതിയൊന്നും നിശ്ചയമില്ലാതിരുന്നത് കൊണ്ട് പോപ്പ് എന്നാല്‍ പിന്നെ ഡിസംബര്‍ ഇരുപത്തിയഞ്ച് ആയിക്കോട്ടെ എന്ന് തീരുമാനിച്ചു. അതേ സമയത്തുതന്നെ നടന്നിരുന്ന ഒരു വിജാതീയ ശൈത്യകാല ഉത്സവത്തെ ക്രൈസ്തവവല്‍ക്കരിക്കുന്നതില്‍ പോപ്പ് വിജയിച്ചു എന്ന് പറയാം. സംഭവത്തിനു കൊഴുപ്പ് കൂടിവന്നപ്പോള്‍ പതിയെ വിശുദ്ധ നിക്കോളാസിന്റെ ഓര്‍മ്മ ദിവസവും ഡിസംബര്‍ ഇരുപത്തിയഞ്ചിന് തന്നെയായിമാറി.


നമ്മുടെ ഓണക്കാല മാവേലിയുടെ ഒരു ഫോറിന്‍ വകഭേദമാണ് ക്രിസ്മസ് കാലമായാല്‍ ഈ സാന്റാക്ലോസ്‌. ഓരോ കൊച്ചുകടകളുടെയും വമ്പന്‍ മാളുകളുടെയും മുന്നില്‍ കുടവയറുമായി ഒരു ചുവപ്പുടുപ്പുകാരന്‍ വെള്ളത്താടി ഇരിപ്പുണ്ടാകും. എന്നാല്‍ സാന്റാക്ലോസ്‌ എന്നും ചുവന്ന ഉടുപ്പും വെള്ളത്താടിയുമുള്ള കുടവയറന്‍ ആയിരുന്നോ? വിശുദ്ധ നിക്കോളാസിന്റെ ഒരു ആദ്യകാല ചിത്രം കാണുക.




1822ല്‍ ക്ളെമന്‍റ് മൂര്‍ എഴുതിയ പ്രശസ്തമായ കവിതയും സാന്റാക്ലോസ്‌ എന്ന കഥാപാത്രത്തെ അമേരിക്കന്‍ മനുഷ്യരുടെ ക്രിസ്തുമസിന്റെ അവിഭാജ്യഘടകമാക്കിമാറ്റി. A Visit from St. Nicholas എന്നതായിരുന്നു കവിത. ഈ കവിതയിലൂടെയാണ് റെയിന്‍ഡിയര്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ സാന്റ വരുന്ന വിവരവും ചിമ്മിനിയിലൂടെ ഉള്ളില്‍ കടന്ന് അടുപ്പിന്റെ അരികില്‍ ഉണക്കാനിട്ടിരിക്കുന്ന കുട്ടികളുടെ സോക്സുകള്‍ക്കുള്ളില്‍ സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്ന വിവരവും ഒക്കെ കുട്ടികളുടെ വിശ്വാസങ്ങളില്‍ ചേക്കേറുന്നത്.


വിശുദ്ധ നിക്കോളാസിന്റെ കാലത്തെ ബിഷപ്പ് ഉടുപ്പുകള്‍ക്ക് ചുവപ്പുനിറമായിരുന്നുവെന്നും അതാണ്‌ സാന്റയുടെ ഉടുപ്പിന്റെ നിറമായതെന്നും ഒക്കെ കരുതപ്പെടുന്നുണ്ട്. എന്തായാലും ആദ്യകാല സാന്റ ചിത്രങ്ങളില്‍ പച്ച, പര്‍പ്പിള്‍, നീല ഉടുപ്പുകളും കണ്ടവരുണ്ട്. കൂടെയീ ചുവപ്പും. സാന്റാക്ലോസിന്റെ ആദ്യകാലചിത്രങ്ങളില്‍ ഏറ്റവും പ്രധാനം ഒരു പക്ഷെ രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പെരുന്തച്ചനായ തോമസ്‌ നാസ്റ്റ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാവും. നോര്‍ത്ത് പോളില്‍ നിന്ന് വര്‍ഷാവര്‍ഷം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവരുന്ന തടിയന്‍ വയസന്‍ താടിക്കാരന്‍ സാന്റ എന്ന സങ്കല്പം ശക്തിപ്പെട്ടത് നാസ്റ്റിന്റെ രചനകളോടെയാണ്. വികൃതിക്കുട്ടികളുടെ കണക്കുവയ്ക്കുന്നയാളാണ് സാന്റയെന്നും നല്ല കുട്ടികള്‍ക്ക് മാത്രമേ ക്രിസ്തുമസിനു സമ്മാനം കൊടുക്കൂ എന്നും സാന്റക്ക് നോര്‍ത്ത് പോളില്‍ പാവകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടെന്നും ഒക്കെ പ്രചരിപ്പിച്ചത് നാസ്റ്റിന്റെ രചനകളാണ്. നാസ്റ്റ് വരച്ച സാന്റ ഏതാണ്ട് ഇങ്ങനെയിരിക്കും.




ഇരുപതാം നൂറ്റാണ്ടില്‍ എപ്പോഴോ ആണ് സാന്റയുടെ പലവര്‍ണ്ണത്തിലുള്ള ഉടുപ്പുകള്‍ അപ്രത്യക്ഷമായതും ലോകത്തില്‍ എവിടെയും സാന്റ ചുവന്ന കുപ്പായത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും. സാന്റയുടെ മോഡേണ്‍ രൂപത്തിന് ഇപ്പോള്‍ ഈ ചുവന്ന വെല്‍വറ്റ് ഉടുപ്പും വെളുത്ത രോമം കൊണ്ടുള്ള അരികുകളും ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രം ‘ഡാ തടിയാ’യിലും സാന്റയുടെ യൂണിഫോറമായ ഈ വേഷത്തില്‍ വരുന്ന തടിയന്‍ സാന്റയെക്കാണാം.




ഈ സന്തുഷ്ടനായ കുടവയറന്‍ രൂപം മനുഷ്യരുടെ മനസ്സില്‍ ഇങ്ങനെ ആഴത്തില്‍ പതിയാന്‍ പ്രധാനപങ്കുവഹിച്ചത് കൊക്കക്കോളയാണ്. കൊക്കക്കോളയുടെ നിറം ചുവപ്പും വെള്ളയുമായത് യാദൃശ്ചികമായിരിക്കും. എന്നാല്‍ സാന്റയുടെ ചുവപ്പുടുപ്പും വെള്ള തൊങ്ങലും വെളുത്ത നിറവും തടിച്ച രൂപവും ഇങ്ങനെ പൊതുബോധത്തില്‍ നിലനിര്‍ത്തുന്നതില്‍ കൊക്കകോളയ്ക്കുള്ള പങ്കു ചെറുതല്ല. 1920കളിലാണ് അവര്‍ വിശുദ്ധ നിക്കോളാസ് കോള കുടിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ആദ്യ കൊക്കകോള സാന്റമാരും നാസ്റ്റ് വരച്ച വിശുദ്ധ നിക്കൊലാസിനെപ്പോലെ സ്വല്‍പ്പം ഗൌരവമുള്ളവരായിരുന്നു. എന്നാല്‍ 1930ല്‍ ഫ്രെഡ് മിസെന്‍ എന്ന കലാകാരനാണ് കൊക്കകോളക്കുവേണ്ടി ഇന്ന് കാണുന്ന തരം തമാശക്കാരന്‍ തടിയന്‍ അപൂപ്പനായി സാന്റയെ മാറ്റിയെടുത്തത്. അക്കാലത്തെ പ്രശസ്തമായ എല്ലാ ലൈഫ് സ്റ്റൈല്‍ മാസികകളിലും കോള കുടിക്കുന്ന സാന്റയുടെ പലതരം ചിത്രങ്ങള്‍ നിറഞ്ഞു. അതുവരെ സാന്റ ഉടുപ്പുകളുടെ പല നിറഭേദങ്ങളില്‍ ഒന്നുമാത്രമായിരുന്ന ചുവപ്പും വെള്ളയും അതോടെ സാന്റയുടെ സ്ഥിരം വേഷമായിമാറി. പിന്നീടുണ്ടായ സകല സാന്റാചിത്രത്തിലും കുടവയറും തടിയും ചുവന്നകുപ്പായവും അവിഭാജ്യഘടകമായി മാറി.




മുപ്പതുവര്‍ഷത്തിലേറെ നീണ്ടുനിന്ന വിജയകരമായ ക്രിസ്തുമസ് കാല കൊക്കകോള പരസ്യമായിരുന്നു സാന്റയുടേത്. ഒരുപക്ഷെ കൊക്കകോളയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരസ്യം. സാന്റാക്ലോസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചിത്രവും.

അഴിമുഖം ലിങ്ക് 

അമേരിക്ക എന്ന പുരുഷന്‍

ഒരു സാങ്കല്‍പ്പികകഥാപാത്രത്തെ കണ്ടാലുടന്‍ തന്നെ ഒരു രാജ്യത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. എന്നാല്‍ അമേരിക്കയുടെ കാര്യത്തില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. അങ്കിള്‍ സാം എന്ന ഉയരമുള്ള താടിക്കാരന്‍ കൊക്കേഷ്യന്‍ പുരുഷന്റെ ചിത്രം അമേരിക്കയുടെ ചിത്രം തന്നെയാണ്. അമേരിക്കന്‍ ദേശീയപതാകയുടെ മാതൃകയിലുള്ള കോട്ടും തോപ്പിയുമൊക്കെയാണ് വേഷം. കണ്ടാല്‍ എബ്രഹാം ലിങ്കന്റെ നേര്‍ത്ത സാദൃശ്യമുള്ളതൊഴിച്ചാല്‍ വേറെ പ്രത്യേകതകളോന്നുമില്ലാത്ത രൂപം. എങ്കിലും കഴിഞ്ഞ ഇരുനൂറുകൊല്ലത്തോളമായി പോസ്റ്ററുകളിലും കാര്‍ട്ടൂണുകളിലും പരേഡുകളിലും എന്നിങ്ങനെ എവിടെയും അമേരിക്കയെ പ്രതിനിധീകരിച്ച് അങ്കിള്‍ സാമിനെ കാണാം.


സത്യത്തില്‍ ആരാണീ അങ്കിള്‍ സാം?


കാര്‍ട്ടൂണുകളിലൂടെയാണ് പലര്‍ക്കും അങ്കിള്‍ സാമിനെ പരിചയമെങ്കിലും അങ്കിള്‍ സാം ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു. 1766-ല്‍ ജനിച്ച സാം വിത്സന്‍ ന്യൂജേര്‍സിയിലെ ഒരു ബിസിനസുകാരനായിരുന്നു. അമേരിക്കയുടെ പ്രതിപുരുഷനാകാനും മാത്രം സാം വിത്സണ്‍ എന്താണ് ചെയ്തത് എന്ന് തോന്നിയേക്കാം. ഇല്ല, അയാള്‍ ദേശത്തിനുവേണ്ടി പോരാടുകയോ ദേശീയഗാനം എഴുതുകയോ ഒന്നും ചെയ്തിട്ടില്ല. രസകരമായ ഒരു കഥയാണ് അങ്കിള്‍ സാം അമേരിക്ക ആയ വിധം. 1812-ലെ യുദ്ധകാലത്ത് ന്യൂയോര്‍ക്കിലും ന്യൂജേര്‍സിയിലും തമ്പടിച്ചിരുന്ന യു എസ് സേനയ്ക്ക് കഴിക്കാനുള്ള ഇറച്ചി പായ്ക്ക് ചെയ്യുന്ന തടിപ്പെട്ടികള്‍ നിര്‍മിച്ചിരുന്നത് അങ്കിള്‍ സാം എന്നറിയപ്പെട്ടിരുന്ന സാം വിത്സന്റെ കമ്പനിയിലാണ്. അമേരിക്കയെ യു എസ് എന്ന് ചുരുക്കിവിളിക്കുന്നതിനു അത്രയേറെ പ്രചാരം ലഭിക്കാത്ത കാലം. യു എസ് സേനയ്ക്കുള്ള പെട്ടികളില്‍ യു എസ് എന്ന് എഴുതിചേര്‍ത്തത് അങ്കിള്‍ സാമിന്റെ ജോലിക്കാരില്‍ പലര്‍ക്കും മനസിലായില്ല. ആരോ തിരക്കി, ‘അല്ല, എന്താണ് ഈ യു എസ്?” ആരോ മറുപടി പറഞ്ഞു, “ആവോ, അങ്കിള്‍ സാം എന്നതിന്റെ ചുരുക്കമായിരിക്കും.” ഈ തമാശ പതിയെ യു എസ് സേനയിലെ പട്ടാളക്കാരിലുമെത്തി. അവര്‍ രാജ്യത്തിന്റെ ചുരുക്കപ്പേരുമായി പേരുപങ്കിടുന്ന അങ്കിള്‍ സാമിനെ അങ്ങനെ ലോകപ്രശസ്തനാക്കി.


ഇരുപതാം നൂറ്റാണ്ടില്‍ പത്രങ്ങളും രാഷ്ട്രീയകാര്‍ട്ടൂണുകളും പ്രശസ്തിയാര്‍ജ്ജിച്ചതോടെ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ വരകളില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അങ്കിള്‍ സാമിന് എല്ലാത്തിലും അഭിപ്രായമുണ്ടായിരുന്നു, അഴിമതിയിലും ഗവണ്മെന്റിന്‍റെ കഴിവുകേടുകളിലും എല്ലാം. ഏതാണ്ട് നമ്മുടെ ഇന്ത്യന്‍ കോമണ്‍മാനിന്റെ സ്വഭാവം തന്നെയായിരുന്നു ആദ്യകാല അങ്കിള്‍ സാമിനും.


ഒന്നാം ലോകമഹായുദ്ധം


നമ്മള്‍ പലരും ഏറ്റവുമധികം തവണ കണ്ടിട്ടുള്ള അങ്കിള്‍ സാം രൂപം ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധകാലത്തെ പോസ്റ്ററുകളിലെ അങ്കിള്‍ സാം തന്നെയാവും. ആളുകളെ യു എസ് സേനയില്‍ ചേരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അങ്കിള്‍ സാമിന്റെ പോസ്റ്ററുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അങ്കിള്‍ സാം എന്നാല്‍ അമേരിക്കന്‍ സേന എന്ന ഒരു ധ്വനി കൂടി ഉണ്ടാകാന്‍ തുടങ്ങി. അമേരിക്ക ഒരു സൂപ്പര്‍ പവര്‍ ആയി മാറിയതോടെ പതിയെ അങ്കിള്‍ സാമും ഒരു സൂപ്പര്‍മാനാകാന്‍ തുടങ്ങി. അങ്കിള്‍ സാമിന്റെ വേഷമിട്ട ഒബാമയും യേശുക്രിസ്തുവും ഒക്കെ കാര്‍ട്ടൂണുകളില്‍ സ്ഥാനം കണ്ടെത്തുന്നതോടെ രാഷ്ട്രീയവരകളിലെ സാന്റാക്ളോസായി അങ്കിള്‍ സാം മാറുന്നു.


ആദ്യകാല അങ്കിള്‍ സാം കാര്‍ടൂണുകള്‍ ബഹുമാന്യനായ ഒരു ദേശസ്നേഹിയെയാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പുതിയ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ രൂപങ്ങള്‍ കോമാളിവേഷങ്ങള്‍ പോലെയാണ്. ഒരുകാലത്തു അമേരിക്കന്‍ ദേശീയതയുടെ മുഖമായിരുന്ന അങ്കിള്‍ സാം പിന്നീട് അമേരിക്കന്‍ അധിനിവേശങ്ങളുടെയും യു എസ് വിശ്വാസസംഹിതകളുടെയും ആള്‍രൂപമായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങി. ജര്‍മന്‍, സോവിയറ്റ്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ പല ദേശങ്ങളിലെ കാര്‍ട്ടൂണുകളിലും അങ്കിള്‍ സാമിന്റെ രൂപം വിമര്‍ശനാത്മകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ മരണം കാത്തുനില്‍ക്കുന്ന അങ്കിള്‍ സാം എന്ന കഴുകന്‍ ഒരു ഉദാഹരണം മാത്രം.




പുനര്‍വായനകളും പുന:ചിത്രീകരണങ്ങളുമൊക്കെ അങ്കിള്‍ സാം എന്ന ഈ ഉജ്വലമായ കാര്‍ട്ടൂണ്‍ സൃഷ്ടിക്ക് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതെയുള്ളൂ. അമേരിക്കയും അമേരിക്കന്‍ അധിനിവേശവും ഒക്കെ തുടര്‍ക്കഥകളാകുന്നിടത്തോളം അമേരിക്ക എന്ന ആര്‍ത്തിക്കണ്ണ്‍ ഉള്ള കിളവന്‍ പുരുഷനെ ചിത്രീകരിക്കാന്‍ അങ്കിള്‍ സാമിന്റെ രൂപം ഉപയോഗിക്കപ്പെടുക തന്നെ ചെയ്യും. എല്ലാവരോടും സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിഞ്ഞിരുന്നത് കൊണ്ട് അങ്കിള്‍ സാം എന്ന ഓമനപ്പേരുണ്ടായിരുന്ന പാവം ഇറച്ചിക്കച്ചവടക്കാരന്‍ സാം വിത്സണ്‍ ക്ഷമിക്കട്ടെ. അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ ഗതി അങ്ങനെയാണ്. സവര്‍ണ്ണ ഉത്സവത്തിന്റെ കോമാളിക്കുടവയറായി മാറാന്‍ വിധിക്കപ്പെട്ട പഴയൊരു അസുര രാജാവിനെപ്പോലെ. 

അഴിമുഖം ലിങ്ക് 

ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

മൂന്നോ നാലോ വയസുള്ളപ്പോഴാവണം ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം സ്വന്തമായി കിട്ടുന്നത്, ‘തെനാലിരാമന്‍ കഥകള്‍’. മണിക്കൂറുകളോളം സ്ഥലകാലബോധമില്ലാതെ ആണ്ടുപോകാന്‍ കഴിയുന്ന പുസ്തകമെന്ന മാന്ത്രികവസ്തുവിനോട് തീരാത്ത പ്രേമമായിരുന്നു പിന്നീടങ്ങോട്ട്. ഏഴാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു പബ്ലിക് ലൈബ്രറിയില്‍ അംഗമാകുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണെന്ന് അറിയില്ല, ലോകസാഹിത്യത്തെപ്പറ്റി തീരെ അറിയില്ല. ഓരോന്നോരോന്നായി നല്ലതും ചീത്തയും എല്ലാം വായിച്ചു, ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഡ്രാക്കുളയും ഒരേ പോലെ ആസ്വദിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒളിച്ചും പതുങ്ങിയും പുസ്തക അലമാരയ്ക്ക് മറഞ്ഞുനിന്ന് ലോലിതയുടെ താളുകള്‍ മറിച്ചുനോക്കിയപ്പോഴാവണം സമൂഹത്തെ പറ്റിയും അതിന്റെ സദാചാരബോധത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങിയതും ഈ പുസ്തകം സ്വന്തം പേരില്‍ എടുത്തുകൊണ്ടുപോയാല്‍ ‘മോശ’മായിരിക്കും എന്നൊക്കെ തോന്നിയതും. ഒടുവില്‍ പുസ്തകം വായിക്കല്‍ മാത്രം മതി ഇനി ജീവിതത്തില്‍ എന്ന ആശ്വാസത്തിലാവണം ഒരു ഇംഗ്ലീഷ് ബി എ ക്ലാസില്‍ പോയി ചേരുന്നത്. പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്തായാലും വായന ഇപ്പോഴും തുടരുന്നു.

ഇ-റീഡര്‍ വായനയെ കൊല്ലുമോ?
ഓരോ തൊഴില്‍ മേഖലയില്‍ നൂതനപരിഷ്കാരങ്ങള്‍ വരുമ്പോഴും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പ്രയോക്താക്കള്‍ എല്ലാവരും തന്നെ അങ്ങേയറ്റം ശക്തിയോടെയും അതിലേറെ പ്രധാനമായി അങ്ങേയറ്റം (അതി) വൈകാരികതയോടെയും പഴയതാണ് നല്ലത്, പഴമയുടെയും പാരമ്പര്യത്തിന്റെയും മഹത്വം അനിര്‍വചനീയം എന്ന മട്ടില്‍ വാചാലരാവുകയും പുതിയ മാറ്റങ്ങളെ സംശയത്തോടെയും ദേഷ്യത്തോടെയും വീക്ഷിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. സത്യത്തില്‍ പുതിയതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനമായി ആളുകളെ ബുദ്ധിമുട്ടിക്കുന്നത് പഴയ ശീലങ്ങളോടുള്ള വിശ്വസ്തതയും ഗൃഹാതുരത്വവുമാണ്. അതാണ് പരിചിതം, അതാണ് ശീലം. അതുകൊണ്ട് മാറ്റം വേണ്ട. എന്നാല്‍ ഓരോ അവസരത്തിലും മാറ്റം സംഭവിക്കുകയും എതിര്‍ത്തിരുന്നവര്‍ പതിയെ ഒന്ന് കാല്‍ ഇറക്കി നോക്കിയും ഒന്ന് അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നോക്കിയും ഒടുവില്‍ പേടിയില്ലാതെ മാറ്റത്തിന്റെ ഒഴുക്കില്‍ നീന്തുകയും ചെയ്യും. ഭൂമി ഉരുണ്ടതാണെന്നും കമ്പ്യൂട്ടറുകള്‍ ഭീകര സത്വങ്ങളല്ലെന്നും നമ്മള്‍ തിരിച്ചറിഞ്ഞത് പോലെ തന്നെ ഇ പുസ്തകങ്ങളെയും പതിയെ മനുഷ്യവംശം ജീവിതത്തിന്റെ ഭാഗമാക്കും.
ഇ-പുസ്തകങ്ങള്‍ എന്ന ആശയത്തെ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ പ്രസാധകലോകം. അതൊരു ഭീഷണിയാണ് എന്നവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്ത് വരുന്ന ഇരുപത്തഞ്ചാമത് ഹേ ഫെസ്റിവലില്‍ നിന്നും കിന്‍ഡില്‍ എന്ന ഇ ബുക്ക് റീഡറിനെ ബഹിഷ്കരിക്കനായി വിവിധ പുസ്തകകച്ചവടക്കാരും പ്രസാധകരും നടത്തിയ സമരവും അനുബന്ധ ചര്‍ച്ചകളും. പുസ്തകക്കടകളുടെയും പ്രസാധകരുടെയും വിതരണക്കാരുടെയും ജോലി kindle reader ഇല്ലാതാക്കും എന്ന പേരിലാണ് ഈ നീക്കം. ഒരു ഇലക്ട്രോണിക് റീഡര്‍ വായനയെ കൊന്നുകളയുന്നു എന്ന ആരോപണം പോലും ഉയര്‍ന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകപ്രസാധനത്തെയും വായനയും പറ്റിയുള്ള ചില ചിന്തകള്‍ പ്രസക്തമാണെന്നു തോന്നുന്നു. ഒരു പുസ്തകം വായിക്കുക എന്നതില്‍ പുസ്തകം എന്ന വസ്തുവിന് എത്ര മാത്രം പ്രാധാന്യമുണ്ട്? സ്നേഹപൂര്‍വ്വം സമ്മാനിക്കപ്പെട്ട പല പുസ്തകങ്ങളും ഭാരമോ ഉപയോഗമോ വകവയ്ക്കാതെ താമസിച്ച സ്ഥലങ്ങളിലെല്ലാം കെട്ടിച്ചുമന്നുകൊണ്ട് പോയിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അതൊക്കെ പലപ്പോഴും പുസ്തകതോടുള്ള സ്നേഹത്തെക്കാള്‍ ആ പുസ്തകം കൊണ്ടുവന്നുതരുന്ന ഓര്‍മ്മകളോടുള്ള അടുപ്പം കൊണ്ടായിരുന്നു. പുതിയ പുസ്തകങ്ങള്‍ വന്‍വില കൊടുത്തുവാങ്ങല്‍ വളരെക്കുറച്ചുമാത്രമേ സാധിച്ചിട്ടുള്ളൂവെങ്കിലും ഒരു മദാം ബോവറിയോ ഒരു ഇല്ലസ്ട്രേറ്റഡ് ആലീസ് ഇന്‍ വണ്ടര്‍ലാണ്ടിന്റെ പഴഞ്ചന്‍ കോപ്പിയോ ഒക്കെ ഇരുപതോ മുപ്പതോ രൂപയ്ക്ക് ഡല്‍ഹിയില്‍ ദരിയാഗഞ്ചിലെ പ്രശസ്തമായ സെക്കന്റ് ഹാന്‍ഡ് പുസ്തകകൂനകളില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ഒരു കുഴിയാനയെ തോണ്ടിയെടുത്ത കുട്ടിയുടെ ആഹ്ലാദമാണ് തോന്നുക. എന്നാല്‍ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ പുസ്തകങ്ങളോട് സൂക്ഷിക്കുമ്പോള്‍ പോലും ഇ-പുസ്തകങ്ങളോട് മമത തന്നെയാനുള്ളത്. പ്രത്യേകിച്ച്, എം ഫില്‍ പഠനകാലത്ത് പ്രോജക്റ്റ് ഗുട്ടന്‍ബര്‍ഗില്‍ നിന്നും ഗിഗാപീഡിയയില്‍ നിന്നും ഒക്കെ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണ് വേദനിക്കുന്നതും തല വേദനിക്കുന്നതും അവഗണിച്ചു വായിച്ചു തീര്‍ത്ത തിയറി പുസ്തകങ്ങള്‍. ഇ -ബുക്ക് റീഡര്‍ ഇന്ത്യന്‍ വിപണിയില്‍ മാന്യമായ ഒരു വിലയില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയുമാണ് ഞാന്‍. കണ്ണ് വേദനിക്കാതെ ഇ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുക എന്നത് ചെറിയൊരു കാര്യമല്ലല്ലോ.

ഒരു ഓണ്‍ലൈന്‍ ലൈബ്രറിയുടെ മരണം
ഗിഗാപീഡിയ എന്ന പേരില്‍ നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് വെബ്സൈറ്റ് ഒരു ദിവസം ലൈബ്രറി ഡോട്ട് എന്‍ യു ആയി മാറി. എന്നാല്‍ പണമില്ലാത്ത പാവം വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളുടെ ഫ്രീ ഓണ്‍ലൈന്‍ കോപ്പികള്‍ നല്‍കിക്കൊണ്ട് ഒരു വിശുദ്ധാത്മാവായി നിലകൊണ്ടിരുന്ന ലൈബ്രറി ഡോട്ട് എന്‍ യു ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി മുതല്‍ അപ്രത്യക്ഷമായി. എന്താണ് ഈ വെബ്സൈറ്റിന്റെ തിരോധാനത്തിനുപിന്നില്‍ എന്നന്വേഷിച്ചാല്‍ പതിനേഴു വമ്പന്‍ പുസ്തകപ്രസാധകര്‍ മ്യൂണിച് കോടതിയില്‍ നിന്ന് നേടിയെടുത്ത ഒരു ഇഞ്ചങ്ഷന്റെ ഫലമായാണ് ഈ ഓണ്‍ലൈന്‍ ലൈബ്രറി കൊല്ലപ്പെട്ടതെന്ന് മനസിലാകും. ലൈബ്രറി ഡോട്ട് എന്‍ യു ഒരു അക്ഷരാര്‍ത്ഥ വിശുദ്ധനല്ല. ആ വെബ്സൈറ്റില്‍ സൌജന്യഡൌെണ്‍ലോഡിനു ലഭിച്ചിരുന്ന പുസ്തകങ്ങളില്‍ ഏറിയ പങ്കും ഇപ്പോഴും പല പ്രസാധകര്‍ക്കും കോപ്പിറൈറ്റ് ഉള്ള അനധികൃത സ്കാന്‍ കോപ്പികളാണ്. ആര്‍ക്കിറ്റെക്ചര്‍, സാഹിത്യം, ആസ്ട്രോഫിസിക്സ്, ബിസിനസ്, science , ചരിത്രം എന്നിങ്ങനെ സകലമാനവിഷയങ്ങളിലും പ്രചാരത്തിലുള്ള പുസ്തകങ്ങളില്‍ ഏറിയ പങ്കും ഈ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. പ്രസാധകര്‍ക്ക് സഹിച്ചില്ലെങ്കില്‍ അത്ഭുതമുണ്ടോ? അവരുടെ വയറുവിശക്കാതെ കഴിയുന്നതാണ് ഈ വെബ്സൈറ്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതിനു പിന്നാലെയാണ് കിന്‍ഡില്‍ റീഡറിനെ ബഹിഷ്ക്കരിക്കാനുള്ള ഈ പുതിയ നീക്കം. ഇതിനിടെ ആപ്പിള്‍ കമ്പനിയും പ്രമുഖ ആറു പ്രസാധകരും തമ്മില്‍ യു എസ് നീതിന്യായവകുപ്പില്‍ ഒരു കേസും നടക്കുന്നുണ്ട്. പുസ്തകപ്രസാധകര്‍ക്ക് ഇരിപ്പുറയ്ക്കാതായിരിക്കുന്നു എന്ന് സാരം. ഇത്തരം ലാഭ നഷ്ടക്കണക്കുകള്‍ക്കും കോപ്പി റൈറ്റ് നിയമയുദ്ധങ്ങള്‍ക്കും ഒക്കെ ഇടയില്‍ പ്രസാധകര്‍ അവഗണിച്ചുകളഞ്ഞതും എന്നാല്‍ കിന്‍ദില്‍, ലൈബ്രറി ഡോട്ട് എന്‍ യു മുതലായ ‘ഭീകരര്‍’ നന്നായി പരിഗണിച്ചതുമായ മറ്റൊരു വിശപ്പുണ്ട്, വായനക്കാരന്റെ/കാരിയുടെ അറിവിനോടും അക്ഷരത്തോടുമുള്ള തീരാവിശപ്പ്.

അകാദമിക പുസ്തക പ്രസാധനവും ഓണ്‍ലൈന്‍ പുസ്തക പൈറസിയും
ഒരു നോവല്‍ ചിലപ്പോള്‍ നമ്മള്‍ ഒരു രസത്തിനുവേണ്ടിയാവും വായിക്കുന്നത്, ഒരു നേരമ്പോക്ക് ആണ് അതുകൊണ്ട് സാധ്യമാവുക. എന്നാല്‍ അക്കാദമികപുസ്തകങ്ങളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ഒരു നേരമ്പോക്കിന്റെതല്ല. അവര്‍ക്ക് പുസ്തകം കൊണ്ട് ആവശ്യങ്ങള്‍ പലതാണ്. പഠനകാലത്ത് ആവശ്യമുള്ള പുസ്തകങ്ങള്‍ എല്ലാം വന്‍ വില കൊടുത്തു വാങ്ങുക എന്നത് ഇന്ത്യയില്‍ എന്നല്ല ലോകത്തെവിടെയും ഉള്ള വിദ്യാര്‍ഥിസമൂഹത്തിനു സാധ്യമായ ഒരു കാര്യമല്ല. തൊട്ടാല്‍ പൊള്ളുന്ന വില എന്നത് അക്ഷരാര്‍ത്ഥമാനെന്നര്‍ഥം!
പണമുള്ളവന്‍ വാങ്ങട്ടെ, അല്ലാത്തവന്‍ ലൈബ്രറിയില്‍ ചേര്‍ന്ന് കടമെടുക്കട്ടെ എന്ന നോവല്‍കവിതാ പുസ്തക രീതി അക്കാദമിക പുസ്തകങ്ങളുടെ കാര്യത്തില്‍ വിലപ്പോവുകയില്ല. കാരണം പല പുസ്തകങ്ങളും മെട്രോ നഗരങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ ആണ് ഒന്നിലധികം കോപ്പികള്‍ ഒക്കെ ഉണ്ടാവുക. അല്ലാത്ത ചെറുകിട സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു കോപ്പിയോ മറ്റോ ഉണ്ടെങ്കില്‍ ഭാഗ്യം. ഇനി പുസ്തകം ലൈബ്രറിയില്‍ ഉണ്ടെങ്കില്‍ തന്നെ അത് ആ വിഷയം നൂറ്റാണ്ടുകളായി (സെല്‍ഫ് ഐഡന്റിഫിക്കേഷന്‍ നടത്തിയ അധ്യാപക സുഹൃത്തുക്കള്‍ ക്ഷമിച്ചേക്കുക) പഠിപ്പിക്കുന്ന അധ്യാപകന്റെ കൈവശവും ആയിരിക്കും. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ അപേക്ഷിച്ച് മാനവിക വിഷയങ്ങള്‍ക്ക് ലോകത്തെവിടെയുമുള്ള സര്‍വകലാശാലകളില്‍ കിട്ടുന്ന ഫണ്ടിന് തീരെ കനം കുറവായത് കൊണ്ട് ആ വിഷയങ്ങളിലെ പുസ്തകങ്ങളോ ജേര്‍ണലുകളോ ലൈബ്രറിയില്‍ എത്തുന്നതും താരതമ്യേന കുറവാണ്. അങ്ങനെ വായിക്കാന്‍ വശമില്ലാതെ നട്ടം തിരിയുന്ന വിദ്യാര്‍ഥിസമൂഹം തന്നെയാണ് ലൈബ്രറി ഡോട്ട് എന്‍ യു പോലെയുള്ള ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരുന്നത്.
പ്രമുഖ പുസ്തക പ്രസാധകര്‍ എല്ലാവരും തന്നെ അക്കാദമികപുസ്തകങ്ങള്‍ക്ക് വിലയിടുന്നത് ഒരേ രീതിയിലാണ്. പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥികളെ അവര്‍ ഉപഭോക്താക്കളുടെ ഗണത്തില്‍ എണ്ണാറേയില്ല. ഒരു പുസ്തകം എഡിറ്റ് ചെയ്തു ടൈപ്പ്സെറ്റ് ചെയ്തു എടുക്കുന്നതിന്റെ ചിലവിന്റെ ആറോ എട്ടോ പത്തോ ഒക്കെ ഇരട്ടിയാണ് പുസ്തകത്തിന് ഈടാക്കുന്ന വില. ഇതിന്റെ പങ്കു പ്രസാധകര്‍ക്കും വിതരണക്കാര്‍ക്കും (പുസ്തകമെഴുതിയ ആളിനും എന്ന് പറയുമെങ്കിലും വിറ്റുപോകാത്ത, ലാഭാമുണ്ടാക്കാത്ത അക്കാദമിക പുസ്തകങ്ങളുടെ റോയല്‍റ്റി പലപ്പോഴും എഴുത്തുകാരനില്‍ എത്താറില്ല) ഒക്കെ പങ്കിട്ടെടുക്കാനുള്ളതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ശരാശരി മുന്നൂറു പേജുള്ള ഒരു അക്കാദമിക പുസ്തകത്തിന് ഏറ്റവും ചുരുങ്ങിയ വില നാനൂറോ നാനൂറ്റമ്പതോ ആകുമ്പോള്‍ അതിന്റെ കൂടിയ വില ആയിരമോ ആയിരത്തഞ്ഞൂറോ ഒക്കെ വരെ ആകാം. അവര്‍ മുന്നില്‍ കാണുന്ന ഒരേ ഒരു പൊട്ടന്‍ഷ്യല്‍ ഉപഭോക്താവ് ലൈബ്രറികള്‍ മാത്രവും!
ഇത്തരം ധര്‍മ്മസങ്കടങ്ങളില്‍ നിന്നാണ് പുസ്തക പൈറേറ്റുകള്‍ ജന്മമെടുക്കുന്നത്, അവര്‍ മെനക്കെട്ടിരുന്നു തടിയന്‍ പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തു ഫോര്‍മാറ്റ് തിരുത്തി ഇ^ പുസ്തകമാക്കി ഫയല്‍ ഷെയറിംഗ് നടത്തും. അതിനെ മ്യൂസിക് പൈറസിയോടോ സിനിമ പൈറസിയോടോ താരതമ്യപ്പെടുത്തുന്നതില്‍ തെറ്റില്ല. ഈ പൈറസിയും ഒരു വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സിനിമാസംഗീത പൈറസിയുടെ തോത് കുറയ്ക്കാനായി ആ വ്യവസായങ്ങളില്‍ ഉള്ളവര്‍ ചെയ്തത് കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയിലുള്ള സീഡികള്‍ വിപണിയില്‍ ലഭ്യമാക്കുക എന്നതാണ്. മോശം പ്രിന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു കാണുന്നവരില്‍ പലരും കുറഞ്ഞ വിലയ്ക്ക് മോസര്‍ബിയറിന്റെ സീഡികളോ നെറ്റ്ഫ്ലിക്സ് പോലുള്ള സംവിധാനങ്ങളോ വന്നതോടെ അംഗീകൃത സീഡി വാങ്ങുന്നതിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായി കാണാം.
അച്ചടിച്ച ഒരു പുസ്തകം വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക പ്രാവര്‍ത്തികമല്ലെന്ന് അറിയാം, എന്നാല്‍ പുസ്തക അച്ചടി തന്നെ ഇല്ലാതാവുന്നത് നല്ല ഒരു കാര്യമാണ്, അത്രയും മരങ്ങള്‍ രക്ഷപെടുമല്ലോ. ചില തരം പുസ്തകങ്ങള്‍ അച്ചടിക്കാനായി കടലാസ് ചെലവഴിക്കുന്നത് പാപം പോലുമാണ് എന്നാണ് ഞാന്‍ കരുതുന്നത്. വിറ്റു പോകാത്ത പലതും പല പ്രസാധകഗോഡൌെണുകളില്‍ നിന്നും കിലോ വിലയ്ക്ക് തൂക്കി വാങ്ങപ്പെടുകയും വീണ്ടും പള്‍പ്പ് ആവുകയുമാണ് വര്‍ഷാവര്‍ഷം. ഞാന്‍ സമയം മെനക്കെട്ടിരുന്നു പണിയെടുത്ത ഒരു പുസ്തകം വായനക്കാരനിലെത്താതെ പള്‍പ്പ് ആകും എന്ന ചിന്ത എന്നിലെ ഒരു മുന്‍ എഡിറ്ററെ കുറച്ചൊന്നുമല്ല മുറിവേല്‍പ്പിക്കുന്നതും. അച്ചടിച്ച് വില്ക്കപ്പെടണം എന്ന് നൂറു ശതമാനം ഉറപ്പുള്ളവ മാത്രം അച്ചടിക്കുകയും മറ്റുള്ളവയുടെ വില കുറഞ്ഞ ഇ പുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുക എന്ന രീതിയിലേയ്ക്ക് പ്രസാധനരംഗം മാറേണ്ടിയിരിക്കുന്നു. കിന്‍ഡില്‍ റീഡര്‍ ഒരു ഭീകരനല്ല, അവര്‍ ആദ്യമായി ഒരു ഇ^ റീഡര്‍ കണ്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ. അവര്‍ ഇപുസ്തകങ്ങള്‍ വില കുറച്ചു വില്‍ക്കുന്നുണ്ടെങ്കില്‍ അത് കൊണ്ട് അവരുടെ റീഡര്‍ കൂടുതല്‍ വിറ്റു പോകണമെന്നേ അര്‍ത്ഥമാക്കുന്നുള്ളൂ, അല്ലാതെ അവര്‍ വായനയെ കൊല്ലുന്നില്ല.
കടലാസില്‍ അച്ചടിച്ചത് മാത്രം പുസ്തകം എന്ന നെഞ്ചോടടുക്കിപ്പിടിച്ച മാറാപ്പുകളാണ് മാറേണ്ടത്. ഓരോ പ്രസാധകനും മത്സരിച്ചു ഇ-റീഡറുകള്‍ ഉണ്ടാക്കട്ടെ, കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ഇറക്കട്ടെ, റീഡറുകളും. വായനക്കാരനും ഒപ്പം തന്റെ കൃതി വായനക്കാരനില്‍ എത്തി എന്ന നിര്‍വൃതിയില്‍ എഴുത്തുകാരനും സന്തോഷിക്കുമ്പോള്‍ വായന ഇനിയും ജീവിക്കുക തന്നെ ചെയ്യും. പ്രസാധകര്‍ മുഖവിലയ്ക്ക് എടുക്കേണ്ടത് ലാഭനഷ്ടങ്ങളെ അല്ല, മറിച്ച് വായനക്കാരനെയും എഴുത്തുകാരനെയും ഒപ്പം മാറുന്ന ലോകത്തെയുമാണ്. ഓരോ പുസ്തകം വിറ്റുപോകുമ്പോഴും ആ പാവം എഴുത്തുകാരന്/കാരിക്ക് അതിന്റെ ഒരു വിഹിതം കൊടുക്കേണ്ടത് തന്നെയാണ്. എഴുത്തുകാരന്‍ എഴുതിയില്ലെങ്കില്‍, വായനക്കാരന്‍ വായിച്ചില്ലെങ്കില്‍, പിന്നെ പ്രസാധകന് എന്ത് നിലനില്‍പ്പ്?

പിന്‍കുറിപ്പ് 
തുന്നല്‍ യന്ത്രം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഇനി മുതല്‍ തുന്നല്‍ക്കാര്‍ക്ക് ജോലിയുണ്ടാവില്ല എന്ന് പേടിക്കുകയും ഒടുവില്‍ തുന്നല്‍ക്കാര്‍ തന്നെ ഈ യന്ത്രം ഉപകാരപ്രദമാണെന്ന് തിരിച്ചറിയുകയും യന്ത്രത്തില്‍ തുന്നാന്‍ പഠിക്കുകയും ചെയ്തു എന്നത് ഓര്‍മ്മിക്കാവുന്നതാണ്. എന്നാല്‍ യഥാര്‍തത്തില്‍ തുന്നല്‍ക്കാരുടെ ജോലി ഇല്ലാതാക്കിയത് തുന്നല്‍യന്ത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ഉടുപ്പുകള്‍ ഒരേ അച്ചില്‍ വാര്‍ത്തതു പോലെ തുന്നിയെടുത്ത് കച്ചവടം നടത്തുന്ന വമ്പന്‍ ഉത്പാദനശാലകളാണ്.
ഇനി ഒരു കാലത്ത് ഒരു ഗുളിക വിഴുങ്ങി കണ്ണടച്ചാല്‍ ധ്യാനപൂര്‍വം ഇരുന്നു ഒരു പുസ്തകം വായിക്കാവുന്ന ടെക്നോളജി വന്നാല്‍ ഞാന്‍ അതും സ്വീകരിക്കും, കാരണം ഒരു വായനക്കാരി എന്ന നിലയില്‍ എനിക്ക് പ്രധാനം വായനക്കാരി എന്ന ഞാനും എഴുത്തുകാരന്‍/കാരിയും മാത്രമാണ്. ഒരു പുസ്തകം എന്നാല്‍ എനിക്ക് വായനക്കാരിക്കും എഴുത്തുകാരിക്കും ഇടയില്‍ സഞ്ചരിക്കുന്ന വാക്കും അത് ജനിപ്പിക്കുന്ന ചിന്തയും മാത്രമാണ്.