അഴിമുഖം ലിങ്ക്
Showing posts with label അഴിമുഖം. Show all posts
Showing posts with label അഴിമുഖം. Show all posts
Sunday, March 2, 2014
എന്റെ കാലീപീലീ പെണ്ണുങ്ങള്‍
ഇത് എന്റെ ചുറ്റും ഞാന്‍ കണ്ടുപരിചയിച്ചു, സ്നേഹിച്ചുവളര്‍ന്ന ചിലരെപ്പറ്റിയാണ്. വളരെ സ്വകാര്യമായ ഓര്‍മ്മകള്‍, വീട്ടുകാര്യങ്ങള്‍, സ്വകാര്യങ്ങള്‍. എന്റെ ഈ ചുരുങ്ങിയ ജീവിതകാലയളവില്‍ ഞാന്‍ കണ്ട പെണ്ണുങ്ങളില്‍ കുറഞ്ഞത് എഴുപത് ശതമാനമെങ്കിലും നേഴ്സുമാരാണ്. എന്റെ സഹോദരിമാര്‍, എന്റെ കൂട്ടുകാരികള്‍, എന്റെ നാത്തൂന്‍മാര്‍, എന്റെ ആന്റിമാര്‍, എന്റെ അയല്‍ക്കാരികള്‍, എന്റെ നാട്ടുകാരികള്‍, എല്ലാവരും നേഴ്സ്മാരാണ്. എന്റെ ചുറ്റുമുള്ള ലോകം ഇങ്ങനെ നിലനിന്നുപോകുന്നത് ഈ പറയുന്ന 'കാലീപീലീ' നേഴ്സുമാരുടെ കഷ്ടപ്പാടിന്റെ പുറത്താണ്. അതില്‍ കറുത്തവര്‍, വെളുത്തവര്‍, തടിച്ചവര്‍, മെലിഞ്ഞവര്‍, സുന്ദരികള്‍, മിടുക്കികള്‍, കേമികള്‍, തന്റേടികള്‍, ചുണക്കുട്ടികള്‍, അയ്യോപാവത്തികള്‍ എന്നിങ്ങനെ ഒരുപാടുതരം പെണ്ണുങ്ങള്‍ പെടും. ഇവരില്‍ ആരുടെയെങ്കിലും ശ്വാസം വീഴുന്നിടത്ത് പോലും കുമാര്‍ വിശ്വാസ് പെടാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ എണ്ണിയാല്‍ തീരാത്ത എന്റെ മലയാളി നേഴ്സ് സമുദ്രത്തില്‍ നിന്നും ചിലരെ പരിചയപ്പെടുത്താം.
പ്രസംഗതിലകം ജിന്‍സി
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ജിന്‍സി ഇന്ത്യയുടെ എതെങ്കിലുമൊരു ഭാഗത്തുപോയി പ്രസംഗിച്ച് സമ്മാനവുമായി വന്നതിന്റെ വിശേഷം പങ്കുവയ്ക്കാനില്ലാത്ത്ത ഒരു അസംബ്ലി പോലും സ്കൂളില്‍ ഉണ്ടാകുമായിരുന്നില്ല. ഒരു മൈക്കിനു മുന്നില്‍ നിറുത്തിയാല്‍ പിന്നെ ജിന്‍സിക്കു മുന്നിലേയ്ക്ക് വാക്കുകള്‍ ഒഴുകിയാണ് എത്തുക. ഒരു മലയാളിപ്പെണ്‍ ആയി ജനിക്കുന്നതിനുപകരം ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണായി ജനിച്ചിരുന്നെങ്കില്‍ അവള്‍ ചിലപ്പോള്‍ കുമാര്‍ വിശ്വാസിനെ വാക്ചാതുരിയില്‍ തോല്‍പ്പിച്ചേനെ. പക്ഷെ ജീവിതം അവളെ ഒരു നേഴ്സ് ആക്കി മാറ്റി. വേറെ എന്തെങ്കിലും ജോലിയെപ്പറ്റിയോ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെപ്പറ്റിയോ ജിന്‍സി ചിന്തിച്ചിരുന്നോ എന്നറിയില്ല. ഒരുപാട് സാമ്പത്തിക പരാധീനതകള്‍ അവളുടെ വീട്ടിലുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാന്‍ പോവുക, അതുകഴിഞ്ഞ് വിദേശത്ത് ജോലി സമ്പാദിക്കുക, കുടുംബപ്രാരാബ്ദങ്ങള്‍ എങ്ങനെയെങ്കിലും ഒന്നൊതുക്കുക എന്നൊക്കെ മാത്രമായിരുന്നു അവള്‍ ചിന്തിച്ചിരുന്നത് എന്ന് തോന്നുന്നു.
പ്ലസ്ടുവിന് കിട്ടുന്ന ഉയര്‍ന്നമാര്‍ക്കാണ് ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകം എന്ന് കരുതിയിരുന്ന കാലം. സ്റ്റഡീലീവ് എന്ന് പറഞ്ഞ് കിട്ടുന്ന ഒരു മാസം വീട്ടുപര്യമ്പുറങ്ങളില്‍ കൂടി തെണ്ടിത്തിരിഞ്ഞുനടന്ന് കളയാതെ എങ്ങനെയെങ്കിലും ഉന്നതവിജയം കരസ്ഥമാക്കിയേതീരൂ എന്ന് ഞങ്ങള്‍ ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കുന്ന കൂട്ടുകാരികള്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നാല്‍ ശരിയാകില്ല, നമ്മുടെയൊന്നും വീടുകളില്‍ ആ പ്രത്യേക പഠനാന്തരീക്ഷം ഇല്ലല്ലോ. ഒരുമാസത്തെ ഹോസ്റ്റല്‍ ഫീസും മുടക്കി സ്കൂള്‍ഹോസ്റ്റലില്‍ നിന്ന് കമ്പയിന്‍ട് സ്റ്റഡി നടത്തി അതുവരെയുള്ള പഠനനിലവാരത്തകര്‍ച്ചയ്ക്ക് ഒരുമാറ്റം വരുത്താന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു. ജിന്‍സി മാത്രം പറഞ്ഞു, “കാശ് ഒരു പ്രശ്നമാണെടീ”. വീട്ടിലെ പലവിധ ഞെരുക്കങ്ങള്‍ക്കിടയില്‍ ഹോസ്റ്റലില്‍ കൊടുക്കാനുള്ള പൈസ പെട്ടെന്ന്‍ എവിടുന്നും പൊട്ടിമുളയ്ക്കില്ലല്ലോ. എന്തായാലും പറഞ്ഞദിവസം തന്നെ ജിന്‍സിയും കന്യാസ്ത്രീമാര്‍ക്ക് ഒരുമാസത്തെ ഫീസ് കൊണ്ടുക്കൊടുത്തു. അവളുടെ അരപ്പവന്റെ മാല കുറച്ചധികം നാള്‍ സഹകരണബാങ്കില്‍ പണയപ്പണ്ടമായിരുന്നു. എന്നാലും റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ക്ക് തന്നെയായിരുന്നു ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്.
ആദ്യത്തെ കൂട്ടുകാരി
ഏറ്റവും ആദ്യത്തെ കൂട്ടുകാരി ഇന്ന് വലിയ നേഴ്സമ്മയാണ്. ബി.എസ്.സി - എം.എസ്.സി നേഴ്സ്. എന്റെ ഓര്‍മ്മയിലെ ആദ്യ വിദേശനേഴ്സ് ഇവളുടെ അമ്മയാണ്. അമ്മ അവധിക്കുനാട്ടില്‍ വരിക അവള്‍ക്കെന്നപോലെ ആഘോഷമായിരുന്നു എനിക്കും. ആദ്യമായി വഴിസൈഡിലെ “തല്ലിത്തേങ്ങാ”യല്ലാത്ത മുഴുവന്‍ ബദാംപരിപ്പ് തിന്നുന്നത് അവളുടെ അമ്മ കൊണ്ടുവന്നത് അവള്‍ പങ്കുവെച്ചപ്പോഴാണ്. ഫോറിന്‍ കശുവണ്ടി -ബദാം പരിപ്പ് കൊണ്ടുവരുന്ന ഒരു പരിഷ്ക്കാരിയായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് അന്നത്തെ അവളുടെ അമ്മ. ഗള്‍ഫില്‍ എവിടെയോ ഒരു ആശുപത്രി ഹോസ്റ്റലില്‍ താമസിച്ച് കഷ്ടപ്പെട്ടു ജോലിചെയ്ത് കിട്ടുന്ന പൈസ മുഴുവന്‍ സ്വരുക്കൂട്ടിവെച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മക്കളെയും ഭര്‍ത്താവിനെയും കണ്ടുള്ള ജീവിതം. അന്ന് അങ്ങനെയൊരു നേഴ്സ് ജീവിതം മനസിലാക്കാനൊന്നും ഉള്ള ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വളര്‍ന്നുവന്ന കാലത്തൊന്നും അമ്മ അരികില്‍ ഉണ്ടാവാഞ്ഞതില്‍ അവള്‍ക്കോ അനിയത്തിമാര്‍ക്കോ പരിഭവമുണ്ടോ എന്നൊന്നും ഞാന്‍ ഇതേവരെ ചോദിച്ചിട്ടില്ല. അവളുടെ അനിയത്തിമാര്‍ക്ക് അവള്‍ അമ്മയും കൂടിയായി മാറുന്നത് ഞാന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രക്ഷകര്‍ത്താവായി മാറിയതാണ് അവള്‍. അവളും അനിയത്തിമാരും അപ്പന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കൂടെ വളരേണ്ടിവന്നത് കുടുംബഭദ്രതയുണ്ടാകാന്‍ വേണ്ടിയും അവരുടെയെല്ലാം ഭാവി സുരക്ഷിതമാകാനും വേണ്ടിയും ഒക്കെയാണ്. അവളും പിന്നീട് ഒരു നേഴ്സ് ആയത് ആരും പറഞ്ഞിട്ടല്ല. ഒരു ജോലി ഉണ്ടാവുക എന്നതിനെക്കാള്‍ ആളുകളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഒക്കെയുള്ള മനസാണ് അവളെ നേഴ്സ് ആക്കിയത്. ഗ്വാളിയോറിലും ഡല്‍ഹിയിലും ബാംഗ്ളൂരിലും കേരളത്തിലും അവള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ നാടുകളിലെയെല്ലാം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്ത് ചുരുങ്ങിയ ശമ്പളത്തിന്റെ ബുദ്ധിമുട്ടുകള്‍ പുറത്തു കാണിക്കാതെ പാറിപ്പറന്നുനടക്കുന്ന അവള്‍ എന്നെ സദാ അത്ഭുതപ്പെടുത്താറുണ്ട്.
റിട്ടയേര്‍ഡ് ആര്‍മി നേഴ്സ് അയല്‍ക്കാരി
ഗര്‍ഭത്തിന്റെ അവസാനമാസങ്ങളും കുഞ്ഞുണ്ടായിക്കഴിഞ്ഞുള്ള ആദ്യമാസങ്ങളും അത്ര സുഖകരമൊന്നുമായിരുന്നില്ല. മാസംതികയാതെയുള്ള പ്രസവം തടയാനായി അവസാനമാസങ്ങളില്‍ പരിപൂര്‍ണ്ണ ബെഡ്റെസ്റ്റ്, എങ്ങാനും നേരത്തെ ജനിച്ചുപോയാലോ എന്നുപേടിച്ച് കുഞ്ഞിന്‍റെ ലങ് മച്വരിറ്റി ഉറപ്പുവരുത്താനായും പിന്നെ വേറെന്തൊക്കെയോ ഒക്കെയും കുത്തിവയ്പ്പുകള്‍. ഈ കുത്തിവയ്പ്പുകള്‍ക്ക് വേണ്ടിപ്പോലും യാത്രചെയ്ത് ആശുപത്രിയിലേയ്ക്ക് വരേണ്ട, റിസ്ക്കാണ് എന്ന് പറഞ്ഞ ഡോക്ടര്‍. ഒടുവില്‍ വീട്ടില്‍ വന്ന് കുത്തിവയ്ക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് അയല്‍വക്കത്തുള്ള ഒരാന്റി റിട്ടയര്‍ഡ് ആര്‍മിനേഴ്സ് ആണല്ലോ എന്ന് ഓര്‍മ്മ വരുന്നത്. എഴുപതിനടുത്ത് പ്രായം വരും അവര്‍ക്ക്. മക്കളും കൊച്ചുമക്കളും ഒക്കെയായി വിശ്രമജീവിതത്തിലാണ്. വര്‍ഷങ്ങള്‍ കുറെയായി ഒരു ഇന്‍ജക്ഷന്‍ ഒക്കെയെടുത്തിട്ട്. എങ്കിലും എന്റെ അവസ്ഥ കേട്ടപ്പോള്‍ സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു. എല്ലാ ആഴ്ചയും ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിക്കുക പോലും ചെയ്യുന്നതിനുമുന്‍പ് ആള്‍ വീട്ടിലെത്തി. ഒരു ഉറുമ്പുകടിക്കുന്ന വേദന പോലുമില്ലാതെ കുത്തിവയ്പ്പുകള്‍ നടന്നു. പരിചയസമ്പന്നത എന്നൊക്കെപ്പറഞ്ഞാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞത് അങ്ങനെയാണ്. ഒടുവില്‍ മാസം തികഞ്ഞ് പ്രസവിച്ച് സന്തോഷത്തിന് മധുരം കൊണ്ടുപോയി കൊടുക്കുമ്പോള്‍ ഇനിയും ഈ സീനിയര്‍ നേഴ്സമ്മയുടെ സേവനങ്ങള്‍ വേണ്ടിവരുമെന്ന് ഓര്‍ത്തില്ല. പ്രസവം കഴിഞ്ഞ ആദ്യമാസങ്ങളില്‍ മുലപ്പാല്‍ കെട്ടിനിന്ന് വേദനിച്ച് ഒടുവില്‍ ഇന്‍ഫക്ഷനായി സര്‍ജറിയും ആന്റിബയോട്ടിക്കുകളും ഒരുമാസത്തോളം ദിവസേനയുള്ള ഡ്രസ്സിങ്ങും ഒക്കെ വേണ്ടിവന്നു. വീണ്ടും നേഴ്സമ്മയുടെ പക്കല്‍ അപേക്ഷയുമായി ഞാന്‍. ഒരുമാസം മുഴുവന്‍ ദിവസേന വീട്ടില്‍ വന്ന് ഡ്രസ്സിംഗ് ചെയ്തുതന്ന ആ എഴുപതുകാരിയോട് ഏതുവാക്കില്‍ നന്ദിപറയണമെന്ന് അറിയില്ല.
ഡ്രസിംഗ് ചെയ്തതിനൊപ്പം അവര്‍ അമ്മയായ കാലത്തെപ്പറ്റി പറഞ്ഞുതന്നു. അന്നൊക്കെ വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് നേഴ്സ്മാര്‍ക്ക് പ്രസവാവധി. ഡ്യൂട്ടിസമയം പകുതിയെത്തുമ്പോള്‍ തന്നെ മുലപ്പാല്‍ കെട്ടിനിന്ന് വേദന തുടങ്ങും. ക്വാര്‍ട്ടേഴ്സില്‍ വിശന്നുകിടക്കുന്ന കുഞ്ഞിനെ ഓര്‍ക്കാന്‍ ശ്രമിക്കാതെ ബാത്ത്റൂമില്‍ പോയി പാല്‍ പിഴിഞ്ഞുകളയും. ഒരിക്കല്‍ നേഴ്സ് യൂണിഫോമിനു വെളിയിലേയ്ക്ക് ഉടുപ്പുനനച്ചുകൊണ്ട് പാല്‍ചുരന്നതിന്റെയൊപ്പം കണ്ണും ചുരന്നുപോയെന്നും “യൂ ഗോ ആന്‍ഡ് ഫീഡ് യുവര്‍ കിഡ്, സിസ്റ്റര്‍” എന്ന് ഒരു ഡ്യൂട്ടിഡോക്റ്റര്‍ അനുമതി കൊടുത്തതുമൊക്കെ ഇന്നലെ നടന്നത് എന്ന മിഴിവോടെ എന്നോട് അവര്‍ ഓര്‍ത്തുപറഞ്ഞു. അവര്‍ ചെയ്ത സേവനത്തിനു ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല. താന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത ജോലി ഈ പ്രായത്തിലും കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് വലിയ സംതൃപ്തി തോന്നിയിരുന്നു എന്ന് തോന്നി.
കുഞ്ഞമ്മ, ഹൃദയശസ്ത്രക്രിയാപുലി
എന്റെ ഒരു കുഞ്ഞമ്മ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ സീനിയര്‍ നേഴ്സ് ആണ്. ആര്‍മിയില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്തശേഷമാണ് ശ്രീചിത്രയില്‍ ചേരുന്നത്. ഹൃദയശസ്ത്രക്രിയകള്‍ നടക്കുന്ന ഓപ്പറേഷന്‍തിയേറ്ററിനുള്ളില്‍ മാത്രമാണ് പുള്ളിക്കാരിക്ക് ഡ്യൂട്ടി. ഈ സംഗതി കക്ഷി വലിയ അഭിമാനത്തോടെ എടുത്തുപറയുന്ന ഒന്നാണ്. “ഫിലോമിന അസിസ്റ്റ് ചെയ്യാന്‍ ഇല്ലെങ്കില്‍ പ്രശസ്ത സര്‍ജന്‍ ചിലപ്പോള്‍ സര്‍ജറികള്‍ മാറ്റിവയ്ക്കും” എന്ന് പറയുന്നത് ചെറിയ അഹങ്കാരം കൊണ്ടൊന്നുമല്ല. വീട്ടില്‍ വരുമ്പോള്‍ കുഞ്ഞാങ്ങളയ്ക്ക് സ്പെഷ്യല്‍ ആര്‍മി ക്വോട്ട റമ്മും കൊണ്ട് വരുന്ന, ഉച്ചത്തില്‍ ചിരിക്കുന്ന ഈ പ്രതിഭാസം എന്റെ റഫ് ആന്‍ഡ് ടഫ് ഹീറോ ആയിരുന്നു.
പേരമ്മ, ആദിമ കുടുംബരക്ഷക
പേരമ്മ അമേരിക്കയിലെത്തിയ ഒന്നാംതലമുറ നേഴ്സ്മാരുടെ പ്രതിനിധിയാണ്. ഇപ്പോള്‍ ഒരു എണ്‍പത് - എന്പത്തഞ്ച് വയസ് കാണും. മലബാറില്‍ നിന്നും കോട്ടയവും ഡല്‍ഹിയും പിന്നെ അമേരിക്കയും ഓവര്‍ടൈമും തീര്‍ന്നുപോകുന്ന കുടുംബപ്രാരാബ്ദങ്ങളും. ഗ്രീന്‍കാര്‍ഡ് ഫയല്‍ ചെയ്ത് താഴെയുള്ള ആണും പെണ്ണുമായ എല്ലാത്തിനെയും അമേരിക്ക എന്ന വാഗ്ദത്തഭൂമിയിലെത്തിക്കുകയും നാട്ടില്‍ എല്ലാവരുടെയും പേരില്‍ ഭൂമിവാങ്ങാന്‍ പണം കൊടുക്കുകയും പള്ളി, അനാഥമഠം, അവശബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് നിരന്തരം സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്നതിന്റെ തിരക്കില്‍ വിവാഹവും സ്വന്തം ജീവിതവും ഒക്കെ മറന്നുപോയ ഒരാള്‍. ഒടുവില്‍ കൂട്ടിന് ഒരാളൊക്കെ ഉണ്ടായകാലത്ത് പ്രായമൊക്കെ കുറെയങ്ങ് മുന്നോട്ടുപോയി കുട്ടികളൊന്നും ഉണ്ടാകാഞ്ഞ ഒരാള്‍. രണ്ടുകുട്ടികളെ ദത്തെടുത്തുവളര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അവരും തന്നെപ്പോലെ ഈ വിശ്വാസിന്‍റെ ഭാഷയിലെ കാലീപീലി പിള്ളേര്‍ തന്നെയായിരക്കണം എന്ന് വാശിപിടിച്ചയാളാണ് പേരമ്മ. അനാഥാലയത്തില്‍ ഒരുപാട് ചുവന്നു തുടുത്ത റോസാപ്പൂക്കവിളുകാര്‍ ഉണ്ടായിരുന്നല്ലോ മേരിക്കുട്ടീ എന്ന് കുടുംബത്തില്‍ ആരോ ചോദിച്ചപ്പോള്‍ “എന്റെ പിള്ളേരാവുമ്പോള്‍ കണ്ടാല്‍ എന്നെപ്പോലെ ഇരിക്കണ്ടേ” എന്ന് തിരിച്ചുപറഞ്ഞ പേരമ്മയാണ് എന്റെ അള്‍ട്ടിമേറ്റ് കാലീപീലി പെണ്ണ്.
പ്രസവമുറിയിലെ പേരുപോലും ചോദിക്കാന്‍ മറന്ന നേഴ്സ്
ഒരു ദിവസം കേരളത്തിലെ ഒരു ആശുപത്രിയില്‍ നടക്കുന്നത് എത്രയധികം പ്രസവങ്ങളായിരിക്കും? ഒരു ലേബര്‍ റൂമില്‍ ഡ്യൂട്ടിയുള്ള നേഴ്സ് എത്ര സ്ത്രീകളുടെ പ്രസവവേദനകളും കരച്ചിലുകളും കേള്‍ക്കുന്നുണ്ടാകും? ലേബര്‍ റൂമില്‍ ഓരോ തവണ വേദന വരുമ്പോഴും അടുത്തിരുന്ന് സമാധാനിപ്പിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് ഉണ്ട്. ദേ കഴിഞ്ഞല്ലോ, ഇപ്പൊ തീരുമല്ലോ എന്നൊക്കെ പറഞ്ഞ് അങ്ങേയറ്റം പ്രസന്നതയോടെ എനിക്ക് ധൈര്യം തന്ന ഒരു സ്ത്രീ. പ്രസവിച്ചുകഴിഞ്ഞ് എന്നെ ബാത്ത്റൂമിലേയ്ക്ക് പിടിച്ചുനടത്തിക്കൊണ്ടുപോയ സ്ത്രീ, എന്റെ കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ച് വൃത്തിയാക്കിയ സ്ത്രീ, അവനെ ആദ്യമായി എന്റെയരികില്‍ കൊണ്ടുവന്ന് കാണിച്ച സ്ത്രീ, കുഞ്ഞിന് ആദ്യമായി മുലപ്പാല്‍ കൊടുത്തപ്പോള്‍ അടുത്തിരുന്ന സ്ത്രീ... ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ തിരക്കിനും വെപ്രാളത്തിനുമിടയില്‍ പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നുപോയിരുന്നു. സത്യത്തില്‍ അവരുടെ മുഖം പോലും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. അവരുടെ നിറം എന്തായിരുന്നു?കാലീപീലി തന്നെയായിരിക്കണം. അവരോടും ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ എല്ലാ നേഴ്സ്മാരോടും എനിക്കുള്ള നന്ദിയാണ് ഈ കുറിപ്പ്.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
പൂവും പൂമ്പാറ്റയും വിടരട്ടെ, തലക്കറി ആര്‍ക്കുള്ളതാണ്?
കുട്ടികള്‍ക്കായുള്ള കഥകള്‍ ഏറെ നിഷ്കളങ്കമാണെന്നാണ് പൊതുധാരണ. എന്നാല്‍ രാജകുമാരിമാരുടെയും അവരെ വിവാഹം കഴിക്കുന്ന രാജകുമാരന്‍മാരുടെയും അവരുടെ കൊട്ടാരങ്ങളുടെയും സദ്യകളുടെയും മിന്നുന്ന ആഭരണങ്ങളുടെയും വെളുത്തുമിനുത്ത തൊലിപ്പുറങ്ങളുടെയും വെളിയിലുള്ള കുട്ടികള്‍ ഈ കഥകള്‍ക്ക് എന്തെന്ത് അര്‍ത്ഥമാണ് നല്‍കേണ്ടത്? രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും ഹാപ്പിലി എവര്‍ ആഫ്റ്ററുകള്‍ക്ക് വിരാമമിടുന്ന ഷ്റെക്ക് പോലെയുള്ള കാര്‍ടൂണുകളും മറ്റും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ഇന്ത്യന്‍ കഥകളിലും ഒരു ജാതിസ്വഭാവവും എലീറ്റ് ജീവിതവീക്ഷണപ്രസരണവും കാണാവുന്നതാണ്. നെയ്യപ്പം തിന്നുന്ന കുട്ടികളെ നമ്മള്‍ കണ്ടെന്നുവരും, എന്നാല്‍ ആടിന്റെ തല കറിവെച്ചുതിന്നുന്ന കുട്ടികളെ ഇന്ത്യന്‍ കുട്ടിക്കഥകളില്‍ കണ്ടെന്നുവരില്ല. ദളിത്-മുസ്ലിം ജീവിതപരിസരങ്ങളെപ്പറ്റി കുട്ടിക്കഥകളില്‍ ഇല്ലേയില്ല.
ഇന്ത്യന്‍ ബാലസാഹിത്യം ലക്ഷ്യമിടുന്നത് കൃത്യമായ ഒരു മധ്യവര്‍ഗകുടുംബത്തെയും മധ്യവര്‍ഗശീലങ്ങള്‍ പരിചയിച്ചുവരുന്ന കുട്ടികളെയുമാണ്. കൃത്യമായി സ്കൂളില്‍ പോവുകയും പരീക്ഷകള്‍ പാസാവുകയും നേര്‍രേഖയിലൂടെ സഞ്ചരിക്കുകയും പലതരം ജീവിതവിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന സാരോപദേശകഥകള്‍, അവരുടെ അമര്‍ചിത്രകഥകള്‍, അവരുടെ ചോട്ടാ ഭീം, അവരുടെ ലിറ്റില്‍ കൃഷ്ണ, അവരുടെ ഡോരെമോന്‍. ഇതല്ലാത്ത ഒരു ഇന്ത്യന്‍ ബാല്യമുണ്ട്. സ്കൂളില്‍ പോയെന്നുവരും, ചിലപ്പോള്‍ പഠിക്കും, ചിലപ്പോള്‍ വേറെ വല്ല പണിക്കും പോകും, ചിലപ്പോള്‍ പഠിപ്പ് നിറുത്തും. മധ്യവര്‍ഗ്ഗ-മേല്‍ജാതി വീമ്പുകള്‍ക്കും ട്യൂഷന്‍സെന്ററുകള്‍ക്കും എന്ട്രന്‍സ് കോച്ചിങ്ങിനും സാരോപദേശത്തിനും വെളിയില്‍ ജീവിക്കുന്ന കുട്ടികള്‍. ഇവരും വായിക്കുന്നത് പാഠപുസ്തകത്തിലും അല്ലാതെയും ഒക്കെയായി ഇതേ മധ്യവര്‍ഗകഥകള്‍ തന്നെയാണ്. അവരുടെ ജീവിതവും യാഥാര്‍ത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകള്‍. ഈ കഥകള്‍ വായിച്ച് അവര്‍ക്ക് കുളിരണിയാത്തതെന്ത് എന്നും അവര്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്തെന്നും ഒക്കെ ചോദ്യങ്ങള്‍ ഉയരാറുണ്ട്. അവരുടെ നോട്ടത്തില്‍ ഇതൊന്നും ജീവിതവുമായി തീരെ ബന്ധമുള്ളതല്ല. രാജാക്കന്‍മാര്‍ യുദ്ധം ജയിച്ചാലും രാജകുമാരിമാര്‍ വിവാഹിതരായാലും ഇവര്‍ക്കൊരു ചുക്കും സംഭവിക്കുന്നില്ല.
ഇന്ത്യന്‍ ബാലസാഹിത്യത്തിലെ ഈ പിശക് തിരുത്തുന്ന കഥകളാണ് അന്വേഷി റിസേര്‍ച്ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ “ഡിഫറന്റ് ടെയ്ല്‍സ്” എന്ന പതിമൂന്നു ചെറുപുസ്തകങ്ങള്‍ അടങ്ങിയ ശേഖരം. ഇംഗ്ലീഷ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ പുസ്തകം ലഭ്യമാണ്. മുഖ്യധാരയ്ക്കു വെളിയിലുള്ള ജീവിതങ്ങളെയും അവരുടെ സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന കഥകളാണ് ഇവയോരോന്നും. ജാതി അസമത്വങ്ങളുടെ വേദന നിറഞ്ഞ കഥകളൊന്നുമല്ല ഇവ. കുട്ടിത്തവും സന്തോഷവും നിറഞ്ഞ കഥകള്‍. മറ്റൊരു ജീവിതപരിസരം കൂടി കുട്ടികളുടെ കഥാലോകത്തിലേയ്ക്ക് ഉള്‍പ്പെടുത്തുന്നു എന്ന വലിയ ദൌത്യമാണ് അന്വേഷിയുടെ ഈ പുസ്തകങ്ങളുടെ ലക്‌ഷ്യം. കഥകളില്‍ കാണുന്ന കുട്ടികള്‍ അവരുടെ സാധാരണജീവിതത്തില്‍ സെക്കണ്ട്ഹാന്‍ഡ് പാഠപുസ്തകം വാങ്ങുന്നു, ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു, കളിക്കുന്നു, തലക്കറി രുചിച്ചുകഴിക്കുന്നു.
മൊഹമ്മദ് കദിര്‍ ബാബുവിന്റെ ഹെഡ് കറി എന്ന കഥയിലാണ് കഥാനായകനായ കുട്ടി ആടിനെ വെട്ടുന്നിടത്ത് പോയി ആട്ടിന്‍ തല വാങ്ങിക്കൊണ്ടുവരികയും അമ്മ അത് കറിവയ്ക്കുന്നത് കൊതിയോടെ കാത്തിരിക്കുന്നതും കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്ന് രുചിയോടെ അത് കഴിക്കുന്നതും ഒക്കെ. കുട്ടികള്‍ക്കായുള്ള കഥകളില്‍ തലക്കറിയെപ്പറ്റി പറയുന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അല്ലെങ്കില്‍ത്തന്നെ ഭക്ഷണത്തെക്കാള്‍ രാഷ്ട്രീയമുള്ള മറ്റെന്താണുള്ളത്? ചില കുട്ടികളുടെ ജീവിതം അമ്പിളിമാമനും നെയ്പ്പായസവും നിറഞ്ഞതല്ല, അതിന് മീനിന്റെ ഉളുമ്പും മാടിന്റെ ചൂരും പോത്ത് പോട്ടിയോടുള്ള കൊതിയും ഉണ്ട്. ഇറച്ചിയും മീനും ഒക്കെ തിന്നുന്നതിനെപ്പറ്റിയും കുട്ടിക്കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഹെഡ്കറിയുടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രശസ്തചിത്രകാരനും ചരിത്രകാരനുമായ ഗുലാം ഷെയ്ക്ക് ആണ്.
ഈ കഥകളിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ ജീവിതസമരങ്ങളും കഷ്ടപ്പാടുകളും കാണുന്നവരാണ്. ഈ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ലോകത്തോട് ഇടപെടുമ്പോള്‍ ധാരാളം ജീവിതസമരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാനം. ഒരു സ്കൂളിലെ മാദിഗ എന്ന തെലുങ്ക് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരേയൊരു വിദ്യാര്‍ഥിയുടെ കഥയാണ് “ബ്രേവ്ഹാര്‍ട്ട് ബാടയ്യ”. മറ്റുകുട്ടികളെ അശുദ്ധമാക്കാതിരിക്കാനായി അധ്യാപകര്‍ തന്നെ പിന്‍ബഞ്ചിലിരുത്തിയ കുട്ടി. സ്കൂളില്‍ പോയി പഠിക്കുന്ന കുട്ടി എന്ന രീതിയില്‍ അവന്റെ സമൂഹത്തിന്റെ അഭിമാനമായ കൊച്ചുമിടുക്കന്‍. അവന്റെ ലോകവീക്ഷണം എത്ര സങ്കീര്‍ണ്ണമായിരിക്കും? ചാക്കിനോട് വലിയ ഇഷ്ടമുള്ള ഒരു ഭ്രാന്തനോട് കൂട്ടുകൂടുന്ന ഒരു കുട്ടിയുടെ കഥയാണ് സാക്ക് ക്ലോത്ത് മാന്‍. സഹോദരിയുടെ മരണം കൊണ്ടുവന്ന ദുഃഖം മാറ്റാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത് ഈ ഭ്രാന്തനുമായുള്ള സൌഹൃദമാണ്. മരണം എന്നതൊക്കെ പല കുട്ടികളുടെയും ജീവിതത്തിലെ നോവുകളാണ്, എങ്കിലും കുട്ടിക്കഥകളില്‍ അതൊന്നും ചര്‍ച്ച ചെയ്തുകൂടാ എന്നാണ് ധാരണ.
ചരിത്രപുസ്തകത്തിലെ മുസ്ലിം - ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ ഇരിക്കുന്ന ഒരേയൊരു മുസ്ലിംകുട്ടിയുടെ കഥയാണ് ഇനിയൊരെണ്ണം. ഒരേ തരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം നിങ്ങളുടെയൊന്നും അല്ലെന്നോ?
കുട്ടികളുടെ ജീവിതങ്ങള്‍ ലളിതമല്ല. കുട്ടിക്കാലം എന്നത് പൂവുകളും പൂമ്പാറ്റകളും മാത്രം നിറഞ്ഞതല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വ്യത്യസ്തമാണോ അത്ര തന്നെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ് ഇന്ത്യന്‍ ബാല്യവും. ബാല്യത്തിന്റെ രാഷ്ട്രീയത്തിനെ അവഗണിക്കാന്‍ പാടില്ല എന്നുപറയുന്ന ഈ കഥകള്‍ ഓരോ കുട്ടിക്കും ഒരു ജീവിതപാഠം കൂടിയായിരിക്കും.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
ജോയി കുളനടയുടെ മലയാളി ആഭാസച്ചിരി
താഴെ കാണുന്ന കാര്‍ട്ടൂണ്‍ വരച്ചയാള്‍ അതിനുകീഴെ ജോയി എന്ന് ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരച്ചത് അയാള്‍ മാത്രമല്ല. ഇത് വരച്ചത് കേരളസമൂഹമാണ്. ഓരോ കാര്‍ട്ടൂണിസ്റ്റും സമൂഹത്തില്‍ നിന്ന് കിട്ടുന്ന ചിരി കൊണ്ടാണ് ജീവിക്കുന്നത്. ജോയി കുളനടയല്ല മറ്റ് ഏതൊരു കാര്‍ട്ടൂണിസ്റ്റായാലും ലക്ഷ്യമിടുന്നത് ഒരു സമൂഹത്തില്‍ ചിരിയുണര്‍ത്താനാണ്. വരയ്ക്കുന്നതിനുമുന്‍പ് കാര്‍ട്ടൂണിസ്റ്റിനുമുന്നില്‍ അയാളുടെ വായനക്കാരന്‍ വന്നുനില്‍ക്കും. ഈ കാര്‍ട്ടൂണ്‍ കണ്ട് നന്നായി ചിരിക്കാന്‍ കഴിയുന്നവരാണ് നാമെങ്കില്‍ ലജ്ജിക്കേണ്ടത് നാം തന്നെയാണ്. ജോയി കുളനട എന്ന കാര്‍ട്ടൂണിസ്റ്റ് മലയാളിസമൂഹത്തിന്റെ ആകമാന ജീര്‍ണ്ണതയുടെ ഒരു ഉപകരണം മാത്രമാണ്.
ശ്വേതാമേനോന്‍റെ അറിവോ സമ്മതമോ കൂടാതെ അവരെ തൊടാമോ, പീതാംബരക്കുറുപ്പ് സത്യത്തില്‍ പിതൃവാത്സല്യം നിറഞ്ഞ ഒരു മനുഷ്യനല്ലേ എന്നൊക്കെ ചര്‍ച്ചകള്‍ പലവിധം പുരോഗമിക്കുന്നു. ശ്വേതാമേനോന്‍ പരാതി പിന്‍വലിച്ചെന്നും ആയതിനാല്‍ പിതൃവാല്‍സല്യം നിറഞ്ഞ പീതാംബരക്കുറുപ്പ് കുറ്റവിമുക്തനായെന്നും കൂടി കേട്ടു. ഇതില്‍ ഇനി ഒന്ന് കണ്ണടച്ചുതുറക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയില്ല. ഈ കാര്‍ട്ടൂണില്‍ മാത്രം വിഷയത്തെ തല്‍ക്കാലം ഒന്നുചുരുക്കി നോക്കാന്‍ ശ്രമിക്കാം. കാര്‍ട്ടൂണിസ്റ്റ് തന്നെ ചിത്രത്തില്‍ നിന്ന് വളരെ ബുദ്ധിപൂര്‍വ്വം ശ്വേതാമേനോനെയും പീതാംബരകുറുപ്പിനെയും ഒഴിവാക്കിയിട്ടുണ്ട്. (അതോ ശ്വേതാമേനോനെയും പീതാംബരക്കുരുപ്പിനെയുമൊക്കെ വരച്ചുഫലിപ്പിക്കാന്‍ കഴിയില്ലെന്ന് തോന്നിയിട്ടോ എന്തോ! പെണ്ണുങ്ങള്‍ക്ക് പിന്നെ ശരീരഭാഗങ്ങള്‍ ഇങ്ങനെ മുഴുപ്പിച്ചുവരച്ചാല്‍ മതിയാകുമെന്നാണല്ലോ.) എന്തായാലും വിവാദകക്ഷികളുടെ വളരെ കൃത്യമായ അദൃശ്യതയും അതിന്‍റെ കൂടെ ബാലപീഡനം എന്ന പ്രതിഭാസത്തിന്‍റെ തമാശയുളവാക്കുന്നതിനുവേണ്ടിയുള്ള ദൃശ്യതയുമാണ് ഈ കാര്‍ട്ടൂണിലെ ഏറ്റവും പ്രസക്തസംഗതിയായി എനിക്ക് തോന്നിയത്.
മലയാളത്തിലെ ദിനപത്രങ്ങളില്‍ സ്ഥിരമായി വരുന്നത് കൊണ്ട് പൊതുസമൂഹത്തിന് പുതുമ നഷ്ടപ്പെട്ട ഒരു വാര്‍ത്തയുണ്ട്. പിതാവോ പിതൃതുല്യരായവരോ ആയ ഒരാളുടെയോ പലരുടെയൊ “പിതൃവാത്സല്യ”ത്തിനൊടുവില്‍ മരിക്കുന്ന പിഞ്ചുകുട്ടികളുടെ കഥകള്‍. ഏറ്റവും ഹീനമായ അത്തരം സംഭവങ്ങളെയാണ് ഇവിടെ നമ്മുടെ കാര്‍ട്ടൂണിസ്റ്റ് തമാശയുളവാക്കാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കാര്‍ട്ടൂണില്‍ നിന്ന് നമുക്ക് തല്‍ക്കാലം ക്ലീന്‍ഷേവ് ഷാരുഖിനെയും എവിടെയൊക്കെയോ ഉരുണ്ടും മുഴച്ചും നില്‍ക്കുന്ന ശരീരഭാഗങ്ങളുമായി രഞ്ജിനിയെന്നും റിമി ടോമിയെന്നും അടിക്കുറിപ്പുള്ള സ്ത്രീയുടല്‍രൂപങ്ങളെയും മറക്കാം. ഒടുവിലത്തെ മൂന്നുകോളങ്ങള്‍ മാത്രം ശ്രദ്ധിക്കുക. മറഡോണയും ഷാരുഖ് ഖാനും ഒക്കെ പൊതുവേദികളില്‍ വെച്ച് സ്ത്രീകളെ കയറിപ്പിടിച്ചത് കണ്ടതിന്റെ ആവേശത്തിലാണ് കഥാനായകനായ പാക്കരന്‍ അയല്‍വാസിയായ ആറുവയസുകാരിയെ വാരിയെടുത്തു ചുംബിക്കുന്നത് അത്രേ.
കാര്‍ട്ടൂണിസ്റ്റ് തന്റെ എങ്ങും തൊടാത്ത അഭിപ്രായസ്വാതന്ത്ര്യപ്രകടനം തുടങ്ങുന്നത് ഇവിടെയാണ്. നിങ്ങള്‍ പച്ചയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചാല്‍ അല്ല നീലയാണ് എന്നും നീലയാണോ എന്ന് ചോദിച്ചാല്‍ അയ്യോ പച്ചയാണ് എന്നും പറയാവുന്ന പ്രത്യേകതരം ഒരു ബ്രഷുകൊണ്ടാണ് ഇവിടെ ചിത്രരചന. പാക്കരന്‍ വെറും പാക്കരനല്ല, പാക്കരന്‍ പാത്താങ്കുറ്റി കോളനിയില്‍ നിന്നാണ്. കോളനിവാസികള്‍ അങ്ങനെയുള്ളവരാണ്, അവര്‍ മാത്രമേ അയല്‍വാസികളായ കുട്ടികളോട് മേല്‍പ്പറഞ്ഞ “പിതൃവാത്സല്യം” കാണിക്കൂ എന്നല്ലേ താങ്കള്‍ പറഞ്ഞുവയ്ക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്റെ പാക്കരന്‍ സത്യത്തില്‍ നിരപരാധിയാണല്ലോ എന്ന് സമര്‍ഥിക്കാനുള്ള പഴുതു ഇതിലുണ്ട്.
ഇതേപോലെ സമര്‍ത്ഥമായ മറ്റൊരു കളി ഇതില്‍ കാര്‍ട്ടൂണിസ്റ്റ് നടത്തിയിരിക്കുന്നത് “സദാചാരപ്പോലീസ്” എന്ന വാക്കിന്‍റെ വളരെ ക്രിയാത്മകമായ ഉപയോഗമാണ്. ഇന്നേവരെ നമ്മള്‍ ‘സദാചാരപ്പോലീസ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് പാവപ്പെട്ട കാമുകീകാമുകന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമൊക്കെ സദാചാരത്തിന്റെ കൂട്ടുപിടിച്ചിരുന്ന ലോക്കല്‍ തൊഴില്‍രഹിത സഹോദരന്മാരെ വിശേഷിപ്പിക്കാനാണ്. അവര്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ചുമ്മാ കയറി ഇടപെട്ടിരുന്ന ദുഷ്ടന്‍മാരായിരുന്നു. ഇവിടെയും ആളുകള്‍ അതൊക്കെത്തന്നെ. കാര്ട്ടൂണിസ്റ്റ് എന്താണ് ഇതിലൂടെ ഉത്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലായില്ല. സമീപവാസികളായ ചെറിയ കുട്ടികളോട് “പിതൃവാത്സല്യം” കാണിക്കാന്‍ ചെല്ലുന്ന പാക്കരന്മാരെ മാലയിട്ട് ആദരിക്കണം എന്നാണോ ധ്വനി? അയലത്തുകാരിയായാലും സ്വന്തം വീട്ടിലെയായാലും കോളനിയിലോ മണിമാളികയിലൊ ഉള്ളയാളായാലും ഒരു പിഞ്ചുകുഞ്ഞിനോട് അതിരുകവിഞ്ഞ വാത്സല്യം കാണിക്കേണ്ട കാര്യം പാക്കരന്‍മാര്‍ക്ക് ആര്‍ക്കുമില്ല. പിഞ്ചുകുഞ്ഞിനോടോ മുതിര്‍ന്ന പെണ്‍കുട്ടികളോടോ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരോടോ അമ്മൂമ്മമാരോടോ ഒന്നും പാക്കരന്മാര്‍ക്ക് അനാവശ്യവാത്സല്യം തോന്നാന്‍ പാടില്ല. അതിനാണ് മനുഷ്യന്‍ മനുഷ്യനായി ചിന്തിക്കേണ്ടത്.
കാര്‍ട്ടൂണില്‍ ഒരു തമാശ ജനിപ്പിക്കാനായി ഒരു പിഞ്ചുകുഞ്ഞിനെയൊ പീഡനം എന്ന വാക്കിനെയോ ഒന്നും ഉപയോഗിക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ മുതിരാന്‍പാടില്ലാത്തതാണ്. പക്ഷെ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, കാര്ട്ടൂണിസ്റ്റ് വെറും ഒരു ഉപകരണം മാത്രമാണ്. ഇത്തരം ഒരു മനസാക്ഷി കെട്ട കഥാസന്ദര്‍ഭം ചിരി ജനിപ്പിക്കും എന്ന് കാര്‍ട്ടൂണിസ്റ്റിനെ തോന്നിച്ച മലയാളിസമൂഹമാണ് ഇതിനുത്തരവാദി. ലൈംഗികപീഡനം എന്നത് ഒരു തമാശയല്ല. കുറഞ്ഞപക്ഷം ജനിച്ചുവീഴുമ്പോള്‍ മുതല്‍ ചാകുമ്പോള്‍ വരെ നിശബ്ദതയിലൂടെയും നോട്ടത്തിലൂടെയും സ്പര്‍ശത്തിലൂടെയും വാക്കിലൂടെയും പലതരത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളിസ്ത്രീക്കെങ്കിലും ആ വാക്ക് തമാശയല്ല.
സ്ത്രീകളെയോ മറ്റേതെങ്കിലും സഹജീവികളെയൊ ഏതെങ്കിലുമൊക്കെ തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ നോക്കി ആര്‍ത്തുചിരിക്കുന്ന ഒരു സമൂഹമാണ് ആരോഗ്യമുള്ള സമൂഹം. കുറഞ്ഞപക്ഷം പത്രമാധ്യമങ്ങളെങ്കിലും ഇങ്ങനെ പേന കൊണ്ടും ബ്രഷുകൊണ്ടും ഒന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരരുത്.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
രക്തം കിനിയുന്ന പതാക, ചൂട് പകര്‍ന്ന് ഒരു പുതപ്പ്
|
സൂചികൊണ്ടും ഏകാന്തതകൊണ്ടും തുന്നിയ ഒരുടുപ്പ്
ആഗ്നസ് റിച്ചറിനെ പരിചയപ്പെടുത്താനും ആഗ്നസിന്റെ പുറങ്കുപ്പായത്തിന്‍റെ ഹൃദയഭേദകമായ കഥ പറയുവാനുമാണ് ഈ കുറിപ്പ്. ഇത്രയേറെ നൊമ്പരപ്പെടുത്തിയ ഒരു കുപ്പായം വേറെയില്ല. ഈ ഉടുപ്പ് കാണുക, ഇതിലെ ഓരോ തുന്നലും ശ്രദ്ധിച്ചുനോക്കുക. ഇത് ഏതെങ്കിലും ഡിസൈനറുടെ ഫാള്‍/വിന്‍റര്‍ സൃഷ്ടിയല്ല, ഇന്നുകണ്ടാല്‍ അങ്ങനെയൊക്കെ തോന്നുമെങ്കിലും.
ഭ്രാന്താശുപത്രിയിലെ തുന്നല്‍ക്കാരി
1890കളില്‍ ജര്‍മ്മനിയിലെ ഒരു ഭ്രാന്താശുപത്രിയില്‍ ജീവിതം ചെലവഴിച്ച ഒരു തുന്നല്‍ക്കാരിയാണ് ആഗ്നസ് റിച്ചര്‍. ഈ ചിത്രം ഒന്ന് സൂക്ഷിച്ചുനോക്കുക, അതിലെ അക്ഷരങ്ങള്‍ കാണുക. സൂചി കൊണ്ട് പുറങ്കുപ്പായത്തില്‍ ഭ്രാന്ത് തുന്നിച്ചേര്‍ത്ത ആഗ്നസിനെ അറിയുക. പൂക്കളോ ചിത്രശലഭങ്ങളോ അല്ല, തന്‍റെ മനസാണ് കൈവിട്ടുപോകുമെന്ന പേടികൊണ്ടോ, നെഞ്ചോടുചേര്‍ക്കണമെന്ന ആഗ്രഹം കൊണ്ടോ ഒക്കെ ആഗ്നസ് തന്റെ കുപ്പായത്തില്‍ തുന്നിവെച്ചത്. ഇതിലെ വരികളില്‍ ആഗ്നസിന്റെ ജീവിതമാണ്. പലതും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്, നേര്‍രേഖയിലുള്ള ഒരു പറച്ചില്‍ ഇതിലില്ല. വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു ഭ്രാന്താശുപത്രിയില്‍ ഇരുന്ന് ഒരു സ്ത്രീക്ക് നേര്‍രേഖയില്‍ ചിന്തിക്കാനോ അത് എഴുതിസൂക്ഷിക്കാനോ കഴിയുമോ എന്നത് മറ്റൊരു ചോദ്യം. ഉടുപ്പിന്റെ അകത്തും പുറത്തും നിറയെ എഴുത്തുകളാണ്, അടുക്കിക്കെട്ടാത്ത ഒരു നൂല്‍ ജീവചരിത്രം.
എന്തൊരു മനസായിരുന്നിരിക്കണം ആഗ്നസ് റിച്ചറുടെത്? ഒരു ഭ്രാന്താശുപത്രിയില്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന ഒരു നിറമില്ലാത്ത പുറങ്കുപ്പായത്തില്‍ സൂചിപോലെ തുളഞ്ഞിറങ്ങിയവള്‍, നൂല്‍ പോലെ തെളിഞ്ഞുവന്നവള്‍, തുടക്കവും ഒടുക്കവുമില്ലാതെ തുന്നിച്ചേര്‍ത്ത വാക്കുപോലെ മുറിഞ്ഞവള്‍. ഈ കുപ്പായത്തില്‍ തുന്നലിലേയ്ക്ക് ഇറങ്ങിപ്പോകുന്ന വാക്കുകളുണ്ട്, തുന്നലുകളില്‍ നിന്ന് ഇറങ്ങിവരുന്ന വാക്കുകളും. ഒരു ഭ്രാന്താശുപത്രിയുടെ ചിട്ടയിലെ വെറുമൊരു അക്കം മാത്രമായിരുന്നിരിക്കാം അന്നത്തെ ആഗ്നസ്. എന്നാല്‍ ഉടുപ്പുകള്‍ അലക്കുന്നവര്‍ പരസ്പരം മാറിപ്പോകാതിരിക്കാനായി സീല്‍ചെയ്യുന്ന അക്കത്തെ അതിനുമീതെ തുന്നി അലങ്കരിച്ചു തന്‍റെതാക്കി മാറ്റിക്കൊണ്ടാണ് ആഗ്നസ് സ്വത്വം കണ്ടെത്തുന്നത്. ഒരു ഭ്രാന്താശുപത്രിക്ക് വെളിയില്‍പോലും സ്വന്തം വ്യക്തിത്വം ഉണ്ടാവുക എന്നത് സ്ത്രീകള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ലാത്ത കാലം.
അര്‍ത്ഥത്തെയും കാലത്തെയും അതിജീവിച്ച് തെളിഞ്ഞുനില്‍ക്കുന്ന ഈ കലാസൃഷ്ടിയെ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ പ്രതിഷേധം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇത് ആഗ്നസിന്റെ സമരമാണ്. ഇതിനുമുന്‍പോ ഇതിനുശേഷമോ ആഗ്നസ് തുന്നിയത് എന്തൊക്കെയായിരുന്നു എന്നോ എങ്ങനെയൊക്കെയായിരുന്നു എന്നോ എനിക്കറിയില്ല. ആഗ്നസിന്റെ ഇഷ്ടം ചോദിച്ചിട്ടായിരിക്കില്ല അവളെ സെല്ലിനുള്ളില്‍ അടച്ചത്. ഉറപ്പായും അവളുടെ ജീവിതത്തില്‍ നിറങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വ്യത്യസ്തതകള്‍ ഉണ്ടായിരുന്നിരിക്കണം. അതില്‍നിന്നൊക്കെയാവും ആഗ്നസ് ഒരു ഭ്രാന്താശുപത്രിയുടെ ബോറന്‍ ചുവരുകള്‍ക്കുള്ളില്‍ എത്തിയത്. അവളുടെ പക്കല്‍ സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് ഉടുത്തിരിക്കുന്ന കുപ്പായം മാത്രമായിരുന്നിരിക്കണം. ഭ്രാന്താശുപത്രിയുടെ സെല്ലുകളില്‍ ജീവിക്കുന്ന എല്ലാവരും ധരിക്കുന്ന ഒരേ പോലെയുള്ള നിറമില്ലാത്ത ബോറന്‍ കുപ്പായം. ദേഹത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒന്നില്‍ അവനവനെത്തന്നെ തുന്നിച്ചെര്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നിരിക്കില്ല ആഗ്നസിന്.
പുറത്ത് നില്‍ക്കുന്നവരുടെ കല :പ്രിന്‍സ്ഹോണ്‍ കളക്ഷന്‍
ഹൈഡല്‍ബര്‍ഗിലെ പ്രിന്‍സ്ഹോണ്‍ കളക്ഷന്‍ മ്യൂസിയത്തിലാണ് ആഗ്നസിന്റെ ജാക്കറ്റ് ഇന്ന് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഹാന്‍സ് പ്രിന്‍സ്ഹോണ്‍ എന്ന സൈക്യാട്രിസ്റ്റ് – ആര്‍ട്ട് ഹിസ്‌റ്റോറിയന്‍ തന്റെ രോഗികളുടെ കലാസൃഷ്ടികള്‍ ശേഖരിക്കാനാരംഭിച്ചത്. 1919ല്‍ ജര്‍മ്മനിയിലെ ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാലയോടുകൂടെ ചേര്‍ന്ന് പല യൂറോപ്യന്‍ ചികിത്സാലയങ്ങളില്‍ നിന്ന് കണ്ടെടുത്ത കലാവസ്തുക്കള്‍ ചേര്‍ത്ത് അദ്ദേഹം തന്റെ ശേഖരം കൂടുതല്‍ വിപുലമാക്കി. രണ്ടുവര്ഷം കൊണ്ട് അദ്ദേഹം ഏതാണ്ട് അയ്യായിരത്തോളം കലാസൃഷ്ടികളാണ് സമാഹരിച്ചത്. ഈ കലാസൃഷ്ടികളെപ്പറ്റി അദ്ദേഹം Artistry of the mentally ill: a contribution to the psychology and psychopathology of configuration എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. മനോരോഗമുള്ളവരുടെ കലാസൃഷ്ടികളെപ്പറ്റി ആദ്യമായി നടന്ന പഠനമായിരുന്നു അദ്ദേഹത്ത്തിന്റെത് എന്ന് പറയാം. പുസ്തകത്തിലുടനീളം അദ്ദേഹം തന്റെ കളക്ഷനില്‍ നിന്നുള്ള രചനകള്‍ ഉപയോഗിക്കുന്നുണ്ട്. വിസ്മയകരമെന്ന് പറയാവുന്ന മറ്റുപല സൃഷ്ടികളും പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ ഉള്‍പ്പെടുന്നു. രോഗാവസ്ഥയും കലയും തമ്മിലുള്ള നൂല്‍പ്പാലബന്ധമാണ് ഈ പഠനത്തില്‍ നിന്നും കലാസ്രിഷ്ടികളുടെ ശേഖരത്തില്‍ നിന്നും മനസിലാക്കാനാവുക.

ഹാന്‍സ് പ്രിന്‍സ്ഹോണ്‍
പ്രിന്‍സ്ഹോണ്‍ കളക്ഷനില്‍ നിന്നാണ് ലളിതകലകളില്‍ ഔട്ട്‌സൈടര്‍ ആര്‍ട്ട് എന്ന സങ്കല്പം രൂപപ്പെട്ടത്. സാമ്പ്രദായികലളിതകലാചട്ടക്കൂടുകള്‍ക്ക് വെളിയില്‍, പലപ്പോഴും ഒറ്റപ്പെട്ട സെല്ലുകളിലും മറ്റുമായി കണ്ടെത്തുന്ന കലാസൃഷ്ടികളെയാണ് ഔട്ട്‌സൈഡര്‍ ആര്ട്ട് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ചിലപ്പോള്‍ കുട്ടികളുടെ കുത്തിവരച്ചിത്രങ്ങളും കലാകേന്ദ്രങ്ങളില്‍ പരിശീലനം ലഭിക്കാത്തവരുടെ സൃഷ്ടികളും ഉള്പ്പെടാറുണ്ട്. കുട്ടിയെപ്പോലെ വരയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന, ഹൈ ആര്‍ട്ടിവെളിയില്‍ നിന്ന് ചിന്തിക്കാന്‍ ശ്രമിച്ചിരുന്ന പിക്കാസോയെ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. കലാവസ്തുക്കള്‍ ചേര്‍ത്ത് കലാവിമര്‍ശകനായ റോജര്‍ കാര്‍ഡിനല്‍ 1972ലാണ് ഔട്ട്‌സൈഡര്‍ ആര്ട്ട് എന്ന പ്രയോഗം ആരംഭിച്ചത്. സാമ്പ്രദായികസംസ്കാരങ്ങള്‍ക്ക് വെളിയില്‍ സമൂഹം നിര്‍ണ്ണയിക്കുന്ന അതിര്‍ത്തികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരാണ് ഔട്ട്‌സൈഡര്‍ ആര്‍ട്ടിലെ കലാകാരി/കാരന്മാര്‍. അവര്‍ക്ക് കല എന്നാല്‍ സ്വയം പ്രകാശനത്തിനുള്ള മാര്‍ഗം മാത്രമാണ്. മനസിന്‍റെ പല പിരിവുകളും വളവുകളും മനസിലാക്കാനും ജീവിതത്തെ അടുത്തറിയാനുമാകും കലയുടെ തെളിച്ചമുള്ള ഇടങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഇങ്ങനെ ചിലര്‍ അവരുടെ കലാബോധത്തെ ഉപയോഗിക്കുന്നത്. അവര്‍ക്ക് യാതൊരു കലാസ്കൂളുകളുമായും ബന്ധം കാണില്ല. ഇമ്പ്രഷനിസമോ എക്സ്പ്രഷനിസമോ സര്‍റിയലിസമോ മറ്റനവധി ഇസങ്ങളോ പരിചയമുണ്ടാകില്ല. മറ്റുകലാകാരന്‍മാര്‍ ഉണ്ടെന്നോ അവര്‍ സൃഷ്ടികള്‍ നടത്ത്താരുന്ടെന്നോ അറിയുന്നുണ്ടാകില്ല. കയ്യില്‍ കിട്ടുന്നതെന്തും മാധ്യമവും വേദനകള്‍ നിറഞ്ഞ മനസുകളുടെ പിടച്ചില്‍ കലാമൂല്യമുള്ള വസ്തുവും ആകുന്നത് അങ്ങനെയാണ്. ആഗ്നസിന്റെ പുറങ്കുപ്പായവും അങ്ങനെ തന്നെ.
ഒരു കാഴ്ചക്കാരിയായി നിന്ന് നോക്കുമ്പോള്‍ പക്ഷെ എനിക്ക് ഔട്ട്‌സൈഡര്‍ ആര്‍ട്ടോ ഇന്‍സൈഡര്‍ ആര്‍ട്ടോ ഇല്ല. ആഗ്നസിന്റെ കുപ്പായം ആര്‍ട്ട് മാത്രമാണ്, സമയവും ജീവിതവും ചെലവഴിച്ച് വിക്ടോറിയന്‍ കാലത്ത് ഒരു സ്ത്രീ മെനഞ്ഞെടുത്ത കലാ(പ)വസ്തു.
അഴിമുഖം ലിങ്ക്
ഹാന്‍സ് പ്രിന്‍സ്ഹോണ്‍
അഴിമുഖം ലിങ്ക്
കൊക്കാകോളയ്ക്കും സാന്റാക്ലോസിനും തമ്മിലെന്ത്?
ക്രിസ്തുമസ് തലേന്നായാല്‍ ഒരു പ്രദേശത്തുള്ള പയ്യന്മാരെല്ലാംകൂടി ഏതെങ്കിലും ഒരു കുടവയര്‍ ഉടമയെ ചുവന്ന നൈറ്റിയും അണിയിച്ച് ഒരു മുഖംമൂടിയും വെച്ച് ചെണ്ടയും കൊട്ടും പാട്ടുമായി എത്തും. ആകെ വേണ്ടിവരുന്ന വേഷവിധാനം ആ ചുവന്ന നൈറ്റിയാണ്. നമുക്ക് പുലികളിയായാലെന്ത് പാപ്പായായാലെന്ത്, അന്നന്നത്തെ കള്ളിനുള്ള വക സമ്പാദിച്ചാല്‍ മതിയാകുമല്ലോ എന്നാണ് പക്ഷം. ക്രിസ്തുമസ് കാര്‍ഡുകളില്‍ നിന്നൊക്കെയായി നമ്മളും മനസിലേറ്റിയതാണ് ക്രിസ്തുമസ് പാപ്പയുടെ ആ വേഷവും രൂപവും. എന്നാല്‍ ഇതിലൊക്കെ കൊക്കകോളയ്ക്ക് വല്ല പങ്കുമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും രണ്ടുണ്ട് പക്ഷം.
ഇതാരാണ് ഈ ചുവന്ന വേഷക്കാരന്‍ തടിയന്‍? നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ജീവിച്ചിരുന്ന വിശുദ്ധനിക്കോളാസിന്റെ കഥ എല്ലാവര്ക്കും സുപരിചിതമാവും. ദരിദ്രര്‍ക്കും കുട്ടികള്‍ക്കും പ്രിയങ്കരനായ നിക്കോളാസിന്റെ ഓര്‍മ്മദിവസമായി ആചരിച്ചുവന്നത് ഡിസംബര്‍ ആറാണ്. വിശുദ്ധ നിക്കോളാസിന്റെ ജീവിതകാലത്തുതന്നെയാണ് പോപ്പ് ജൂലിയസ് ഒന്നാമന്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാന്‍ ഒരു ദിവസം തീരുമാനിച്ചതും. ക്രിസ്തു ജനിച്ച ശരിയായ തീയതിയൊന്നും നിശ്ചയമില്ലാതിരുന്നത് കൊണ്ട് പോപ്പ് എന്നാല്‍ പിന്നെ ഡിസംബര്‍ ഇരുപത്തിയഞ്ച് ആയിക്കോട്ടെ എന്ന് തീരുമാനിച്ചു. അതേ സമയത്തുതന്നെ നടന്നിരുന്ന ഒരു വിജാതീയ ശൈത്യകാല ഉത്സവത്തെ ക്രൈസ്തവവല്‍ക്കരിക്കുന്നതില്‍ പോപ്പ് വിജയിച്ചു എന്ന് പറയാം. സംഭവത്തിനു കൊഴുപ്പ് കൂടിവന്നപ്പോള്‍ പതിയെ വിശുദ്ധ നിക്കോളാസിന്റെ ഓര്‍മ്മ ദിവസവും ഡിസംബര്‍ ഇരുപത്തിയഞ്ചിന് തന്നെയായിമാറി.
നമ്മുടെ ഓണക്കാല മാവേലിയുടെ ഒരു ഫോറിന്‍ വകഭേദമാണ് ക്രിസ്മസ് കാലമായാല്‍ ഈ സാന്റാക്ലോസ്. ഓരോ കൊച്ചുകടകളുടെയും വമ്പന്‍ മാളുകളുടെയും മുന്നില്‍ കുടവയറുമായി ഒരു ചുവപ്പുടുപ്പുകാരന്‍ വെള്ളത്താടി ഇരിപ്പുണ്ടാകും. എന്നാല്‍ സാന്റാക്ലോസ് എന്നും ചുവന്ന ഉടുപ്പും വെള്ളത്താടിയുമുള്ള കുടവയറന്‍ ആയിരുന്നോ? വിശുദ്ധ നിക്കോളാസിന്റെ ഒരു ആദ്യകാല ചിത്രം കാണുക.
1822ല്‍ ക്ളെമന്‍റ് മൂര്‍ എഴുതിയ പ്രശസ്തമായ കവിതയും സാന്റാക്ലോസ് എന്ന കഥാപാത്രത്തെ അമേരിക്കന്‍ മനുഷ്യരുടെ ക്രിസ്തുമസിന്റെ അവിഭാജ്യഘടകമാക്കിമാറ്റി. A Visit from St. Nicholas എന്നതായിരുന്നു കവിത. ഈ കവിതയിലൂടെയാണ് റെയിന്‍ഡിയര്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ സാന്റ വരുന്ന വിവരവും ചിമ്മിനിയിലൂടെ ഉള്ളില്‍ കടന്ന് അടുപ്പിന്റെ അരികില്‍ ഉണക്കാനിട്ടിരിക്കുന്ന കുട്ടികളുടെ സോക്സുകള്‍ക്കുള്ളില്‍ സമ്മാനങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്ന വിവരവും ഒക്കെ കുട്ടികളുടെ വിശ്വാസങ്ങളില്‍ ചേക്കേറുന്നത്.
വിശുദ്ധ നിക്കോളാസിന്റെ കാലത്തെ ബിഷപ്പ് ഉടുപ്പുകള്‍ക്ക് ചുവപ്പുനിറമായിരുന്നുവെന്നും അതാണ് സാന്റയുടെ ഉടുപ്പിന്റെ നിറമായതെന്നും ഒക്കെ കരുതപ്പെടുന്നുണ്ട്. എന്തായാലും ആദ്യകാല സാന്റ ചിത്രങ്ങളില്‍ പച്ച, പര്‍പ്പിള്‍, നീല ഉടുപ്പുകളും കണ്ടവരുണ്ട്. കൂടെയീ ചുവപ്പും. സാന്റാക്ലോസിന്റെ ആദ്യകാലചിത്രങ്ങളില്‍ ഏറ്റവും പ്രധാനം ഒരു പക്ഷെ രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പെരുന്തച്ചനായ തോമസ് നാസ്റ്റ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാവും. നോര്‍ത്ത് പോളില്‍ നിന്ന് വര്‍ഷാവര്‍ഷം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവരുന്ന തടിയന്‍ വയസന്‍ താടിക്കാരന്‍ സാന്റ എന്ന സങ്കല്പം ശക്തിപ്പെട്ടത് നാസ്റ്റിന്റെ രചനകളോടെയാണ്. വികൃതിക്കുട്ടികളുടെ കണക്കുവയ്ക്കുന്നയാളാണ് സാന്റയെന്നും നല്ല കുട്ടികള്‍ക്ക് മാത്രമേ ക്രിസ്തുമസിനു സമ്മാനം കൊടുക്കൂ എന്നും സാന്റക്ക് നോര്‍ത്ത് പോളില്‍ പാവകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടെന്നും ഒക്കെ പ്രചരിപ്പിച്ചത് നാസ്റ്റിന്റെ രചനകളാണ്. നാസ്റ്റ് വരച്ച സാന്റ ഏതാണ്ട് ഇങ്ങനെയിരിക്കും.
ഇരുപതാം നൂറ്റാണ്ടില്‍ എപ്പോഴോ ആണ് സാന്റയുടെ പലവര്‍ണ്ണത്തിലുള്ള ഉടുപ്പുകള്‍ അപ്രത്യക്ഷമായതും ലോകത്തില്‍ എവിടെയും സാന്റ ചുവന്ന കുപ്പായത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും. സാന്റയുടെ മോഡേണ്‍ രൂപത്തിന് ഇപ്പോള്‍ ഈ ചുവന്ന വെല്‍വറ്റ് ഉടുപ്പും വെളുത്ത രോമം കൊണ്ടുള്ള അരികുകളും ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രം ‘ഡാ തടിയാ’യിലും സാന്റയുടെ യൂണിഫോറമായ ഈ വേഷത്തില്‍ വരുന്ന തടിയന്‍ സാന്റയെക്കാണാം.
ഈ സന്തുഷ്ടനായ കുടവയറന്‍ രൂപം മനുഷ്യരുടെ മനസ്സില്‍ ഇങ്ങനെ ആഴത്തില്‍ പതിയാന്‍ പ്രധാനപങ്കുവഹിച്ചത് കൊക്കക്കോളയാണ്. കൊക്കക്കോളയുടെ നിറം ചുവപ്പും വെള്ളയുമായത് യാദൃശ്ചികമായിരിക്കും. എന്നാല്‍ സാന്റയുടെ ചുവപ്പുടുപ്പും വെള്ള തൊങ്ങലും വെളുത്ത നിറവും തടിച്ച രൂപവും ഇങ്ങനെ പൊതുബോധത്തില്‍ നിലനിര്‍ത്തുന്നതില്‍ കൊക്കകോളയ്ക്കുള്ള പങ്കു ചെറുതല്ല. 1920കളിലാണ് അവര്‍ വിശുദ്ധ നിക്കോളാസ് കോള കുടിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ആദ്യ കൊക്കകോള സാന്റമാരും നാസ്റ്റ് വരച്ച വിശുദ്ധ നിക്കൊലാസിനെപ്പോലെ സ്വല്‍പ്പം ഗൌരവമുള്ളവരായിരുന്നു. എന്നാല്‍ 1930ല്‍ ഫ്രെഡ് മിസെന്‍ എന്ന കലാകാരനാണ് കൊക്കകോളക്കുവേണ്ടി ഇന്ന് കാണുന്ന തരം തമാശക്കാരന്‍ തടിയന്‍ അപൂപ്പനായി സാന്റയെ മാറ്റിയെടുത്തത്. അക്കാലത്തെ പ്രശസ്തമായ എല്ലാ ലൈഫ് സ്റ്റൈല്‍ മാസികകളിലും കോള കുടിക്കുന്ന സാന്റയുടെ പലതരം ചിത്രങ്ങള്‍ നിറഞ്ഞു. അതുവരെ സാന്റ ഉടുപ്പുകളുടെ പല നിറഭേദങ്ങളില്‍ ഒന്നുമാത്രമായിരുന്ന ചുവപ്പും വെള്ളയും അതോടെ സാന്റയുടെ സ്ഥിരം വേഷമായിമാറി. പിന്നീടുണ്ടായ സകല സാന്റാചിത്രത്തിലും കുടവയറും തടിയും ചുവന്നകുപ്പായവും അവിഭാജ്യഘടകമായി മാറി.
മുപ്പതുവര്‍ഷത്തിലേറെ നീണ്ടുനിന്ന വിജയകരമായ ക്രിസ്തുമസ് കാല കൊക്കകോള പരസ്യമായിരുന്നു സാന്റയുടേത്. ഒരുപക്ഷെ കൊക്കകോളയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരസ്യം. സാന്റാക്ലോസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചിത്രവും.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
അമേരിക്ക എന്ന പുരുഷന്‍
ഒരു സാങ്കല്‍പ്പികകഥാപാത്രത്തെ കണ്ടാലുടന്‍ തന്നെ ഒരു രാജ്യത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. എന്നാല്‍ അമേരിക്കയുടെ കാര്യത്തില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. അങ്കിള്‍ സാം എന്ന ഉയരമുള്ള താടിക്കാരന്‍ കൊക്കേഷ്യന്‍ പുരുഷന്റെ ചിത്രം അമേരിക്കയുടെ ചിത്രം തന്നെയാണ്. അമേരിക്കന്‍ ദേശീയപതാകയുടെ മാതൃകയിലുള്ള കോട്ടും തോപ്പിയുമൊക്കെയാണ് വേഷം. കണ്ടാല്‍ എബ്രഹാം ലിങ്കന്റെ നേര്‍ത്ത സാദൃശ്യമുള്ളതൊഴിച്ചാല്‍ വേറെ പ്രത്യേകതകളോന്നുമില്ലാത്ത രൂപം. എങ്കിലും കഴിഞ്ഞ ഇരുനൂറുകൊല്ലത്തോളമായി പോസ്റ്ററുകളിലും കാര്‍ട്ടൂണുകളിലും പരേഡുകളിലും എന്നിങ്ങനെ എവിടെയും അമേരിക്കയെ പ്രതിനിധീകരിച്ച് അങ്കിള്‍ സാമിനെ കാണാം.
സത്യത്തില്‍ ആരാണീ അങ്കിള്‍ സാം?
കാര്‍ട്ടൂണുകളിലൂടെയാണ് പലര്‍ക്കും അങ്കിള്‍ സാമിനെ പരിചയമെങ്കിലും അങ്കിള്‍ സാം ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു. 1766-ല്‍ ജനിച്ച സാം വിത്സന്‍ ന്യൂജേര്‍സിയിലെ ഒരു ബിസിനസുകാരനായിരുന്നു. അമേരിക്കയുടെ പ്രതിപുരുഷനാകാനും മാത്രം സാം വിത്സണ്‍ എന്താണ് ചെയ്തത് എന്ന് തോന്നിയേക്കാം. ഇല്ല, അയാള്‍ ദേശത്തിനുവേണ്ടി പോരാടുകയോ ദേശീയഗാനം എഴുതുകയോ ഒന്നും ചെയ്തിട്ടില്ല. രസകരമായ ഒരു കഥയാണ് അങ്കിള്‍ സാം അമേരിക്ക ആയ വിധം. 1812-ലെ യുദ്ധകാലത്ത് ന്യൂയോര്‍ക്കിലും ന്യൂജേര്‍സിയിലും തമ്പടിച്ചിരുന്ന യു എസ് സേനയ്ക്ക് കഴിക്കാനുള്ള ഇറച്ചി പായ്ക്ക് ചെയ്യുന്ന തടിപ്പെട്ടികള്‍ നിര്‍മിച്ചിരുന്നത് അങ്കിള്‍ സാം എന്നറിയപ്പെട്ടിരുന്ന സാം വിത്സന്റെ കമ്പനിയിലാണ്. അമേരിക്കയെ യു എസ് എന്ന് ചുരുക്കിവിളിക്കുന്നതിനു അത്രയേറെ പ്രചാരം ലഭിക്കാത്ത കാലം. യു എസ് സേനയ്ക്കുള്ള പെട്ടികളില്‍ യു എസ് എന്ന് എഴുതിചേര്‍ത്തത് അങ്കിള്‍ സാമിന്റെ ജോലിക്കാരില്‍ പലര്‍ക്കും മനസിലായില്ല. ആരോ തിരക്കി, ‘അല്ല, എന്താണ് ഈ യു എസ്?” ആരോ മറുപടി പറഞ്ഞു, “ആവോ, അങ്കിള്‍ സാം എന്നതിന്റെ ചുരുക്കമായിരിക്കും.” ഈ തമാശ പതിയെ യു എസ് സേനയിലെ പട്ടാളക്കാരിലുമെത്തി. അവര്‍ രാജ്യത്തിന്റെ ചുരുക്കപ്പേരുമായി പേരുപങ്കിടുന്ന അങ്കിള്‍ സാമിനെ അങ്ങനെ ലോകപ്രശസ്തനാക്കി.
ഇരുപതാം നൂറ്റാണ്ടില്‍ പത്രങ്ങളും രാഷ്ട്രീയകാര്‍ട്ടൂണുകളും പ്രശസ്തിയാര്‍ജ്ജിച്ചതോടെ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ വരകളില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അങ്കിള്‍ സാമിന് എല്ലാത്തിലും അഭിപ്രായമുണ്ടായിരുന്നു, അഴിമതിയിലും ഗവണ്മെന്റിന്‍റെ കഴിവുകേടുകളിലും എല്ലാം. ഏതാണ്ട് നമ്മുടെ ഇന്ത്യന്‍ കോമണ്‍മാനിന്റെ സ്വഭാവം തന്നെയായിരുന്നു ആദ്യകാല അങ്കിള്‍ സാമിനും.
ഒന്നാം ലോകമഹായുദ്ധം
നമ്മള്‍ പലരും ഏറ്റവുമധികം തവണ കണ്ടിട്ടുള്ള അങ്കിള്‍ സാം രൂപം ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധകാലത്തെ പോസ്റ്ററുകളിലെ അങ്കിള്‍ സാം തന്നെയാവും. ആളുകളെ യു എസ് സേനയില്‍ ചേരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അങ്കിള്‍ സാമിന്റെ പോസ്റ്ററുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അങ്കിള്‍ സാം എന്നാല്‍ അമേരിക്കന്‍ സേന എന്ന ഒരു ധ്വനി കൂടി ഉണ്ടാകാന്‍ തുടങ്ങി. അമേരിക്ക ഒരു സൂപ്പര്‍ പവര്‍ ആയി മാറിയതോടെ പതിയെ അങ്കിള്‍ സാമും ഒരു സൂപ്പര്‍മാനാകാന്‍ തുടങ്ങി. അങ്കിള്‍ സാമിന്റെ വേഷമിട്ട ഒബാമയും യേശുക്രിസ്തുവും ഒക്കെ കാര്‍ട്ടൂണുകളില്‍ സ്ഥാനം കണ്ടെത്തുന്നതോടെ രാഷ്ട്രീയവരകളിലെ സാന്റാക്ളോസായി അങ്കിള്‍ സാം മാറുന്നു.
ആദ്യകാല അങ്കിള്‍ സാം കാര്‍ടൂണുകള്‍ ബഹുമാന്യനായ ഒരു ദേശസ്നേഹിയെയാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പുതിയ അങ്കിള്‍ സാം കാര്‍ട്ടൂണ്‍ രൂപങ്ങള്‍ കോമാളിവേഷങ്ങള്‍ പോലെയാണ്. ഒരുകാലത്തു അമേരിക്കന്‍ ദേശീയതയുടെ മുഖമായിരുന്ന അങ്കിള്‍ സാം പിന്നീട് അമേരിക്കന്‍ അധിനിവേശങ്ങളുടെയും യു എസ് വിശ്വാസസംഹിതകളുടെയും ആള്‍രൂപമായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങി. ജര്‍മന്‍, സോവിയറ്റ്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ പല ദേശങ്ങളിലെ കാര്‍ട്ടൂണുകളിലും അങ്കിള്‍ സാമിന്റെ രൂപം വിമര്‍ശനാത്മകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ മരണം കാത്തുനില്‍ക്കുന്ന അങ്കിള്‍ സാം എന്ന കഴുകന്‍ ഒരു ഉദാഹരണം മാത്രം.
പുനര്‍വായനകളും പുന:ചിത്രീകരണങ്ങളുമൊക്കെ അങ്കിള്‍ സാം എന്ന ഈ ഉജ്വലമായ കാര്‍ട്ടൂണ്‍ സൃഷ്ടിക്ക് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതെയുള്ളൂ. അമേരിക്കയും അമേരിക്കന്‍ അധിനിവേശവും ഒക്കെ തുടര്‍ക്കഥകളാകുന്നിടത്തോളം അമേരിക്ക എന്ന ആര്‍ത്തിക്കണ്ണ്‍ ഉള്ള കിളവന്‍ പുരുഷനെ ചിത്രീകരിക്കാന്‍ അങ്കിള്‍ സാമിന്റെ രൂപം ഉപയോഗിക്കപ്പെടുക തന്നെ ചെയ്യും. എല്ലാവരോടും സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിഞ്ഞിരുന്നത് കൊണ്ട് അങ്കിള്‍ സാം എന്ന ഓമനപ്പേരുണ്ടായിരുന്ന പാവം ഇറച്ചിക്കച്ചവടക്കാരന്‍ സാം വിത്സണ്‍ ക്ഷമിക്കട്ടെ. അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ ഗതി അങ്ങനെയാണ്. സവര്‍ണ്ണ ഉത്സവത്തിന്റെ കോമാളിക്കുടവയറായി മാറാന്‍ വിധിക്കപ്പെട്ട പഴയൊരു അസുര രാജാവിനെപ്പോലെ.
അഴിമുഖം ലിങ്ക്
അഴിമുഖം ലിങ്ക്
Subscribe to:
Posts (Atom)